Image

അയോദ്ധ്യ: മത-രാഷ്ട്രീയ-നിയമ യുദ്ധങ്ങളുടെ ആയുധപ്പുര(ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 13 October, 2018
അയോദ്ധ്യ: മത-രാഷ്ട്രീയ-നിയമ യുദ്ധങ്ങളുടെ ആയുധപ്പുര(ഡല്‍ഹികത്ത്: പി.വി.തോമസ്)
അയോദ്ധ്യ വിവാദം വീണ്ടും ഉണരുകയാണ്. ഇവിടെ മൂന്ന് തലങ്ങളിലുള്ള യുദ്ധമുഖം ആണ് തുറന്നിട്ടുള്ളത്: മതം, രാഷ്ട്രീയം, നിയമം. നിയമ യു്ദ്ധത്തെക്കുറിച്ച് ആദ്യം പരാമര്‍ശിക്കാം. ഇത് രണ്ട് രീതിയില്‍ ആണ് നടക്കുന്നത്. ഒന്ന്, രാമക്ഷേത്ര-ബാബറി മസ്ജിദ് ഭൂമിതര്‍ക്കം. രണ്ട് 1992 ഡിസംബര്‍ 6-ലെ ബാബറി മസ്ജിദ് ഭേദനം. ഇതിന്റെയെല്ലാം മതവും രാഷ്ട്രീയവും ഒന്നുതന്നെ.

2018 സെപ്തംബര്‍ 27 ന് സുപ്രീം കോടതി വളരെ പ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു. ഇത് പ്രകാരം അയോദ്ധ്യ കേസ് അവസാനം ഒരു വസ്തു തര്‍ക്കത്തിന്റെ വഴിയിലേക്ക് പോവുകയാണ്. ഒരു മുസ്ലീം സംഘടനയും രണ്ട് ഹിന്ദുസംഘടനകളും ആണ് പ്രധാന കക്ഷികള്‍. കോടതി ഇതില്‍ തീരുമാനിക്കുവാന്‍ പോകുന്നത് ഭൂമി ആരുടേത് ആണ് എന്ന് മാ്ത്രം ആണ്. ആര്‍ക്ക് എത്രമാത്രം? 11 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രേതായുഗത്തില്‍ ശ്രീരാമന്‍ ബാബരി മസ്ജിദ് ഇരുന്നിടത്ത് ആണ് ജനിച്ചതെന്ന്  പറയുവാന്‍ കോടതി മുമ്പാകെ എന്ത് തെളിവ് ആണുള്ളത്? വിശ്വാസം ഇന്‍ഡ്യന്‍ നിയമ ശാസ്ത്രത്തില്‍ ഒരു തെളിവ് ആണോ? അല്ല എന്നാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അടിവരയിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വാസം ഒരു തെളിവ് അല്ല. ഭരണഘടന ആണ് ആത്യന്തിക ആധാരശില. കെട്ടുകഥകളോ അബദ്ധ ജഡിലമായ ആചാരാനുഷ്ഠാനങ്ങളോ അല്ല രാഷ്ട്രത്തിന്റെ ഗതി നിര്‍ണ്ണയിക്കേണ്ടത്. അതാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ തെളിഞ്ഞിട്ടുള്ളവയാണ് പിന്‍തുടരേണ്ട പാതകള്‍. സതിയും വിധവാ വിവാഹ നിരോധനവും എല്ലാം നിരാകരിക്കപ്പെട്ട മനുഷ്യത്വരഹിതമായ ആചാരാനുഷ്ഠാനങ്ങള്‍ ആണ്.

അപ്പോള്‍ അങ്ങനെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോദ്ധ്യ ഒരു സാധാരണ വസ്തുതര്‍ക്കമായി പരിണമിക്കുകയാണ്. അത് ഒക്ടോബര്‍ 29 മുതല്‍ വിചാരണ ചെയ്യപ്പെടും. അതായത് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ്(ഏപ്രില്‍-മെയ്) അതിന്റെ വിധിയും വരും. രാഷ്ട്രീയമായി അത് വളരെ പ്രധാനപ്പെട്ടത് ആണ്. മതധ്രുവീകരണത്തിന് അത് വഴി തെളിച്ചേക്കാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് അഭിഭാഷകന്മാര്‍ കേസിന്റെ വിധി ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം മതി എന്ന് വാദിച്ചത്. പക്ഷേ, സുപ്രീംകോടതി അതിന് സമ്മതിച്ചില്ല. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ അനുകൂലമായ വിധി ഉണ്ടായാല്‍ അത് ബി.ജെ.പി.ക്ക് ഗുണം ചെയ്‌തേക്കാം. അതാണ് കോണ്‍ഗ്രസിന്റെ ഭയം. ഭാഗികമായ ദോഷം ആയാലും ഹിന്ദുമത വികാരം ഒരു ധ്രൂവീകരണത്തിന് വഴി തെളിയിച്ചേക്കാം. ഇപ്പോഴുള്ള ഹൈക്കോടതി വിധി(അലഹബാദ്) ഭാഗീകമായി ഹിന്ദുമതാനുകൂലമാണ്. ഭാഗീകമായി മുസ്ലീം മതാനുകൂലവും. ഇതിനെതിരെ ആണ് സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ഈ കേസ്.
ഈ കേസിന്റെ ഇപ്പോഴത്തെ വിധിയില്‍ സുപ്രീം കോടതി ഇരുകക്ഷികള്‍ക്കും അനുകൂലമായും പ്രതികൂലമായിട്ടും ആണ് തീരുമാനം എടുത്തിട്ടുള്ളത്. വിധി മുസ്ലീം കക്ഷിക്ക് ഏറെ വിരുദ്ധം ആണ് ഫലത്തില്‍.

എന്താണ് ഈ ഉടമസ്ഥാവാകാശതര്‍ക്കം? എന്താണ് സുപ്രീംകോടതി വിധി?
അയോദ്ധ്യയിലെ തര്‍ക്കഭൂമി, അതായത് രാം മന്ദിര്‍-ബാബരി മസ്ജിദ് ഭൂമി, ഹിന്ദുക്കളുടേതോ മുസ്ലീങ്ങളുടേതോ എന്നാണ് ചോദ്യവിഷയം.ഹിന്ദുക്കളുടേതെന്ന് ഹിന്ദുക്കളും മുസ്ലീങ്ങളുടേതെന്ന് മു്സ്ലീങ്ങളും വാദിക്കുന്നു. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്തു ഒരു ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് ശ്രീരാമന്‍ ജനിച്ച സ്ഥലം ആയിരുന്നുവെന്നും അത് പൊളിച്ചിട്ടാണ് ബാബരി മസ്ജിദ് 1528-ല്‍ പണിതത് എന്നും ആണ് ഹിന്ദുക്കളുടെ വാദം.

2010-ലെ ഒരു വിധിയില്‍ അലഹബാദ് ഹൈക്കോടതി ഈ തര്‍ക്കഭൂമി(2-77 ഏക്കര്‍) ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ആയി വിഭജിച്ചു കൊടുത്തു. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം ലഭിച്ചത് ഹിന്ദുക്കള്‍ക്ക് ആണ് (നിര്‍മോഹി അക്കാഡ, രാംലല്ല). ബാക്കി മൂന്നില്‍ ഒന്ന് ലഭിച്ചത് സുണ്ണി വക്ക്ഫ് ബോഡിനും. ഈ അവകാശതര്‍ക്ക വിധിക്കെതിരെ ആണ് കക്ഷികള്‍ സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്. തീര്‍ന്നില്ല. മുസ്ലീം കക്ഷികള്‍ ഈ പരാതിയില്‍ 1994 ഒരു സുപ്രീം കോടതി വിധിയെയും ചോദ്യം ചെയ്തിരുന്നു. ഈ വിധിപ്രകാരം മസ്ജിദുകള്‍ ഇസ്ലാം മതത്തിന്റെ അഭിവാജ്യഘടകം അല്ലത്രെ. നമാസ് മോസ്‌ക്കില്‍ അല്ലാതെ എവിടെയും നടത്താം. ഇതും ഇപ്പോഴത്തെ ഹര്‍ജ്ജിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതോടൊപ്പം 2017-ല്‍ മുസ്ലീം കക്ഷികള്‍ ഈ കേസ് വിചാരണ ചെയ്യുന്നതിനും വിധി പറയുന്നതിനും ഒരു ഏഴ് അംഗ ബഞ്ചിലേക്ക് അല്ലെങ്കില്‍ അഞ്ചംഗ ബഞ്ചിലേക്ക് മാറ്റണം എന്നും വാദിച്ചിരുന്നു. മൂന്നംഗ ബഞ്ച് അവര്‍ക്ക് സ്വീകാര്യം ആയിരുന്നില്ല.
ഇതെല്ലാം ആണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിക്കൊണ്ട് തര്‍ക്കഭൂമി ഉടമസ്ഥാവകാശ കേസ് ഒക്ടോബര്‍ 29 മുതല്‍ തുടങ്ങുമെന്ന് വിധിച്ചത്. ഇത് രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസിലെ നിര്‍ണ്ണായകമായ ഒരു വിധി ആണ്. ആദ്യം സൂചിപ്പിച്ചതുപോലെ ഈ വിധി പ്രകാരം അന്തിമവിധി 2019-ലെ ഏപ്രില്‍-മെയ് ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് വന്നേക്കാം. രാഷ്ട്രീയമായി അതിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല. സുപ്രീം കോടതിയുടെ ഈ സുപ്രാധാന വിധി വന്നത് 2-1 ഭൂരിപക്ഷ പ്രകാരം ആണെന്നുള്ളത് വളരെ പ്രധാനം ആണ്. മുഖ്യന്യായാധിപന്‍ ദീപക് മിശ്രയും ജസ്റ്റീസ് അശോക് ഭൂഷനും മുസ്ലീം കക്ഷികളുടെ അഭ്യര്‍ത്ഥന നിരാകരിച്ചപ്പോള്‍ മൂന്നാമന്‍, വിമത ജഡ്ജ് എസ്.അബ്ദുള്‍ നസീര്‍, വിയോജിച്ചു.

ഭൂരിപക്ഷ വിധിപ്രകാരം ഈ ഉടമസ്ഥാവാകാശം തര്‍ക്കകേസ് വിപുലമായ ഒരു ഭരണഘടന ബഞ്ചിലേക്ക് മാറ്റേണ്ടതില്ല. രണ്ട് മസ്ജിദ് മു്സ്ലീം മതത്തിന്റെ അവിഭക്ത ഘടകം അല്ല എന്ന സുപ്രീംകോടതിയുടെ മുന്‍ വിധി(1994) ഈ കേസിന്റെ വിഷയം അല്ല. അത് വസ്തു ഏറ്റെടുക്കല്‍ സംബന്ധമായി സുപ്രീം കോടതി പ്രസ്താവിച്ചതാണ്. മസ്ജിദിന്റെയോ, അമ്പലത്തിന്റെയോ, പള്ളിയുടെയോ, അല്ലെങ്കില്‍ ഏതൊരു ആരാധനാലയത്തിന്റെയോ ഭൂമി ഗവണ്‍മെന്റിന്് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാം. സുപ്രീം കോടതി വ്യക്തമാക്കി. മാത്രവും അല്ല രാം ജന്മഭൂമി-ബാബരി മസ്ജിദ് തീവ്രപ്രാധാന്യം ഉള്ള ഒരു ആരാധനാലയം ആണ് എന്ന് വാദത്തിന്റെ ഒരു ഘട്ടത്തിലും കക്ഷികള്‍ (മുസ്ലീങ്ങള്‍) പറഞ്ഞില്ല. അതിന്റെ ഇല്ലായ്മ കൊണ്ട് മതം തന്നെ ഇല്ലാതാകുമെന്നും അവര്‍ വാദിച്ചില്ല, കോടതി നിരീക്ഷിച്ചു.

പക്ഷേ, ജസ്റ്റീസ് നസീര്‍ ഈ കേസ് വിപുലമായ ഒരു ഭരണഘടന ബഞ്ചിലേക്ക് മാറ്റണം എന്ന വിധിയില്‍ ഉറച്ചു നിന്നു. അദ്ദേഹം അത് കാര്യകാരണസഹിതം അദ്ദേഹത്തിന്റെ പ്രത്യേക വിധിന്യായത്തില്‍ സമര്‍ത്ഥിച്ചത് ശ്രദ്ധാര്‍ഹം ആണ്.

കോണ്‍ഗ്രസ് ഈ വിധിയില്‍ മൗനം പാലിച്ചു. ബി.ജെ.പി.യും അത്ര ആഹ്ലാദിച്ചില്ല. സംഘപരിവാര്‍ അത് ആഘോഷിച്ചു. മുസ്ലീം സംഘടനകള്‍ അന്തിമവിധി അവര്‍ക്ക് അനുകൂലം ആയിരിക്കും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആര് വിജയിക്കും ആര് തോല്‍ക്കും എന്നത് കണ്ടറിയണം. ഭൂ ഉടമസ്ഥാവകാശ രേഖകളും, ചരിത്ര-പുരാവസ്തു തെളിവുകളും പ്രധാനം  ആണ്. രാഷ്ട്രീയവും വിശ്വാസവും മതവും ഇതില്‍ ഒട്ടും പ്രധാനം അല്ല. ഇത് വെറും ഒരു ഉടമസ്ഥാവകാശ തര്‍ക്കം മാത്രം ആയി പരിണമിച്ചിരിക്കുന്നു. മു്സ്ലീങ്ങള്‍ മുഴുവന്‍ ഭൂമിയും അവകാശപ്പെടുന്നു. കാരണം അത് അവര്‍ക്ക് ബാബരി മസ്ജിദ് ആണ്. 1992 ഡിസംബര്‍ 2 ന് മസ്ജിദ് ഹിന്ദുക്കള്‍ തകര്‍ക്കുന്നതുവരെ അത് അവരുടേതായിരുന്നു.

ഹിന്ദുക്കള്‍ അത് അവരുടെ പിതൃസ്വത്തായി കണക്കാക്കുന്നു. മുഴുവന്‍ ഭൂമിയും അവരുടേതാണെന്ന് കരുതുന്നു. കാരണം അവിടെ ആണ് ശ്രീരാമന്‍ ജനിച്ചത്. ആ മുഴുവന്‍ ഭൂമിയും അവര്‍ക്ക് വേണം. അവിടെ ആണ് അത്ഭുതകരമായ രാമമന്ദിര്‍ പണിയുവാന്‍ അവര്‍ തയ്യാറാകുന്നത്. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗം ആണ്.
രാമന്ദിര്‍- ബാബരി മസ്ജിദിന് രക്തപങ്കിലമായ ഒരു ചരിത്രം ഉണ്ട്. 1526-ലെ  ഒന്നാം പാനിപ്പട്ട് യുദ്ധത്തിനുശേഷം ബാബറിന്റെ മന്ത്രിമാരില്‍ ഒരാളായ മിര്‍ഭാക്കി 1528-ല്‍ ആണ് ബാബരി മസ്ജിദ് പണിഞ്ഞത്. 1853-ല്‍ ഇതെചൊല്ലിയുള്ള ആദ്യത്തെ മതകലാപം ഉണ്ടായി. ഹിന്ദുക്കള്‍ മസ്ജിദിനെ അക്രമിക്കുകയും അത് ഒരു അമ്പലം പൊളിച്ചു പണിതത് ആണെന്നും ആരോപിച്ചു. 1949-ല്‍ പൊടുന്നനെ മസ്ജിദില്‍ രാംലല്ലയുടെ വിഗ്രഹം  പ്രതിഷ്ഠിക്കപ്പെട്ടു. മുസ്ലീങ്ങള്‍ അതിനെ എതിര്‍ത്തു. കലാപം ഉണ്ടായി. സിറ്റി മജിസ്‌ട്രേറ്റ് കെട്ടിടം പൂട്ടി. 1986-ല്‍ ഫെയ്‌സാബാദ് സെഷന്‍സ് ജഡ്ജ് ഹിന്ദുക്കളെ അവിടെ പൂജക്ക് അനുവദിച്ചു. 1989 നവംബറില്‍ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് പ്രധാനമന്ത്രി രാജീവ് ഗാന്ധി രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിന് തര്‍ക്ക വിമുക്തമായ ഭൂമിയില്‍ അനുമതി നല്‍കി. പക്ഷേ, ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ല. 1990-ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമി മുന്നേറ്റം ആരംഭിച്ചു. അതിന്റെ ഭാഗമായി ബാബരി മസ്ജിദ് തര്‍ക്കപ്പെട്ടു. തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയകലാപങ്ങളില്‍ 1200-ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടു.
മസ്ജിദ് ഭേദനം സംബന്ധിച്ച കേസ് ഇന്നും തുടരുന്നു. അതാണ് ഇതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസ്. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും ഈ കേസിലെ പ്രധാനപ്രതികള്‍ ആണ്. ഇവരെ സി.ബി.ഐ. ഈ കേസില്‍ നിന്നും വിമുക്തര്‍ ആക്കിയെങ്കിലും 2017 ഏപ്രില്‍ 19-ന് സുപ്രീം കോടതി ഇവരെ ഗൂഢാലോചന കേസില്‍ വിചാരണ ചെയ്യുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേസ് അങ്ങനെ തുടരുന്നു.
രാമജന്മഭൂമി- ബാബരി മസ്ജിദ് വസ്തു ഉടമസ്ഥാവകാശ കേസിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിക്ക് വലിയ രാഷ്ട്രീയ പ്രധാന്യം ഉണ്ട്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പും വര്‍ഗ്ഗീയ ധ്രുവീകരണവും ആയി ഇതിന് അഭേദ്യമായ ബന്ധം ഉണ്ട്. ഭൂരിപക്ഷമതം ഇതിനെയെല്ലാം രാഷ്ട്രീയമായി ദുരുപയോഗിക്കുന്നത് ജനാധിപത്യത്തിനും മതനിരപേക്ഷ തര്‍ക്കം അപല്‍ക്കരം ആണ്. കേസില്‍ ഇവര്‍ ജയിച്ചേക്കാം. പക്ഷേ, ഫലത്തില്‍ ഇന്‍ഡ്യ തോല്‍ക്കും.

അയോദ്ധ്യ: മത-രാഷ്ട്രീയ-നിയമ യുദ്ധങ്ങളുടെ ആയുധപ്പുര(ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക