Image

96; നഷ്‌ടപ്രണയത്തിന്റെ ചാരുത

Published on 06 October, 2018
 96; നഷ്‌ടപ്രണയത്തിന്റെ ചാരുത
നഷ്‌ടപ്രണയത്തിന്‌ ഇത്രമേല്‍ ഭംഗിയുണ്ടോ? അതിന്‌ ഇത്രമേല്‍ ആഴത്തില്‍ ഹൃദയത്തെ സ്‌പര്‍ശിക്കാന്‍ കഴിയുമോ?

നിശ്ചലമായ ഒരു തടാകത്തിലേക്ക്‌ കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍ പോലെ മനസില്‍ സദാ അലയടിക്കുന്ന ഓര്‍മ്മകളുടെ വേലിയേറ്റത്തിലേക്ക്‌ നമ്മെ തള്ളിയിടാന്‍ അതിനു കരുത്തുണ്ടോ? സി. പ്രേംകുമാര്‍ സംവിധാനം ചെയ്‌ത തൃഷയും വിജയ്‌ സേതുപതിയും നായികാ നായകന്‍മാരാകുന്ന 96 എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെ മനസില്‍ ബാക്കി നില്‍ക്കുന്ന ചോദ്യങ്ങളാണിത്‌.

സ്‌കൂള്‍, കോളേജ്‌ കാലത്തെ പ്രണയം. എത്ര ആഴത്തില്‍ സ്‌നേഹിച്ചിരുന്നാലും ചിലപ്പോള്‍ ആ പ്രണയം പൂവണിയണമെന്നില്ല. കാലം കടന്നു പോകേ ചാരം മൂടിയ കനല്‍ പോലെ അത്‌ മനസില്‍ കിടന്നു നീറിയേക്കാം. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ആ നീറ്റല്‍ നമ്മെ വിട്ടു പോകണമെന്നില്ല. 96 എന്ന ചിത്രം പറയുന്നതും ഹൃദയത്തിന്റെ ആഴങ്ങളിലൊളിപ്പിച്ച ഒരു സ്‌നേഹത്തിന്റെ, നിശ്‌ബ്‌ദ പ്രണയത്തിന്റെ കഥയാണ്‌.

പ്‌ളസ്‌ടു കാലത്തെ തീക്ഷ്‌ണ പ്രണയവും അതിന്റെ ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളും അതിലേക്കുള്ള മടക്കയാത്രയുമാണ്‌ 96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകന്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. 96 കാലത്ത്‌ പ്‌ളസ്‌ ടു വിദ്യാര്‍ത്ഥികള്‍ 22 വര്‍ഷത്തിനു ശേഷം ഒത്തു ചേരുന്നതും ആ കാലത്ത്‌ അവര്‍ തങ്ങളുടെ സ്‌കൂള്‍ കാലഘട്ടം ഒന്നു കൂടി ഓര്‍ത്തെടുക്കുന്നതുമാണ്‌ കഥ.

ട്രാവല്‍ ഫോട്ടോഗ്രാഫറായ കെ.രാമചന്ദ്രന്‍ (വിജയ്‌ സേതുപതി) ജാനകീ ദേവി(തൃഷ) എന്നിവര്‍ പ്‌ളസ്‌ ടു കാലത്ത്‌ നിശബ്‌ദമായി പ്രണയിച്ചവരാണ്‌. എന്നാല്‍ കോളേജിലെത്തിയപ്പോഴേക്കും ഇരുവര്‍ക്കും വേര്‍പിരിയേണ്ടി വന്നു. പല കാരണങ്ങള്‍ കൊണ്ടും അവര്‍ക്ക്‌ പരസ്‌പരം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.

സ്വന്തം പ്രണയം തുറന്നു പറയാന്‍ കഴിയാതെ, ജാനകിയുടെ മുന്നിലെത്തുമ്പോള്‍, അവളുടെ നോട്ടത്തെ പോലും നേരിടാന്‍ കഴിയാതെ വെട്ടിവിയര്‍ക്കുന്ന അന്തര്‍മുഖനായ രാമചന്ദ്രന്റെ സ്വഭാവവിശേഷം തന്നെയാണ്‌ അവര്‍ക്കിടയിലെ പ്രണയം പരസ്‌പരം ഒന്നു ചേരാതെ കടന്നു പോകാനും കാരണം.

കാലം കടന്നു പോകെ ഇരുവരും ധ്രുവങ്ങളിലേക്കെന്ന പോലെ അകന്നു പോകുന്നു. ട്രാവല്‍ ഫോട്ടോഗ്രാഫറായി മാറിയ രാമചന്ദ്രന്‍ നഷ്‌ടപ്രണയത്തിന്റെ ഓര്‍മ്മകളുമായി അവിവാഹിതനായി ജീവിക്കുകയാണ്‌.

അങ്ങനെയിരിക്കെയാണ്‌ അയാള്‍ യാദൃശ്ചികമായി തഞ്ചാവൂരിലേക്ക്‌ വരുന്നത്‌. അവിട താന്‍ പഠിച്ച സ്‌കൂളില്‍ എത്തുന്ന രാമചന്ദ്രന്‍ തന്റെ പ്‌ള്‌സ്‌ ടു ക്‌ളാസിലെത്തുന്നു. ആ നിമിഷമാണ്‌ അയാള്‍ക്ക്‌ തന്റെ പഴയ സുഹൃത്തുക്കളെ കാണണമെന്ന്‌ തോന്നുന്നത്‌.

തുടര്‍ന്ന്‌ അയാള്‍ തന്റെ ബാച്ചിലുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും വിവരമറിയിക്കുന്നു. ഇതനുസരിച്ച്‌ എല്ലാവരും ഒരു ദിവസം ഒത്തു ചേരുന്നു. വിവാഹിതയായി ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സിങ്കപ്പൂരില്‍ താമസിക്കുന്ന ജാനകിയും ഈ ഒത്തു ചേരലിനായി എത്തുന്നു. തുടര്‍ന്ന്‌ ഇരുവരുടെയും നഷ്‌ടപ്രണയത്തിന്റെ ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയും അതിനിടയില്‍ വര്‍ത്തമാന കാലജീവിതത്തിന്റെ തുറന്നു പറച്ചിലുകളുമായി സിനിമ മുന്നേറുന്നു.

പ്‌ളസ്‌ ടു കാലത്തെ പ്രണയവും വിരഹവുമൊക്കെയായി ആദ്യ പകുതി രസകരമായി തന്നെ മുന്നേറുന്നുണ്ട്‌. ഇടവേളയ്‌ക്കു ശേഷം കഥ രാമചന്ദ്രനിലേക്കും ജാനകിയിലേക്കും അവരുടെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലേക്കുമായി മാത്രം ഒതുങ്ങുന്നു. ഒടു ട്രാവല്‍ ഫോട്ടോഗ്രാഫറായ രാമചന്ദ്രന്റെ ജീവിതം എന്താണെന്നു കാട്ടിത്തരുന്നതാണ്‌ ചിത്രത്തിന്റെ തുടക്കം.

എന്നാല്‍ അത്തരമൊരു ജീവിതം നയിക്കുന്ന വ്യക്തിയ്‌ക്ക്‌ അത്യാവശ്യം ഉള്ള ധൈര്യമൊന്നും അയാള്‍ക്കില്ല. കാട്ടിലൂടെ യാത്ര ചെയ്‌തലയുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള സാഹസികതയൊക്കെ അയാള്‍ക്കന്യമാണ്‌. നാല്‍പതുകളിലെത്തിയിട്ടും തന്റെ പ്രണയനായികയുടെ കണ്ണിലേക്കൊരു നിമിഷം നോക്കാന്‍ കെല്‍പില്ലാത്ത അന്തര്‍മുഖനാണ്‌ അയാളിന്നും.

എങ്കിലും തന്റെ കഴിഞ്ഞ കാലത്തെ ജീവിതത്തില്‍ ജാനകിയെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന്‌ അവള്‍ക്കു മുന്നില്‍ അയാള്‍ വ്യക്തമാക്കുന്നുണ്ട്‌.

ഏറെ അന്തര്‍മുഖത്വവും ആത്മസംഘര്‍ഷങ്ങളും ഒരുമിക്കുന്ന രാമചന്ദ്രന്‍ എന്ന കഥാപാത്രമായി വിജ്‌യ്‌ സേതുപതി ശരിക്കും തിളങ്ങിയിട്ടുണ്ട്‌. നഷ്‌ടപ്രണയവും അതിന്റെ വേദനയും വീണ്ടെടുക്കുമ്പോഴും അത്‌ തന്റേല്ലെന്ന തിരിച്ചറിവില്‍ വീണ്ടും കൈയൊഴിഞ്ഞ്‌ പോകേണ്ടി വരുന്നവളുടെ നിസഹായതയും ഉള്ളില്‍ പേറുന്ന ജാനകിയുടെ വേദനകളും നിമിഷാര്‍ദ്ധം കൊണ്ട്‌ കണ്ണിലും കവിളിലും മിന്നി മറയുന്ന പ്രണയഭാവങ്ങളും തൃഷയില്‍ ഭദ്രമായി. ഏതൊരു ചെറുപ്പക്കാരന്റെ മനസിലും ചേക്കേറാന്‍ കഴിയുന്ന പ്രണയസുന്ദരിയായി തന്നെയാണ്‌ ഈ ചിത്രത്തിലും തൃഷയെത്തുന്നത്‌.

ഗംഭീരമായ ഒരു വയലിന്‍ നാദത്തിന്റെ പശ്ചാത്തല സംഗീതത്തോടെയുള്ള ജാനകിയുടെ എന്‍ട്രി സീനില്‍ തിയേറ്ററില്‍ ഉയരുന്ന കൈയ്യടി അതിന്റെ പ്രതീകമാണ്‌. ജാനകിയുടെ പ്രണയപൂര്‍വമുള്ള നോട്ടം ഏറ്റുവാങ്ങുന്നത്‌ നായകന്‍ മാത്രമല്ല, പ്രേക്ഷകന്‍ കൂടിയാണ്‌.

കഥയില്‍ മേമ്പൊടി ചേര്‍ക്കാനൊന്നും സംവിധായകന്‍ ശ്രമിച്ചിട്ടില്ല. എന്തിന്‌ പശ്ചാത്തല സംഗീതം പോലും ഒരു പരിധി വരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്‌ എന്നു വേണമെങ്കില്‍ പറയാം.

വികാരതീവ്രമായ രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിനായി നിരവധി അവസരങ്ങളാണ്‌ സംവിധായകന്‍ നായികാ നായകന്‍മാര്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. തിരക്കഥയും സി.പ്രേംകുമാര്‍ തന്നെയാണ്‌ ഒരുക്കിയിട്ടുള്ളത്‌. ജനകരാജ്‌, കാളി വെങ്കട്ട്‌, വിനോദിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

താമരയുടെ വരികള്‍ക്ക്‌ മലയാളിയായ ഗോവിന്ദ്‌ വസന്ത്‌ മേനോനാണ്‌ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. സമീപകാലത്ത്‌ തമിഴ്‌സിനിമകളില്‍ ഏറ്റവും മികച്ച സംഗീതമായിരിക്കും 96ലേതെന്നതില്‍ സംശയമില്ല. മനസില്‍ നീറിപ്പിടിക്കുന്ന പ്രണയത്തെ അതേ തീവ്രതയോടെ അനുഭവിപ്പിക്കാന്‍ ഗോവിന്ദിന്റെ സംഗീതത്തിന്‌ കഴിയുന്നുണ്ട്‌. ജയരാജും എന്‍.ഷണ്‍മുഖദാസും ചേര്‍ന്നാണ്‌ ഛായാഗ്രഹണം.

തികച്ചും റിയലിസ്‌റ്റിക്കായി എടുത്തിട്ടുള്ള ചിത്രം പ്രേക്ഷകന്‌ വ്യത്യസ്‌തമായ ഒരു അനുഭവം നല്‍കുമെന്നതില്‍ സംശയമില്ല. ജീവിതത്തില്‍ എത്രമാത്രം സന്തോഷം അനുഭവിക്കുന്നവരാണെങ്കിലും സ്‌കൂള്‍കോളേജ്‌ കാലത്തെ ജീവിതവും അതിന്റെ ഓര്‍മ്മകളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും.

ആ പ്രിയപ്പെട്ട ലോകത്തേക്ക്‌ ഒരു ദിവസമെങ്കിലും മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഈ ചിത്രം വിലമതിക്കാനാവാത്ത ഒരു ദൃശ്യാനുഭവമായിരിക്കും.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക