Image

അനുഗ്രഹമഴ പെയ്തിറങ്ങിയ ചിക്കാഗോ എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ കലാമേള

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2018
 അനുഗ്രഹമഴ പെയ്തിറങ്ങിയ ചിക്കാഗോ എക്യൂമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ കലാമേള
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് കലാമേള ഒക്‌ടോബര്‍ 13-നു ശനിയാഴ്ച രാവിലെ 9 മണിക്ക് സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കലയും ആത്മീയതയും കൈകോര്‍ക്കുന്ന ഇങ്ങനെയുള്ള സംരംഭങ്ങള്‍ കുട്ടികളുടെ ഭാവിക്ക് അവര്‍ അറിയാതെ തന്നെ ജീവിത നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന ഒരു വേദിയാണെന്ന് മാര്‍ ജോയി ആലപ്പാട്ട് പിതാവ് പ്രസ്താവിച്ചു. ഇതിലേക്ക് കുട്ടികളെ പ്രോത്സാഹിപ്പിച്ച സണ്‍ഡേ സ്കൂള്‍ അധ്യാപകരേയും, മാതാപിതാക്കളേയും ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കുന്ന റവ. ഷിബി വര്‍ഗീസ്, റവ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നന്ദി അറിയിച്ചു.

വ്യക്തിത്വ വികസനത്തിനായി പ്രസംഗ മത്സരങ്ങള്‍, കലാമത്സരങ്ങള്‍, ആത്മീയ വളര്‍ച്ചയ്ക്കായി ബൈബിള്‍ വേഴ്‌സസ്, ബൈബിള്‍ ക്വിസ് എന്നിങ്ങനെ വിവിധയിനങ്ങള്‍ ഏകോപിപ്പിച്ച് നടത്തിയ കലാമത്സരങ്ങള്‍ കണ്ണിനും കാതിനും ഇമ്പകരമായി. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി 2015-ല്‍ ആരംഭിച്ച ഈ കലാമത്സരങ്ങള്‍ ഭംഗിയായി ഓരോ വര്‍ഷവും മുന്നോട്ടുപോകുന്നതില്‍ സംഘാടകരും ചാരിതാര്‍ത്ഥ്യരാണ് എന്നു ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ഷിജി അലക്‌സ് പറഞ്ഞു.

വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് ഇത് കുറ്റമറ്റതാക്കാന്‍ സാധിച്ചതെന്നു അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് റവ. ജോണ്‍ മത്തായി പ്രസ്താവിച്ചു.

റവ. ജോണ്‍ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോന്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), അറ്റോര്‍ണി ടീന തോമസ് (സെക്രട്ടറി), അച്ചന്‍കുഞ്ഞ് മാത്യു (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ ഈ സംഘടനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക