Image

ദൈവത്തിന്റെ സ്വന്തംനാടോ! ? (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 06 October, 2018
ദൈവത്തിന്റെ സ്വന്തംനാടോ! ? (കവിത: ചാക്കോ ഇട്ടിച്ചെറിയ)
മഴുവെറിഞ്ഞേവം പരശുരാമന്‍ പണ്ട്
മലയാളനാടിനെ കരകയറ്റി
മാവേലിമന്നന്റെ വാഴ്ച്ചയാല്‍ കേരളം
മാറിയേദൈവത്തിന് സ്വന്തനാടായ്!

കേരളം കേരനിരകളാല്‍ പൂരിതം
ഭാരതമാതാവിന്നോമലാള്‍ തയ്യലാള്‍
പാരംപ്രശോഭിതമായൊരു പൂവനം
ആരോമലാമെന്റെ ജന്മനാട്!

ദൈവം തനിയ്ക്കായി നിര്‍മ്മിച്ചകേരളം
ഗര്‍വ്വംമുഴുത്തോരു നാടായി കഷ്ടമേ
സര്‍വ്വംമറന്നുനാം സര്‍വ്വേശനേയും
സഹജീവിയേയും,പ്രകൃതിയേയും !

എല്ലാമനുകൂലമായ് വരുംനേരത്തി
ലുല്ലാസഘോഷം നിറഞ്ഞാടിടുന്നു
കാറ്റൊന്നുവീശിയാല്‍ കടലൊന്നുകേറിയാല്‍
കാര്‍മേഘമിടിവെട്ടിപേമാരിപെയ്താല്‍

കാലിടറി,കിടുകിടവിറച്ചാടിടും വെറും
കുടിലമനുജാനിന്റെ പൊയ്മുഖം മാറ്റുമോ
പൊന്നും പണവും പൊന്നാടയും കണ്ടുനീ
മിന്നുന്നു മിന്നാമിനുങ്ങുപോല്‍ നിഷ്പ്രഭം!

പത്തുപണത്തിന്റെയുന്മാദത്തള്ളലാല്‍
ചിത്തംകലുഷമായ് ത്തീര്‍ന്നുനാടെങ്ങുമേ
ചത്തുസനാതന ധര്‍മ്മങ്ങളൊക്കെയും
മൊത്തുകിടപ്പൂ ശവങ്ങളായ് ചുറ്റിലും

വെട്ടിത്തിളച്ചുകിടന്നോരുനേരത്തു
പെട്ടന്നുതാനേ വളിച്ചുപോയെന്നപോല്‍
തട്ടിത്തകര്‍ത്ത് തരിപ്പണമാക്കിയേ
നേട്ടങ്ങളുന്മാദ കോട്ടങ്ങളൊക്കെയും

നിനയ്ക്കാത്തനേരത്തു വന്നെത്തിവെള്ളം
നിലരണ്ടിലേറിക്കിടക്കുന്നു ശല്യം
നിലയില്ലയേതും നിലയ്ക്കാത്തമാരി
നിലംതൊട്ടിടാനൊട്ടസാധ്യം നിനച്ചാല്‍

എനിയ്‌ക്കെന്റെസ്വന്തം കരംപറ്റിസര്‍ക്കാര്‍
നിലനില്കുകില്ലെന്നറിഞ്ഞില്ല തെല്ലും
അപരന്റെവീടും നിലംപൊത്തിയയ്യോ
അപരാധമാര്‍ചെയ്തറിവില്ല പോലും

കൊടുംമാരിപെയ്‌തെന്നു രാഷ്ട്രീയഭാഷ്യം
കേട്ടാല്‍ തരിച്ചങ്ങുനില്‍ക്കുന്നു മര്‍ത്യര്‍
അണക്കെട്ടുപൊട്ടി മരിക്കുമെന്നോര്‍ത്തു
ചിണുങ്ങുന്നനേരത്തു പേമാരിപെയ്തു

അണപൊട്ടിയാലും മഹാമാരിയേലും
അണയുന്നുകാലന്റെ കാലൊച്ചകാതില്‍
ജീവന്‍ബാലികഴിച്ചോര്‍ക്കെന്തു ഭേദം
ഇവതമ്മിലോര്‍ക്കാത്തതെന്തേ സഖാവെ!

ഒരുത്തന്‍വരുത്തന്‍ നിനക്കേകിജീവന്‍
നിനച്ചീലനീയീകൊടുംക്രൂരകൃത്യം
പടച്ചോന്‍വരുത്തുന്നതോയീപ്പരീക്ഷ
മുടിച്ചെന്റെ നാടിന്റെയുന്മാദമേതും!

മാവേലിനാട്ടിന്റെ മാധുര്യമെല്ലാം
മരിച്ചങ്ങുമണ്ണായിമാറുന്നകാലം
തിരിച്ചെത്തിടട്ടെ മനുഷ്യത്വമേതും
വരിച്ചെന്റെനാട്ടിന്‍ മുഖമുദ്രവീണ്ടും!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക