Image

ഗര്‍ഷോം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 12 October, 2018
ഗര്‍ഷോം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു




ടോക്കിയോ (ജപ്പാന്‍): സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടില്‍ മലയാളിയുടെ !യശസ് ഉയര്‍ത്തുകയും ചെയ്ത മറുനാടന്‍ മലയാളികളെയും സംഘടനകളെയും ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗര്‍ഷോം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം, ബിസിനസ്, യുവ പ്രതിഭ, മലയാളി സംഘടന എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പി.കെ. അബ്ദുള്ള കോയ (അബുദാബി ), ജോ മാത്യൂസ് (അമേരിക്ക), പ്രഫ. ഡോ. ശക്തികുമാര്‍ (ജപ്പാന്‍), അബ്ദുല്‍ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യന്‍ (കുവൈറ്റ്), സുനീഷ് പാറക്കല്‍ (ജപ്പാന്‍), ശില്പ രാജ് (അമേരിക്ക), സ്റ്റീഫന്‍ അനത്താസ് (സിംഗപുര്‍), അനില്‍ രാജ് മങ്ങാട്ട് (ജപ്പാന്‍), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യന്‍ (മലേഷ്യ), പോള്‍ പുത്തന്‍പുരയ്ക്കല്‍ (ഫിലിപ്പീന്‍സ്) എന്നിവര്‍ക്ക് 13ാ മത് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 

2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് നോര്‍വേയിലെ നോര്‍വീജിയന്‍ മലയാളി അസോസിയേഷനെ (നന്മ)തെ രഞ്ഞെടുത്തു. ഹാബിറ്റാറ് ഫോര്‍ ഹ്യൂമാനിറ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസിഫിക് ഡയറക്ടര്‍ ജോസഫ് സ്‌കറിയ ജൂണിയര്‍ (ഫിലിപ്പീന്‍സ്) ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഒക്ടോബര്‍ 13 നു (ശനി) രാവിലെ 11 നു ടോക്യോയിലെ ടോക്കിയു ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജപ്പാന്‍ പാര്‍ലമെന്റ് അംഗം നഖമുര റികാക്കോ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ സിദ്ധാര്‍ഥ് സിംഗ്, ഓസ്‌ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ്, സാകെ ചോയിലെ മുന്‍ എംഎല്‍എ ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കല്‍ കമ്പനി സ്ഥാപകന്‍ ടെറ്റ് സുയുകി, ജോളി തടത്തില്‍ (ജര്‍മനി), ജപ്പാനിലെ മലയാളി സംഘടനയായ നിഹോണ്‍ കൈരളി സ്ഥാപക അംഗം സുരേഷ് ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ അറിയിച്ചു.

2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യ, മലേഷ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ ഗര്‍ഷോം ഇന്റര്‍നാഷണല്‍ അവാര്‍ഡ് ദാനചടങ്ങുകള്‍ക്കു ആതിഥ്യമരുളിയിട്ടുണ്ട്. ടോക്കിയോയില്‍ ഈ വര്‍ഷം നടക്കുന്ന ഗര്‍ഷോം അവാര്‍ഡ് ദാനചടങ്ങുകള്‍ക്കു ആതിഥ്യമരുളുന്നത് ജപ്പാനിലെ മലയാളി കൂട്ടായ്മയായ ‘നിഹോണ്‍ കൈരളി’ യാണ്.

അബ്ദുള്ള കോയ: സെല്‍ഫ് ഇങ്കിംഗ് സീല്‍ സാങ്കേതിക വിദ്യ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ഇന്ത്യയില്‍ മാത്രം അന്‍പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ മേഖല തുറന്നു നല്‍കുകയും ചെയ്ത അബ്ദുള്ള കോയ കോഴിക്കോട് സ്വദേശിയാണ്. 1978 ല്‍ പതിനേഴാം വയസില്‍ ഗള്‍ഫില്‍ എത്തിയ അബ്ദുള്ള കോയയുടെ ബിസിനസ് സാമ്രാജ്യം 15 ലധികം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. 

ജോ മാത്യൂസ്: പത്തനംതിട്ടയിലെ കോട്ടാങ്ങലില്‍ റാങ്കോടെ പത്താംക്ലാസ് പാസായ ജോ മാത്യൂസ്, ബംഗളൂരിലെ ഉന്നത വിദ്യാഭ്യാസവും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഉന്നത പദവിയില്‍ ജോലിയും നോക്കിയ ശേഷമാണു അമേരിക്കയില്‍ ജോലി നേടി എത്തുന്നത്. ബുദ്ധിമാന്ദ്യമുള്ള മക്കളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ സമയം അവരോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ച ജോ പിന്നീട് അമേരിക്കയില്‍ സ്വന്തമായി റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം ആരംഭിച്ചു. അമേരിക്കയിലും കേരളത്തിലും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ജോ മാത്യൂസ്.

പ്രഫ. ഡോ. ശക്തി കുമാര്‍: ടോക്യോയിലെ ടോയോ യൂണിവേഴ്‌സിറ്റിയില്‍ ബയോ നാനോ ഇലക്ട്രോണിക്‌സ് റിസേര്‍ച് സെന്റര്‍ ഡെപ്യൂട്ടി ഡിറക്ടറാണ് കോട്ടയം സ്വദേശിയായ ഡോ. ശക്തി കുമാര്‍. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നതപഠനവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷമാണു ഡോ. ശക്തി ജപ്പാനില്‍ എത്തുന്നത്.

അബ്ദുല്‍ ലത്തീഫ് : വടക്കേ മലബാര്‍ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞ സാന്നിധ്യമാണ് അബ്ദുല്‍ ലത്തീഫ്. സൗദി അറേബ്യ ആസ്ഥാനമായ ഫാദില്‍ ഗ്രൂപ്പിന്റെ സാരഥിയായ അബ്ദുല്‍ ലത്തീഫ് തലശേരി സ്വദേശിയാണ്.

ഡോ. സോണി സെബാസ്റ്റ്യന്‍: കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സോണി സെബാസ്റ്റിന്റെ ബിസിനസ് സംരംഭങ്ങള്‍ ഇംഗ്ലണ്ട്, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ഡോ. സോണി.

സുനീഷ് പാറക്കല്‍: 1984 ല്‍ കുന്നംകുളത്തു നിന്നും ജപ്പാനില്‍ എത്തിയ സുനീഷ് ജപ്പാന്‍ മലയാളികള്‍ക്കിടയിലെ നിറസാന്നിധ്യമാണ്. ജോലി നേടി ടോക്യോയിലെത്തിയ സുനീഷ് ഇന്ന് അന്‍പതിലധികം രാജ്യങ്ങളിലേക്ക് ജപ്പാനില്‍ നിന്നുള്ള മെഷിനറികള്‍ കയറ്റി അയക്കുന്ന ജയ് എന്റര്‍െ്രെപസസിന്റ അമരക്കാരനായി മാറി.

അനില്‍ രാജ് മങ്ങാട്ട്: ടെക്കിയായി ജപ്പാനിലെത്തിയ പാലക്കാടു സ്വദേശി അനില്‍ രാജ് ജപ്പാനിലെ സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റ് ശൃംഖലയായി വളര്‍ന്ന 'നിര്‍വാണം ' ബ്രാന്‍ഡ് പടുത്തുയര്‍ത്തുകയായിരുന്നു. സൗത്ത് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ജപ്പാന്‍കാര്‍ക്കു പരിചിതമാക്കിയ രാജ് ഗ്രൂപ്പിന് ഇന്ത്യയിലും നിരവധി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്.

ശില്പ രാജ്: മലയാള സിനിമയില്‍ അഭിനയത്തിലും സംഗീതാലാപനത്തിലും ശ്രദ്ധേയായ ശില്പ, അമേരിക്കന്‍ മലയാളികളായ സുരേഷ് രാജ്  അനിത ദമ്പതികളുടെ മകളാണ്. 'എന്ന് നിന്റെ മൊയ്തീനിലെ' 'ശാരദാഭരം' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ശില്പ രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചെറുപ്പത്തിലേ സംഗീതത്തില്‍ പ്രതിഭ തെളിയിച്ച ശില്പ മറ്റു ഭാഷകളിലും സജീവമാണ്.

സ്റ്റീഫന്‍ അനത്താസ്: സിംഗപുര്‍ മലയാളികള്‍ക്കിടയില്‍ അന്യമായിക്കൊണ്ടിരുന്ന മലയാളത്തിന്റെ സംസ്‌കാരവും കലയും സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെ പരിപോഷിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയതു സ്റ്റീഫന്‍ അനത്താസ് ആണ്. സിംഗപുരിലെ ഭരണ കക്ഷിയായ പീപ്പിള്‍ ആക്ഷന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

പോള്‍ പുത്തന്‍പുരക്കല്‍: പ്രകൃതി സംരക്ഷണത്തില്‍ ഊന്നിയ ബിസിനസ് സംഭരംഭങ്ങള്‍ ആവിഷ്‌കരിക്കുകയും അത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പോള്‍ പുത്തന്‍പുരക്കല്‍ നേതൃത്വം നല്‍കുന്നത്. ഫിലിപ്പീന്‍സിലെ മനില കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടഡഞഋ കിര. ന്റെ സ്ഥാപക പ്രസിഡന്റാണ് പോള്‍ 

ഇഗ്‌നേഷ്യസ് സെബാസ്റ്റ്യന്‍: മലേഷ്യയിലേക്ക് കുടിയേറിയ തിരുവനന്തപുരം സ്വദേശികളായ മാതാപിതാക്കളില്‍ ജനിച്ച ഇഗ്‌നേഷ്യസ് യുഎസിലെ ഉപരിപഠനത്തിനു ശേഷം മലേഷ്യയില്‍ തിരിച്ചെത്തി സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. കമ്മ്യൂണിറ്റി ആക്ഷന്‍ സെന്റര്‍ എന്ന സംഘടനയില്‍ അംഗമായായിരുന്നു ഇഗ്‌നേഷ്യസിന്റെ പ്രവര്‍ത്തനം. പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ ഇഗ്‌നേഷ്യസ് കോലാലന്പൂരിലാണ് താമസം. 

2010 ല്‍ 25 അംഗങ്ങളുമായി ആരംഭിച്ച നോര്‍വീജിയന്‍ മലയാളി അസോസിയേഷന്‍ (നന്മ) നോര്‍വേയില്‍ വസിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക കല രംഗത്തെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പുതുതലമുറയെ മലയാളം പഠിപ്പിക്കുന്നതിനും കേരളത്തിന്റെ സംസ്‌കാരവും കലയും കുട്ടികള്‍ക്ക് പകര്‍ന്നുനല്കുന്നതിനും വ്ത്യതമായ പ്രവര്‍ത്തനങ്ങളാണ് സംഘടനാ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക