Image

ടോട്ടെം പോളിന്റെ ദുഃഖം (കഥ -ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 05 November, 2018
 ടോട്ടെം പോളിന്റെ ദുഃഖം (കഥ -ബാബു പാറയ്ക്കല്‍)
അലാസ്‌കായിലെ കെച്ചിക്കന്‍ പ്രദേശത്തെ ഒരു ഇന്‍ഡ്യന്‍ ഗ്രാമത്തിന്റെ പ്രവേശന കവാടത്തില്‍ ബസു നിര്‍ത്തി. ബസ് ഡ്രൈവര്‍ ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള അമേരിക്കക്കാരി വിക്കി എന്ന പെണ്‍കുട്ടിയായിരുന്നു. യൂട്ടാ സംസ്ഥാനത്തുനിന്നും തുടര്‍വിദ്യാഭ്യാസത്തിനു പണം കണ്ടെത്താന്‍  സമ്മറില്‍ അലാസ്‌കായില്‍ വന്നു ബസ് ഓടിക്കയാണ്. ബസില്‍ ഏതാണ്ട് നാല്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ഞങ്ങളെ അവിടെയുള്ള ഒരു ഹാളിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ നേറ്റീവ് ഇന്‍ഡ്യക്കാരായ രണ്ടു പര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ആ ഗ്രാമത്തില്‍ ബസ് യാത്രയില്ല. നടക്കണം. കുറച്ചു ദൂരം മാത്രമേയുള്ളൂ. ഞങ്ങള്‍ ഇറങ്ങി നടന്നു. അവരില്‍ ഒരാള്‍ ഏറ്റവും മുമ്പിലും മറ്റേയാള്‍ ഏറ്റവും പുറകിലുമാണു നടന്നത്. കാട്ടില്‍ കൂടിയുള്ളയാത്ര. നിബിഡമായി വളരുന്ന മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാതയ്ക്ക് വീതി കുറവായിരുന്നു. വനത്തില്‍ ആക്രമണകാരികളായ മൃഗങ്ങള്‍ തുലോം കുറവാണ്. ആരെങ്കിലും മരങ്ങള്‍ക്കിടയില്‍ കരടിയെ കണ്ടാല്‍ യാതൊരു കാരണവശാലും പേടിച്ചോടുകയോ അതിനെ ആക്രമിക്കാന്‍ മുതിരുകയോ ചെയ്യരുത് എന്നവര്‍  നേരത്തേ നിര്‍ദേശിച്ചിരുന്നു. അക്കാര്യംതന്നെ ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡുകള്‍ വഴിയില്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിരുന്നു.

ഏതാണ്ടു അരമണിക്കൂര്‍ നടന്നു ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ആ ഗ്രാമത്തിന്റെ മറ്റൊരു വശത്തേക്കായിരുന്നു. അവിടെയും അവര്‍ ഞങ്ങളെ ഒരു ഹാളിലേക്കാണു നയിച്ചത്. അതു മുഴുവന്‍ തടികൊണ്ടും പുല്ലുകൊണ്ടും മാത്രമാണു നിര്‍മ്മിച്ചിരുന്നത്. അതിനുള്ളില്‍ ഏതാണ്ട് മുപ്പതുപേര്‍ക്ക് ഇരിക്കുവാന്‍ സൗകര്യമുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ കഷ്ടിച്ച് അത്രയും പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുണ്ടായിരുന്നവര്‍ നടക്കുവാന്‍ ഏറെയുണ്ടെന്നു പറഞ്ഞതുകൊണ്ട് ബസില്‍ തന്നെ ഇരുന്നു. ആ ഹാളില്‍ ഞങ്ങള്‍ ഇരുന്നു കഴിഞഅഞപ്പോള്‍ അവരുടെ ഗോത്രമൂപ്പന്‍ ഞങ്ങള്‍ക്കു മുമ്പില്‍ എത്തി. കാഴ്ചയില്‍ ഏതാണ്ട് 75-80 വയസു തോന്നിക്കും. അവരുടെ അധികാര ചിഹ്നമായി ഒരു വടി കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു. എല്ലാവരേയും അദ്ദേഹം ആ ഗ്രാമത്തിലേക്കു സ്വാഗതം ചെയ്തു. തുടര്‍ന്ന് വിവിധതരം കലാപരിപാടികള്‍ അരങ്ങേറി. ഏറ്റവും ആകര്‍ഷകമായത് അവരുടെ തനതായ രീതിയില്‍ അവതരിപ്പിച്ച സംഘ നൃത്തമാണ്. എന്നാല്‍ അതില്‍ രണ്ടുപേരുടെ നൃത്തചുവടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഏഴു വയസുമാത്രം പ്രായമുളള ഒരു ബാലനും പന്ത്രണ്ടുവയസുള്ള അവന്റെ സഹോദരിയും.

ഹാളിലെ കലാപരിപാടി ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടു. അതുകഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ആ ബാലനേയും സഹോദരിയെയും അഭിനന്ദിക്കാന്‍ ഞാന്‍ മറന്നില്ല. കൂടെനിന്ന് ഒരു ഫോട്ടോയും എടുത്തു. ഹാളിന്റെ പിന്നിലുള്ള ചെറിയ മുറ്റം കഴിഞ്ഞ് അല്പം താഴോട്ടു കടന്നാല്‍ കടല്‍ത്തീരമാണ്. ശാന്തമഹാസമുദ്രം ഏതാണ്ട് മൂന്നു മൈല്‍ ഉള്ളിലേക്കു കയറിക്കിടക്കുന്ന അവിടം ഗ്രാമത്തിന്റെ  മറ്റൊരു പ്രവേശന കവാടമാണ്. അവിടെ തടി  കൊണ്ടുള്ള ഏതാനും സ്തൂപങ്ങള്‍ സ്ഥാപിച്ചിരുന്നു. ഓരോ സ്തൂപത്തിനും ഇരുപതടി പൊക്കമുണ്ടായിരുന്നു. ടോട്ടെം പോള്‍ എന്നറിയപ്പെടുന്ന ഈ സ്തൂപങ്ങള്‍ നേറ്റീവ് ഇന്‍ഡ്യാക്കാരുടെ സംസ്‌കാരത്തിന്റെ ചിഹ്നമാണ്. പത്തോ ഇരുപതോ അടി നീളമുള്ള ഒറ്റത്തടിയില്‍ പ്രത്യേകമായി പല രൂപങ്ങള്‍ കൊത്തുപണി ചെയ്ത് അതിന് പല നിറങ്ങള്‍ നല്‍കി ആകര്‍ഷകമാക്കിയാണ് നിര്‍ത്തിയിരിക്കുന്നത്.

വടക്കേ മലബാറിലെ തെയ്യം രൂപങ്ങള്‍ക്ക് ഇതുമായി സാദൃശ്യമുള്ളതായി തോന്നി. അതില്‍ മൂന്ന് സ്തൂപങ്ങളിലെ രൂപങ്ങളെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിന്റെ ഏറ്റവും മുകളില്‍ ഒരു ഗരുഡനെയാണു കൊത്തിവച്ചിരിക്കുന്നത്. എന്നാല്‍ അതിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മൂന്നു ഗരുഡനും മൂന്നുദിശകളിലേക്കാണു നോക്കിയിരുന്നത്. ഒരെണ്ണം  ആകാശത്തേക്കും ഒരെണ്ണം ഭൂമിയിലേക്കും മറ്റൊന്ന് വായുവിലേക്കും. ഞാന്‍ ആ സ്തൂപത്തിലെ രൂപങ്ങളെ സൂക്ഷിച്ചു നോക്കുന്നതു കണ്ടുകൊണ്ടായിരിക്കാം നേരത്തെ സംസാരിച്ച ബാലനും സഹോദരിയും എന്റെ അടുത്തേക്കു വന്നു. ഞാന്‍ അവരോടു ചോദിച്ചു, ഈ മൂന്നു ഗരുഡനും എന്താണു മൂന്നു ദിശയിലേക്കു നോക്കിയിരിക്കുന്നത്?'

അവര്‍ അന്യോന്യം നോക്കി. അവരുടെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു. എന്റെ ചോദ്യത്തില്‍ എന്തോ അബദ്ധം പിണഞ്ഞതായി എനിക്കുതോന്നി. അപ്പോഴേക്കും ഏതാണ്ട് 25-30 വയസ് പ്രായം തോന്നിക്കുന്ന ദൃഢഗാത്രനായ ഒരു യുവാവ് ഞങ്ങളുടെ അടുത്തേക്കു വന്നു. അയാള്‍ കുട്ടികളെ ചേര്‍ത്തു പിടിച്ചു. എന്നിട്ട്, എന്നെ നോക്കി ശാന്തസ്വരത്തില്‍ ചോദിച്ചു, നിങ്ങള്‍ ആ ഗരുഡനെപ്പററി ചോദിച്ചു, അല്ലേ?'
'അതെ. ക്ഷമിക്കണം. ചോദിക്കാന്‍ പാടില്ലെന്നെനിക്കറിയില്ലായിരുന്നു.'
'സാരമില്ല.' അയാള്‍ പറഞ്ഞു.

എന്നിട്ടയാള്‍ ആ കുട്ടികളോട് അവരുടെ ഭാഷയില്‍ എന്തോ പറഞ്ഞു. ഉടനെ തന്നെ അവര്‍ രണ്ടുപേരും എന്റെ മുമ്പില്‍ വന്ന് തലകുനിച്ചു വണങ്ങിയിട്ടു പറഞ്ഞു, 'ഗുണാല്‍ ചീഷ്'.

യുവാവ് പരിഭാഷപ്പെടുത്തി. താങ്ക്യു  എന്നാണതിന്റെ അര്‍ത്ഥം. കുട്ടികള്‍ മടങ്ങിപ്പോയി.

യുവാവു പറഞ്ഞു, ഞാന്‍ അവരുടെ അമ്മാവനാണ് . അയാള്‍ തുടര്‍ന്നു. നിങ്ങള്‍ ആ ഗരുഡനെപ്പറ്റി ചോദിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. കാരണം നൂറുകണക്കിന് ആളുകള്‍ അവിടെ വന്ന് കാഴ്ച കണ്ടു മടങ്ങുമെങ്കിലും അധികമാരും അത്ര സൂക്ഷ്മമായി നിരീക്ഷിക്കാറില്ല. അതിന്റെ കാര്യത്തിലേക്കു കടക്കുന്നതിനു മുമ്പ് ഞങ്ങളുടെ ഗ്രാമത്തെപ്പറ്റി അറഞ്ഞിരിക്കണം.

'സാക്‌സ്‌മേന്‍  വില്ലേജ്' എന്നറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ ഇന്നു 450 പേരാണു വസിക്കുന്നത്. ഈ 450 പേര്‍ 32 ഗോത്രങ്ങളുടെ പിന്‍തലമുറക്കാരാണ്. എല്ലാവരും അവരവരുടേതായ പാരമ്പര്യവും സംസ്‌ക്കാരവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഒരു ഗോത്രത്തിലും അതേ ഗോത്രത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ അനുവാദമില്ല. മറ്റു 31 ഗോത്രങ്ങളില്‍ ഏതില്‍ നിന്നു വേണമെങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാം. ആരുടെ വിവാഹമായാലും ഗ്രാമം മുഴുവനായിട്ടാണുഘോഷിക്കുന്നത്. ഏതാണ്ടു നാലുമണിയോടുകൂടി ഗ്രാമമുഖ്യന്‍ വന്ന് ഔപചാരികമായി ചടങ്ങുകള്‍ ഉത്ഘാടനം ചെയ്യും. സൂര്യാസ്തമയത്തിനു മുമ്പ് വിവാഹ ചടങ്ങു സമാപിക്കും. പിന്നീടു രാത്രി മുഴുവന്‍ ആഘോഷമാണ്. ഓരോ ഗോത്രത്തിന്റെയും പാരമ്പര്യവും സംസ്‌ക്കാരവും അനുസരിച്ചുള്ള വേഷവിധാനത്തോടു കൂടിയ സംഘനൃത്തങങളും മററു കലാപരിപാടികളും ഒന്നിനു പുറകെ ഒന്നായി അരങ്ങേറും. അതുപോലെ തന്നെയാണ് ടോട്ടെംപോള്‍ സ്ഥാപിക്കുമ്പോഴും. ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന ആ ദിവസവും ആഘോഷങ്ങള്‍കൊണ്ട് അവര്‍ അവിസ്മരണീയമാക്കും.

ഏതാണ്ട് അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗ്രാമത്തിന്റെ ചരിത്രത്തില്‍ കരിങ്കൊടി നാട്ടിയ ആ ദിനം പിറന്നു വീണത്. അന്നത്തെ സൂര്യോദയത്തിന് പതിവിലുമധികം ഭംഗിയുണ്ടായിരുന്നു. അന്നു വൈകീട്ട് അവിടെ ഒരു വിവാഹ ചടങ്ങു നടക്കുകയാണ്. ഗ്രാമം മുഴുവന്‍ രാത്രിയിലെ കലാപരിപാടികള്‍ വന്‍വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സമയം ഉച്ചകഴിഞ്ഞു. പരമ്പരാഗതമായി ഗോത്രമൂപ്പന്‍ ചടങ്ങിനു വന്നിരിക്കുമ്പോള്‍ അദ്ദേഹത്തിനു ഭക്ഷണം വിളമ്പേണ്ടതു വധുവിന്റെ വീട്ടുകാരാണ്. ഉച്ചകഴിഞ്ഞപ്പോഴേക്കും കാട്ടുമൃഗത്തെ വേട്ടയാടി അതിനെ ചുട്ടെടുക്കുന്ന തെരക്കിലായിരുന്നു പലരും. കായ്കനികള്‍ തയ്യാറാക്കുന്ന തെരക്കില്‍ സ്ത്രീകളും. ഇനി മൂപ്പനുവേണ്ടി അപ്പോള്‍ പിടിച്ച മീന്‍ ശരിയാക്കി കൊടുക്കണം. വധു വീട്ടിലെ മൂത്തമകളാണ്. ഒന്നിനും ഒരു കുറവു വരാന്‍ പാടില്ലല്ലോ. വധുവിന്റെ ഇളയവരായി മൂന്ന് ആണ്‍കുട്ടികളുണ്ട്. പ്രായം 18, 14, 12. വധുവിന്റെ അമ്മ അതില്‍ മൂത്ത ആണ്‍കുട്ടിയെ വിളിച്ചു കാര്യം പറഞ്ഞു, എന്റെ മോന്‍ പോയി വേഗം കുറച്ചു മീന്‍ പിടിച്ചുകൊണ്ടുവാ. ഒട്ടും താമസിക്കരുത്.'

അവന്‍ ചെറിയ വള്ളവും തുഴഞ്ഞ് ഇങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഇളയവര്‍ ശാഠ്യം പിടിച്ചത്. അവര്‍ക്കും മീന്‍ പിടിക്കാന്‍ ജ്യേഷ്ഠന്റെ കൂടെ പോകണം. ജ്യേഷ്ഠന്‍ അവരെയും വള്ളത്തില്‍ കയറ്റി തീരത്തു നിന്നും തുഴഞ്ഞു നീങ്ങി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ മടങ്ങി വന്നില്ല. കുറെ യുവാക്കള്‍ പല വള്ളങ്ങളിലായി അവരെ തെരക്കിയിറങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഗ്രാമത്തിലെ മിക്ക പുരുഷന്മാരും പല വള്ളങ്ങളിലായി ജലപ്പരപ്പില്‍ കൂടി തലങ്ങും വിലങ്ങും തുഴഞ്ഞു നടന്നു. മുങ്ങല്‍ വിദഗ്ദ്ധരായവര്‍ കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു തെരഞ്ഞു. ഫലമുണ്ടായില്ല. വിവാഹചടങ്ങുകള്‍ നിര്‍ത്തിവച്ചു. രാത്രി മുഴുവനും അടുത്ത പകലുകളും പുരുഷന്മാര്‍ കടലില്‍ തെരഞ്ഞപ്പോള്‍ സ്ത്രീകള്‍ വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചു. പക്ഷേ, ആ സഹോദരന്മാര്‍ മടങ്ങി വന്നില്ല. അവര്‍ പോയ വള്ളവും കാണാനായില്ല. ആ കുട്ടികള്‍ക്കെന്തു സംഭവിച്ചു എന്നു ഗ്രാമീണര്‍ക്ക് ഇന്നും അറിയില്ല. അതുകൊണ്ടുതന്നെ ഒരു ദിവസം കുട്ടികള്‍ തിരിച്ചുവരും എന്നവര്‍ വിശ്വസിക്കുന്നു. കടലില്‍ കൂടി വന്നാലും വായുവില്‍ കൂടി വന്നാലും ആകാശത്തില്‍ കൂടി വന്നാലും മൈലുകള്‍ക്കപ്പുറം അവരെ കാണുവാന്‍ കഴിയുന്ന കണ്ണുകളാണ് ഗരുഡനുള്ളത്. ഗ്രാമത്തിന്റെ മുഴുവന്‍ ദുഃഖവും പേറി നില്‍ക്കുന്ന ടോട്ടെം പോളുകള്‍ക്കു മുകളില്‍ കണ്ണുചിമ്മാതെ രാത്രിയും പകലും പ്രത്യാശയുടെ കിരണങ്ങള്‍ വിരിയുന്ന സൂര്യോദയത്തിന്റെ ആഗമനം വിളിച്ചറിയിക്കാന്‍ ജാഗരൂകരായി നില്‍ക്കുന്ന ഗരുഡന്‍മാരുടെ കണ്ണുകളിലേക്കു ഞാന്‍ മാറിമാറി നോക്കി. ആ സഹോദരന്മാര്‍ തിരിച്ചുവരുമോ? കടലില്‍ നിന്നും വീശി ചെറിയ തണുപ്പുള്ള കാറ്റില്‍ പോലും ഗ്രാമത്തിന്റെ തേങ്ങല്‍ പ്രതിധ്വനിക്കുന്നതായി തോന്നി.

ബസില്‍ കയറി മുന്‍സീറ്റില്‍ ഇരുന്ന എന്റെ മുഖത്തേക്ക് അല്പനേരം നോക്കിയിട്ട് ഡ്രൈവര്‍ വിക്കി ചോദിച്ചു, 'ടോട്ടെംപോളിന്റെ ദുഃഖം തൊട്ടറിഞ്ഞു അല്ലേ?'
ഒരു നിശ്വാസത്തോടെ തലകുലുക്കുവാന്‍ മാത്രമേ എനിക്കു സാധിച്ചുള്ളൂ. അവള്‍ തുടര്‍ന്നു, 'ഗ്രാമീണരില്‍ ചിലര്‍ വിശ്വസിക്കുന്നത് കുട്ടികളെ കടല്‍ ദേവത വിളിച്ചുകൊണ്ടുപോയതാണെന്നാണ്. അവര്‍ കടലിന്റെ അടിത്തട്ടില്‍ വസിക്കുന്നുണ്ടത്രേ! മറ്റു ചില ഗോത്രക്കാര്‍ വിശ്വസിക്കുന്നത് കാലങ്ങള്‍ക്കുശേഷം കുട്ടികള്‍ തിമിംഗലമായി പുനര്‍ജനിക്കുമത്രേ! അതുകൊണ്ടുതന്നെ തണുപ്പു കൂടുമ്പോള്‍ തിമിംഗലങ്ങള്‍ കൂട്ടമായി തെക്കോട്ടു സഞ്ചരിക്കുമ്പോള്‍ ചില  തിമിംഗലങ്ങള്‍ തീരത്തോടടുത്തുപോകും. ഗ്രാമത്തിനടുത്ത് അങ്ങനെ കാണുന്ന തിമിംഗലങ്ങള്‍ കുട്ടികളുടെ പുനര്‍ജന്മമാണെന്നും അവര്‍ ഗ്രാമം കാണാനായി വരുന്നതാണെന്നും അവര്‍ വിശ്വസിക്കുന്നു.'
ബസ് വളവു തിരിഞ്ഞു ഗ്രാമം വിടുമ്പോള്‍ കുട്ടികളുടെ തിരോധാനത്തിന്റെ രഹസ്യങ്ങള്‍ ഉള്ളിലൊതുക്കി ശാന്തമായി കിടക്കുന്ന സമുദ്രം വലതുവശത്തും പ്രത്യാശയോടെ ചക്രവാളത്തിലേക്കു നോക്കി നില്‍ക്കുന്ന ടോട്ടെം പോളുകള്‍ ഇടതു വശത്തും അഭിമുഖമായി നില്‍ക്കുന്നുണ്ടായിരുന്നു.

 ടോട്ടെം പോളിന്റെ ദുഃഖം (കഥ -ബാബു പാറയ്ക്കല്‍) ടോട്ടെം പോളിന്റെ ദുഃഖം (കഥ -ബാബു പാറയ്ക്കല്‍) ടോട്ടെം പോളിന്റെ ദുഃഖം (കഥ -ബാബു പാറയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക