Image

വനിതാവിമോചനമെന്ന പകര്‍ച്ചവ്യാധി (ശൂന്യമാക്കുന്ന മ്‌ളേച്ഛത-1-ഏബ്രഹാം തെക്കേമുറി)

Published on 13 October, 2018
വനിതാവിമോചനമെന്ന പകര്‍ച്ചവ്യാധി (ശൂന്യമാക്കുന്ന മ്‌ളേച്ഛത-1-ഏബ്രഹാം തെക്കേമുറി)
അമേരിക്കന്‍ മലയാളസാഹിത്യത്തിന് ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ ഏബ്രഹാം തെക്കേമുറിയുടെ തൂലിക കാഴ്ചവയ്ക്കുന്ന ആദ്ധ്യാത്മികതയുടെ ചിന്താധാര. 'ശൂന്യമാക്കുന്ന മ്‌ളേച്ഛത'

എക്യൂമെനിസം വളരുന്നു, കരിസ്മാറ്റിസം ഉണരുന്നു, വനിതാവിമോചനത്തിന്റെ അലകള്‍ ഉയരുന്നു.
ഒപ്പം
ദൈവം നപുംസകമായി മാറുന്നു.
തിരുവചനം പൊളിച്ചെഴുതുന്നു.
അധര്‍മ്മം പെരുകുന്നു
അനേകരുടെ സ്‌നേഹം തണുക്കുന്നു.

അള്‍ത്താരയില്‍ കുന്തിരിക്കം പുകയുന്നു
മെഴുകുതിരി ജ്വലിക്കുന്നു.
അണിയറയില്‍
വനിതാ പൗരോഹിത്യത്തിന്റെ വെള്ളക്കുപ്പായം മെനയുന്നു.
വനിതാപൗരോഹിത്യവും സ്ത്രീ പുരുഷ സമത്വവും സംബന്ധിച്ച്
ലോകത്തിനൊരു മുന്നറിയിപ്പ്.

മതഗ്രന്ഥങ്ങളിലൂടെ തെക്കേമുറി നടത്തുന്ന തീര്‍ത്ഥയാത്ര. ആനുകാലികതയുടെ മൂല്യച്യുതിയ്ക്കു നേരെയുള്ള പരിഹാസ ശരങ്ങള്‍. ഭാഷയ്ക്ക് മുതല്‍ക്കൂട്ടായുള്ള തനതായ ശൈലികള്‍.

ആര്‍ത്തവം അശുദ്ധമോ? ഇണചേരല്‍ പാപമോ?

ഇണചേരലല്ലാത്തതും, സ്വവര്‍ഗരതിയും പാപമാണ്, ഫലം അകാലത്തില്‍ മരണമാണ്. സന്യാസം കാപട്യമാണ്. ആചാരങ്ങള്‍ക്ക് കീഴ്‌പ്പെടാത്തവര്‍ വിശ്വാസികളല്ല.

മതത്തിനുള്ളിലെ ‘തമ്മിത്തല്ല്’ സ്ത്രീവിഷയത്തിലായിരിക്കുമെന്ന് പ്രവചനങ്ങള്‍. ആരാധനാസ്ഥലങ്ങളില്‍ “ലൈംഗികപൂജ” അരങ്ങേറും. മതങ്ങള്‍ അവഹേളിക്കപ്പെടും. വിശ്വാസികള്‍ പുറന്തള്ളപ്പെടും. “മ്‌ളേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വെളിപ്പെടും.”.

തുടര്‍ന്നു വായിക്കുക. 

ശൂന്യമാക്കുന്ന മ്ലേച്ഛത-1

വനിതാവിമോചനമെന്ന പകര്‍ച്ചവ്യാധി

ഏബ്രഹാം തെക്കേമുറി

ലോകത്താകമാനം മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നതായി പൊതു റിപ്പോര്‍ട്ട്. അതേ നാവില്‍ നിന്നും വളര്‍ച്ചയിലേക്ക് കുതിക്കുന്ന മാനവജാതിയെന്ന വീമ്പിളക്കല്‍. യാഥാര്‍ത്ഥ്യം എവിടെയോ നഷ്ടപ്പെട്ട, മനുഷ്യത്വം മരവിച്ച ഇരുകാലിമൃഗമായി മനുഷ്യന്‍ അധഃപതിച്ചു കൊണ്ടിരിക്കുകയാണ്. ബുദ്ധി വികസിച്ചു വികസിച്ച് സ്ഥിരബുദ്ധിയില്ലാതായി തീര്‍ന്ന ബുദ്ധിജീവികള്‍ വസിക്കുന്ന ലോകം. ഇവിടെ മുന്‍കാലങ്ങളേക്കാള്‍ മൂല്യം വര്‍ദ്ധിച്ച രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രമുണ്ട്. ലഹരിപദാര്‍ത്ഥങ്ങളും സെക്‌സും. ഇതിന്റെ അമിത ഉപയോഗം മനുഷ്യനെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നു. ഇവ രണ്ടിന്റെയും ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. മനുഷ്യരാശിയെ ഈ ഭീകരസ്ഥിതി വിശേഷത്തിലേക്ക് കൊണ്ടെത്തിച്ചതാര്?

നടുക്കയത്തില്‍ വള്ളം മുങ്ങിയാല്‍ ഉത്തരവാദി വള്ളക്കാരനാണ്. യാത്രക്കാര്‍ അല്ല. മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ട ജനങ്ങളേ! ലോകമാകുന്ന സമുദ്രത്തിലൂടെ ആത്മീകതയുടെ വിശ്വാസപ്പടക് ഇന്ന് തുഴയുന്നത് വിവരക്കേടിലേക്കാണെന്ന് നാമറിയുക.

എന്തെന്നാല്‍ കാലത്തിനൊത്ത ദൈവത്തെ സൂഷ്ടിക്കുന്ന തിരക്കിലാണ് ഈ ബുദ്ധി ജീവികള്‍. എന്തിന്? ജനത്തെ ഒതുക്കി നിര്‍ത്താന്‍. ആത്മീകതയ്ക്ക് അടിസ്ഥാനം ഒന്നേ ഉള്ളു. അതായത് മതഗ്രന്ഥങ്ങള്‍. മതഗ്രന്ഥങ്ങളിലില്ലാത്ത ഒരു ദൈവമോ പ്രകൃതി ശക്തിയോ ഇല്ല. നിരീശ്വരവാദിക്ക് ഈവിധ വകഭേദങ്ങളെയൊട്ടു വിലയിരുത്താന്‍ അവകാശവുമില്ല. എന്തെന്നാല്‍ അമ്മപെങ്ങമ്മാരും കൂട്ടുകുടുംബസംവിധാനവും മാനവസംസ്‌കാരവുമെല്ലാം ദൈവീകബോധത്തില്‍ നിന്ന് ഉരുവായ് വന്നതാണ്. എന്നാല്‍ നിരീശ്വരവാദിയും ദൈവത്തെപ്പറ്റി പ്രസംഗിക്കുന്ന ഒരു കാലയളവിലാണു നാം. എവിടെയെങ്കിലും ഒരു പുരോഹിതന്‍ പെണ്ണുപിടിച്ചാല്‍ ആ വാര്‍ത്ത പെരുപ്പിച്ച് രംഗത്തെത്തിക്കുന്നത് നിരീശ്വരവാദിയാണ്. ഒരു വ്യക്തി ചെയ്ത ദുഷ്‌കര്‍മ്മത്താല്‍ ദൈവം കുറ്റക്കാരനാകുകയാണവിടെ. ഇങ്ങനെ ഒറ്റപ്പെട്ട വിഷയങ്ങളെ പെരുപ്പിച്ചു കാട്ടി സാത്താന്യചിന്തകളിലൂടെ അപധസഞ്ചാരം നടത്തി ലൈംഗീകമോഹങ്ങള്‍ക്കും ലഹരിക്കും അടിമയായി കുറെ ചിന്തകന്മാരും കവികളും എഴുത്തുകാരുമൊക്കെ പിറന്നിട്ടുണ്ട്.

‘മദ്യവും മങ്കയും മര്‍ത്യന്’ എന്ന് ഷേക്‌സ്പിയര്‍.‘കലാകാരനാണ് ഏറ്റവും നല്ല ഭരണകര്‍ത്താവ്’ എന്ന് പ്ലേറ്റോ പറഞ്ഞു. അപ്പന് കൊല്ലണം, പിന്നീട് എനിക്കെന്റെ അമ്മയെ വിവാഹം കഴിക്കണമെന്നതായിരുന്നു ആ മഹാന്റെ ആഗ്രഹം. ഓമര്‍ഖയാം സ്വപ്നം കാണുന്നതെല്ലാം യുവസുന്ദരികളെ ആയിരുന്നു. ഈ കപടജ്ഞാനത്തിന്റെ ശലകം കേരളത്തിലും പിറന്നു.‘വിശപ്പിനു വിഭവങ്ങള്‍, വെറുപ്പോളമശിച്ചാലും, വിശിഷ്ട ഭോജങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും’. ഇതെല്ലാം പുരുഷമനസിന് സ്ത്രീയോടുള്ള അഭിവാഞ്ച.

ഇത്തരം പുരോഗമനത്തിന്റെ ശീലുകളില്‍ആത്മീയരെന്നഭിമാനിക്കുന്നവരും ഇന്ന് വഴുതപ്പെട്ടിരിക്കുകയാണ്. എവിടെയാണ് ഈ പാകപ്പിഴ പറ്റിയത്? പണ്ട്. . പണ്ട്.. . . . മുനിമാര്‍ തപസിരുന്നിരുന്നു. കഠിനതപസിന്റെ കഥ ഹിന്ദുപുരാണത്തിന്റെമാത്രം കുത്തകയാണ്. അതിന്റെ അനുകരണമാണ് ഇന്നത്തെ ഹിന്ദുവ്രതാനുഷ്ടാനവും മുസ്ലീം നൊയമ്പും ക്രൈസ്തവ ഉപവാസവും വരെ. എന്നാല്‍ പരമശിവന്റെ തപസുമുടക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം (മേനക) കെട്ടി. തപസ് മുടങ്ങുകയും ചെയ്തു.

ദേവന്മാരും, ദൈവദൂതന്മാരും, മാലാക്കുകളും വരെ സത്രീവിഷയത്തില്‍ വീണുപോയതായ ചരിത്രങ്ങളത്രേ മതഗ്രന്ഥങ്ങള്‍. അവിഹിതലൈംഗീകബന്ധങ്ങള്‍ ദൈവസന്നിധിയില്‍ പാപമാണെന്ന് സാരം. അത് ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകളെ ദൈവീകാരാധനയുടെ മുഖത്തുനിന്നും മാറ്റി നിര്‍ത്തി. ഇസ്ലാം മതം യൗവനയുക്തകള്‍ക്ക് പള്ളിപ്രവേശനം നിഷേധിച്ചു. ഹൈന്ദവര്‍ ദേവീപ്രതിഷ്ഠയുള്ളിടത്തുപോലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു. ക്രൈസ്തവരാകട്ടെ പുതിയ നിയമത്തിന്റെ വെളിച്ചത്തില്‍ പുതുക്കത്തിന്റെ ആത്മാവില്‍ ഒരു നവീനതയ്ക്ക് ചുമല്‍ കൊടുത്തു.

വലിയ കുഴപ്പമില്ലാതെ കാലം ഗമിക്കവേ, ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന വലിയ മതമായ ക്രിസ്തുമതത്തില്‍ ഇന്ന് സ്ത്രീപുരുഷ സമത്വവും വനിതാ പൗരോഹിത്യവും കത്തി ജ്വലിക്കുന്ന വിഷയങ്ങളായി. ധാരാളം സ്ത്രീകളെ സഭകളുടെ ഔദ്യോഗികസ്ഥാനങ്ങളിലേക്ക് കയറ്റിവിട്ടു. ഫലമോ, അരമനകളിലും പള്ളിമേടകളിലും സന്യാസിമാരായി കഴിഞ്ഞിരുന്ന പല പുരോഹിതന്മാരും ഈ മേനകകളാല്‍ പിടിക്കപ്പെട്ടു. അമേരിക്കയില്‍ ജിം ബേക്കര്‍ , ജിമ്മി സ്വാഗര്‍ട്ട് തുടങ്ങി ചങ്ങനാശേരിയില്‍ വരെ പ്രമാദങ്ങളായ കേസുകള്‍ ഉണ്ടായി. ഈ കഥ കേട്ട പൗരോഹിത്യവൃന്ദത്തിന്റെ മനസുകള്‍ തപസില്‍ നിന്നിളകിയിരിക്കുന്നു. ജീവവൃക്ഷത്തേക്കാളേറെ ജ്ഞാനവൃക്ഷത്തോട് അനേകരും അടുക്കുന്നു. എത്തിപ്പിടിച്ച് ഫലം ഭക്ഷിക്കുന്നു. കോട്ടയത്ത് അഭയാക്കേസും, അമേരിക്കയില്‍ കത്തോലിക്കാപുരോഹിതന്മാരില്‍ എയ്ഡ്‌സും പരക്കുന്നുവെന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. അപ്പോഴും സിസ്റ്റര്‍ ലവന്യ കന്യാസ്ത്രീ പട്ടം ഉരിഞ്ഞുകളഞ്ഞെന്നും വനിതാപൗരോഹിത്യം കൊടുക്കാത്തതിന്റെ പ്രതിഷേധമാണെന്നുമൊക്കെ വാര്‍ത്തകള്‍.

പ്രിയപ്പെട്ട ബുദ്ധീജീവികളെ! അവിവാഹിത ദൈവീക സേവനം (ബ്രപ്മചര്യം) അസാദ്ധ്യമായി വന്നിരിക്കുന്ന ഒരു കാലയളവാണിത്. എന്തെന്നാല്‍ കറിമസാലയുടെ പരസ്യത്തിലും ടി.വി.യില്‍ പ്രത്യക്ഷപ്പെടുന്നത് മസാല നിറച്ച ലൈംഗീകഗോഷ്ടിയാണ്. ഈ ലോകത്തിന്റെ സമസ്തരംഗങ്ങളിലും പുരുഷന്റെ തപസ് ഉണര്‍ത്തുന്ന മേനകമാര്‍ അടക്കിവാഴുന്നു. കടുക്കാവെള്ളം കുടിച്ചും, വേപ്പില തിന്നും, മുട്ടമത്സ്യമാംസാദികള്‍ ഭക്ഷിക്കാതെയും കാമം ത്യജിച്ച് ആശ്രമങ്ങളിലും അരമനകളിലും മാത്രമായി കഴിഞ്ഞുകൂടി ആദ്ധ്യാത്മികസേവനം ചെയ്ത ത്രികാലജ്ഞാനികളായിരുന്ന കര്‍മ്മയോഗികളുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്ന് നില്‍ക്കുന്നതെവിടെ? കാവിയുടെയും ചുവപ്പു കലര്‍ന്ന മേലങ്കിയുടെയും സ്ഥാനത്ത് ഇന്ന് തിളങ്ങുന്നത് എത്ര നിറങ്ങള്‍? രുദ്രാക്ഷത്തിന്റെയും കറുത്ത മുത്തിന്റെയും വ്യഞ്ജനാര്‍ത്ഥങ്ങള്‍ ഇന്നെവിടെ? പളുങ്ക്, പ്ലാറ്റിനം, സ്വര്‍ണ്ണമെന്നിങ്ങനെ ആഭരണപെട്ടി നിറച്ച് അണിഞ്ഞൊരുങ്ങി നടക്കുമ്പോള്‍ ഇന്ന് തപസ്സില്ല.

വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത പുരോഹിതന്മാരും പ്രലോഭനങ്ങളില്‍ അവരെ വഴുതിക്കുന്ന ലോകവും ഇതിനിടയില്‍ കുറെ വനിതാപുരോഹിതകളും. പുണ്യവാളന്മാരെക്കൊണ്ട് ഈ ലോകം നിറയും. എന്തെന്നാല്‍ വിശുദ്ധജനനം തുടരും. ആധുനിക ദൈവശാസ്ത്രത്തിന്റെ വ്യക്താക്കളേ! നിങ്ങള്‍ക്ക് അയ്യോ കഷ്ടം!. നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നുമില്ല, കടക്കേണ്ടുന്നവരെയൊട്ടു കടപ്പാന്‍ സമ്മതിക്കുന്നുമില്ല. മതഗ്രന്ഥങ്ങളില്‍ സ്ത്രീകള്‍ക്ക് വച്ചിരിക്കുന്ന വിലക്കുകളെ അഴിപ്പാന്‍ രാവും പകലും പണിപ്പെടുന്നവരേ!പൂജാകര്‍മ്മത്തിന്റെ വിധിചട്ടങ്ങളില്‍ ആ സമയത്തേക്ക് പുരോഹിതന്‍ സത്രീകളോട് അകന്നിരിക്കണമെന്ന് എല്ലാ മതഗ്രന്ഥങ്ങളും നിഷ്‌കര്‍ഷിക്കുന്നു. സ്ത്രീയെയൊട്ടു പൂജയ്ക്ക് ഒരു മതഗ്രന്ഥവും അനുവദിച്ചിട്ടുമില്ല. എന്തെന്നാല്‍ ദൈവം സ്ത്രീവിദ്വേഷി തന്നേ.

എന്നാല്‍ കാലത്തിന്റെ ഗതിയോ? സന്യാസികള്‍ ധാരാളം. മനുഷ്യശരീരശാസ്ത്രമനുസരിച്ച് മനുഷ്യന്റെ ലൈംഗീയപ്രക്രിയകള്‍ പ്രായപൂര്‍ത്തിയായ ഏവര്‍ക്കും അറിയാവുന്ന ഒരു അനുഭവസത്യമാണ്. സത്യത്തില്‍ മായം ചേര്‍ക്കയും വഞ്ചനകൊണ്ട് അതിനെ മൂടുകയും ചെയ്യുന്ന വിരോധാഭാസമാണ് എല്ലാക്കാലത്തിലെയും മാനവചരിത്രം. ഒരു നിഷേധഭാവത്തോടെ ഇതിനെ കാണുന്നവര്‍ കാലാകാലങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. വലിയ പ്രസക്തിയില്ലാതെ എല്ലാം കാലഹരണപ്പെടുകയാണ്. എന്നാല്‍ സ്‌നേഹനിധിയായ ഒരമ്മയും, ജീവനു തുല്യം സ്‌നേഹിക്കുന്ന പെങ്ങമ്മാരും, സകലത്തിലും നന്മയുടെ വഴികളില്‍ കൂട്ടാളിയുമായിരിക്കുന്ന ഭാര്യയും ഉള്ള പുരുഷന്‍, അതായത് സ്വന്തകുടുംബത്തില്‍ സ്ത്രീപുരുഷഭേദമില്ലാതെ സ്വസ്ഥതയോട് വാണവരോടുള്ള ഒരു വെല്ലുവിളിയായി ഇന്ന് വനിതാവിമോചനം കുടുംബഛിദ്രത വിതയ്ക്കുകയാണ്. ഇവിടെ വിവേകമതികള്‍ ഉണരേണ്ടിയിരിക്കുന്നു. വനിതാവിമോചനത്തിന്റെ ലേബലില്‍ സ്ത്രീകളെ അമ്മയപ്പന്മാരോടും ഭര്‍ത്താക്കന്മാരോടും അകറ്റിക്കൊണ്ട്അവിഹിതലൈംഗികവേഴ്ചയ്ക്ക് ബലിയാടുകളാക്കുന്ന ഒരു വ്യവസ്ഥിതിയിലേക്ക് ലോകം ശീഘ്രഗമനം നടത്തുകയാണ്.

വ്യക്തിത്വം നഷ്ടപ്പെട്ടവരുടെ സമൂഹത്തില്‍ മൂല്യച്യുതിയേറുന്നു. മതത്തിലധിഷ്ഠിതമാണ് മനുഷ്യജീവിതം. മതങ്ങള്‍ മൂന്ന്. ബൈബിളിന്റെയും, ഖുറാന്റെയും പരിധിയില്‍ പെടാത്തവര്‍ക്ക് ജാതികള്‍ എന്ന് വിശേഷണം. ജാതികളുടെ കൂട്ടത്തെ ഹിന്ദുയിസം ഉള്‍ക്കൊള്ളുന്നു. ദേവനും ദേവിയുമുള്ള ഒരു ദൈവീകസങ്കല്‍പ്പം.

ഹിന്ദുമതത്തിലും, ഇസ്ലാം മതത്തിലുമില്ലാത്ത പഠിപ്പിക്കലാണ് ലൈംഗികതയെപ്പറ്റി ക്രിസ്തു മതത്തില്‍. അതും പാപമെന്ന ശീര്‍ഷകത്തില്‍. എന്നാല്‍ സ്ത്രീകളുടെ അഴിഞ്ഞാട്ടവും ലൈംഗികതയും (പഠിപ്പിക്കലിനു വിപരീതമായി) ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ന് ക്രൈസ്തവസമൂഹത്തിലാണ്. അപ്പോഴും ഇസ്ലാംമതത്തിലും ഹിന്ദുമതത്തിലും ബൈബിള്‍ പറയുംപോലെ സ്ത്രീകള്‍ അച്ചടക്കം പാലിക്കുന്നു. ആകയാല്‍ സമസ്ത മതസ്ഥര്‍ക്കും പരിജ്ഞാനത്തിനായി മതഗ്രന്ഥങ്ങളിലൂടെ“സ്ത്രീ പുരുഷ സമത്വവും, വനിതാപൗരോഹിത്യവും” എന്ന വിഷയത്തില്‍ ഒരു തീര്‍ത്ഥയാത്ര നടത്തുകയാണ്.

തെറ്റായ വ്യാഖ്യാനങ്ങളിലൂടെ ഹിന്ദുമതത്തേയും, ഇസ്ലാംമതത്തേയും സ്ത്രീവിഷയത്തില്‍ ക്രൈസ്തവമതം കവച്ചുവച്ചിരിക്കുകയാണ്. അതായത് ശൈശവവിവാഹവും, സതിയും, ഇസ്ലാംമതത്തിലെ പത്തുവിവാഹവുമൊക്കെയെന്ന കാലഹരണപ്പെട്ട സംസ്‌കാരശൂന്യതയെ എടുത്തുകാട്ടിക്കൊണ്ട് വെറുമൊരു വീമ്പിളക്കല്‍.എന്നാല്‍ ഇന്നും ഈ മതങ്ങളിലെ സ്ത്രീകള്‍ അച്ചടക്കത്തില്‍ കുടുംബഭദ്രത നിലനിര്‍ത്താനുതകുമാറ് പാരമ്പര്യങ്ങളേയും കീഴ്‌വഴക്കങ്ങളേയും മാനിക്കുന്നു. ക്രൈസ്തവമതത്തിലോ, സ്ത്രീകള്‍ ഇന്ന് അരങ്ങ് തകര്‍ക്കുകയാണ്. ഇത് കലിയുഗലക്ഷണമായി ഹിന്ദുപുരാണത്തിലും, അന്ത്യകാലഅടയാളമായി ബൈബിളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവചനസത്യങ്ങള്‍ തുടര്‍ന്നുള്ള ലേഖനങ്ങളിലൂടെ വെളിപ്പെടുന്നു.

തുടരും. 
Join WhatsApp News
പുരാവസ്തു 2018-10-14 06:06:46
ലോകത്തിന്‍റെ  എല്ലാ ഭാഗത്തും  ആഴകിയ പല അചാരങ്ങളുടെ ജീര്‍ണ്ണിച് അവശിഷ്ടങ്ങള്‍ കാണാം. അവ പലതും കയ്യാലകളിലും  ചവുട്ട് പടിയും ഒക്കെ ആയി കാണാം. തെക്കേമുറി സൊയം ഒരു പുരാവസ്തു ആയി മാറുന്നു എന്ന് തോന്നുന്നു.  കുറെ വാക്കുകളുടെ കോലാഹലം എന്നും തോന്നുന്നു. കാത്തിരുന്ന് കാണാം അല്ലേ!
നാരദന്‍  
ചിന്തിക്കുക 2018-10-14 09:01:35
തുടരണോ എന്ന് തെക്കേമുറി കൂലം‌കഷമായി ചിന്തിക്കുക.
മുണ്ട് പറിച്ചു തലയില്‍ കെട്ടി ... 2018-10-14 11:15:24
ഉടു തുണി പറിച്ചു കഷത്തില്‍ വച്ചോ ഓര്‍ തലയില്‍ കെട്ടി ഓടാന്‍ തയ്യാര്‍ എടുത്തോ തെക്കേ മുറി .
മീ ടൂ  ഡാല്ലാസ് 

ശനി ദശ 2018-10-14 12:05:09
ഗുളികന്‍  ശനിയില്‍, രാഹുവും കേതുവും ഇടതും വലതും.
കണിയാന്‍ നാരദന്‍ 
ps ചെരിപുരതിന്‍ അല്ലെര്‍ജി  തെക്കെമുരിക്കും പിടിച്ചു എന്ന് തോന്നുന്നു
കോലാഹലമേട് 2018-10-14 20:44:46
അതെ  ചുമ്മാ അർത്ഥമില്ലാത്ത  കൊലാഹല  വാക്കുകൾ  ഉപയോകിക്കാതെ  നേരേ  ചൊവ്വ  എഴുതു  തെക്കേമുറി . സിമ്പിൾ ആയി കുറിക്കു . ഇത്‌  ചുമ്മാ  ബ്ലാ ബ്ളാ  ഒന്നും  മനിസ്സിലാകുന്നില്ല .  താങ്ങൾ  പറയുന്നത്  എന്താണ്‌ ? ക്ലീൻ ആയി  കുറിക്കുക 
അപശ്രുതി 2018-10-15 11:17:36
ചേട്ടാ എന്റൈ പേര് അപശ്രുതി  എന്നാണ് . എന്താണ് ചേട്ടന്റെ എഴുത്തിലിത്ര ഒച്ചപ്പാടും ബഹളോം . ചേട്ടന് മീ2 വിനെ പേടിയാണോ .  ഇങ്ങള് ഒച്ച ബെച്ചു ആനെ ഓടിക്കണപോലെയാണല്ലോ മീ2 വിനെ ഓടിക്കാൻ ശ്രമിക്കണത് . ഇവളുമാര് ഭയങ്കര പുള്ളികളാണ് കേട്ടോ .  തീയിൽ കുരുത്തതാണ് അത് ഇങ്ങടെ ഒച്ച കേട്ടാൽ പോകില്ല . ഓരോ അവന്മാര് എടുത്തിട്ട് പൊരിച്ച് ഇത്പോലെയാക്കിയതാണ് . ഇങ്ങള് ആ മഗ്നലകാരിത്തിയെ കല്ലെറിയാൻ പോയവര് തിരിഞ്ഞു ഓടിയപോലെ ഓടിക്കോ . കൂടെ എഴുതണ കടലാസും പെൻസിലും എടുത്തോ . ഇവളുമാരെ സൂഷിക്കണം . എന്നാ നിറുത്തട്ടെ . അവളുമാരുടെ ഒച്ച കേക്കണ്  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക