Image

പ്രവീണ്‍ വധം; നീതി തേടി മോണിക്ക സൂക്കാസിന്റെ ചോദ്യങ്ങള്‍ (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 08 October, 2018
പ്രവീണ്‍ വധം; നീതി തേടി മോണിക്ക സൂക്കാസിന്റെ ചോദ്യങ്ങള്‍    (അനില്‍ പെണ്ണുക്കര )
അമേരിക്കയില്‍ മാത്രമല്ല , ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചയായ   പ്രവീണ്‍ വധക്കേസിലെ കോടതിയുടെ പുതിയ തീരുമാനം നമ്മെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു. ലൗലി  വര്‍ഗീസ് എന്ന അമ്മയുടെ നിലവിളിക്ക് ചെവി കൊടുക്കാതെ കോടതി എടുത്ത ആ തീരുമാനത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന്   ജനങ്ങളാണ് രംഗത്തെത്തിയത്. 

ഹൃദയം നുറുങ്ങുന്ന ആ വാര്‍ത്ത കേട്ട് വേദനയോടെ പലരും ലൗലിയെ ആശ്വസിപ്പിക്കാനെത്തി. എന്നാല്‍ ഈ സാഹചര്യത്തില്‍ ലൗലിക്ക് ആശ്വാസവാക്കുകളേക്കാള്‍ ആവശ്യം പോരാടാനുള്ള ശക്തിയാണെന്ന് മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. അവിടെയാണ് നമ്മള്‍ മോണിക്കാ സൂക്കസ് എന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ പൂവിട്ട് തൊഴേണ്ടത് .പ്രവീണ്‍ വധം മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ട് വരികയും ലൗലി വര്‍ഗീസിനും കുടുംബത്തിനുമൊപ്പം നിന്ന് പോരാടിയ മോണിക്കാ സൂക്കസ് ഈവിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാടിനെതിരെ ശക്തമായി രംഗത്തുണ്ട് .

പ്രവീണിനെ സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുകയും ലാവ്‌ലിയോടൊപ്പം പ്രവീണിന്റെ മറ്റൊരമ്മയായി പോരാടുകയും ചെയ്ത മോണിക്ക ഇന്ന് രണ്ടിരട്ടി ശക്തിയോടെ തിരിച്ചടിക്കാനായി എത്തിയത് കാണുമ്പോള്‍ എന്തെന്നെല്ലാത്ത സന്തോഷം. ഈ കേസ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയും ലൗലി വര്‍ഗീസിനും കുടുംബത്തിനും നീതി ലഭിക്കും എന്ന തോന്നല്‍ ശക്തമാകുന്നു .

ബത്തൂണിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിക്കെതിരെ സംസാരിക്കാനും മനസാക്ഷിക്ക് നിരക്കാത്ത കോടതിയുടെ ഈ തീരുമാനത്തെ ലോകജനതയില്‍ എത്തിച്ച് പ്രധിഷേധത്തിനു വീര്യം കൂട്ടാനും മോണിക്ക പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് .

 പ്രവീണിന് നീതി ലഭിക്കാനായി ലൗലി  വര്‍ഗീസ് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തില്‍ കൂടെ ചേര്‍ന്ന മോണിക്ക ലോകമെമ്പാടുമുള്ളവരെയും തങ്ങളുടെ പോരാട്ടയാത്രയിലേക്ക് വിളിച്ചു ചേര്‍ത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രവീണിനെക്കുറിച്ചും ലൗലിയെക്കുറിച്ചും സംസാരിച്ചു തുടങ്ങിയതിനു പിന്നില്‍ മോണിക്കയുടെ പങ്ക് വളരെ വലുതാണ്. പ്രവീണും ലൗലിയും മോനിക്കയ്ക്ക് അപരിചിതമായ പേരുകളായിരുന്നു, 2014 ല്‍ കാര്‍ബോണ്‍ഡലിലെ വനാന്തരങ്ങളില്‍ നിന്ന് പ്രവീണിന്റെ ചേതനയറ്റ ശരീരം കണ്ടെടുത്ത നിമിഷത്തെ ലൗലിയുടെ അലമുറയിട്ടുള്ള നിലവിളി മോണിക്കയുടെ കാതുകളില്‍ എത്തുന്നത് വരെ. 

ഇന്ന് പ്രവീണിന് വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും അവന്റെ മറ്റൊരമ്മയായി മോണിക്ക എപ്പോഴും ലൗലിയോടൊപ്പമുണ്ട്. ഒരേ ലക്ഷ്യത്തിനായുള്ള ഇരുവരുടെയും പോരാട്ടത്തിനൊടുവില്‍ സെപ്റ്റംബര്‍ 17 തിങ്കളാഴ്ച ബത്തുണിന് ശിക്ഷ വിധിക്കാനായി കോടതി തീരുമാനിച്ചു. പ്രവീണിന് നീതി ലഭിക്കാന്‍ പോകുന്നുവെന്ന വര്‍ത്തയറിഞ്ഞ ലാവ്‌ലിയും കുടുംബവും നന്ദി പറയാന്‍ വാക്കുകളില്ലാതെ കോടതിക്ക് മുന്നില്‍ വണങ്ങി. എന്നാല്‍ അവരുടെ എല്ലാ പ്രതീക്ഷകളും വിശ്വാസങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ട് ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്ക് ആ തീരുമാനം അറിയിച്ചു  ബത്തൂണിനെ കുറ്റവിമുക്തനാക്കി പുതിയ വിചാരണ നടത്തുമെന്നുള്ള പുതിയ തീരുമാനം.

 സാക്ഷികളും തെളിവുകളും ബത്തുണിന് എതിരാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ബത്തൂണിനെ വിട്ടയച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കോടതി തന്നെ ബത്തുണിന് അനുകൂലമായി വിധി പറഞ്ഞതില്‍ കണ്ണുതള്ളി നില്‍ക്കുകയാണ് ലോകമൊട്ടുക്കും. പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണിന്റെ ചാര്‍ജ് ഷീറ്റില്‍ 'നോവിങ്‌ലി' എന്ന   വാക്ക് വ്യക്തമല്ലാത്തതിനെത്തുടര്‍ന്നാണ് കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് പറയുന്നു.

 പ്രതിയെന്നാരോപിക്കപ്പെട്ട സമയത്തെ ജയില്‍വാസത്തിനിടയിലും ബത്തൂണ്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പ്രതിഭാഗത്തിനു അനുകൂലമായി കോടതി വിധി പറഞ്ഞതില്‍ എന്ത് ഔചിത്യമാണുള്ളതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ അവസരത്തില്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയെ ചോദ്യംചെയ്യുകയാണ് മോണിക്ക സുക്കസ്. എല്ലാറ്റിനും മുകളില്‍ സ്ഥിതി ചെയ്യുന്ന കോടതി തന്നെ നീതിക്ക് വേണ്ടിയുള്ള ലാവ്‌ലിയുടെ പോരാട്ടത്തിന് മുന്നില്‍ കൈമലര്‍ത്തി. ഈ അവസരത്തില്‍ ഒരു അമേരിക്കന്‍ പൗരയെന്നു പറയാന്‍ തന്നെ ലജ്ജ തോന്നുന്നുവെന്ന് മോണിക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'പ്രവീണ്‍ വധക്കേസിന്റെ വിചാരണവേളയില്‍ നടന്ന സംഭവങ്ങള്‍ എല്ലാം തന്നെ ബത്തൂണ്‍ കുറ്റവാളിയാണെന്ന് തെളിയിക്കുന്നുണ്ട്.  ബത്തൂണിന്റെ സുഹൃത്തുക്കള്‍ ജൂറിയെ ഭീഷണിപ്പെടുത്തിയത് തന്നെ ബത്തുണിന് കേസുമായി നേരിട്ട് ബന്ധമുണ്ടായത് കൊണ്ടാണ്. പിന്നീട് ജയിലില്‍ കഴിയുന്ന സമയത്ത് ബന്ധുക്കളെ ഫോണ്‍ ചെയ്യാനുള്ള അവസരം മുതലെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനും ബത്തൂണ്‍ ശ്രമിച്ചിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ബത്തൂണിനെ കോടതിയില്‍ ഹാജരാക്കിയ സമയത്തൊന്നും വിലങ്ങുകള്‍ അണിയിക്കുകയോ ജയില്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ കോടതിയും നിയമവും തന്നെ ബത്തൂണിന്റെ കുറ്റങ്ങളെ മറച്ചു പിടിച്ച് അവനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കാം.'  മോണിക്ക പറഞ്ഞു. 

ഒരു വാക്കിന്റെ പേരിലുള്ള സംശയത്തിന് പിന്നില്‍ കൊടുംകുറ്റവാളിയെ സ്വതന്ത്രനാക്കിയ കോടതി നീതിയും ന്യായവും മറന്നു പോയെന്നും കോടതിക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം എന്നെന്നേക്കുമായി ഇല്ലാതായെന്നും മോണിക്ക കൂട്ടിച്ചേര്‍ത്തു. അന്യായത്തിന്റെ എല്ലാ പഴുതുകളുമടച്ച് പ്രവീണിന് നീതി ലഭിക്കാന്‍ ഇനിയും പരിശ്രമിക്കുമെന്നും മോണിക്ക പറഞ്ഞു. കോടതിയുടെ തീരുമാനത്തിനെതിരെ റോബിന്‍സണ്‍  അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 

പ്രവീണിന് നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ലാവ്‌ലിയും കുടുംബവും മേൽക്കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നു. എങ്കിലും  എല്ലാ വിശ്വാസവും കോടതിയില്‍ സമര്‍പ്പിച്ച ലൗലി ഇനി ആരെയാണ് വിശ്വസിക്കുക എന്ന ചോദ്യം ഉന്നയിക്കുകയാണ്. എല്ലാറ്റിനും അധിപനായ ദൈവത്തിന് മുന്നില്‍ അഭയം പ്രാപിച്ച് മകനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ലൗലി വര്‍ഗീസ്. ആ പ്രാര്‍ത്ഥനയില്‍ നമുക്കും പങ്കുചേരാം. പ്രവീണിന് നീതി ലഭിക്കുമെന്ന വിശ്വാസം കൈവെടിയാതെ.

പ്രവീണ്‍ വധം; നീതി തേടി മോണിക്ക സൂക്കാസിന്റെ ചോദ്യങ്ങള്‍    (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക