Image

ഭൂതനാഥ വിലാസം കാപ്പി ക്‌ളബ് (കഥ: നാരായണന്‍)

Published on 04 October, 2018
ഭൂതനാഥ വിലാസം കാപ്പി ക്‌ളബ് (കഥ: നാരായണന്‍)
"അപ്നപ്പൂപ്പന്മാരായിട്ട് തൊടങ്ങിയ ഓട്ടലാ"

മിഥുനത്തിലെ മോഹന്‍ലാലിന്റെ "ദാക്ഷായണീ ബിസ്ക്കറ്റ്‌സ്" പോലെ ഭൂതനാഥ വിലാസം ഹോട്ടലില്‍ വരുന്ന പരിചയക്കാരോട് ഇട്ടിയച്ചന്‍ പറയും. നായര് നശിച്ചാല്‍ ചായക്കട എന്ന് നേതാവ് പരിഹസിച്ചു പറഞ്ഞ പോലല്ല. പറമ്പും വയലും കൊയ്ത്തുമൊക്കെയുണ്ടായിരുന്ന പുഷ്ക്കല കാലത്തെ സംരംഭമാണ്. ധാരാളം ഉഴുന്നും നല്ലരിയുമൊക്കെ അരച്ച് തടിയന്‍ ദോശ, വലിയ ഇഡലി , തേങ്ങയും കൊല്ലമുളകും നൈസായിട്ടരച്ച് വെളിച്ചെണ്ണയില്‍ കടുകും മുളകും വറുത്തിട്ട ചട്ടിണി. വെള്ളം തൊടീക്കാതെ ഉഴുന്ന് ഊതിയാല്‍ പറക്കുന്ന പരുവത്തിലരച്ച് വെളിച്ചണ്ണയില്‍ വറുത്ത് കോരിയ വട, പിന്നെ പഴം പൊരി, ബോണ്ട. ഇവയൊക്കെ ലോഭമില്ലാതെ വിളമ്പിക്കൊടുക്കും. പരിചയക്കാരുടെ തോളില്‍ കയ്യിട്ട് നിറചിരിയോടെ ചോദിക്കും.

ഇവിടെയെന്നാ വേണ്ടേ?

മായമില്ല . കള്ളത്തരം ലവലേശമില്ല. ചെലര് മൂക്കു മുട്ടെക്കേറ്റി കടം പറഞ്ഞും പറയാതേയും മുങ്ങും. വെശന്നിട്ടല്ലേന്ന് ഇട്ടിയച്ചന്‍. സപ്ലൈക്കാര് പിള്ളാര് പുറത്തുള്ള ചില്ലറക്കടമൊക്കെ ദോശയായും ഉഴുന്നുവടയായും ചട്ടിണിയായും വെളമ്പി തീര്‍ക്കും. പകുതി കാശേ കൗണ്ടറിലേക്ക് വിളിച്ചു പറയൂ. ഇരുട്ടിയാല്‍ ബാക്കി വരുന്നതിനും അവകാശികളുണ്ട്. മൂന്നോ നാലോ തെരുവു സന്തതികള്‍ ഒരു ഭ്രാന്തിത്തള്ള. ഇവരെ കൂടാതെ ഇട്ടിയച്ചന്റെ സ്വന്തം " പിള്ളാര് ". കടയടക്കണ നേരം നോക്കി കുടമണിയൊച്ചയുമായി ഹാജരാകുന്ന അമ്പലക്കാളകളാണവര്‍. കൂട്ടത്തില്‍ ഒരു " ചെറുക്കനു"മുണ്ട്. കുറുകിയ കൊമ്പുകളും ഒതുങ്ങിയ സിക്‌സ് പാക്കു ദേഹവുമായൊരു കുള്ളന്‍. ഇട്ടിയച്ചനവനോടാണ് കൂടുതല്‍ സ്‌നേഹം. മാറ്റി വച്ച പഴത്തൊലിയും കഞ്ഞി വെള്ളവുമൊക്കെ ആ കുഞ്ഞനാണ് നല്‍കുക. ഇളയവന്‍ കളിയാക്കും.

" അച്ചന്റെ തേവര്‌ടെ പുതിയ വണ്ടിയാ! 2008 മോഡല്‍ !!

കടയടച്ച് അമ്പല നടയെത്തിയാല്‍ രണ്ടു കൈയ്യും ശിരസ്സിനുമേലുയര്‍ത്തി തൊഴും.

" പക്തവത്സലാ, പഹവാനേ, കാത്തു രഷ്ഷിക്കണേ!

തന്റെ വാഹനങ്ങളുടെ ഇന്ധന ദാതാവായിട്ടും ഭഗവാന്‍ ഈ ഭക്തനെ അത്രയങ്ങ് കടാക്ഷിക്കാറില്ല. ഇട്ടിയച്ചനതില്‍ പരിഭവമൊന്നുമില്ല. ജാനുവമ്മ ഇടക്കിടെ പറയും.

" ഒന്ന് നോക്കിക്കാര്‍ന്നു
"എന്തിന്? ഇതൊക്കെ പരൂഷ്ഷിക്കണതല്ലേ?

ഇങ്ങനെ ആറേഴ് മാസമാവുമ്പോഴേക്കും വണ്ടി തള്ളിയാലും നീങ്ങാതെയാവും.

ഇട്ടിയച്ചന്‍ മനസ്സില്ലാ മനസ്സോടെ നിരപ്പലകയിടും.

വല്ല ചിട്ടി വിളിച്ചോ, മരം വെട്ടി വിറ്റോ പിന്നേയും തൊടങ്ങും. സപ്‌ളൈ പിള്ളാരും പണിക്കാരും പിന്നേം വരും. ഇട്ടിയച്ചനതൊരു നിയോഗമാണ്. ഓട്ടലില്ലാതെ ജീവിക്കാന്‍ പറ്റൂലാ.
വീണ്ടും ഊതിയാല്‍ പറക്കുന്ന പരുവത്തില്‍ ഉഴുന്നരച്ച് ഇഡ്ഡലി, ദോശ, വട തേങ്ങാ ചട്ടിണി.

അതേ പറ്റുകാര്. അതേ നിരപ്പലകകളും ആമത്താഴും താക്കോലും.

ഇതിന്റെയൊക്കെയിടയില്‍ ജാനുവും പിള്ളേരും കഴിഞ്ഞു കൂടി. പിള്ളേര്‍ വളര്‍ന്നു. പഠിച്ചു മൂപ്പെത്തിത്തുടങ്ങി.

അത്തവണ വട്ടമെത്താറായ ചിട്ടിയില്ല. മൂപ്പെത്തിയ മരവുമില്ലെന്നായപ്പോള്‍ ഇരുപ്പൂ കടുപ്പു നിലം വില്‍ക്കാന്‍ ഇട്ടിയച്ചന്‍ തീരുമാനിച്ചു. ഇടക്കാരന്‍ കുഞ്ഞപ്പന്റെ മുന്നില്‍ വച്ചു തന്നെ മൂത്തവന്‍ പറഞ്ഞു.

" നടപ്പില്ലാ അച്ചാ. ഇനിയും കരക്കാരെ തീറ്റിക്കാന്‍ നെലം വിക്കാനൊക്കൂലാ."

"അച്ചന്‍ ഓട്ടലു നടത്തീതുമതി"
രണ്ടാമന്‍ തീര്‍ത്തു പറഞ്ഞു.

ഇട്ടിയച്ചന്‍ ഉള്ളാലെയൊന്നു ഞെട്ടി. പിന്നെ കുറേ നേരം പുറത്തേക്കുനോക്കിയിരുന്നു ജാനു ഇടയില്‍പ്പെട്ടുഴറി നെഞ്ഞുരുകി നടന്നു. പിള്ളേരോട് കെഞ്ചിനോക്കി.

" ഇത്തവണേം കൊടെ പോട്ട് മക്കളേ, അച്ചന്റൊരാഗ്രഹമല്ലേ?

"അമ്മ മിണ്ടാതിരുന്നോണം. ഇങ്ങളൊറ്റയാളാ അച്ചനെ ഈ പരുവത്തിലാക്കീത് "
മൂത്തവന്റെ അന്ത്യശാസന മെത്തി.

ജാനുവമ്മ ആദ്യമായി കാണുന്ന പോലെ മകനെ നോക്കി. "നിങ്ങള്‍ " എന്ന്! തന്റെ ചൂണ്ടുവിരല്‍ പിടിച്ച് പിച്ച വച്ച് നടന്ന കിടാവല്ല. ഹോട്ടലില്‍ ചെന്ന് ക്യാഷ് മേശക്കു പിന്നില്‍ അഭിമാനത്തോടെയിരുന്നിരുന്ന കൗമാരക്കാരനുമല്ല. തണ്ടും തടിയുമായി ഇട്ടിയച്ചനെ പറിച്ചു വച്ച പോലെ മുതിര്‍ന്നൊരാണൊരുത്തനാണ്. അന്നാദ്യമായി കാതങ്ങളകലെ നിന്ന് മകനെ അവര്‍ ഭയാശങ്കകളോടെ നോക്കി നിന്നു. എന്തോ പറയാനാഞ്ഞ അവരെ ഒരു മൗഢ്യം പൊതിഞ്ഞു നിന്നു.

ശരിയാണ്. അങ്ങോര്‍ക്ക് പിടിപ്പു ലേശം കുറവാണ്. ആരുടേയും സങ്കടം കണ്ടു നില്‍ക്കാന്‍ വയ്യ. താനറിഞ്ഞും അറിയാതെയും ഏറെ ദാനം ചെയ്തിട്ടുണ്ട്. ഹോട്ടല്‍ നടത്തിപ്പ് പരിപാവനമായ കര്‍മ്മമാണെന്നാണ് ഇട്ടിയച്ചന്‍ പറയുക. അന്നമാണ് നല്‍കുന്നത്. അവിടെ പറ്റു പുസ്തകങ്ങളുടെ കാര്‍ക്കശ്യം വേണ്ട. പറ്റു തന്നില്ലെന്ന കാരണം കൊണ്ട് ആര്‍ക്കും ഭക്ഷണം നിഷേധിച്ചിട്ടില്ല. പര പര വെളുക്കുമ്പോള്‍ കുളിയും കഴിഞ്ഞ് ഭസ്മക്കുറിയുമായി പടിയിറങ്ങുന്ന ആള്‍ ഇരുട്ടിയേ വരൂ. തന്നോട് കയര്‍ത്തൊരു വാക്ക് പറഞ്ഞിട്ടില്ല. ഒരു മുട്ടും വിഷമവും പറയാറില്ല. കുട്ടികളുടെ ഒരു കാര്യവും മുടക്കിയിട്ടില്ല. എവിടെ നിന്നോ അതിനൊക്കെ പണം വന്നു ചേര്‍ന്നു. ചിലരൊക്കെ പറ്റിച്ചിട്ടുമുണ്ടാകും. വെപ്പുകാരന് മകളുടെ മാംഗല്യത്തിന് നാലു മാസത്തെ ശമ്പളം ഒരുമിച്ച് കൊടുക്കാന്‍ തന്റെ രണ്ടു വളയാണ് കൈമറിഞ്ഞു പോയത്. കല്യാണം കഴിഞ്ഞ് അയാള്‍ മറ്റൊരു ഹോട്ടലില്‍ പണിക്കു പോയപ്പോള്‍ പലരും പരിഹസിച്ചു. അപ്പോഴും ഇട്ടിയച്ചന്‍ പറഞ്ഞു.

അവനെന്നെയല്ലേ പറ്റിച്ചു പോയത്? അപ്പോ അവനല്ലേ മോശക്കാരന്‍?

അവനാണിക്കാലത്തെ സമര്‍ത്ഥനെന്ന് ഇട്ടിയച്ചനറിയില്ല. മക്കള്‍ക്ക് വേറെയെന്തൊക്കെയോ ഉദ്ദേശങ്ങളുണ്ട്. മൂത്തവന് മൊബൈല്‍ കട തുടങ്ങണം. ഹോട്ടലിരിക്കുന്ന കടമുറി തന്റെ പേരിലാണ്. അമ്മായിയപ്പന്‍ അവസാന കാലത്ത് തന്നേല്‍പ്പിച്ചു പോയ മുതല്‍. ആധാരമെടുത്തു തരുമ്പോള്‍ അച്ഛന്‍ പറഞ്ഞു.

"ജാനൂ, ഇത് നിന്റെ പേരിലേക്കാ റയിസ്രാക്കിയേ. അവന്റെ പേരിലാണേല്‍ കൈവിട്ടു പോം. അവനത്ര ശുദ്ധനാ .

ജാനുവമ്മ നെടുവീര്‍പ്പിട്ടു. ഭര്‍ത്താവിനെ നോക്കി. അകലെ മഴക്കാറ് കേറിയ ആകാശത്ത് കണ്ണും നട്ട് കസേരയില്‍ അതേയിരുപ്പാണ്. പാവം! ഇന്നലെ വരെ വിരല്‍ പിടിച്ചു കൊണ്ടുനടന്ന മക്കളില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചു കാണില്ല. ഒരു കണക്കില്‍ അവന്‍ പറയുന്നതിലും കാര്യമുണ്ട്. എഞ്ചിനീയറിംഗ് കഴിഞ്ഞ് രണ്ടു വര്‍ഷമാകുന്നു. ഒരു നല്ല ജോലിയായില്ല. ബിസിനസ്സാണ് മോഹം. ഒരു നിലയിലെത്തണമെന്ന് അവനുമുണ്ടാകും ആഗ്രഹം. മുതല്‍ മുടക്കാന്‍ അച്ഛന്‍ വിചാരിച്ചാല്‍ പാങ്ങില്ല. ടൗണിലെ ഈ മുറിയാണ് നോട്ടം. പക്ഷെ കരയില്‍ പിടിച്ചിട്ട മീന്‍ പോലെ ഇങ്ങേരീ വീട്ടില്‍ പിടയുന്നതു കാണാന്‍ വയ്യ. ആ മനസ്സുനോവിച്ച് താനൊന്നും ചെയ്യില്ല. പുത്രവാത്സല്യത്തിന്റെ ഉറവ ഈ വടവൃക്ഷം കട പുഴുകാനുള്ള ചതുപ്പാകരുത്. അവര്‍ മകനെ നോക്കി. മുഖത്ത് കാര്‍ക്കശ്യത്തിന്റെ കാളിമയുണ്ട്.അച്ഛനെ തോല്‍പ്പിച്ച് ഇവന്‍ ജയിക്കേണ്ട.

" അച്ചന്റെ വസ്തു. ഇഷ്ടം പോലെ ചെയ്യും. അത് ചോദിക്കാന്‍ നീയാര്?

" സ്വന്തം പേരില്‍ വാങ്ങിയതൊന്നുമല്ലല്ലോ, അച്ചാച്ചന്‍ വഴി കിട്ടീതല്ലേ? അതങ്ങനെ തോന്നിയപടി വില്‍ക്കാനൊന്നും പറ്റൂലാ"

ഓഹോ, ഇവന്‍ രണ്ടും കല്‍പ്പിച്ചാണ്. നിയമ വശമൊക്കെ ചോദിച്ചറിഞ്ഞാണ് ഈ ഇടങ്കോലിടല്‍.

അവര്‍ ഭര്‍ത്താവിനടുത്തേക്ക് ചെന്നു.

" ഇതെത്ര നേരാന്നു വച്ചാ ഈ ഇരുപ്പിരിക്കുന്നെ? വാ, എണീക്ക് "

അവര്‍ ആ ചുമലുകളില്‍ പിടിച്ചു ചെറുതായുലച്ചു. വിദൂരതയിലാണ് ദൃഷ്ടികള്‍. മകന്റെ വാക്കുകള്‍ കേട്ടിട്ടാവണം. തല ചെരിച്ച് അവനെയൊന്നു നോക്കി. ആ മിഴികളില്‍ അവിശ്വസനീയതയാണ്. ഒരു പാതി മന്ദഹാസം ചുണ്ടുകളുടെ ഒരു കോണില്‍ വന്നെത്തി നോക്കി.

" നീയിവന് ചോറു പൊതി കെട്ടിയതൊന്നും ബെറുതെയായില്ല"

ഇട്ടിയച്ചന്റെ സ്വരമിടറി. ആകെയൊരു കുഴച്ചിലാണ്, പറയുന്നത് മുഴുവന്‍ മനസ്സിലാകുന്നില്ല. ദേഹം ഒരു വശത്തേക്ക് കുഴഞ്ഞു വീഴാന്‍ പോയപ്പോള്‍ ജനുവമ്മ ചേര്‍ത്തു പിടിച്ചു.

പിള്ളാര് വണ്ടി വിളിച്ച് ആസ്പത്രീ കൊണ്ടുപോയി. കാര്‍ന്നോര്‍ക്ക് ഇടതു വശം തളര്‍ന്നു പോയിരിക്കുന്നു മുഖവും കോടിയിട്ടുണ്ട്. ഒരു രാവും പകലും ഇട്ടിയച്ചന്‍ പാതി ബോധത്തില്‍ കഇഡ വില്‍ കിനാക്കളുടെ രഥമേറി സഞ്ചരിച്ചു. ഓര്‍മ്മകളില്‍ മുഴുവന്‍ തെളച്ചു വരുന്ന എണ്ണ, വട, പഴം പൊരി., പപ്പടം. പൂ പോലത്തെ ഇഡ്ഡലി, ചമ്മന്തി.

ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയ ഇട്ടിയച്ചനെ കാണാന്‍ ചെന്നവരോട് കൊഴഞ്ഞ് കുഴഞ്ഞ് നാക്ക് തിരിയാതെ ചോദിച്ചു.

"ഇവിഴെന്നാ വേണം?
ഴോശ?
ഇഴലി?
വഴ?

ഇട്ടിയച്ചന്റെ ബോധ മണ്ഡലത്തിലിപ്പോള്‍ ഒരു അരങ്ങേയുള്ളൂ. അത് ഹോട്ടലാണ്. ഭവാന്‍ തനിക്ക് വിധിച്ച വേഷം അബോധ മനസ്സിലും വിശ്വപ്രിയനായി ആടുകയാണ് ഇട്ടിയച്ചന്‍.
ഭൂതനാഥ വിലാസം കാപ്പി ക്‌ളബ് (കഥ: നാരായണന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക