Image

ഇ.പി. ജയരാജന്റെ സന്ദര്‍ശനം വന്‍ വിജയമാക്കുമെന്ന് ഹെല്‍പ് കേരള

Published on 08 October, 2018
ഇ.പി. ജയരാജന്റെ സന്ദര്‍ശനം വന്‍ വിജയമാക്കുമെന്ന് ഹെല്‍പ് കേരള

അബാസിയ (കുവൈത്ത് ) : കുവൈത്തിലെത്തുന്ന കേരള വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ സന്ദര്‍ശനം വന്‍ വിജയമാക്കുമെന്ന് ഹെല്‍പ് കേരള. കുവൈത്തിലെ മലയാളികളായ പ്രളയ ബാധിതരെ സഹായിക്കാനായി രൂപം കൊണ്ട ഹെല്‍പ്‌കേരള, അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് എല്ലാ സഹായങ്ങളും നല്‍കും. ഹെല്‍പ് കേരള സര്‍വേ വഴി ലഭിച്ച പ്രളയബാധിതരായ പ്രവാസികളെ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കും. പ്രവാസികളുടെ നഷ്ടങ്ങള്‍ കൃത്യമായി പഠിച്ച് പ്രോജക്ടായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 

നവകേരള നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി നിര്‍ദേശം സമര്‍പ്പിക്കും. പുനര്‍നിര്‍മിതിയില്‍ പ്രവാസികളെ സംരംഭകരാക്കിയുള്ള പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനത്തിനുശേഷം ഹെല്‍പ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായി ലോക കേരള സഭാംഗങ്ങളും പ്രവാസി ക്ഷേമ നിധി ബോര്‍ഡ് അംഗവും ചേര്‍ന്ന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. ഹെല്‍പ് കേരള വിഭാവനം ചെയ്ത മെഗാ കാര്‍ണിവല്‍ എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ട് കൊണ്ടു പോകാനും പൊതുപ്രവര്‍ത്തന രംഗത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കുവൈത്തിലെ പ്രളയ ബാധിതരായ മലയാളികളെ സഹായിക്കാനും തീരുമാനിച്ചു. 

നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജനറല്‍ സെക്രട്ടറി ബാബുജി ബത്തേരിയും കുവൈത്തില്‍ നിന്നും ലഭിച്ച അപേക്ഷകളെ കുറിച്ച് കണ്‍വീനര്‍ ഖലീല്‍ റഹ്മാനും വിശദീകരിച്ചു. പരമാവധി സഹായം അര്‍ഹരായ പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍. അജിത്കുമാര്‍ പറഞ്ഞു. കണ്‍വീനര്‍മാരായ കെ.പി. സുരേഷ്, സജീവ് നാരായണന്‍, സെക്രട്ടറി ഷൈനി ഫ്രാങ്ക് എന്നിവര്‍ അന്തരിച്ച ബാലഭാസ്‌കര്‍, തമ്പി കണ്ണന്താനം, ക്യാപ്റ്റന്‍ രാജു എന്നിവരെ അനുസ്മരിച്ചു. 


ചെയര്‍മാന്‍ ഡോ. അമീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍പ് കേരള മോണിറ്ററിംഗ് ഇവാലുവേഷന്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സഗീര്‍ തൃക്കരിപ്പൂര്‍ ചര്‍ച്ച നിയന്ത്രിച്ചു. ട്രഷറര്‍ അഡ്വ. ജോണ്‍ തോമസ്, ലോക കേരള സഭാംഗങ്ങളായ തോമസ് കടവില്‍, സാം പൈനുംമൂട്, ശ്രീംലാല്‍, ബാബു ഫ്രാന്‍സിസ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍പ് കേരള സെക്രട്ടറി സണ്ണി മണര്‍കാട്ട് നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക