Image

ആ പതിയായിരം കിട്ടിയോ? കേരളത്തെ സഹായിക്കാന്‍ മാര്‍ഗങ്ങള്‍ വേറെയുമുണ്ട്

Published on 14 October, 2018
ആ പതിയായിരം കിട്ടിയോ? കേരളത്തെ സഹായിക്കാന്‍ മാര്‍ഗങ്ങള്‍ വേറെയുമുണ്ട്
മഹാപ്രളയം തെല്ലൊന്നുമല്ല മലയാളികളെ വേദനിപ്പിച്ചത്. സഹായങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ധാരധാരയായി ഒഴുകി. ചില സഹായങ്ങള്‍ ഇപ്പോഴും കിട്ടുന്നു. വീണ്ടും സഹായങ്ങള്‍ക്കായി കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെ വീണ്ടും ലോകം ചുറ്റാനൊരുങ്ങുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ അല്പം ചിന്തിക്കണം ....

പ്രളയം വന്നു നമ്മുടെ തലയില്‍ കയറിയപ്പോള്‍ ഒന്നിച്ചു നിന്ന മലയാളി ഇന്ന് പല തട്ടില്‍ ആയിക്കഴിഞ്ഞു. കിട്ടിയ പണം എത്രെയെന്നു ചോദിച്ചിട്ടും സര്‍ക്കാരിന് വ്യക്തതയില്ലാത്ത കാലം.

മഴ ഒളിച്ചും പതുങ്ങിയും വന്നു കേരളത്തെ വിഴുങ്ങിയതാണെന്നും സര്‍ക്കാര്‍ മുറപോലെയും അതിലധികവും പണി എടുത്തു എന്നുമാണ് പിണറായി വിജയന്‍ പറഞ്ഞതിലെ രത്നച്ചുരുക്കം. ഇനി പണം വേണം, ഒരുമ വേണം. അതൊക്കെ മുറ പോലെയല്ലാതെയും വിതരണം നടത്താന്‍ പാര്‍ട്ടിവഴി വഴിയും തേടും, എന്നാണ് പറയാതെ പറഞ്ഞു കാണുന്നത്.

ആശ്വാസകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പതിനായിരം രൂപയും തിരിച്ചുപോകുന്നവര്‍ക്ക് 22 ഇന കിറ്റും കൊടുക്കുമെന്നാണ് പറഞ്ഞത് . അഞ്ചു കിലോ അരി മാത്രമാണ് ചിലര്‍ക്ക് കിട്ടിയത്. 21 ഇന കിറ്റ് വീട്ടിലെത്തിക്കാമെന്നാണ് പറഞ്ഞത് . പതിനായിരം പലര്‍ക്കും ഇനിയും കിട്ടിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥന്മാര്‍പഠിച്ച് ആ കാശ് നല്‍കിക്കൊണ്ടിരിക്കുന്നു.

ഇത് പറയുമ്പോള്‍ ലേഖകന്‍ മൂരാച്ചി ആണെന്ന് കരുതേണ്ട .ന്യൂസ് 18 ചാനല്‍ കണ്ടാല്‍ മതി. പ്രളയ ദുരിതാശ്വാസം കിട്ടാത്തവരെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ഓരോ ദിവസവും കാണാന്‍ സാധിക്കും.ഇപ്പോള്‍ നടക്കുന്ന വലിയ അട്ടിമറി സര്‍ക്കാരിന്വലിയ കീറാമുട്ടിയാകും .

പാര്‍ട്ടിഉദ്യോഗസ്ഥ തീരുമാന പ്രകാരമാണ് ദുരിത ബാധിതര്‍ക്ക് എന്തെങ്കിലും കിട്ടുക. അല്ലാത്തവര്‍ക്ക് സ്വപ്നം മിച്ചം. ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയ പണം നിര്‍വഹണ ചെലവായി ചോരും. യാത്ര, ഭക്ഷണ അലവന്‍സ് ഇനത്തില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും എഴുതി എടുക്കുന്നത് കഴിഞ്ഞാല്‍ മിച്ചം വല്ലാതെ കാണില്ല.

ഈ മന്ത്രിമാരൊക്കെ വിദേശ യാത്രകള്‍ നടത്തുന്നത് സ്വന്തം പൈസകൊണ്ടാണോ എന്ന് ചോദിച്ചാല്‍ഉത്തരം പറയുക ധനകാര്യവകുപ്പായിരിക്കും. ഇപ്പോള്‍ ലോക ബാങ്കില്‍ നിന്ന് 30 വര്‍ഷ അവധിയില്‍ ഒന്നര ശതമാനം പലിശക്ക് വായ്പ എടുക്കാനുള്ള ചര്‍ച്ചയിലാണ് ധനമന്ത്രി. അടുത്ത തലമുറക്കും സമാധാനം കൊടുക്കില്ലെന്ന് ഉറപ്പ്. കേന്ദ്ര സംഘങ്ങള്‍ പഠനയാത്രാ സ്ഥലമായി കേരളം തെരഞ്ഞെടുത്ത മട്ടാണ്. എല്ലായിടത്തും പോയി പഠനം നടത്തും .അവസാനം ഒരു കാപ്പി വാങ്ങി കുടിക്കാനുള്ള കാശ് കൊടുക്കില്ല. കുറച്ച് കാലമിങ്ങനെ കഴിയും. എല്ലാം നഷ്ടപ്പെട്ടവര്‍ ചോരനീരാക്കി പണിയെടുത്തു നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കണം.

ഭരണച്ചെലവിനുള്ള പണം നികുതി കൂട്ടി കണ്ടെത്താന്‍ ഇപ്പോള്‍ തന്നെതീരുമാനമായിട്ടുണ്ട്. ആ അധിക ബാധ്യതയും പ്രജകള്‍ സഹിക്കണം. വീട്ടുപകരണങ്ങളും പണിയായുധങ്ങള്‍ നഷ്ടപ്പെട്ടവരും അതും ഉണ്ടാക്കണം. ജനം ഒന്നിച്ചു നിന്നു എന്ന് എല്ലാവരും ഉറക്കെപ്പറയുന്നത് ആനന്ദം ഉണ്ടാക്കുന്ന കാര്യം തന്നെ. രാഹുല്‍ ഗാന്ധിയും അതു തന്നെയാണ് പറയുന്നത്. രോഗിക്ക് ആദ്യം പോകാന്‍ ഒരല്‍പ സമയം യാത്ര താമസിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ ത്യാഗം വിഷ്ണുനാഥ് മാധ്യമങ്ങളെ അറിയിച്ചു. മാധ്യമങ്ങളത് വണ്ണംവപ്പിച്ചു വാര്‍ത്തയാക്കി. ഇങ്ങനെയുള്ള ത്യാഗികളായ നേതാക്കളും ആരാധകരുംഇന്ത്യയുടെ മാത്രം പ്രതിഭാസം തന്നെ.

ജനം ഒന്നിച്ചു അണിചേര്‍ന്ന് ആഹാരസാധനങ്ങള്‍ എത്തിച്ചതിനാല്‍ കേരളത്തില്‍ പട്ടിണിമരണം ഉണ്ടായില്ല.

പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ സേവനരംഗത്ത് വല്ലാതെ കണ്ടില്ല. എന്നാല്‍, കൊണ്ടുവരുന്ന കിറ്റുകള്‍ പിടിച്ചുപറിക്കാനും പിതൃത്വം ഏല്‍ക്കാനും ചിലയിടങ്ങളില്‍ മത്സരം ഉണ്ടായി. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയവരും സ്വന്തക്കാര്‍ക്ക് സ്വകാര്യമായി എത്തിച്ചവരും ഉണ്ടായി. ഒരുമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സ്വജനപക്ഷപാതവും സ്വാര്‍ഥതയും പരസ്യമായി പ്രകടിപ്പിക്കാനും തല്‍പരരായ പലരും ഉണ്ടായി.

പൊതു ഖജനാവില്‍ നിന്നു കോടികള്‍ ശമ്പളവും ആനുകൂല്യവും പറ്റുന്നവര്‍ നാട് മുങ്ങുമ്പോള്‍ വീണ വായിച്ചതു കൊണ്ടുണ്ടായ നാണക്കേട് എങ്ങനെ ഇല്ലാതാവും. ഇത്തരം പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ നിരോധിക്കുകയാണ് വേണ്ടത്. ഭരണകൂടം കടമകള്‍ തിരിച്ചറിഞ്ഞതുമില്ല. പരക്കം പാഞ്ഞാല്‍ പ്രശ്നം തീരുമെന്നാരു പറഞ്ഞു. കണ്ണായ ഭൂമി. ചെറുതോണി, മൂന്നാര്‍, ആലുവ അടക്കം കണ്ണുവച്ച റിസോര്‍ട്ട് ഭീമന്മാര്‍ക്ക് വേണ്ടി ഉദ്യോഗസ്ഥഭരണവര്‍ഗം കണ്ണടച്ചുണ്ടാക്കിയതാണ് മഹാപ്രളയം

ഇനി ഇവിടെ പാര്‍ക്കാന്‍ പറ്റില്ലെന്ന് കരുതി കിട്ടിയ വിലക്ക് സ്ഥലം വിറ്റു പോകാന്‍ പാകത്തില്‍ ഇതിന്റെ പിന്നില്‍ ചിലരുണ്ടെന്ന സംശയം ബലപ്പെടുന്നു.

പറഞ്ഞുവന്നത് ഇപ്പോള്‍ കേരളത്തിന് വേണ്ടി ലോകത്തു നടക്കുന്ന പിരിവുകളില്‍ എന്തെങ്കിലും കൊടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പൊട്ടന്മാര്‍ ആകരുത് എന്നാണ് .

ഒറ്റയ്ക്കൊറ്റയ്ക്ക് മന്ത്രിമാരെ കിട്ടുമ്പോള്‍ ഫോട്ടോ പിടിച്ചു രസിക്കാതെ കൊടുക്കുന്ന പണം ചോര നീരാക്കി ഉണ്ടാക്കിയതാണെന്നും അത് ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് വീട് വയ്ക്കാനും, ആഹാരത്തിനും, അവരുടെ മക്കള്‍ക്ക് പഠിക്കുവാനും, അവരുടെ അതിജീവനത്തിനുമാണെന്നു നല്ല മലയാളത്തില്‍ പറയണം.

ഇതുവരെ സുനാമിയെന്നും, ഓഖിയെന്നും പറഞ്ഞു കൊണ്ട് പോയതൊക്കെ എന്ത് ചെയ്തു എന്നും ചോദിക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ചെല്ലുമ്പോള്‍ അത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. അപ്പോള്‍ ഞങ്ങള്‍ ഇപ്പോള്‍ തരുന്ന പണം
ഏതു മേഖലയില്‍ ചിലവഴിക്കും, ഏതു റോഡ് നന്നാക്കാന്‍ ചിലവഴിക്കും, ഏതു പഞ്ചായത്തിലെത്രവീടുകള്‍ വയ്ക്കാന്‍ ചിലവഴിക്കും എന്നൊക്കെ ചോദിക്കണം.
സാധിക്കും എങ്കില്‍ ഒരു എഗ്രിമെന്റ് വയ്ക്കാന്‍ പറ്റുമോ എന്ന് ചോദിക്കണം.

പ്രളയത്തില്‍ പെട്ട ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച പതിനായിരം ഇതുവരെയും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് പലര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രളയം ബാധിച്ച മേഖലകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ പ്രവാസി സംഘടനകള്‍ വീട് നിര്‍മ്മിച്ച് നല്‍കിയാല്‍ പോരെ എന്ന ചോദ്യം ചോദിക്കാം.

എല്ലാ സംവിധാനങ്ങളോടും കൂടിയ മനോഹരമായ വീട് .
അമേരിക്കയിലും, ഗള്‍ഫിലുമുള്ള എത്രയോ സംഘടനകള്‍ ഇങ്ങനെ നാടിനുവേണ്ടി എന്തെല്ലാം ചെയ്തു നല്‍കിയിട്ടുണ്ട് .

ഇതിനൊക്കെ കൈ മെയ് മറന്നു സഹായിച്ചത് ഇവിടെ കഷ്ടപ്പെടുന്ന സാധാരണക്കാരായ നേഴ്സുമാരും, ബിസിനസുകാരുമാണ്. ഇവരൊക്കെ തരുന്ന ഡോളര്‍ യാതൊരു ഉളുപ്പുമില്ലാതെ മന്ത്രിമാരുടെ കയ്യിലേക്ക് വച്ച് നീട്ടുന്ന സംഘടനാ നേതാക്കളും അല്പം ചിന്തിക്കണം .ഇത് പ്രളയത്തില്‍ പെട്ട സാധാരണക്കാരുടെ കയ്യില്‍ കിട്ടുമോ, അല്ലങ്കില്‍ അതിനു രേഖാമൂലം ഉറപ്പ് കിട്ടുമോ എന്ന് .

അല്ലാതെ ഫോട്ടോ എടുക്കാന്‍ വേണ്ടിയും നാട്ടിലെ ബിസിനസുകള്‍ കൊഴുപ്പിക്കാന്‍ വേണ്ടിയും പ്രവാസിമലയാളികളെ പറ്റിക്കാനിറങ്ങിയാല്‍ ദൈവം പോലും മാപ്പു തരില്ല എന്നോര്‍ക്കണം .

ഒരു നവകേരള സൃഷ്ടിക്കിറങ്ങുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതുവരെ ഒപ്പം നില്ക്കാന്‍ ശ്രമിക്കണം. അല്ലാതെ പങ്കും കൊടുത്ത് ബാക്കി കാര്യങ്ങള്‍ അന്വേഷിക്കാതെ പുതിയ പ്രളയത്തിനായി കാത്തിരിക്കരുത്. 
ആ പതിയായിരം കിട്ടിയോ? കേരളത്തെ സഹായിക്കാന്‍ മാര്‍ഗങ്ങള്‍ വേറെയുമുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക