Image

ന്യുസ് റും ആണ്, അന്തഃപുരമോ ബലാല്‍ക്കാര വേദിയോ അല്ല (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 19 October, 2018
ന്യുസ് റും  ആണ്, അന്തഃപുരമോ ബലാല്‍ക്കാര വേദിയോ അല്ല (ദല്‍ഹികത്ത് : പി.വി.തോമസ്)
മാധ്യമ സ്ഥാപനങ്ങളിലെ വാര്‍ത്താമുറികളെ (ന്യൂസ് റൂം) ശ്രീകോവിലുകള്‍ ആയിട്ടാണ് പരമ്പരാഗതമായി കണക്കാക്കുന്നത്. അതിനെ യുദ്ധമുറി(വാര്‍റൂം) എന്നും വിശേഷിപ്പിക്കാറുണ്ട്. കാരണം അവിടെ നിന്നും ആണഅ ചരിത്രത്തിന്റെ പ്രഥമ കരടുരേഖ എന്ന വാര്‍ത്തക്ക് രൂപം കൊടുക്കുന്നത്. അവിടെ നിന്നും ആണ് അഴിമതിക്കും അനീതിക്കും എതിരെയുള്ള പോരാട്ടങ്ങള്‍ ഉടലെടുക്കുന്നത്. അത്രമാത്രം പവിത്രവും മര്‍മ്മപ്രധാനവും ആയ ആ സ്ഥലത്തെ ചില പത്രാധിപന്മാര്‍ അവരുടെ അനന്തഃപുരമായും ബലാല്‍ക്കാരവേദി ആയും മാറ്റിയ വാര്‍ത്തയാണ് ഏതാനും നാളുകളായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. തികച്ചും ലജ്ജാകരം ആണ് അത്.

ഇതുപോലുള്ള വാര്‍ത്താ ഗര്‍ഭഗൃഹങ്ങളില്‍ നിന്നും ആണ് മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ച അനേകം രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തീക-പ്രകൃതിസംരക്ഷണ വാര്‍ത്തകള്‍ രൂപപ്പെട്ടത്. സ്വാതന്ത്ര്യ പ്രാപിത്ക്ക് മുമ്പും പിമ്പും ഉള്ള ഇന്‍ഡ്യയുടെ ചരിത്രത്തെ ഈ വാര്‍ത്താമുറികള്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ബോഫേഴ്‌സ് പീരങ്കി കോഴക്കേസ്, ദല്‍ഹി-ഗുജറാത്ത് വംശഹത്യകള്‍, ദിന്ദ്രന്‍വാലയുടെ ഖാലിസ്ഥാന്‍ മുന്നേറ്റം, ദല്‍ഹി കൂട്ടബലാല്‍സംഗം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. പക്ഷേ, ഇതിനുള്ളിലും ലൈംകീകാതിക്രമം നടക്കുന്നുവെന്നത് 'മീറ്റൂ' വെളിപ്പെടുത്തലുകള്‍ സ്‌തോഭജനകം ആണ്. ഇതല്ലേ നമ്മുടെ- മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്? സത്യം പവിത്രവും അലംഘനീയവും ആണെന്നും അഭിപ്രായം അവനവന്റെ മനോധര്‍മ്മം അനുസരിച്ച് സ്വതന്ത്രം ആണെന്നും നമ്മള്‍ പഠിച്ചത് ഇതേ കളരിയില്‍ അല്ലേ?
പക്ഷേ, 'മീ റ്റൂ' വെളിപ്പെടുത്തലുകളിലൂടെ നഗ്നരാക്കപ്പെട്ട പത്രാധിപന്മാര്‍, അവര്‍ രാഷ്ട്രീയക്കാരും മന്ത്രിയും ഒക്കെ ആകുന്നതിന് മുമ്പ്, മാധ്യമരംഗത്തെ കുലപതികള്‍ ആയിരുന്നുവെന്ന സത്യം ദുഖകരം ആണ്. ഇരുപതിലേറെ വനിത മാധ്യമപ്രവര്‍ത്തകര്‍ ലൈംഗീക ബലാല്‍ക്കാരം ആരോപിച്ച രാഷ്ട്രീയക്കാരനും, ബി.ജെ.പി. മന്ത്രിയും ആയ എം.ജെ.അക്ബര്‍ ആണ് ഇവിടെ പ്രധാന വിഷയം. കുറ്റാരോപണത്തിനുശേഷം വിദേശത്തുനിന്നും തിരിച്ചെത്തിയ മന്ത്രിവര്യന്‍ അവയെ സ്വഭാവികമായും നിഷേധിച്ചു. കുറ്റം ആരോപിച്ച ഒരു വനിത മാധ്യമ പ്രവര്‍ത്തകക്കെതിരെ ക്രിമിനല്‍ മാനനഷ്ടകേസും ഫയല്‍ ചെയ്തു. 98 വക്കീലന്മാര്‍ ഉള്ള ഒരു നിയമ സ്ഥാപനത്തിലൂടെ. ആ കേസ് അങ്ങനെ നടക്കുന്നു. ഇതിനിടെ അക്ബറിന് കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടതായും വന്നു, ആരോപണം ഉണ്ടായി 10 ദിവസങ്ങള്‍ക്ക് ശേഷം കഴിയുന്നത്ര അദ്ദേഹം കടിച്ചുതൂങ്ങുവാന്‍ പണിപ്പെട്ടെങ്കിലും ഇന്‍ഡ്യ ഒന്നടങ്കം അദ്ദേഹത്തിനെതിരെയും വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായും സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. വളരെ നന്ന്.

വിദേശകാര്യ വകുപ്പില്‍ ഉപമന്ത്രി ആയിരുന്ന അക്ബറിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെ എഴുതുവാന്‍ അറക്കുന്നവയാണ്. പക്ഷേ, അവര്‍ അത് രേഖാമൂലം ഉന്നയിച്ചതുകൊണ്ടും ദേശീയ മാധ്യമങ്ങള്‍ ഒന്നാം പേജില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചതുകൊണ്ടും ഞാന്‍ അവ ഇവിടെ ആവര്‍ത്തിക്കുന്നു.
അക്ബര്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത പ്രിയ, രമണി എന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പറയുവാനുള്ളത് ഒരു ദിവസം അദ്ദേഹം അവരുടെ അടിവസ്ത്രത്തിന്റെ(ബ്രാ) വള്ളിയിലും ഹൂക്കിലും പിടിച്ചു വലിച്ച് മാറിടത്തില്‍ ചൂഴ്‌നോക്കിയ കഥയാണ്. അവരെ ബലാല്‍ക്കാരം ചെയ്തതായും പറയുന്നു. ഹോട്ടലുകളിലേക്ക് വാര്‍ത്തയുടെ വിശകലനത്തിനായി വിളിച്ച് വെറും അണ്ടര്‍ വെയര്‍ മാത്രം ധരിച്ചുകൊണ്ട് കതകുതുറന്ന് ഇവരെ സ്വാഗതം ചെയ്യുന്നതും പതിവായിരുന്നത്രെ. അതിനുശേഷം സ്വന്തം കിടക്കയില്‍ ഇരിക്കുവാനും ഒരുമിച്ച് മദ്യപിക്കുവാനും നിര്‍ബ്ബന്ധിക്കുക അദ്ദേഹത്തിന്റെ പത്രാധിപ ധര്‍മ്മം ആയിരുന്നത്രെ.

ഓഫീസില്‍ അദ്ദേഹം ഒരു സ്ഥിരം ലൈംഗീക നായാടി ആയിരുന്നു ആരോപണപ്രകാരം. ഏഷ്യന്‍ എയ്ക്ക് പത്രത്തില്‍ അദ്ദേഹത്തോടൊപ്പം 1994 മുതല്‍ 1997 വരെ ജോലി ചെയ്ത ഗസാല വഹാബ് എന്ന വനിത മാധ്യമപ്രവര്‍ത്തക പറയുന്നത് കേള്‍ക്കുക: ഒരു ദിവസം ഗസാല ഓഫീസില്‍ ഇരിക്കുമ്പോള്‍ ആളില്ലാത്ത അവസരം നോക്കി അക്ബര്‍ അരികിലെത്തി പിറകില്‍ നിന്നും അവരുടെ അരക്കെട്ടില്‍ പിടിച്ചു. അതിനുശേഷം മുലയിലൂടെയും ചന്തിയിലൂടെയും കൈകള്‍ തഴുകി. ഗസാല കുതറി മാറുവാന്‍ ശ്രമിച്ചെങ്കിലും അക്ബര്‍ ഒരു വില്ലന്റെ ചിരിയോടെ അരക്കെട്ട് അടക്കം പിടിച്ചു. അക്ബര്‍  അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിക്കുമ്പോള്‍ 'ഒരായിരം പ്രാവശ്യം മരിച്ചു'കൊണ്ടായിരുന്നത്രെ ഗസാല പോയിരുന്നത്. കതക് തുറന്ന് പകുതി മാത്രം അടച്ച് നില്‍ക്കും. കൈ എപ്പോഴും വാതിലിന്റെ പിടിയില്‍ ഉണ്ടാകും. രക്ഷപ്പെടുവാന്‍ ആയി. പക്ഷെ പത്രാധിപര്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് വന്ന് പിടിക്കും, അദ്ദേഹത്തിന്റെ ദേഹം ഉരസും ചുണ്ട് നീട്ടി ചുണ്ടില്‍ അഭ്യാസം കാണിക്കും. ഓരോ പ്രാവശ്യവും ഗസാല കുതറി മാറി രക്ഷപ്പെടും.

ഇതില്‍ കൂടുതല്‍ ഞാന്‍ ഈ വക വിവരങ്ങളിലേക്ക് പോകുന്നില്ല. കാരണം അവ സഭ്യതയ്ക്ക് ചേരുന്നതല്ല. അറപ്പ് ഉളവാക്കുന്നവ ആണ്. അക്ബര്‍ ഇതിനെ കെട്ടിചമച്ച നുണക്കഥകള്‍ ആയിട്ടാണ് ചിത്രീകരിച്ചത്. ഇതിന് പിറകില്‍ ഒരു അജണ്ട  ഉണ്ടെന്നും അത് കൊണ്ടാണഅ തെരഞ്ഞെടുപ്പുകള്‍ വരുവാന്‍ പോകുന്ന സമയത്ത് ഇത് ആരോപിച്ചതെന്നും അദ്ദേഹം വാദിക്കുന്നു. ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചാല്‍ അക്ബറിന് തെരഞ്ഞെടുപ്പുകളില്‍, അത് 5 സംസ്ഥാനങ്ങളിലേതായാലും പിന്നീടുള്ള ലോകസഭ തെരഞ്ഞെടുപ്പ് ആയാലും, യാതൊരുവിധ പ്രാധാന്യവും ഇല്ല. അദ്ദേഹം വെറും ഒരു അശു ആണ് രാഷ്ട്രീയം ആയി. ഇതിന് അദ്ദേഹത്തിന്റെ ലൈംഗീക ആക്രമണത്തിന് വിധേയ ആയ ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക(ന്യൂയോര്‍ക്ക്) മറുപടി നല്‍കിയിട്ടുണ്ട്. മെയ് ലിഡി പ്യൂ കാമ്പ്(30). അവര്‍ പറയുന്നത് അവര്‍ക്ക് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ല. പക്ഷേ, അക്ബര്‍ അവരെ ഏഷ്യന്‍ എയ്ജില്‍ വച്ച് ഒരു ട്രെയ്‌നി ആയിരുന്നപ്പോള്‍ ലൈംഗീകമായി ഉപദ്രവിച്ചിട്ടുണ്ട്. അവരുടെ അപ്പനും, അമ്മയും ദല്‍ഹിയില്‍ അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആയിരുന്നു. അപ്പന്‍ ആണ് ജേര്‍ണ്ണലിസം പഠിക്കുവാനായി അക്ബറുടെ അടുത്ത് വിട്ടത്. പക്ഷേ, അക്ബര്‍ അവിടെയും പണി പറ്റിച്ചു. ഇക്കാര്യം ഈ പെണ്‍കുട്ടി അവളുടെ അപ്പനോട് പറഞ്ഞതുപ്രകാരമുള്ള രേഖയും അവരുടെ കൈവശം ഉണ്ട്.

ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അക്ബര്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. പ്രത്യേകിച്ചും ദല്‍ഹിയില്‍ അദ്ദേഹത്തെ അറിയാവുന്നവര്‍. ്അതാണ് അദ്ദേഹത്തിന്റെ കീര്‍ത്തി. ഇത്രയും വനിത മാധ്യമപ്രവര്‍ത്തകര്‍ എന്തിന് ഒരുമിച്ച് പല സമയങ്ങളിലായി ഈ വെളിപ്പെടുത്തലുമായി രംഗത്ത് വരണം? അതും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്? 'മീറ്റൂ' കാമ്പെയിന്‍ അവര്‍ക്ക് ഒരു വേദി നല്‍കിയെന്നത് ശരി തന്നെ. അവരെ നുണ പ്രചാരകരായി മുദ്രകുത്തരുത്. ഒരു സ്ത്രീയും, അതും വനിത മാധ്യമപ്രവര്‍ത്തകരെ പോലുള്ളവര്‍, ഇതുപോലുള്ള വ്യാജ ആരോപണങ്ങള്‍ നടത്തുകയില്ല. അതുകൊണ്ട് രാജി മാത്രം അല്ല, അക്ബര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകണം: ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക പീഡനം ഒരു കുറ്റമായി 1997-ല്‍ സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. അതിന്റെ ഫലം ആണ് പ്രസിദ്ധമായ വിഷാക നിര്‍ദ്ദേശങ്ങള്‍. 2013-ലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍, റിഡ്രസല്‍) ആക്ടും പ്രസക്തം ആണ്. കലാവധി പ്രശ്‌നം ആണെങ്കില്‍ അത് പരിഹരിക്കുവാന്‍ ശ്രമിക്കണം.

അക്ബര്‍ രാഷ്ട്രീയത്തിലും സ്വഭാവരഹിതനായ ഒരു വ്യക്തി ആണ്. അദ്ദേഹം കറതീര്‍ന്ന ഒരു അവസരവാദി ആണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായിരുന്നു 1989-1992 കാലങ്ങളില്‍. അദ്ദേഹം കോണ്‍ഗ്രസിന്റെ ലോകസഭ എം.പി.ആയിരുന്നു 1989-ല്‍(കിഷന്‍ ഗജ്ഞ്-ബീഹാര്‍). രാജീവ് ഗാന്ധിയുടെ ഉറ്റസുഹൃത്തും ആയിരുന്നു. രാജീവിന്റെ മരണത്തോടെ കോണ്‍ഗ്രസില്‍ അവസരം കുറഞ്ഞപ്പോള്‍ അദ്ദേഹം 1992-ല്‍ കോണ്‍ഗ്രസ് വിട്ടു. പിന്നീട് വീണ്ടും മാധ്യമപ്രവര്‍ത്തകനായി. അപ്പോഴാണ് ഏഷ്യന്‍ എയ്‌സ് തുടങ്ങുന്നത്. നല്ല ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു അക്ബര്‍. വളരെ നല്ല ഒരു എഴുത്തുകാരനും. 1970-ന് ശേഷം ഇന്‍ഡ്യയില്‍ അദ്ദേഹം ആരംഭിച്ച രണ്ട് പത്രങ്ങള്‍ മാത്രമെ നിലനിന്നിട്ടുള്ള, ടെലിഗ്രാഫും, ഏഷ്യന്‍ എയ്ജും. മറ്റ് ഒട്ടേറെ പത്രങ്ങള്‍ വന്നു പൂട്ടിപ്പോയി. കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും വക്താവായ ഒരു വ്യക്തിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

2014-ല്‍ ലോകസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അദ്ദേഹം ബി.ജെ.പി.യില്‍ ചേക്കേറി. ഗുജറാത്ത് കലാപമോ ബി.ജെ.പി.-സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര തിയറിയോ ഒന്നും അദ്ദേഹത്തിന് വിഷയം ആയിരുന്നില്ല. 2002-ലെ മുസ്ലീം വിരുദ്ധ കലാപത്തിനുശേഷം അദ്ദേഹം മാര്‍ച്ചില്‍ ഏഷ്യന്‍ എയ്ജില്‍ നരേന്ദ്രമോഡിക്കെതിരെ നിശിതമായ വിമര്‍ശനം നടത്തിയതാണ്. മോഡി ഇന്‍ഡ്യ എന്ന ആശയത്തെ നശിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു. എന്നാല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹം ചുവട് മാറ്റി. മറ്റേതൊരു മാധ്യമപ്രവര്‍ത്തകനെ പോലെ താനും ഗുജറാത്ത് വംശഹത്യയെ വിമര്‍ശിച്ചിരുന്നു. പക്ഷേ, അതിനുശേഷം 10 വര്‍ഷം ഇന്‍ഡ്യ ഭരിച്ച യു.പി.എ. ഗവണ്‍മെന്റിനും അവരുടെ സകലവിധ അന്വേഷണ ഏജന്‍സികള്‍ക്കും മോഡിക്കെതിരെ ഒന്നും തെളിയിക്കുവാന്‍ സാധിച്ചില്ല. എന്നു പറഞ്ഞ് അക്ബര്‍ ബുദ്ധിപരമായി തടിതപ്പി. പിന്നീട് മന്ത്രിയുമായി. അതാണ് എം.ജെ. അക്ബര്‍. തികഞ്ഞ അവസരവാദി. ഇപ്പോള്‍ ആരോപണ വിധേയനായ ലൈംഗീക അക്രമിയും. അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധിത രാജി നല്ല ഒരു തുടക്കം ആണ്.
പക്ഷേ, മോഡിയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും ശരിയായ രീതിയില്‍ ഈ വിഷയത്തോട് യഥോചിതം പ്രതികരിച്ചില്ല. മോഡി ഒരക്ഷരം ഉരിയാടിയില്ല. ബി.ജെ.പി. അദ്ധ്യക്ഷന്‍ കുറ്റവാളിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞുവെങ്കിലും സാമൂഹ്യ മാധ്യമങ്ങളെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ അപലപിച്ചു. എന്താണ് അദ്ദേഹത്തിന്റെ നിഗമനം? നിര്‍ദ്ദേശം? അക്ബറിന്റെ സീനിയര്‍ മന്ത്രി ആയ സുഷ്മ സ്വരാജ് ഒന്നും പറഞ്ഞില്ല. മറ്റൊരു വനിത മന്ത്രി സ്മൃതി ഇറാനി അക്ബര്‍ മറുപടി പറയട്ടെ എന്ന് പറഞ്ഞ് കൈ കഴുകി. അക്ബര്‍ വിഷയത്തില്‍ മോഡി ഗവണ്‍മെന്റ് അക്രമി മന്ത്രിയുടെ ഒപ്പം ആയിരുന്നു. നിവര്‍ത്തി ഇല്ലാതെ വന്നപ്പോള്‍ രാജിക്ക് വഴി ഒരുങ്ങി.

ന്യുസ് റും  ആണ്, അന്തഃപുരമോ ബലാല്‍ക്കാര വേദിയോ അല്ല (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക