Image

ആല്‍ഡ്രിന്‍സ് നെല്ലോല ബംഗ്‌ളാവ് (ഹോം: മീട്ടു റഹ്മത്ത് കലാം)

Published on 11 October, 2018
ആല്‍ഡ്രിന്‍സ് നെല്ലോല ബംഗ്‌ളാവ് (ഹോം: മീട്ടു റഹ്മത്ത് കലാം)
30,000 സ്ക്വയര്‍ഫീറ്റില്‍ കൊട്ടാരസദൃശമായ ഒരു സ്വപ്നഗൃഹം. അതും നമ്മുടെ കൊച്ചുകേരളത്തില്‍. പാലാ രാമപുരം സ്വദേശി ബിനോ ജോര്‍ജാണ് ഈ മനോഹരസൗധം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണ് ആല്‍ഡ്രിന്‍സ് നെല്ലോല ബംഗ്‌ളാവ്. പാലായ്ക്ക് സമീപം രാമപുരത്ത് ബിനോ ജോര്‍ജ് - റാണി ജോസ് ദമ്പതികള്‍ മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണികഴിപ്പിച്ച ഈ സൗധം അക്ഷരാര്‍ത്ഥത്തിലൊരു ദൃശ്യവിരുന്നാണ്. ക്യാമറ ഏത് ആംഗിളില്‍ വെച്ച് നോക്കിയാലും മനോഹരമായ വിഷ്വല്‍സ് സമ്മാനിക്കുന്നതുകൊണ്ടാകാം രണ്ടുവര്‍ഷത്തിനിടയില്‍ മലയാളത്തിലും തമിഴിലുമായി ആറോളം വമ്പന്‍ സിനിമകളുടെ ഭാഗമായി കഴിഞ്ഞു ഈ ബംഗ്‌ളാവ്. ഊഴം, ആടുപുലിയാട്ടം, അനാര്‍ക്കലി, ഫുക്രി തുടങ്ങിയ സിനിമകളില്‍ വമ്പന്‍ സെറ്റപ്പ് കാണിക്കാന്‍ വിദേശലൊക്കേഷന്‍ തേടുകയോ സെറ്റ് ഇടുകയോ ചെയ്തിരിക്കാമെന്നു കരുതുന്നവര്‍ക്ക് തെറ്റി. കണ്‍ടെംപററി സ്‌റ്റൈലില്‍ രാജകീയ പ്രൗഢിയോടെ ചലച്ചിത്രങ്ങളില്‍ നമ്മള്‍ കണ്ട് അതിശയിച്ചത് ഈ വീടാണ്. ഭാസ്കര്‍ ദി റാസ്ക്കലിന്റെ തമിഴ്പതിപ്പിലൂടെ സിനിമാക്കാരുടെ കോളിവുഡിലും നെല്ലോല ബംഗ്‌ളാവ് തിളങ്ങി.

സ്ക്വയര്‍ ഷെയ്പ്പ് വേണമെന്ന ആവശ്യം

ഏത് ഗൃഹനായികയെയും പോലെ വീടിന്റെ വിശേഷങ്ങളും വിഷദാംശങ്ങളും വ്യക്തതയോടെ റാണി പറഞ്ഞുതുടങ്ങി.
“” പുറമെ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഓടുപതിപ്പിച്ച സ്ഥിരം ശൈലിയില്‍ നിന്നുമാറി വീടിന്, സ്ക്വയര്‍ ഷെയ്പ്പ് വേണമെന്ന ആഗ്രഹം ഗള്‍ഫില്‍ താമസിക്കുമ്പോള്‍ മുതല്‍ ഉണ്ട്. ഞങ്ങളുടെ മുന്‍പത്തെ വീട് വാങ്ങിയതാണ്. ആഗ്രഹാനുസരണം ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആ വിഷമം നികത്താനാണ് ചെറുകുന്നായ പ്ലോട്ടിനെ ഭാവനയ്‌ക്കൊത്ത് വെട്ടിപ്പാകപ്പെടുത്തി വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. വിദേശത്തെ ഹോട്ടലുകളില്‍ റൂമെടുക്കുമ്പോള്‍പോലും ഞങ്ങളുടെ മനസ്സില്‍ സ്വന്തം വീട്ടിലേയ്ക്ക് എന്തൊക്കെ ഐഡിയാസ് അവിടെ നിന്നുപകര്‍ത്താം എന്നായിരുന്നു ചിന്ത. എക്‌സ്റ്റീരിയറില്‍ ലാളിത്യംകൊണ്ടുവരാന്‍ വെള്ള പെയിന്റിനു യോജിക്കുന്ന രീതിയില്‍ സിമ്പിള്‍ ലാന്‍ഡ്‌സ്‌കേപ്പ് കൊടുത്തു. ഇലച്ചെടികളും ഈന്തപ്പനകളും മണ്ണൂത്തിയിലെ നഴ്‌സറിയില്‍ പോയി നേരിട്ട് വാങ്ങിയത് വീടിനു പച്ചക്കുട ചൂടാനാണ്.’’

എക്‌സ്റ്റീരിയര്‍ കാഴ്ചകള്‍

കരിങ്കല്ലില്‍ പണികഴിപ്പിച്ച കൂറ്റന്‍ മതില്‍ക്കെട്ടും ചെമ്പില്‍ തീര്‍ത്ത ഇംപോര്‍ട്ടഡ് ഗെയിറ്റും വാതിലുകളും പകരുന്ന മനോഹാരിത നമ്മെ വിസ്മയലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. ഭിത്തിയ്ക്ക് സാധാരണയായി 12 അടി ഉയരം കൊടുക്കുമ്പോള്‍ ഇവിടെ 15 അടി കൊടുത്തിരിക്കുന്നതാണ് ഇരുനില ആയിരുന്നിട്ടും ഇത്രമാത്രം വലിപ്പം തോന്നിപ്പിക്കുന്നത്.
ബാംൂര്‍ സ്‌റ്റോണില്‍ രണ്ടു കളര്‍ ടോണില്‍ ഗെയ്റ്റുമുതല്‍ സിറ്റ് ഔട്ട് വരെ നീളുന്ന രീതിയിലാണ് നടപ്പാത ഒരുക്കിയിരിക്കുന്നത്. പച്ച ഡിസൈന്‍ വര്‍ക്കുപോലെ പുല്ലുപാകിയിട്ടുണ്ട്. നടപ്പാതയുടെ വലതുവശത്ത് വിശാലമായ പാര്‍ക്കിങ് ക്രമീകരിച്ചിരിക്കുന്നു. ഒരേ സമയം പന്ത്രണ്ട് കാര്‍വരെ പാര്‍ക്ക് ചെയ്യാം. വിരുന്നുകാര്‍ക്കായി ഓപ്പണ്‍ കാര്‍പോര്‍ച്ച് വേറെയുണ്ട്. ഇരുപത്തിനാലുമണിക്കൂര്‍ നീളുന്ന സുരക്ഷാസംവിധാനങ്ങളുള്ള ഈ വീട്ടില്‍ സെക്യൂരിറ്റി ക്യാബിനു മുകളിലായി വാച്ച് ടവര്‍ ഘടിപ്പിച്ചിരിക്കുന്നു. വീടിന്റെ മുക്കും മൂലയും ഒപ്പിയെടുക്കാന്‍ 27 സിസിടിവി ക്യാമറകളും മുറികളെ തമ്മില്‍ ബന്ധിക്കാന്‍ ഇന്റര്‍കോം സംവിധാനവുമുണ്ട്.
എലിവേഷനില്‍ കാണുന്ന വിശാലമായ ബാല്‍ക്കണിക്ക് പുറമെ കൊറിയന്‍ കല്ലുകളില്‍ തീര്‍ത്ത തൂണുകളും വീടിന്റെ മോടി കൂട്ടുന്നു. ബംഗ്‌ളാവിന്റെ കണ്‍ടെംപററി ശൈലിയോട് യോജിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പടിപ്പുരയാണ് മറ്റൊരു ആകര്‍ഷണം. എക്‌സ്റ്റീരിയര്‍ ഭിത്തിയില്‍ രണ്ടുവശത്തായി കൊടുത്തിരിക്കുന്ന €ാഡിങ് മിഴിവേകുന്നു. മക്കളായ ആല്‍ഡ്രിന്‍, അഡോണ്‍, എയ്ഞ്ചല്‍,അലീന എന്നിവര്‍ക്കായി മിനിപ്പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.

വീടിനുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍

വാതില്‍ തുറന്ന് അകത്തേക്ക് കടന്നാല്‍ വിസ്മയം ഇരട്ടിക്കുകയേ ഉള്ളു.അതിവിശാലമായ ഫോര്‍മല്‍ ലിവിങ് ഏരിയയാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഹാളിന്റെ മൂന്നിടങ്ങളിലായി രാജസദസ്സുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ പ്രത്യേക പാറ്റേണിലാണ് സീറ്റിംഗ് ഒരുക്കിയിരിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് ഇവിടുള്ള ഫര്‍ണിച്ചര്‍ എല്ലാം. സീലിങ്ങില്‍ ചതുരക്കളം വരയ്ക്കുന്ന തടിയഴകും നിലത്ത് ഇറ്റാലിയന്‍ മാര്‍ബിളിന്റെ തണുപ്പും. സെന്‍ട്രലൈസ്ഡ് എ.സി ആണ്. ഭിത്തിയില്‍ പെയിന്റിനുപകരം വിലകൂടിയ വോള്‍പേപ്പര്‍.

തേക്കില്‍ തീര്‍ത്ത കോണിപ്പടികള്‍

“”തടിയുടെ സ്‌റ്റെയര്‍കേസില്‍ മിറര്‍ വര്‍ക്ക് വരുന്ന പാറ്റേണ്‍ എന്റെ സജഷനാണ്. വീടിന്റെ കളര്‍ ടോണിനോട് യോജിച്ചുപോകാനാണ് ഡാര്‍ക്ക് പോളിഷ് കൊടുത്തിരിക്കുന്നത്. പ്രധാനവാതിലിന് എതിര്‍വശമായി പ്രാര്‍ത്ഥനാമുറിയും അതിനോട് ചേര്‍ന്ന് ഫോര്‍മല്‍ ഓഫിസ് റൂമും പ്ലാന്‍ ചെയ്തു. പ്രാര്‍ത്ഥന തന്നെയാണ് ഞങ്ങളുടെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം. ഭ’ ബിനോ അഭിപ്രായപ്പെട്ടു.
ഓഫിസ് റൂമിന്റെ ഭംഗി സീലിങ്ങിലെ പര്‍ഗോളയും എല്‍ഇഡി ലൈറ്റുകളും ഷാന്‍ഡ്‌ലിയറുകളുമാണ്. നാല്പത്തിയഞ്ചോളം വ്യത്യസ്ത ഡിസൈനുകളിലുള്ള ഷാന്‍ഡ്‌ലിയര്‍ ലൈറ്റുകള്‍ ഈ വീട്ടില്‍ പ്രകാശം പരത്തുന്നു. തറയോടുചേര്‍ന്നുള്ള ഭിത്തിയുടെ ഭാഗം തടിയില്‍ തീര്‍ത്തതാണ്.

പതിമൂന്ന് കിടപ്പുമുറികള്‍

ഇരുനിലകളിലുമായി 13 കിടപ്പുമുറികള്‍ ഇവിടുണ്ട്. ഓരോന്നും വ്യത്യസ്ത തീമിലാണ് ചെയ്തിരിക്കുന്നത്. ഡ്രെസിങ് സ്‌പെയ്‌സും ടിവി ഏരിയയും വാര്‍ഡ്രോബുകളും മോഡേണ്‍ ബാത്ത്‌റൂമുകളുമായി ആഢ്യത്വം എവിടെയും കുറച്ചിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഫയര്‍സ്‌പെയ്‌സ് ഉള്ള ബെഡ്‌റൂമും ഉണ്ട്.

ഐലന്‍ഡ് കിച്ചനും ഡൈനിങ്ങ് ഏരിയയും

ചുവപ്പും വെള്ളയും തീമില്‍ ക്യാബിനറ്റുകള്‍ ചെയ്തിരിക്കുന്ന ഐലന്‍ഡ് കിച്ചനോട് ചേര്‍ന്ന് വര്‍ക്കിങ് കിച്ചനും ധാരാളം സ്‌റ്റോറേജ് സ്‌പെയ്‌സും ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തിരിക്കുന്നു. ഡൈനിങ്ങ് ഏരിയയില്‍ ഒരേ സമയം 22 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ആള്‍ക്കാര്‍ കുറവാണെങ്കില്‍ മടക്കി നീളം കുറയ്ക്കാവുന്ന പ്രത്യേകതരം ഡൈനിങ്ങ് ടേബിള്‍ ഒരു ഹൈലൈറ്റ് ആണ്. സമീപത്തെ വാഷ് റൂമില്‍ രണ്ടു കൗണ്ടറുകളും മനോഹരമായ കണ്ണാടിയും കാണാം.

വീടിനുള്ളിലൊരു സ്വിമ്മിങ്പൂള്‍

വീട്ടുകാര്‍ക്കു മാത്രം തികച്ചും സ്വകാര്യമായി വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ സ്വിമ്മിങ് പൂളിന്റെ വ്യൂവോടുകൂടിയ കോഫി ഏരിയ ഉണ്ട്. ജ്യൂട്ട് മെറ്റീരിയലിലെ കസേരയില്‍ ചാരിയിരുന്ന് വോട്ടര്‍ ഫൗണ്ടന്‍ ആസ്വദിക്കാം. പൂളിലേക്ക് ാസ് ഡോര്‍ കൊടുത്തിരിക്കുന്നത് കുട്ടികള്‍ നീന്തിക്കളിക്കുമ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ ലഭിക്കാന്‍ കൂടിയാണ്.

ഹോം തീയറ്റര്‍

പതിനഞ്ചുപേര്‍ക്ക് റിലാക്‌സ് ചെയ്തിരുന്ന് സിനിമ ആസ്വദിക്കാവുന്ന ഹോം തീയറ്റര്‍ സെറ്റപ്പും ഇവിടുണ്ട്. റിക്‌ളെയ്‌നര്‍ സോഫകള്‍ക്ക് ചേരുന്ന കാര്‍പെറ്റ് ഫ്‌ളോറിങ്ങും ക്വാളിറ്റി സൗണ്ട് സിസ്റ്റവും യഥാര്‍ത്ഥ തീയറ്ററുകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ഗെയിം സോണും ജിംനേഷ്യവും മ്യൂസിക് റൂമും

ബില്ല്യാര്‍ഡ്‌സ് പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന ബില്ല്യാര്‍ഡ്‌സ് ടേബിള്‍ തന്നെയാണ് ഗെയിം സോണിലെ താരം. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനായി ട്രെഡ്മില്ലും ഡംപ് ബെല്ലുമടക്കം ജിംനേഷ്യവും ഇവിടുണ്ട്. കുട്ടികളുടെ സംഗീതാഭിരുചി കണക്കിലെടുത്ത് മ്യൂസിക് റൂം സെറ്റ് ചെയ്തിരിക്കുന്നു. ആല്‍ഡ്രിന്റെ പിയാനോയും അഡോണിന്റെ ഡ്രംസുമാണ് ഇവിടുത്തെ സവിശേഷത.

ഹോം ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആല്‍ഡ്രിനുവേണ്ടി

നെല്ലോല ബംഗ്‌ളാവിലെ മൂത്ത മകന്‍ ആല്‍ഡ്രിന്‍ പ്രിയപ്പെട്ടവര്‍ക്ക് അപ്പുവാണ്. രണ്ടാം വയസ്സില്‍ പേശികള്‍ക്ക് ബാധിച്ച രോഗം മൂന്നാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ അല്പം കൂടി. അങ്ങനെയാണ് വീടിന്റെ പണി വേഗത്തില്‍ തീര്‍ക്കാന്‍ വീട്ടുകാര്‍ തീരുമാനമെടുത്തത്. ഇതിനായി 26 കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലി വീതിച്ചു നല്‍കി. ഒന്നര വര്‍ഷംകൊണ്ട് 250 പേര്‍ രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയതാ
ണ് ഈ സ്വപ്നഗൃഹം. വെന്റിലേറ്ററിനു സമാനമായ എല്ലാ സജ്ജീകരണങ്ങളും അപ്പുവിനായി പപ്പയും മമ്മിയും ഒരുക്കിക്കൊടുത്തു. വീട്ടിലെ വോള്‍പേപ്പര്‍ പോലും മകന്റെ താല്പര്യം മുന്‍നിര്‍ത്തിയാണ്. വീട്ടിലെ ആഘോഷങ്ങളുള്‍പ്പെടെ ഏതു കാര്യങ്ങളിലും വ്യക്തമായ പ്ലാനിങ്ങും പ്രായത്തില്‍ കവിഞ്ഞ പക്വതയും ഈ പന്ത്രണ്ടുകാരന്‍ കാണിക്കുന്നുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ പക്ഷം. ഹോംലിഫ്റ്റ് ഒരുക്കിയിരിക്കുന്നതും ആല്‍ഡ്രിന്റെ സൗകര്യം കണക്കിലെടുത്താണ്.
വീടിന്റെ വലിപ്പത്തിലല്ല അതിനുള്ളില്‍ താമസിക്കുന്ന ആളുകളുടെ സ്‌നേഹത്തിലാണ് കാര്യമെന്ന് നമ്മള്‍ പറയും. അങ്ങനെ നോക്കിയാലും ഈ വീട് സമ്പന്നതയുടെ നിറകുടമാണ്. ബിനോയുടെയും റാണിയുടേയും കുടുംബാംഗങ്ങളോടൊത്ത് എപ്പോഴും കളിചിരിയോടെ സജീവമാണ് നെല്ലോല ബംഗ്‌ളാവ്.
ആല്‍ഡ്രിന്‍സ് നെല്ലോല ബംഗ്‌ളാവ് (ഹോം: മീട്ടു റഹ്മത്ത് കലാം)ആല്‍ഡ്രിന്‍സ് നെല്ലോല ബംഗ്‌ളാവ് (ഹോം: മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക