Image

മാന്ത്രിക നാദം മണ്ണോടു ചേര്‍ന്നു

Published on 04 October, 2018
മാന്ത്രിക നാദം മണ്ണോടു ചേര്‍ന്നു


ആയിരങ്ങളുടെ നെഞ്ചില്‍ നാദവിസ്‌മയങ്ങളുടെ കടലാഴങ്ങള്‍ ബാക്കി വച്ച്‌ സംഗീത മാന്ത്രികന്‍ വിടപറഞ്ഞു. വയലിന്‍ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ ഭൗതികശരീരം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്ന്‌ രാവിലെ പതിനൊന്നിന്‌ തൈക്കാട്‌ ശാന്തി കവാടത്തില്‍ സംസ്‌ക്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ആയിരങ്ങളാണ്‌ തങ്ങളുടെ പ്രിയപ്പെട്ട കലാകരനെ അവസാനമായി ഒരു നോക്ക്‌ കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി എത്തിയത്‌. സെപ്‌റ്റംബര്‍ 25നാണ്‌ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്‌മി, മകള്‍ തേജസ്വിനി ബാല എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്‌. മകളുടെ പേരിലുള്ള വഴിപാടുകള്‍ കഴിക്കാനായി ഗുരുവായൂരില്‍ പോയി തിരിച്ച്‌ വരുമ്പോഴാണ്‌ പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത്‌ വച്ച്‌ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട്‌ അടുത്തുള്ള മരത്തില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.

മകള്‍ തേജസ്വിനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്ന ബാലഭാസ്‌ക്കര്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. മകളും ഭര്‍ത്താവും മരിച്ചറിയാതെ ഭാര്യ ലക്ഷ്‌മി ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സയിലാണ്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക