Image

ഭോഗയന്ത്രങ്ങള്‍ (കവിത: ഹരിദാസ് തങ്കപ്പന്‍, ഡാലസ്)

Published on 06 October, 2018
ഭോഗയന്ത്രങ്ങള്‍ (കവിത: ഹരിദാസ് തങ്കപ്പന്‍, ഡാലസ്)
മാറി കാലം, പെണ്‍കുഞ്ഞേ, യറിയുക
പാറിയാടും ശലഭമല്ലിന്നു നീ.
അന്ധദൃഷ്ടികളായിരം ചുറ്റിലും,
അന്ധകാമത്തിലാണ്മ വെടിഞ്ഞവര്‍!

മിത്ര, ബന്ധുക്കളായിടും വീട്ടിലെ
യുറ്റവര്‍ നിന്റെ ബാല്യം കവര്‍ന്നിടാം.
മര്‍ത്യയല്ല നീ ,ഭോഗയന്ത്രം, നീച
തൃഷ്ണകള്‍ക്കടിപെട്ടു തളര്‍ന്നിടാം.

അമ്മയമ്മൂമ്മയനുജഭേദങ്ങളി
ല്ലില്ല നെഞ്ചകം കല്ലാല്‍പ്പണിഞിവര്‍.
എണ്‍പതെത്തിയ മുത്തിയുമെന്നില്ല,
മണ്മറഞ്ഞു മനുഷ്യത്വഭാവങ്ങള്‍!

അസ്ഥിമാടങ്ങള്‍ നെഞ്ചിടിപ്പോടപ
മാനഭീതി നിഴല്‍ വീണ പുറ്റുകള്‍.
ചത്തുറങ്ങും ശവത്തെക്കുഴിച്ചെടു
ത്തിത്ര ഭീകരവേഴ്ചയാടുന്നിവര്‍.

രാത്രിതന്‍ തിരശ്ശീല വീഴുന്നേരം
സാത്വ്വികര്‍ കരിവേഷങ്ങളാടുന്നു.
കാത്തിടേണ്ട പിതാവും കമിതാവായ്
കാര്‍ന്നെടുത്തിടാനെത്താം കഴുകനായ്

നോക്കുകുത്തികള്‍ മാടച്ചുമരുകള്‍,
നേര്‍ത്തു തീരുന്ന പെണ്‍ഗളമര്‍മ്മരം.
സ്വന്തമച്ഛന്റെ കുഞ്ഞിനെപ്പെറ്റവള്‍
ക്കെന്തു രക്ഷയാ നാലു മതിലുകള്‍?

ദീനരോദനത്തോടു കണ്‍പൂട്ടുന്നു,
ദൈവനാമങ്ങള്‍ വായ്ക്കസര്‍ത്താകുന്നു,
ദീപമെണ്ണയൊഴിഞ്ഞു പുകയുന്നു,
പാപയാത്രകള്‍ നിര്‍ത്താതൊഴുകുന്നു.

അന്ധകാരം പണിവൂ നാം, കണ്ണട
ച്ചന്തരാത്മാക്കളൂഷരമാകുന്നോ?
ദൈവസ്വന്തമീ* നാട്ടില്‍പ്പിറന്നവര്‍
ക്കെത്ര രാക്ഷസതൃഷ്ണക,ളാശ്ചര്യം!

മാറി കാലം, പെണ്‍കുഞ്ഞേ, യറിയുക
പാറിയാടും ശലഭമല്ലിന്നു നീ.
മര്‍ത്യയല്ല നീ ,ഭോഗയന്ത്രം, നീച
തൃഷ്ണകള്‍ക്കടിപെട്ടു തളര്‍ന്നിടാം.

Join WhatsApp News
വിദ്യാധരൻ 2018-10-06 22:45:33
ഇവിടെ കാപട്യം നടമാടിന്നു 
ഇവിടെ വേലി തന്നെ വിളവ് തിന്നിടുന്നു 
ഇല്ലില്ല അത്ഭുതം ഒട്ടും തോന്നുന്നില്ല  
ഇവിടെ കാമ തിമിരം ബാധിച്ച കശ്മലർ 
തിന്നാൻ ശ്രമിപ്പതിൽ അവരുടെ വിളവ് തന്നെ 
അന്നാ തണുത്ത ജനുവരിയിൽ 
ഹിമാലയത്തിൻ താഴ്വരയിൽ 
ഒരു പിഞ്ചു കുഞ്ഞിനെ ക്രൂരമായി 
ബലാൽക്കാരം ചെയ്ത  വാർത്തയിന്നും 
എൻ കാതിൽ നിന്നു മുഴങ്ങിടുന്നു 
ഇവിടിന്നു പീഡകർ വിലസിടുന്നു 
അവരൊക്കെ അധിക്കാരം വഹിച്ചിടുന്നു 
എംപി ആയി, പ്രിസിഡണ്ടായി, ന്യായാധിപരായി  
അവർക്കൊക്കെ സ്തുതി പടാനുണ്ടിവിടെ
സ്ത്രീകളെ കാമോപകരണമായി കണ്ടിടുന്നോർ 
അവരുടെ ദുർഗന്ധപൂരിത ലേഖനങ്ങൾ 
അതിലും ജീർണ്ണിച്ച അഭിപ്രായങ്ങൾ 
വായിച്ചാൽ ശർദ്ദിച്ചു ശർദ്ദിച്ചു ചോരതുപ്പും   
ഇല്ല മറന്നിട്ടില്ല സൂര്യനെല്ലി പെൺകുട്ടിയെ 
ഇല്ല മറന്നിട്ടില്ല ജോയ്‌തി സിംഗിനെയും 
ഇല്ല മറന്നിട്ടില്ല ബെറ്റി ഫോർഡിനെയും
ഇവരുടെ ബാല്യത്തെ  ഉന്‍മൂലനം ചെയ്തവന്മാർ 
സത്യപ്രതിജ്ഞ ചെയ്യുന്നു ദൈവത്തിൻ പേരിലെങ്ങും 
എന്തൊരു ദൈവമാണിവരുടെ ദൈവമെന്ന് 
ചിന്തിച്ചിട്ടൊരെത്തും പിടിയുമില്ല 
ശിശുക്കളെ പോലെയാകുന്നില്ലേൽ 
സ്വർഗ്ഗരാജ്യം പൂകുകയില്ലായെന്ന് 
ആചാര്യൻ യേശു പറഞ്ഞതോർത്തിടുന്നു 
പകൽ മുഴുവൻ സുവിശേഷം ഘോഷിച്ചിടും 
പാതിരാ നേരത്ത് കന്യാസ്ത്രി മഠം തപ്പിടുന്നു 
സ്വയം കാമം നിയന്ത്രിക്കാൻ വയ്യാത്ത അയ്യപ്പന്മാർ 
സ്ത്രീകളെ അടിച്ചിരുത്താൻ നോക്കിടുന്നു 
തലമണ്ട പോയ ചില സ്ത്രീകളാണേൽലത് 
അവരുടെ വിധിയായി കരുതി തല കുനിച്ചിടുന്നു 
പറുതയ്ക്കുള്ളിൽ  സ്ത്രീയുടെ തലകയറ്റി 
കറങ്ങുന്നു ചില ഭ്രാന്തന്മാർ ലോകമെങ്ങും
ഇല്ലില്ല അത്ഭുതം ഒട്ടും തോന്നുന്നില്ല  
ഇവിടെ കാമ തിമിരം ബാധിച്ച കശ്മലർ 
തിന്നാൻ ശ്രമിപ്പതിൽ അവരുടെ വിളവ് തന്നെ  
                     **********
യേഷാം ന വിദ്യ ന തപോ ന ദാനം 
ജ്ഞാനം ന ശീലം ന ഗുണോ ന ധർമഃ 
തേ മർത്ത്യലോകേ ഭുവി ഭാരഭൂതാ 
മനുഷ്യരൂപേണ മൃഗാശ്ചരന്തി   (ഭർത്തൃഹരി )

ആർക്കാണ് വിദ്യയില്ലാത്തത്, തപസ്സിലാത്തത്, ദാനമില്ലാത്തത്, അറിവും സൽസ്വാഭാവവും ഗുണങ്ങളും ധർമവുമില്ലാത്തത്, അവർ മനുഷ്യലോകത്ത് ഭൂമിക്ക് ഭാരമായി മനുഷ്യ രൂപത്തിൽ സഞ്ചരിക്കുന്ന മൃഗങ്ങളാണ് 
ലാലെന്‍സ് 2018-10-08 22:44:31
നോക്ക് കുത്തികൾ മാടചുമരുകൾ 
നേർത്തു തീരുന്ന പെൺ  ഗള മർമരം ..
തീഷ്ണതയുള്ള വരികൾ ..
നന്ദി ഹരിദാസ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക