Image

പ്രണയലോകത്തെ മന്ദാരം

Published on 18 October, 2018
 പ്രണയലോകത്തെ മന്ദാരം
മലയാളത്തില്‍ ഇപ്പോള്‍ ബി.ടെക്‌ സിനിമകള്‍ എന്നൊരു പ്രത്യേക വിഭാഗം കൂടി ഉണ്ടായതു പോലുണ്ട്‌. എന്താണെന്നറിയില്ല, പ്രേമം മുഖ്യ വിഷയമാകുമ്പോള്‍ നവാഗത സംവിധായകരായ നിരവധി പേര്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്‌ ബി.ടെക്‌ കാലഘട്ടമാണ്‌.

വിനീത്‌ ശ്രീനിവാസന്റെ ആനന്ദം, ആസിഫ്‌ അലി തന്നെ നായകനായ ബി.ടെക്‌ എന്ന ചിത്രം. അങ്ങനെ പലതും. നവാഗതനായ വിജേഷ്‌ വിജയ്‌ സംവിധാനം ചെയ്‌ത മന്ദാരം ഗൃഹാതുരതയോടെ പ്രണയകാലം വരച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രമാണ്‌. അതില്‍ എത്ര കണ്ടു വിജയിച്ചു എന്നുള്ളത്‌ രണ്ടാമത്തെ കാര്യം.

സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ പ്രണയമില്ലാത്തവരായി ആരും തന്നെയുണ്ടായില്ല. അത്‌ കൗമാരം മുതല്‍ കോര്‍ത്തെടുക്കുകയാണ്‌ മന്ദാരം എന്ന ചിത്രത്തില്‍. പ്രണയം പോലെ തന്നെ തീക്ഷ്‌ണമാണ്‌ പ്രണയനൈരാശ്യവും.

പിന്നീട്‌ തിരിഞ്ഞു നോക്കുമ്പോള്‍ അതൊക്കെ നിസാരമായിരുന്നു എന്നു തോന്നാമെങ്കിലും പ്രണയം മനസില്‍ തളിര്‍ത്ത കാലത്തും അവത്‌ വേര്‍പെടുന്ന അവസ്ഥയുമെല്ലാം അനുഭവിക്കേണ്ടി വന്നവരെ സംബന്ധിച്ച്‌ അങ്ങേയറ്റം വേദനാജനകമായിരിക്കും.

പ്രണയനൈരാശ്യമുണ്ടാകുന്ന സമയത്ത്‌ ചില കാമുകന്‍മാരുടെ സ്ഥിരം ഡയലോഗ്‌ ഉണ്ട്‌, ഇനിയെന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണില്ല എന്ന്‌. എന്നാല്‍ അങ്ങനെ പറയുന്ന ചെറുപ്പക്കാര്‍ക്ക്‌ പിന്നീട്‌ പ്രണയമുണ്ടാകുന്നതും ചിലപ്പോള്‍നല്ലൊരു ദാമ്പത്യ ജീവിതത്തിലേക്ക്‌ അവര്‍ പ്രവേശിക്കുന്നതിനുമൊക്കെ കാലം സാക്ഷ്യം വഹിച്ചേക്കാം.

രാജേഷ്‌ (ആസ്‌ഫ്‌ അലി) എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ്‌ മന്ദാരം. മറ്റൊരു എന്‍ജിനീയറിങ്ങ്‌ കോളേജില്‍ പഠിക്കുന്ന ചാരു (വര്‍ഷ ബൊല്ലമ്മ) എന്ന പെണ്‍കുട്ടിയുടെ പുറകേ നടക്കുകയാണ്‌ രാജേഷ്‌. അതോടൊപ്പം മറ്റു ചില പ്രണയങ്ങള്‍ കൂടി അരങ്ങേറുന്നുണ്ട്‌. പ്രണയവും പ്രണയ നൈരാശ്യവും കുടുംബബന്ധങ്ങളിലെ ഇഴയടുപ്പവുമെല്ലാം ചേരുന്നതാണ്‌ മന്ദാരത്തിന്റെ പ്രമേയം.

മന്ദാരം എന്നു പറയുമ്പോള്‍ തന്നെ മനസില്‍ ഒരു ഗൃഹാതുരത്വം ഉടലെടുക്കുമല്ലോ. അതില്‍ ഊന്നി നിന്നു കൊണ്ട്‌ കഥ പറയാനാണ്‌ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്‌. അതില്‍ കുറേയൊക്കെ വിജയിച്ചുവെങ്കിലും തിരക്കഥയിലെ പാളിച്ച കൊണ്ട്‌ പലപ്പോഴും കഥയെ വലിച്ചു നീട്ടുന്നതു പോലെ തോന്നുന്നു.

കൗമാരകാലത്തെ പ്രണയകഥയെ കുറിച്ച്‌ വാചാലമാകുന്നത്‌ പ്രേക്ഷകന്‌ വല്ലാത്ത മടുപ്പുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ അവിടെ നിന്നും എന്‍ജിനിയറിങ്ങിലേക്ക്‌ കടക്കുമ്പോള്‍ പ്രണയം കുറച്ചു മനോഹരമാകുന്നു. പിന്നീട്‌ കഥ നടക്കുന്നത്‌ കര്‍ണ്ണാടകയിലാണ്‌. ചാരു എന്ന എന്‍ജിനീയറിങ്ങ്‌ വിദ്യാര്‍ത്ഥിനിയായി വര്‍ഷ വളരെ മികച്ച അഭിനയം തന്നെ കാഴ്‌ച വച്ചിട്ടുണ്ട്‌. ആനന്ദം സിനിമ ഫെയിം അനാര്‍ക്കലിയാകട്ടെ, ബൈക്കും ബുള്ളറ്റുമൊക്കെ ഓടിക്കുന്ന വളരെ ബോള്‍ഡായിട്ടുള്ള ക്യാരക്‌ടറുമാണ്‌.

ഇവരുടെ രണ്ടു പേരുടെയും പ്രസന്‍സ്‌ കഥയില്‍ ഒരു പ്രത്യേക ഊര്‍ജ്ജം നല്‍കുന്നുണ്ട്‌. ആസിഫ്‌ അലി അവതരിപ്പിക്കുന്ന രാജേഷ്‌ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന രണ്ടു സ്‌ത്രീകഥാപാത്രങ്ങളായിട്ടാണ്‌ ഇവര്‍ രണ്ടു പേരും എത്തുന്നത്‌.

യുവാക്കളെ മാത്രം ലക്ഷ്യമിട്ടു ചിത്രീകരിച്ച സിനിമയിലെ തമാശകളും പ്രണയവുമെല്ലാം പുതിയ കാലത്തിന്റേതാണ്‌. പ്രണയം അനുഭവിക്കുന്നവര്‍ക്കും അതിനായ്‌ കൊതിക്കുന്നവര്‍ക്കു ഈ ചിത്രം ഇഷ്‌ടപ്പെടാതിരിക്കില്ല.

വ്യത്യസ്‌തമായ ഗെറ്റപ്പുകള്‍ കൊണ്ട്‌ ഇരുപത്തഞ്ചു വര്‍ഷത്തെ പ്രണയകാലം മനോഹരമായി അവതരിപ്പിച്ച ആസിഫിന്റെ അഭിനയം തന്നെയാണ്‌ ചിത്രത്തിന്റെ മികവ്‌. തീര്‍ച്ചയായും കോളേജ്‌ വിദ്യാര്‍ത്ഥിനികള്‍ ഇഷ്‌ടപ്പെടുന്ന രീതിയിലാണ്‌ ആസിഫ്‌ തന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കിയിട്ടുള്ളത്‌. ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഗണേഷ്‌ കുമാര്‍, ഇന്ദ്രന്‍സ്‌, അനാര്‍ക്കലി മരയ്‌ക്കാര്‍


എന്നിവരാണ്‌ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടുണ്ട്‌. നവാഗതനായ ബാഹുലാണ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌.

മുജീബ്‌ സംഗീതവും വിവേക്‌ ഹര്‍ഷന്‍ എഡിറ്റിങ്ങും ചെതിരിക്കുന്നു. മാജിക്‌ മൗണ്ടേയ്‌ന്റ ബാനറില്‍ മോനിഷ രാജും ടിനു തോമസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഫോര്‍ട്ട്‌ കൊച്ചി, വാഗമണ്‍, കര്‍ണാടക, ഹരിദ്വാര്‍, മണാലി എന്നിവിടങ്ങളിലായിട്ടാണ്‌ ചിത്രീകരിച്ചത്‌. സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടു രസിക്കാവുന്ന ചിത്രമാണിത്‌ എന്നതില്‍ സംശയമില്ല.















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക