Image

മന്ത്രിമാരുടെ യാത്രാനുമതി നിഷേധം: റിയാദ് കേളി അപലപിച്ചു

Published on 17 October, 2018
മന്ത്രിമാരുടെ യാത്രാനുമതി നിഷേധം: റിയാദ് കേളി അപലപിച്ചു

റിയാദ്: കേരളത്തെ പിടിച്ചുലച്ച പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ നടത്താനിരുന്ന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ റിയാദ് കേളി സെക്രട്ടറിയേറ്റ് അപലപിച്ചു. 

പ്രളയാനന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് പ്രവാസി മലയാളികളെയും സംരംഭകരേയും നേരില്‍ കാണുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാരെ അയക്കാന്‍ സംസ്ഥാന മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ പ്രവാസി സംഘടനകള്‍ മന്ത്രിമാരുടെ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ തയാറെടുത്തുകൊണ്ടിരുന്ന അവസരത്തിലാണ് വിദേശ രാജ്യങ്ങളുടെ സഹായം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരുടെ യാത്ര തടഞ്ഞിരിക്കുന്നത്. പ്രളയ സമയത്ത് സംസ്ഥാനം ആവശ്യപ്പെട്ട മതിയായ അടിയന്തിര സഹായം പോലും നല്‍കാത്ത കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ചില വിദേശ രാജ്യങ്ങളുടെ സഹായ സന്നദ്ധതയെയും തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരുടെ യാത്രയും അതുവഴി ലഭ്യമായേക്കാവുന്ന സാന്പത്തിക പിന്തുണയും കൂടി നിഷേധിക്കുക വഴി കേരളത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും, മന്ത്രിമാര്‍ക്ക് യാത്രാനുമതി നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രതിഷേധകുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക