Image

വിശ്വാസത്തിന്റെ ന്യൂറോണ്‍ കേന്ദ്രങ്ങള്‍ (എതിരന്‍ കതിരവന്‍)

Published on 03 October, 2018
വിശ്വാസത്തിന്റെ ന്യൂറോണ്‍ കേന്ദ്രങ്ങള്‍ (എതിരന്‍ കതിരവന്‍)


ദൈവം എവിടെ? മതം, ആത്മീയത, വിശ്വാസം ഏതേതു തലച്ചോര്‍ കോണുകളില്‍?

വിശ്വാസത്തെക്കുറിച്ച് ആധുനികന്യൂറോശാസ്ത്രം വെളിവാക്കുന്ന ചിത്രം സാമാന്യബുദ്ധി കല്‍പ്പിച്ചുനല്‍കിയ ധാരണകളെ തകിടം മറിക്കുന്നതാണത് എന്ന് തെര്യപ്പെടുത്തുകയാണ്. വാസ്തവികം എന്ന് നമ്മള്‍ കരുതുന്ന പല പ്രധാനകാര്യങ്ങളും വസ്തുതയുടേതോ വിവേകത്തിന്റേയോ ന്യായത്തിന്റേയോ പരിണതി അല്ല. വിശ്വാസം എന്ന മായാജാലത്തിന്റെ ഉറവിടവും കുടിയിരിക്കുന്ന ഇടങ്ങളും മനസ്സിന്റെ ഉള്ളറകളില്‍ വെളിച്ചം വീശി പ്രകാശമാനമാക്കുകയാണ് ഇന്നത്തെ ന്യൂറോസയന്‍സ്. വിശ്വാസങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിസ്ഥാനമാണ്, പക്ഷേ എന്തു വിശ്വസിക്കുന്നു, എന്തിനുവേണ്ടി വിശ്വസിക്കുന്നു എന്നതിലേക്ക് കടക്കുമ്പോള്‍ നമുക്ക് വളരെക്കുറച്ച് നിയന്ത്രണങ്ങളേ ഇക്കാര്യത്തിലുള്ളൂ എന്ന് മനസ്സിലാവുകയാണ്. പല ആകൃതിയിലും പ്രകൃതിയിലും വ്ശ്വാസങ്ങള്‍ കടന്നു വരികയാണ്-നിസ്സാരവും എളുപ്പത്തില്‍ സമര്‍ത്ഥിക്കാവുന്നതും ആയതു മുതല്‍ - 'എന്റെ വിശ്വാസം ഇന്ന് മഴ പയ്യും എന്നാണ്'-ആഴവും ദൃഢവുമായതും തെളിയിക്കാന്‍ പ്രയാസമുള്ളതുമായതു വരെ-'ദൈവം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു' -ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഉണ്മയെക്കുറിച്ചുള്ള പഠനസഹായിപ്പുസ്തകം വിശ്വാസങ്ങള്‍ എഴുതിത്തന്നത് നമ്മള്‍ കൊണ്ടു നടക്കയാണ്. പലതും സത്യമാണെന്ന് നമ്മളെ തോന്നിപ്പിക്കുന്നതും ഇവ തന്നെ, അങ്ങനെ അല്ലെങ്കില്‍ക്കൂടി. നമ്മള്‍ കാണും സങ്കല്‍പ്പലോകം തന്നെയാണ് ഈ ഉലകം.വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ശരി-തെറ്റുകളെക്കുറിച്ചുള്ള ബോദ്ധ്യങ്ങളെക്കുറിച്ചും നിരന്തരം സൂചനകള്‍ നല്‍കുന്നു അവ. തലച്ചോറു പണിപ്പെട്ടു ചെയ്യുന്ന വേല എന്നുമാത്രം കരുതേണ്ട, ഏറ്റവും പ്രധാനമായ പ്രവര്‍ത്തിയുമാണ്. മനുഷ്യമസ്തിഷ്‌ക്കം പലപ്പൊഴും സംഘര്‍ഷത്തിലാണ്: വിവേകവും വിശകലനാത്മകതയും ശാസ്ത്രബോധവും ഉള്‍ക്കൊള്ളുന്ന ഇടങ്ങളും ഇവ തൊട്ടു തീണ്ടാത്ത, കാര്യകാരണയുക്തിയെ നിഷേധിക്കുന്ന ഇടങ്ങളും തമ്മില്‍. ലക്ഷ്മിതരുവും മുള്ളാത്തയും മതി ക്യാന്‍സര്‍ ചികില്‍സയ്ക്ക്, മോഡേണ്‍ മെഡിസിന്‍ മുഴുവന്‍ തട്ടിപ്പാണ്, പ്രതിരോധകുത്തിവയ്ക്ക് ദൈവനിഷേധമാണ് എന്നൊക്കെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും ഒരു സമൂഹം എന്ന നില്യ്ക്ക് സ്വാസ്ഥ്യത്തേയും അതിജീവനത്തേയും പരിപാലനത്തേയും ബാധിയ്ക്കുന്ന കാര്യങ്ങളായതിനാല്‍ തലചച്ചോറിന്റെ ഈ കളികളുടെ പിന്നിലെ ന്യൂറൊശാസ്ത്രം പഠിച്ചെടുക്കേണ്ടത് അത്യാവശ്യമായിത്തീരുകയാണ്.

ഏറ്റവും പൗരാണികമായ വിശ്വാസധാരയില്‍ പ്രധാനമാണ് മതാത്മകബോധം. സാധാരണ തലച്ചോര്‍ പ്രവര്‍ത്തിയായ ബോധജ്ഞാനത്തിനും പെരുമാറ്റനിയന്ത്രണത്തിനും അപ്പുറത്താണ് ഈ മാനസികപദ്ധതി. ചരിത്രത്തില്‍ ഈ ബോധോദയപ്രക്രിയയുടെ കൃത്യമായ സ്ഥാനം വെളിവാക്കുന്നത് എളുമല്ല തന്നെ. 225,000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ആദിമമനുഷ്യന്‍ ചില മതാത്മകാനുഷ്ഠാനങ്ങള്‍ ചെയ്തിരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഘടിത മതം എന്ന രീതിയിലുള്ള സമൂഹപെരുമാറ്റം തുടങ്ങിയിട്ട് ഏകദേശം 11,000 കൊല്ലങ്ങളേ ആയിട്ടുള്ളു. കാരണങ്ങള്‍ക്കെല്ലാം കാരണമായ, പ്രപഞ്ചനിയന്താവായ, മനുഷ്യന്റെ വിധി നിര്‍ണ്ണയിക്കുന്ന, അവനു പ്രകൃത്യാതീത ബലം നല്‍കുന്ന,ആത്മാവിനെ പുണരുന്ന ഒരു അദൃശ്യശക്തിയിലുള്ള വിശ്വാസം അതിജീവനത്തിനു സഹായിക്കുന്ന പശ്ചാത്തലം ഒരുക്കിയിരുന്നോ എന്നത് പരിണാമചരിത്രകാര്‍ന്മാര്‍ക്ക് മാത്രമല്ല മസ്തിഷ്‌ക്കശാസ്ത്രപഠിതാക്കള്‍ക്കും വെല്ലുവിളിയേല്‍പ്പിക്കുകയാണ്. ക്ലിഷ്ടതകള്‍ക്ക് സ്പഷ്ടതയെന്നവണ്ണം ദൈവവും മതാത്മകതയുമൊക്കെ ന്യൂറോളജി പ്രതിഭാസങ്ങളാണെന്ന് തെളിയിക്കുന്നു ആധുനിക ശാസ്ത്രവഴികള്‍.

ബോധജ്ഞാനത്തിന്റെ കുറുക്കുവഴികള്‍ തേടാനാണ് പരിണാമവഴികളില്‍ നിര്‍മ്മിച്ചെടുത്ത തലച്ചോറ് നമ്മളോട് ആവശ്യപ്പെടുന്നത്. മുന്‍ വിധികളും വിപ്രതിപത്തിയും യുക്തിഹീനാഭിപ്രായങ്ങളും രൂപപ്പെടുന്നതിന്റെ പിന്നില്‍ മസ്തിഷ്‌ക്കം കണ്ടുപിടിച്ച എളുപ്പവഴികള്‍ രൂഢമൂലമായി പതിഞ്ഞുകിടക്കുന്നു. ചിന്തിക്കുക എന്നത് സമയവും പ്രയത്‌നവും ആവശ്യപ്പെടുന്ന പദ്ധതിയാണ്, മുന്‍ വിധികള്‍ അടിയന്തിരസന്ദര്‍ഭങ്ങളില്‍ പ്രാചീനമനുഷ്യനു എളുപ്പം തീരുമാനങ്ങളില്‍ എത്താന്‍ സഹായിച്ചിരുന്നു. പക്ഷേ കാലം മാറി, പ്രകൃതി കാല്‍ക്കീഴിലായി, ചിന്താശക്തി പ്രബലപ്പെട്ടു, പക്ഷേ മസ്തിഷ്‌ക്കം ഇപ്പോഴും പഴയ ചില സാങ്കേതികതകളില്‍ അകപ്പെട്ടു ഉഴലുകയാണ്. പതിഞ്ഞുപോയ വിശ്വാസങ്ങള്‍ മാറ്റാന്‍ ഇന്നും തയാറല്ല നമ്മുടെ പഴമനസ്സ്. അല്‍പ്പമാര്‍ഗ്ഗങ്ങള്‍ തേടാനുള്ള പരിശീലനം ബോധജ്ഞാനം തന്നെ മസ്തിഷ്‌ക്കത്തില്‍ ഏല്‍പ്പിച്ചിരിക്കുമ്പോള്‍ മറ്റൊരു പോം വഴി നമുക്കില്ല. ശാസ്ത്രവും യുക്തിയും തലച്ചോറിനെ ആധുനികവല്‍ക്കരിക്കുന്നതിനും മുന്‍പുള്ള ഈ ചിന്തനമനനങ്ങള്‍ നവീകരിക്കുന്നത് ആവശ്യമായിത്തീര്‍ന്നിരിക്കുകയാണെങ്കിലും ആധുനികസമൂഹത്തിനു അനുയോജ്യമായി പാകപ്പെട്ടു വരുന്നതേ ഉള്ളു. യുക്തിയും ന്യായവും ചിന്താപദ്ധതികളില്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള ജീവികളല്ല നമ്മള്‍ എന്നതാണു സത്യം. അതീവ ബുദ്ധിയുള്ള, പഠിപ്പുള്ളവര്‍ പോലും ചില ഭോഷ്‌ക്ക് വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവരായി കാണപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. വികാരവും മുന്‍വിധികളും വ്യക്തിനിഷ്ഠമായ താല്‍പ്പര്യങ്ങളും സ്വരൂക്കൂട്ടിയ മനസ്സാണു മനുഷ്യന്റേത്. പക്ഷപാതപരവും നീതിവിഹീനവുമായ ജ്ഞാനധാരണകള്‍ നമ്മുടെ നിരീക്ഷണപാടവത്തേയും ന്യായനിര്‍ണ്ണയങ്ങളേയും അനുമാനങ്ങളെയും ബാധിക്കുന്നതാണ്. വ്യക്തിപരതയും ആത്മവാദവും സങ്കലിച്ച മനസ്സ് അന്ധവിശ്വാസത്തിലേക്കും മുന്‍വിധികളിലേക്കും ചായാന്‍ പാകപ്പെട്ടതാണ്, സ്വന്തം മനസ്സിനെ ബോധപൂര്‍വ്വം യുക്തിവിചാരണ ചെയ്തില്ലെങ്കില്‍ അതിബുദ്ധിയുള്ളവര്‍ പോലും ഇതിലേക്ക് വഴുതിപ്പോയേക്കും. ബഹിരാകാശത്തിലേക്ക് സാറ്റലൈറ്റ് വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ അതിനു മുന്‍പ് മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി തേങ്ങാ ഉടയ്ക്കുന്നതും തുലാഭാരം വഴിപാടു നടത്തുന്നതും അതിസാങ്കേതികതയില്‍ വ്യാപരിച്ച് അന്നം തേടുന്ന കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പോലും വിവാഹത്തിനു മുന്‍പ് ജാതകം നോക്കുന്നതും മനുഷ്യമനസ്സിന്റെ തനത് പഴമയില്‍ നിന്ന് ബോധപൂര്‍വ്വം വിടുതല്‍ നേടാത്തതുകൊണ്ടാണ്.

ബുദ്ധി എന്നത് ഉപഖണ്ഡങ്ങളാല്‍ കള്ളിതിരിയ്ക്കപ്പെട്ടതാണ് എന്നത് മേല്‍പ്പറഞ്ഞ വിരോധാഭാസത്തിനു ഒരു കാരണമാണ്. ചില കാര്യങ്ങളില്‍ ബുദ്ധിതീക്ഷ്ണതയും വിശ്‌ളേഷണാത്മക വിചിന്തനാശക്തിയുമുള്ളവര്‍ മറ്റു ചില കാര്യങ്ങളില്‍ ബാലിശ- ഭോഷ്‌കര്‍ നിരയിലേക്ക് മാറുന്നതായി കാണുന്നത് ഇതുകൊണ്ടാണ്. ഒരു തന്മാത്രാശാസ്ത്രജ്ഞന്‍ കണക്കിലോ ഫിസിക്‌സിലോ മിടുക്കന്‍ ആയിരിക്കണമെന്നില്ല. ഐന്‍സ്റ്റീന്‍ ഫിലൊസഫിയിലോ രാഷ്ട്രീയതത്വസംഹിതയിലോ പ്രവീണന്‍ ആയിരിക്കണമെന്ന് നിര്‍ബ്ബന്ധം പിടിയ്ക്കാന്‍ വയ്യല്ലോ. ഇവരില്‍ ചിലര്‍ വാര്‍ദ്ധക്യരോഗപീഡകളാലോ മറ്റോ ആത്മീയതയിലെക്കു ചാഞ്ഞാല്‍ കഠിനവിശ്വാസികള്‍ക്ക് അവരുടെ നിരയിലേക്ക് ഒരാളെക്കൂടി ലഭിച്ചു എന്ന് ആഹ്ലാദം കൊള്ളാനുള്ള വകയായി. മറ്റൊന്നുള്ളത് എത്ര ബുദ്ധിയുള്ളവരായാലും അവരുടെ ബാല്യകാലത്ത് ഏറെ സ്വാധീനിച്ചവിശ്വാസപ്രമാണങ്ങള്‍ അവരെ പില്‍ക്കാത്ത് പിടികൂടുമെന്നുള്ളതാണ്. ഒരു കേടുപാടും കൂടാതെ അവ സൂക്ഷിക്കപ്പെടും. തലച്ചോറിനു അങ്ങനെയൊരു സ്വഭാവചായ് വ് ഉണ്ട്, ആ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാതെ അവയെ കാത്തുസൂക്ഷിക്കാന്‍. സൂക്ഷ്മവും അപഗ്രഥനാത്മകവും വിമര്‍ശനപരവുമായ ചന്താപദ്ധതികള്‍ പില്‍ക്കാലത്താണ് വളര്‍ച്ചാവികാസം നേടുന്നത്. അതിനും മുന്‍പേയുള്ള വിശ്വാസങ്ങളെ തൂത്തെറിയാന്‍ പണി ഏറെയുണ്ട്. അവനവനെ വിശ്വസിക്കാതിരിക്കാന്‍ മതം ബാല്യത്തില്‍ തന്നെ നമ്മെ പരിശീലിപ്പിക്കുന്നു. ''ഹൃദയം ആണ് ഏറ്റവും വലിയ വഞ്ചകന്‍'' (The heart is deceitful above all things') എന്ന ബൈബിള്‍ വചനം യുക്തിവിചിന്തനത്തെ നമ്മള്‍ തന്നെ വിശ്വസിക്കരുതെന്ന് ഉദ്‌ബോധിപ്പിക്കയാണ്, നമ്മുടെ ബുദ്ധിശക്തിയെ സംശയിക്കണമെന്ന് പഠിപ്പിക്കയാണ്.''അകക്കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം''എന്നത് കവികളുടെ ശുഭപ്രതീക്ഷ മാത്രമായി അവശേഷിക്കുന്നു.

ദൈവമാണ് തലച്ചോര്‍ സൃഷ്ടിച്ചെങ്കില്‍ ഒരു അറുവിലക്ഷണമായ അവയവമാണ് തല്ലിക്കൂട്ടിയത്. പിശകുകളും മുന്‍വിധികളും നിറഞ്ഞ ഈ യന്ത്രം അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും എട്ടു മണിക്കൂറോളം അടച്ചിടണം. 'ഉറക്കം'എന്ന് നമ്മള്‍ ഇതിനെ വിളിയ്ക്കുന്നു. തകരാറുകള്‍ വന്നുഭവിക്കാന്‍ സാദ്ധ്യതകളേറെ, കമ്പനി തിരിച്ചുവിളിച്ച് റിപ്പയര്‍ ചെയ്യാന്‍ തയാറായതുപോലെ പ്രവര്‍ത്തനം. പക്ഷേ ഒരു സൂത്രം അങ്ങോര്‍ പറ്റിച്ചു: അദ്ദേഹത്തിനു കയറിക്കൂടിയിരിക്കാന്‍ ഒരു സ്ഥിരം സ്ഥലം ഒഴിപ്പിച്ചിട്ടു. ദൈവത്തിന്റെ ആകൃതിയില്‍ ഒരു മാളവുമായാണ് നമ്മള്‍ ജനിക്കുന്നതെന്ന് ബോധജ്ഞാനശാസ്ത്രജ്ഞര്‍. 'God hole' എന്ന് ഓമനപ്പേര്‍. സഹജജ്ഞാനമാണത്. കുട്ടികള്‍ പോലും മതങ്ങളുടെ പ്രകൃത്യതീതമോ അതീന്ദ്രിയമോ ആയ അവകാശങ്ങളില്‍ എളുപ്പം വിശ്വസിച്ചു പോകുന്നത് ഇതുകൊണ്ടാണ്. തീവ്ര നിരീശ്വരര്‍ പോലും പ്രകൃത്യാതീത ആശയങ്ങളില്‍ അല്‍പ്പം വിട്ടുവീഴ്ച്ച ചെയ്യാന്‍ തയാറാകുന്നത്. ബോധജ്ഞാനത്തിന്റെ പരിണാമകാലത്ത്, സമൂഹവിസ്തൃതിയുടെ ആവശ്യകത അതിജീവനവുമായി ബന്ധപ്പെടുത്തേണ്ടി വന്നപ്പോള്‍ ദൈവം ആവശ്യമായി കടന്നു വന്നതാകണം എന്നാണ് ശാസ്ത്രാഭിമതം. ദൈവം ഒരു ഉപോല്‍പ്പന്നമാണത്രേ.

ക്രമരൂപം (Patternicity)
വിശ്വാസയന്ത്രങ്ങളാണ് നമ്മുടെ മസ്തിഷ്‌ക്കം . അതിജീവനത്തിനു ചില പ്രാഥമികവിശ്വാസങ്ങളെ പുണര്‍ന്നേ തീരൂ. ചില നിശ്ചിത ക്രമരൂപങ്ങളാണ് നമ്മുടെ തലച്ചോര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്-ആഹാരസമ്പാദനത്തിനോ വേട്ടമൃഗങ്ങളില്‍ നിന്ന് രക്ഷപെടുന്നതിനോ. ഓരോ അനുഭവങ്ങളും ക്രമരൂപങ്ങളായി മനസ്സില്‍ സൂക്ഷിക്കപ്പെടുകയാണ്, ഇത് മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പ്രാവര്‍ത്തികമാക്കുന്ന വേലയാണ്. പുരാതനമനുഷ്യന്‍ ഇരതേടാന്‍ ഇറങ്ങുമ്പോള്‍ പുറകില്‍ പുല്ലുകള്‍ അനങ്ങിയാല്‍ അത് തന്നെ ആക്രമിക്കാന്‍ വെമ്പുന്ന മൃഗം ആണെന്നു ധരിക്കുകയും ഉടന്‍ വെറും കാറ്റ് മാത്രമാണെന്ന് മനസ്സിലാക്കുകയും ചെയ്താല്‍ ഒരു ക്രമരൂപനിര്‍മ്മിതിയുടേ പ്രാഥമിക പാഠം അവനു കിട്ടുകയായി. വാസ്തവം അല്ലാത്തതിനെ സത്യമാണെന്നു ധരിക്കല്‍. നിലവിലില്ലാത്ത ക്രമരൂപം. എന്നാല്‍ പുല്ലിന്റെ ഇളക്കം കാറ്റു മൂലമാണെന്ന് വിശ്വസിക്കുകയും പക്ഷേ അക്രമിമൃഗമോ വേട്ടമൃഗമോ ആയിരുന്നു എന്ന അറിവ് കിട്ടുകയും ചെയ്യുന്നത് സത്യമായ ഒരു ക്രമരൂപം അറിയാതെ പോകലാണ്. പുല്ലിളക്കം എ യും മൃഗസാന്നിദ്ധ്യം ബിയുമാണെങ്കില്‍ എയും ബിയും (പൊട്ടുകള്‍) ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രമരൂപം മനസ്സില്‍ തറയുകയായി. പാറ്റേണിസിറ്റി എന്ന പ്രതിഭാസത്തിനോട് സമരസപ്പെടുകയാണ് തലച്ചോര്‍ ഇവിടെ. പിന്നീട് ഇത്തരം നിരീക്ഷണങ്ങളെ വിശദീകരിക്കാന്‍ എയും ബിയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാറ്റേണ്‍ തലച്ചോര്‍ സൂക്ഷിക്കുയാണ്. ദൃശ്യങ്ങളുടേയോ സംഭവങ്ങളുടേയോ സങ്കീര്‍ണ്ണത അനുസരിച്ച് കൂട്ടിയോജിപ്പിക്കേണ്ട ബിന്ദുക്കളുടെ എണ്ണം കൂടിയെന്നിരിക്കും ''ചൂടുവെള്ളത്തില്‍ വീണ പൂച്ച അനച്ചവെള്ളം കണ്ടാല്‍ പേടിയ്ക്കും'' എന്ന പഴമൊഴീവ്യാഖ്യാനം തന്നെ ഇത്. ബന്ധപ്പെടുത്തിയുള്ള ഈ പഠിച്ചെടുക്കല്‍ (associative learning) അതിജീവനത്തെ തുണയ്ക്കും. പുല്ലിളക്കം മൃഗചലനം ആണെന്ന് ധരിക്കുകയാണ് ഇതിനെ സഹായിക്കുന്നത്. മണ്ണിര മുതല്‍ മനുഷ്യന്‍ വരെ 'വിശ്വാസം അതല്ലേ എല്ലാം' എന്നത് പരസ്യവാചകം മാത്രമാണെന്ന് ധരിക്കുന്നവരല്ല. വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് വേരുപാകലാണ് സാദ്ധ്യതകളുടെ ബിന്ദുക്കളെ കൂട്ടിയോജിപ്പിക്കല്‍. പരിണമിച്ച ക്രമരൂപവിശകലനയന്ത്രമാണ് മസ്തിഷ്‌ക്കം.

ഈ വിശകലനം പലപ്പോഴും യുക്തിയുക്തമായിരിക്കണമെന്നില്ല. നൊടിനേരം കൊണ്ട് തീരുമാനങ്ങളെടുക്കേണ്ടി വന്നേയ്ക്കും പലപ്പോഴും. പ്രത്യേകിച്ചും നമ്മുടെ പ്രപിതാമഹന്മാരുടെ ചുറ്റുപാടുകളനുസരിച്ച്. എല്ലാ ക്രമരൂപങ്ങളും (പാറ്റേണുകള്‍) യഥാതഥമാണെന്ന് മുന്‍ വിധിയെടുക്കത്തക്ക വിധത്തിലാണ് തലച്ചോര്‍ പരിണമിച്ചു വന്നത്. ആദിമമനുഷ്യര്‍ തല്‍ക്കാലാതിജീവനത്തിനു വിശ്വാസങ്ങളുറപ്പിച്ച അതേ മസ്തിഷ്‌ക്കവുമായി നമ്മള്‍ ഇന്നും വ്യാപരിക്കുന്നു. പുല്ലിളക്കത്തിനു പിറകില്‍ ഹിംസ്രമൃഗമാണെന്നു നമ്മള്‍ തീര്‍പ്പുകല്‍പ്പിക്കും, എല്ലാ വെള്ളവും ചൂടുവെള്ളമാണെന്നു പൂച്ചയും. അതിജീവനത്തിനു ഈ തീരുമാനമാണ് മെച്ചം. ഇതിന്റെ കൂടെ വന്നതാണ് അന്ധവിശ്വാസങ്ങളും മാന്ത്രികവിദ്യയിലുള്ള അര്‍പ്പണബോധങ്ങളും. യുക്തിഹീനത വിശ്വാസത്തില്‍ എങ്ങനെ വന്നു എന്നല്ല ആലോചിക്കേണ്ടത് വിശ്വാസം തന്നെ ഉരുത്തിരിഞ്ഞിരിഞ്ഞത് എങ്ങനെയെന്നാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ച് ജന്തുജാലങ്ങള്‍ മാറുമെങ്കിലും പരിണാമം വളരെ സാവധാനം സംഭവിക്കുന്ന പ്രതിഭാസമാണ്; ജീനുകള്‍ ഇതനുസരിച്ച് വ്യതിയാനങ്ങള്‍ക്ക് തയാറാകുമെങ്കിലും സമയമെടുക്കും ഇതിനു. തലച്ചോര്‍ പഠിച്ചെടുക്കും പലതും, വളരെപ്പെട്ടെന്ന്. പ്രകൃതിനിര്‍ദ്ധാരണം (natural selection) എല്ലാ വിശ്വാസങ്ങളെയും ഏറ്റെടുത്തു, വിചിത്രങ്ങളോ സത്യാനുകൂലങ്ങളോ എന്നൊന്നും തരം തിരിയ്ക്കാതെ. കാര്യകാരണസഹിതം യുക്തിചിന്തയോടെ വിശ്വസിക്കാന്‍ തലച്ചോറിനാവും. അതിനു തയാറെടുക്കുകയും ചെയ്യും.പക്ഷേ നിഗൂഢതയോ ദുര്‍ഗ്രാഹ്യമായതോ ആയ വസ്തുതകള്‍ അതേ തലച്ചോറിനെ ദൈവം പോലെ അഞ്ജതശക്തികളുടെ വഴിയേ പോകാന്‍ സന്നദ്ധമാക്കുകയും ചെയ്യും. യുക്തിയ്ക്ക് വഴങ്ങാത്തതും തെറ്റാണെന്നു തെളിയിക്കാന്‍ പ്രാപ്തമല്ലാത്തതും (ശാസ്ത്രയുക്തികള്‍ക്ക് ശരിയാണെന്ന് തെളിയിക്കപ്പെടാന്‍ മാത്രമല്ല തെറ്റാണെന്ന് തെളിയിക്കപ്പെടാനും ബാദ്ധ്യതയുണ്ട്) ആയ ഇതെല്ലാം അതിജീവനത്തിനു സഹായിക്കാന്‍, ബോധജ്ഞാനങ്ങളെ ഉല്ലംഘിയ്ക്കാന്‍ പോന്നവയാണ്. ശാസ്ത്രത്തിനു യുക്തിയുമായി വരാന്‍ പറ്റാത്ത ഇടങ്ങളില്‍ ഈ ചിന്തകള്‍ നിറയ്ക്കാന്‍ വെമ്പിയിരിക്കയാണ് തലച്ചോര്‍. അല്ലെങ്കില്‍ അതിനു പരിശീലനം കൊടുക്കേണ്ടിയിരിക്കുന്നു,പരിണാമപരമായ ആ ഘട്ടത്തിലൂടെ കടന്നു പോവുകയായിരിക്കണം നമ്മളിപ്പോള്‍.

മതത്തിന്റെ പരിണാമപരമായ വിശദീകരണത്തിനു മറ്റ് രണ്ട് പണ്ഡിതവാദങ്ങളുമുണ്ട്. ഒരു അതിജീവനസഹായി ആയിരുന്നില്ല മതം, സൈക്കോളജി യന്ത്രത്തിന്റെ വെറും '''ബൈ പ്രോഡക്റ്റ്'' ആണത് എന്നൊരു ചിന്താഗതിയാണ് അതിലൊന്ന്. സാംസ്‌കാരികമായി പകര്‍ന്നുതരപ്പെട്ട വിരുദ്ധാനുകൂലത (maladaptation) ആണ് മതം എന്ന് വാദിക്കുന്ന മറ്റൊരുകൂട്ടരുമുണ്ട്. ഈ മൂന്നു കൂട്ടരും മതത്തിന്റെ വിവിധവശങ്ങളെ ആണ് പരിശോധിക്കുന്നത് എന്നതാണ് ശരി. മൂന്നുഭാഗങ്ങളും വിധിയാന്വണ്ണം ഒന്നിച്ചു ചേര്‍ക്കുമ്പോള്‍ ഒരു അര്‍ത്ഥസമ്പൂര്‍ണ്ണസ്വരൂപം കൈവരികയാണ്. 'ബൈ പ്രോഡക്റ്റ് ''തത്വം മതം എങ്ങനെ ആദ്യമായി ഉരുത്തിരിഞ്ഞു എന്ന് സൂചിപ്പിക്കുമ്പോള്‍ മറ്റ് രണ്ട് തത്വങ്ങള്‍ -1.പരിതസ്ഥിതി ഇണങ്ങല്‍ (adaptive) തത്വം 2. വിരുദ്ധാനുകൂലത തത്വം- വിശദീകരിക്കുന്നത് ആദ്യനാള്‍ മുതല്‍ ഈ ചിന്താപദ്ധതി എങ്ങനെ നിലനിര്‍ത്തി, അതിജീവനത്തിനു വേണ്ടിയുള്ള ഇണങ്ങലില്‍ എത്രമാത്രം പങ്കുണ്ട് എന്നൊക്കെയാണ്.

എന്നാല്‍ ലോകസംസ്‌കാരത്തേയും മനുഷ്യപുരോഗതിയേയും ഇന്നത്തെനിലയില്‍ കൊണ്ടെ എത്തിച്ചത് വിശ്വാസങ്ങള്‍ ആണെന്നുള്ളത് മറക്കേണ്ട. അവ ഇല്ലായിരുന്നെങ്കില്‍ ശാസ്ത്രം ഇല്ലായിരുന്നു, കല ഇല്ലായിരുന്നു . അമ്പലങ്ങളില്ല, പള്ളികളില്ലാ,യുദ്ധങ്ങളില്ലാ, പ്രകൃതികീഴടക്കലില്ല. നിങ്ങള്‍ എന്തു തരം വിശ്വാസി ആയിരുന്നാലും അവയില്ലാത്ത ജീവിതം ചിന്തിയ്ക്കാന്‍ പോലും സാദ്ധ്യമല്ല. വിശ്വാസങ്ങളാണ്, മറ്റെല്ലാത്തിനുമുപരി, നമ്മളെ മനുഷ്യരാക്കുന്നത്. അവ സ്വാഭാവികമായിട്ട് വന്നു ചേരുന്നതാണ്, എത്ര വിചിത്രവും വിലക്ഷണവുമാണെന്ന് ചിന്തിയ്ക്കാന്‍ നമ്മള്‍ ഒരുനിമിഷം നില്‍ക്കാറില്ല. ''മനസ്സിനെ അപഗ്രഥിക്കുന്നതില്‍ പ്രധാനപ്രശ്‌നം വിശ്വാസമാണ്''എന്ന് 1921 ഇല്‍ ബ്ര്‍ട്രാന്‍ഡ് റസ്സല്‍ പറഞ്ഞുവച്ചത് തലച്ചോര്‍ എന്ന വസ്തുവും മനസ്സ് എന്നതും എങ്ങനെ ബന്ധിപ്പിക്കാം എന്നതിന്റെ ആശ്ചര്യദ്യോതകമാണ്. 'Mind over matter' എന്ന പഴയ പ്രഹേളിക തന്നെ. പക്ഷേ ഇന്ന് ന്യൂറോസയന്‍സ് മസ്തിഷ്‌ക്കത്തിന്റെ ഉള്ളറകളില്‍ വിശ്വാസം എവിടെ എങ്ങനെ രൂപപ്പെടുന്നു എന്ന് ചിത്രങ്ങള്‍ സഹിതം കാണിച്ചു തരികയാണ്. ആധുനിക സാങ്കേതികവിദ്യകള്‍ 'മനസ്സ്' എന്നത് ഭൗതികമായി എവിടെയാണ് എന്നത് വെളിവാക്കിത്തരുന്നത് വമ്പന്‍ പുരോഗതിയാണ്. പലേ വികാരങ്ങളുടെയും ഉത്തേജകകേന്ദ്രങ്ങള്‍ കൃത്യമായി പറഞ്ഞു തരുന്ന സ്‌കാനിങ് വിദ്യകള്‍ നമുക്കുണ്ട്. വായിക്കുമ്പോള്‍, ചിന്തിക്കുമ്പോള്‍, പാട്ട് കേള്‍ക്കുമ്പോള്‍,കാണുമ്പോള്‍, സംസാരിക്കുമ്പോള്‍ ഒക്കെ തലച്ചോറിലെ ഏതെല്ലാം ഇടങ്ങള്‍ കര്‍മ്മനിരതരാകുന്നു എന്ന വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പാഠപ്പുസ്തകങ്ങളുടെ താളുകളില്‍ വരെ എത്തപ്പെട്ടിട്ടുണ്ട്.

ദൈവം എവിടെ? മണ്ണില്‍? വിണ്ണില്‍? തൂണില്‍? തുരുമ്പില്‍? അല്ലാ ന്യൂറോണ്‍ സംഘങ്ങളില്‍
''മതാത്മകപ്രചോദനം മസ്തിഷ്‌ക്കത്തിലെ സങ്കീര്‍ണ്ണമായ ഇലക്ട്രോകെമിക്കല്‍ പ്രകരണങ്ങള്‍ മാത്രമാണ്'' എന്ന് ആധുനികദൈവശാസ്ത്രപ്രബുദ്ധന്‍ റേസാ അസ്ലാന്‍ (Reza Aslan). ന്യൂറോസയന്‍സിനു പറയാനുള്ളതും ഇതു തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ന്യൂറോണുകളില്‍ നിന്ന് ന്യൂറോണുകളിലേക്ക് പായുന്ന വൈദ്യുതി നിര്‍മ്മിച്ചെടുക്കുന്ന വിചാരാധാരായന്ത്രങ്ങളില്‍ ഒന്നാണ് ദൈവം എന്ന്. ശാസ്ത്രപരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് പ്രാര്‍ത്ഥന, മന്ത്രം ചൊല്ലല്‍,ധ്യാനം മുതലായ നടപടിസമയങ്ങളില്‍ തലച്ചോറിലെ ഏതേത് ഭാഗങ്ങള്‍ ഉണരുന്നു, ഉത്തേജിതമാകുന്നു എന്ന് നിരീക്ഷിച്ചുകൊണ്ടാണ്. (ചിത്രം 1, ചിത്രം 2). ഓഡ്‌ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ എലെക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ എഞ്ചിനീറിങ് ഡിപാര്‍ട്‌മെന്റിലെ ഗോപീകൃഷ്ണ ദേശ്പാണ്ഡേയും സംഘവും എം ആര്‍ ഐ (MRI) പോലത്ത സ്‌കാനിങ് വിദ്യകള്‍ കൊണ്ട് നിരീക്ഷിച്ചത് വിശ്വാസിയുടേയും ദൈവനിഷേധിയുടേയും തലച്ചോര്‍ ഉത്തേജനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ്. എന്നാല്‍ ഉത്തേജിക്കപ്പെട്ട കേന്ദ്രങ്ങളുടെ സംവേദനത്തിലാണു വ്യത്യാസങ്ങള്‍ കണ്ടെത്തിയത്. പ്രകൃത്യാതീതശക്തി ദിവസേന സ്വന്തം ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് കരുതുന്നവരുടെ തലച്ചോറില്‍ പേടിയുടെ കേന്ദ്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മതസിദ്ധാന്തങ്ങള്‍ വഴിയും വിശുദ്ധ/വേദഗ്രന്ഥങ്ങള്‍ വഴിയും മതാത്മകത ഉള്‍ക്കൊ ള്ളുന്നവരില്‍ ഭാഷ പഠിച്ചെടുത്ത് ഉപയോഗിക്കാനുള്ള മസ്തിഷ്‌ക്കകേന്ദ്രങ്ങളാണ് ഉത്തേജിതമാകുന്നത്. മത/ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ മതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാഴ്ച്ച വഴി വിഭാവനം ചെയ്യുന്ന പ്രതിബിംബങ്ങള്‍ ഉരുത്തിരിയുന്ന കേന്ദ്രങ്ങളാണ് ഉണരുന്നത്.ഇകാര്യത്തില്‍ കൂടുതല്‍ കൃത്യത ലഭിച്ചു വരികയാണ്. ചുഴലിയും ഷ്‌കൈസോഫ്രീനിയയും ബാധിച്ചവരില്‍ പലര്‍ക്കും അതിതീവ്രമായ മതാത്മകത താനേ തോന്നാറുള്ളതുകൊണ്ട് അവരുടെ തലച്ചോര്‍ പഠനങ്ങളില്‍ നിന്നും ചില മതബോധ-മസ്തിഷ്‌ക്കകേന്ദ്രബന്ധങ്ങള്‍ക്കുള്ള സൂചനകള്‍ ലഭിയ്ക്കുന്നുണ്ട്. തീവ്രവിശ്വാസികളായ മോര്‍മോണ്‍ (Latter Day Saints ന്റെ ഒരു ശാഖ) മതക്കാരുടെ പ്രാര്‍ത്ഥനയിലും ധ്യാനസമയങ്ങളിലും എം ആര്‍ ഐ സ്‌കാനിങ് വഴി തലച്ചോര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ പ്രതിഫലം കൊണ്ട് സന്തോഷം നല്‍കുന്ന ഇടങ്ങളായ (reward centers)ന്യൂക്‌ളിയസ് അക്കുംബെന്‍സ് (nucleus accumbens), നെറ്റിക്കു പിറകിലുള്ള തലച്ചോര്‍ ഇടമായ പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സ് (prefrontal cortex) ഇവയൊക്കെ ഉത്തേജിതമാകുന്നതായി നിരീക്ഷിക്കപ്പെട്ടു. പ്രത്യേകിച്ചും ventromedial prefrontal cortex. (ചിത്രം 3 കാണുക) അമിതസുഖസന്തോഷവികാരത്തിനു ഉത്തരവാദിയാകുന്ന ഇടങ്ങള്‍ തന്നെ ഇവ. പ്രണയം, സംഗീതം, സെക്‌സ്, മയക്കുമരുന്നുകള്‍ ഇവ ഉത്തേജിപ്പിക്കുന്ന ന്യൂറോണ്‍ കേന്ദ്രങ്ങളില്‍ത്തന്നെ ദൈവത്തെ തേടേണ്ടിയിരിക്കുന്നു എന്നത് കൗതുകകരം തന്നെ. ന്യൂക് ളിയസ് അക്കുംബന്‍സ് പ്രത്യേകിച്ചും. 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' എന്ന പ്രസ്താവന ന്യൂറൊസയന്റിസ്റ്റുകളും ശരിവയ്ക്കുകയാണ്: കറപ്പിന്റെ (opioid)സ്വീകരിണികള്‍ നിറഞ്ഞിരിക്കുന്ന ഇടങ്ങളാണ് പ്രാര്‍ത്ഥന/ധ്യാന സമയത്തും ഉണരുന്നത്.തലച്ചോറിലെ ചില ഇടങ്ങള്‍ക്ക്- ചെവിക്കുറ്റിയ്ക്കുള്ളിലെ മസ്തിഷ്‌ക്കഭാഗ (temporal cortex) ത്തിനും പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സിനും- ക്ഷതം പറ്റിയാല്‍ നിഗൂഢമായ ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ അനുഭവപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

തലച്ചോറില്‍ കൃത്യമായി ഒരിടം ദൈവത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ടെന്ന് പറയാന്‍ ഇന്ന് സാധിക്കുകയില്ലെങ്കിലും,പ്രതിഫലസന്തോഷം, പേടി, ഊഷ്മളവികാരങ്ങള്‍ ഇവയുടെ ഒക്കെ ന്യൂറോണ്‍ സങ്കേതങ്ങളിലായിരിക്കണം ഈ സാര്‍വ്വലൗകികആശയം പ്രകമ്പനം കൊള്ളുന്നതെന്നാണ് ന്യൂറോശാസ്ത്രജ്ഞര്‍ കരുതുന്നത്. (ചിത്രം 1, 2).വികാരങ്ങളും അവയുടെ കൃത്യമായ കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ആധുനിക സ്‌കാനിങ് വിദ്യകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ അധികം സമയം വേണ്ടി വരികില്ല.
ഡോപമീന്‍ എന്ന ന്യൂറോസമ്പ്രേഷകവസ്തു തലച്ചോറിലെ സംവേദനങ്ങളില്‍, പ്രത്യേകിച്ചും പ്രതിഫലസന്തോഷോദ്ഗമനത്തില്‍ പ്രധാനപങ്കു വഹിക്കുന്നു. ഡോപമീന്‍ അസന്തുലിതാവസ്ഥ മതാത്മകപെരുമാറ്റവുമായി ബന്ധപ്പെട്ടതാണ് (ചിത്രം 2). ഡോപമീന്റെ അളവു കുറയുന്ന പാര്‍ക്കിന്‍സണ്‍ രോഗാവസ്ഥയില്‍ മതപരമായ വിമുഖത കാണാറുണ്ട്. ഈ വസ്തുവിന്റെ ഫിസിയോളജിയിലെ വ്യതാസങ്ങള്‍ ചിലരില്‍ ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നതായി തോന്നാന്‍ ഇടയാക്കുന്നുണ്ട്. ദൈവം തലച്ചോറിലെ ന്യൂറോസമ്പ്രേഷകവസ്തുവായി അവതരിയ്ക്കയാണെന്നു സാരം

വിശ്വാസത്തിനും അവിശ്വാസത്തിനും കേന്ദ്രങ്ങള്‍
വ്യത്യസ്ത മസ്തിഷ്‌ക്കകേന്ദ്രങ്ങളാണ് വിശ്വസിക്കുമ്പോഴും അവിശ്വസിക്കുമ്പോഴും ഊര്‍ജ്ജസ്വലമാകുന്നത്. വിശ്വാസം കൊള്ളുമ്പോള്‍ മനസ്സിലുണരുണത് പുരികത്തിനു നേരേ പിറകില്‍, എന്നാല്‍ തലച്ചോറില്‍ നടുക്കായി സ്ഥിതി ചെയ്യുന്ന ഭാഗമാണ് (ventromedial prefrontal cortex) എന്ന് മേല്‍ പ്രസ്താവിച്ചു കഴിഞ്ഞു. അവിശ്വാസം തോന്നുമ്പോഴോ തെറ്റായ പ്രമേയങ്ങളോ അഭിപ്രായമോ കേള്‍ക്കുമ്പോഴോ കൂടുതല്‍ ഉള്ളില്‍ ഉള്ള 'ലിംബിക് സിസ്റ്റെം'ആണ് പ്രാവര്‍ത്തികമാകുന്നത്. വികാരങ്ങളുടെ, ഓര്‍മ്മയുടെ, ഉണര്‍ച്ചയുടെ കേന്ദ്രമാണിത്. ഈ കേന്ദ്രത്തിന്റെ മുന്‍ഭാഗത്തുള്ള 'സിന്‍ഗുലേറ്റ് കോര്‍ടെക്‌സ് (cingulated cortex) ആണ് അവിശ്വാസപ്രമേയം പാസാക്കുന്നത്. വേദനയും വെറുപ്പും ഉളവാക്കാനുള്ള ഇടം. ദുര്‍ഗ്ഗന്ധമോ ദുസ്സ്വാദോ നിരാകരിക്കുന്നതിനു സമാനമായ പ്രതികരണം. എന്നാല്‍ അനിശ്ചിതമോ തീര്‍ച്ചയില്ലാത്തതോ ആയ കാര്യങ്ങള്‍ ചിന്താക്കുഴപ്പം ഉളവാക്കുന്നതിനു ഒരുമ്പെടുന്നത് ഈ സിന്‍ഗുലെറ്റ് കോര്‍ടെക്‌സിന്റെ എറ്റവും മുന്‍ ഭാഗമാണ്. സംഘര്‍ഷങ്ങളെ മുന്‍ കരുതലോടെ നിരീക്ഷിക്കാനും തെറ്റുകള്‍ കണ്ടുപിടിയ്ക്കാനും അതോടെ അറിവ് എന്നത് സ്വരൂപിക്കാനും ചുമതലയുള്ള ഭാഗമാണിത്.

അഹന്തയുടെ ആധിക്യത്തോടെ മറ്റുള്ളവരെ ചതിയ്ക്കാനും ചൂഷണം ചെയ്യാനും കൗശലസ്വാധീനത്താല്‍ തന്‍കാര്യങ്ങള്‍ നേടാനും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇടവും പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സിന്റെ മറ്റൊരിടമാണ്. ഈ ഭാഗത്തിനു ക്ഷതമേറ്റാല്‍ സല്‍സ്വഭാവികളും മേല്‍പ്പറഞ്ഞ സ്വഭാവരീതികളിലേക്ക് ചാഞ്ഞേയ്ക്കാം എന്ന് ന്യൂറോളജി ക്‌ളിനിക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ തെളിയിക്കുന്നു. തീവ്രവാദികള്‍ക്ക് ഈ മസ്തിഷ്‌ക്കഭാഗം ഉത്തേജിക്കപ്പെട്ടതായിരിക്കാം എന്നാണ് ആധുനിക നിഗമനം.

അറിഞ്ഞിട്ട് വിശ്വസിക്കുകയോ വിശ്വസിച്ചിട്ട് അറിയുകയോ?
എല്ലാ വിശ്വാസങ്ങളും അറിവിനെ അടിസ്ഥാനമാക്കിയാണ്, തെറ്റായാലും ശരിയായാലും. ഒരു കാലത്ത് ഇക്കാര്യത്തില്‍ കടുത്ത വിരുദ്ധതത്വങ്ങള്‍ ഫിലോസഫിക്കാരില്‍ നടമാടിയിരുന്നു. ഡെകാര്‍ടെ ( Rene Descartes) യുടെ വാദം ഇപ്രകാരമാണ്: ആദ്യം അറിയുക, പിന്നെ അതില്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നതാണ് തലച്ചോറിന്റെ രീതി. എതിരാളിയായ സ്‌പൈനോസ ( Baruch Spinosa)യുടെ വാദമുഖം വിശ്വാസത്തില്‍ വേരുറപ്പിച്ചാലേ ഒരു കാര്യം അറിയാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു. ആദ്യം വിശ്വാസം, പിന്നെ അറിവ് എന്ന്. ആധുനികശാസ്ത്രം പിന്താങ്ങുന്നത് സ്‌പൈനോസയുടെ വാദമാണ്. നമ്മുടെ മസ്തിഷ്‌ക്കത്തിനു എന്തും സ്വീകരിക്കാനാണ് ഉല്‍സാഹം. ഉദാഹരണത്തിനു കുട്ടികളെ വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. സംശയിക്കാനും അറിവിനെ ത്യജിക്കാനും മനസ്സ് സമയമെടുക്കും, അതിനു സ്വല്‍പ്പം മെനക്കെടല്‍ ആവശ്യമാണ്. 2008-2009 കളില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സാം ഹാരിസും കൂട്ടരും നടത്തിയ പരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ചില കൃത്യനിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സഹായിച്ചു, തലച്ചോറിന്റെ സൂക്ഷ്മപ്രവൃത്തികള്‍ രേഖപ്പടുത്തുന്ന സ്‌കാനര്‍ ഘടിപ്പിച്ചവരോട് വിശ്വാസസംബന്ധിയായ ചോദ്യങ്ങള്‍ ചോദിച്ച് ഏതു ഇടങ്ങളാണ് ഊര്‍ജ്ജസ്വലമാകുന്നത് എന്ന് കണ്ടു പിടിയ്ക്കുകയായിരുന്നു ഉദ്ദേശം. സ്വന്തം വിശ്വാസത്തെ പിന്‍ തുണന്യ്ക്കുന്ന ചോദ്യങ്ങളോടൊപ്പം പ്രി ഫ്രൊണ്ടല്‍ കൊര്‍ടെക്‌സ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. (ചിത്രം 4 നോക്കുക). സത്യമെന്ന് വിശ്വസിക്കപ്പെടുന്നു എന്നു കരുതുന്ന ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മസ്തിഷ്‌ക്കം മിക്കവാറും 'നിശബ്ദ'മായിരുന്നു, യുക്തിവിചാരത്തിന്റേയും വികാരപരമായ പ്രതിഫല (emotional reward center) ത്തിന്റേയും കേന്ദ്രത്തില്‍ ചില സ്ഫുലിംഗങ്ങള്‍ നിര്‍മ്മിക്കപ്പെട്ടെതൊഴിച്ചാല്‍. എന്നാല്‍ അവിശ്വാസവും സന്ദേഹവും ജനിപ്പിക്കുന്ന ചോദ്യങ്ങളുടെ പ്രതികരണം ഗാഢമായ പര്യാലോചനയുടേതും തീരുമാനങ്ങള്‍ എടുക്കുന്നതുമായ തലച്ചോര്‍ കേന്ദ്രം ശക്തിയേറിയതും നീണ്ടതുമായ ഉത്തേജനം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അവിശ്വസനീയത വേരുറപ്പിക്കാന്‍ കൂടുതല്‍ പ്രയത്‌നം ആവശ്യമാണെന്ന് തെളിയുകയാണിവിടെ.

ഹാരിസ്സിന്റേയും കൂട്ടരുടേയും പരീക്ഷണഫലം സ്ഥിരീകരിച്ചത് തലച്ചോറിന്റെ സാധാരണവും തനതായതുമായ സ്വഭാവം അറിവുകള്‍ നേരേ സ്വീകരിക്കുക എന്നതാണ്. വിശ്വാസം എളുപ്പം വന്നുചേരും, സംശയത്തിനു പ്രയത്‌നമുണ്ട്. പ്രായോഗികമായി ജീവിതസാഗരത്തില്‍ നീന്താന്‍ ഇതൊരു സമര്‍ത്ഥ നയോപായകൗശലമല്ലെന്ന് തോന്നുമെങ്കിലും പരിണാമത്തിന്റെ വെളിച്ചത്തില്‍ ഇതിനു സാധുതയുണ്ട്. പരിഷ്‌കൃതസൂക്ഷ്മജ്ഞാനം പ്രദാനം ചെയ്യുന്ന ധാരണാശക്തിബോധം പരിണമിച്ചത് പ്രാകൃതമായ ലളിതമായ ഗ്രഹണശക്തികളില്‍ നിന്നാണ്. അവ പലതും മസ്തിഷ്‌കം സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. വിമര്‍ശനമോ ഗുണദോഷനിരൂപണമോ കൂടാതെ പ്രാഥമിക അറിവുകളെ അപ്പാടെ സ്വാംശീകരിക്കുക ഇതിലൊന്നാണ്. കണ്ണിനാല്‍ കാണ്മതെല്ലാം, കാതിനാല്‍ കേള്‍പ്പതെല്ലാം അറിവുകളും അതിലൂടെ വിശ്വാസങ്ങളും മസ്തിഷ്‌ക്കം പകര്‍ന്നെടുക്കുകയാണ്. എന്നാല്‍ അമൂര്‍ത്തമോ നിഗൂഢമോ നിരാകാരമായതോ ആയ ആശയങ്ങള്‍ ഉദ്‌ബോധകശക്തിയായി പ്രത്യക്ഷപ്പെടുമ്പോള്‍ ഇതേ തലച്ചോര്‍ കുഴങ്ങിപ്പോവുകയാണ്.

ഹാരിസ് ഗ്രൂപിന്റെ പഠനങ്ങള്‍ മറ്റൊരു സൂചകവും വെളിവാക്കി: വിശ്വാസം ഉളവാക്കുന്നതില്‍ യുക്തിവിചാരത്തിനും വികാരം/ ഉണര്‍ച്ചയ്ക്കും പങ്കുണ്ട്. കാണുന്നതും കേള്‍ക്കുന്നതും മുഴുവന്‍ വിശ്വാസത്തില്‍ എത്തണമെന്നില്ല. മാജിക്കുകാരന്‍ ശരീരത്തെ രണ്ടായി മുറിക്കുന്നത് കണ്ട് നമ്മള്‍ അത് അപ്പാടെ വിശ്വസിക്കാറില്ല. വായുവില്‍ പൊന്തി നിറുത്തുന്നതു കണ്ട് ഫിസിക്‌സിന്റെ നിയമങ്ങളെ മാന്ത്രികന്‍ ഖണ്ഡിയ്ക്കുന്നു എന്ന് വിചാരിക്കാറുമില്ല. തലച്ചോറിനു ആഘാതമേറ്റവര്‍ക്കും മാനസികപ്രശ്‌നമുള്ളവര്‍ക്കും മിഥ്യാബോധവും മതിവിഭ്രമവും (delusion) ഉണ്ടാകാറുണ്ട്. കാണുന്നതോ കേള്‍ക്കുന്നതോ യുക്തിവിചാരത്തോടേ ഉള്‍ക്കൊള്ളാന്‍ പറ്റത്തതിനാലാണിത്. ചിലപ്പോള്‍ അവരുടെ പ്രാഥമിക ഗ്രഹണശക്തിയില്‍ പാകപ്പിഴ കടന്നുകൂടിയതുമാകണം കാരണം. അവര്‍ മരിച്ചവര്‍ ആണെന്ന് സ്വയം വിശ്വസിക്കുക, ഉറ്റവര്‍ എല്ലാം പോയി, ആള്‍മാറാട്ടക്കാര്‍ വന്നു എന്നൊക്കെ വിശ്വസിച്ചേക്കും. ചിലര്‍ക്ക് കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം സ്വന്തം ആണെന്ന് തിരിച്ചറിയാന്‍ പറ്റാതെ പോകാറുണ്ട്. കാഴ്ച എന്ന ഗ്രാഹകത്തോടൊപ്പം വിചിന്തനം പ്രയോഗത്തില്‍ വരാതെപോകുന്നതുകൊണ്ടാണിത്. നമ്മുടെ പഞ്ചേന്ദ്രിയബോധങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് വിശ്വാസമുറപ്പിക്കുകയാണ്. മസ്തിഷ്‌ക്കാഘാതം സംഭവിച്ചവര്‍ക്ക് ചിലപ്പോള്‍ ഇതോടൊപ്പമുള്ള വികാരപ്രത നഷ്ടപ്പെട്ട് പോകാറുണ്ട്. ''ഇന്നലെ കാണാന്‍ വന്ന സ്ത്രീ എന്റെ ഭാര്യയെപ്പോലിരുന്നു, പക്ഷേ എനിക്ക് ഒട്ടുമങ്ങ് തോന്നിയില്ല'' എന്ന് അവര്‍ പറഞ്ഞേക്കാം. വിശ്വാസരൂപീകരണത്തിന്റെ സാധാരണ പ്രക്രിയ ഇതിനു സമാനമാണ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന സംവേദനങ്ങള്‍ക്കൊപ്പം അബോധതലത്തില്‍ നടക്കുന്ന പ്രതികരണങ്ങളും കൂട്ടിയോജിപ്പിച്ച് 'ശരി എന്ന തോന്നല്‍' വന്നടുക്കുകയാണ്-വിശ്വാസം വേരുറപ്പിച്ചു ഇവിടെ.

രണ്ടു ഘട്ടങ്ങളിലായാണ് ഈ പ്രക്രിയ നടക്കുന്നത്-ഇന്ദ്രിയസംവേദനവും പിന്നെ ശരി തോന്നലും (feeling of rightness)- എന്നത് വിചിത്രവും അസംഭാവ്യവുമായ കാര്യങ്ങളില്‍ ചിലര്‍ വിശ്വസിച്ചുപോകുന്നത് വ്യാഖ്യാനിക്കാന്‍ സഹായവുമായി എത്തുണ്ട്. നമ്മുടെ ഇന്ദ്രിയബോധങ്ങള്‍ -കാഴ്ച്ച. കേള്‍വി, സ്പര്‍ശം, മണം, സ്വാദ്- എന്നിവകൊണ്ട് അപഗ്രഥിക്കാനാകാത്ത കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സ്വാഭാവികമായ വിശ്വാസശീലത വഴിതെറ്റിപ്പോകും. ''ന്യൂ യോര്‍ക്കിലെ വേള്‍ഡ് ട്രെയ്ഡ് സെന്റെര്‍ തകര്‍ത്തതിനു പിന്നില്‍ അമേരിക്കന്‍ ഗവണ്മെന്റ് തന്നെയാണ്'' അല്ലെങ്കില്‍ ''താജ് മഹല്‍ ഒരു ഹിന്ദു ക്ഷേത്രമാണ്'' ഒക്കെ ഉദാഹരണമാണ്. മറ്റൊരു പ്രശ്‌നം ''ശരി എന്ന തോന്നല്‍'' അങ്ങേയറ്റം തെറ്റുപറ്റത്തക്കതാണെന്നതാണ്. ഈ തോന്നലിനു മൂന്ന് ഉറവിടങ്ങളുണ്ട്-നമ്മളില്‍ വികാസം പ്രാപിച്ച സൈക്കോളജി, വ്യക്തിപരമായ ജൈവികവ്യത്യാസങ്ങള്‍, നമ്മള്‍ അടുത്ത് ഇടപഴകി വച്ചുകൊണ്ടിരിക്കുന്ന സമൂഹം എന്നിവ. നമ്മളില്‍ ഉരുത്തിരിഞ്ഞ സൈക്കോളജിയുടെ പ്രാഭവത്തിനു ഉദാഹരണം മതം തന്നെ. ഏറ്റവും പ്രധാനപ്പെട്ട വിശ്വാസപ്രസ്ഥാനമാണത്. പരിണമിച്ച സൈക്കോളജിയെ പ്രകാശമാനമാക്കുന്ന പ്രതിഭാസം. എല്ലാ മതങ്ങള്‍ക്കും സ്ഥിരം കഥാപാത്രങ്ങളുണ്ട്-പ്രകൃത്യാതീത ശക്തിപ്രതിനിധികള്‍,മരണാനന്തരജീവിതം,ധാര്‍മ്മികഘോഷണങ്ങള്‍, അസ്തിത്വചോദ്യങ്ങള്‍ക്ക് മറുപടികള്‍ ഇങ്ങനെ. ഉപോല്‍പ്പന്നതത്വം (byproduct theory) അനുസരിച്ച് പരിണാമകാലത്ത് മുകളില്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രാഥമികമായ ബോധജ്ഞാനങ്ങളാല്‍ മതം എന്ന പൊതുതോന്നല്‍ മനസ്സില്‍ കുടിയിരുത്തപ്പെട്ടു. കാറ്റോ ഹിംസ്രജന്തുക്കളൊ കാരണമല്ലാതെ പുല്ലുകളിളകിയാലും രക്ഷപെടാനുള്ള മാര്‍ഗ്ഗം മനസ്സ് പഠിച്ചു വച്ചു, അതിജീവനത്തിനു ഇത് സഹായിച്ചു കാണണം. ശക്തിപ്രതിനിധികളുടെ ഉദ്ദേശവും പ്രയോജനവും എല്ലായിടത്തും കാണപ്പെടുന്നു എന്ന് തോന്നിത്തുടങ്ങി. ആകസ്മികവും ക്രമരഹിതവും ആയ വിശേഷങ്ങള്‍ക്ക് എങ്ങുംനിറഞ്ഞ അദൃശ്യശക്തി കാരണമായി ഭവിച്ചു. വിശ്‌ളേഷണാത്മകമായ തലച്ചോറിടങ്ങള്‍ പ്രതിഭാസങ്ങള്‍ക്ക് കാരണം കാണാതുഴറുമ്പോള്‍ ഉത്തരവുമായി ദൈവം എന്ന അദൃശ്യശക്തി പ്രത്യക്ഷപ്പെട്ടു. മറ്റു ചില തലച്ചോര്‍ കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായി. ഇങ്ങനെ മതം മുന്നോട്ട് വയ്ക്കുന്ന അവകാശങ്ങള്‍ ആദ്യം തന്നെ സ്വീകരിക്കാന്‍ തലച്ചോറിനു വെമ്പല്‍ കൂടി. ആദ്യം ഈ പ്രഹേളികകള്‍ മുന്നിലെത്തുമ്പോള്‍-പ്രത്യേകിച്ചും കുട്ടികളായിരിക്കുമ്പോള്‍-ഒരു മറുചോദ്യവും ചോദിക്കാതെ ഉള്‍ക്കൊള്ളാന്‍ പരിശീലിക്കപ്പെട്ടു. ശരി എന്നൊരു തോന്നല്‍ ഇതിന്റെ ഒരു ഭാഗമായി വന്നുകൂടി. ക്രമരൂപങ്ങള്‍ ദൈവസാന്നിദ്ധ്യമാണെന്ന തോന്നല്‍ അതിജീവനത്തിനു സഹായിച്ചു കാണണം. പില്‍ക്കാലത്ത് സമൂഹക്രമങ്ങള്‍ രൂപപ്പെട്ടപ്പോള്‍ നിയന്ത്രണത്തിനും കൂട്ടായ്മനിലനിര്‍ത്താനും സംഘടിതമായി ഉപയോഗിച്ചതോടേ മതം ഉദയം ചെയ്തു.

'ശരി തോന്നലി'നെ സ്വാധീനീക്കുന്ന രണ്ടാം ഘടകം നമ്മുടെ ബയോളജി തന്നെ. കൂടുതല്‍ വ്യക്തിപരമാണിത്. നമ്മുടെ രാഷ്ട്രീയ/സാമൂഹ്യ ചായ് വുകളിലും വിചാരധാരകളിലും ജീവശാസ്ത്രപരമായ കാരണങ്ങളുടെ സ്വാധീനം ഉണ്ടെന്നാണ് ആധുനിക ശാസ്ത്രാഭിമതം. യാഥാസ്ഥിതികര്‍ ഭീതിദമായ ചിത്രങ്ങളോടോ വസ്തുക്കളോടോ പ്രതികരിക്കുന്നത് വിശാലമനസ്‌ക്കരെപ്പോലെയല്ല; ഫിസിയോളജി അളന്ന് ഈ വ്യത്യാസം കണ്ടു പിടിക്കാമത്രേ. അവരുടെ ത്വക്കിന്റെ സംവേദനത്വം, കണ്ണിന്റെ ഇമ അടച്ചു തുറക്കലിന്റെ വേഗം ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വെറുപ്പ്, അറപ്പ്, വിദ്വേഷം ഒക്കെ കൂടുതലായി പ്രകടിപ്പിക്കാനുള്ള പ്രവണതയുണ്ട്, ഇതിനു ജൈവശസ്ത്രപരമായ കാരണങ്ങള്‍ കണ്ടുപിടിച്ചു തുടങ്ങിയിട്ടുമുണ്ട്. . മിക്കപ്പോഴും വിശ്വാസങ്ങള്‍ ധാര്‍മ്മിക നിലപാടുകളു (moral positions) മായി ബന്ധപ്പെട്ടാണിരിക്കുന്നത്. വസ്തുനിഷ്ഠമായ വിശ്വാസങ്ങള്‍ക്ക് ചൂട്ടുമിന്നിക്കുന്നത് ധാര്‍മ്മികത ആണെങ്കില്‍ ധാര്‍മ്മികത എവിടെ നിന്ന് വരുന്നു എന്നത് ചോദ്യമാണ്. തീര്‍ച്ചയായും തലച്ചോറില്‍ നിന്നല്ല.

നമ്മുടെ ധാര്‍മ്മിക മതിപ്പുകളും തീര്‍പ്പുകളും പെട്ടെന്നുള്ളവയും ഉള്ളുണര്‍വ് അല്ലെങ്കില്‍ സഹജജ്ഞാനം കൊണ്ട് ഉറവിടുന്നവയാണ്. ആദ്യം പെട്ടെന്ന് ഒരു തീര്‍ച്ചപ്പെടുത്തല്‍ പിന്നെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടു വരിക എന്ന രീതിയാണ് പലപ്പോഴും.' ദേശീയപതാക കൊണ്ട് റ്റോയിലറ്റ് കഴുകുന്നത് ശരിയാണോ'' എന്ന് ചോദിച്ചാല്‍ പെട്ടെന്ന് ശരിയല്ല എന്ന ഉത്തരം വന്നേയ്ക്കും. എന്തുകൊണ്ട് ശരിയല്ല എന്ന് ചോദിച്ചാല്‍ കാര്യകാരണവിശദീകരണം കിട്ടാന്‍ താമസിച്ചേക്കും. തന്റെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാനും ശരിയെന്ന് തെളിയിക്കാനും വാദമുഖങ്ങള്‍ ഉയര്‍ത്തപ്പെട്ടേയ്ക്കും. കുറച്ചറിയുക, ഏറെ വിശ്വസിക്കുക എന്നതു തന്നെ തലച്ചോറിന്റെ കളി.

നമ്മള്‍ വളര്‍ന്ന സാംസ്‌കാരികമണ്ഡലത്തിനു ഏറെ സ്വാധീനിക്കാനുണ്ട് നമ്മുടെ വിശ്വാസത്തെ. ജനിച്ചു വീഴുമ്പോഴെ പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവുകള്‍ വഴി വിശ്വാസങ്ങള്‍ കയറിക്കൂടുകയാണ്-വസ്തുക്കള്‍ താഴേയ്ക്ക് വീഴും എന്ന സാധാരണ അറിവു പോലത്തവ മുതല്‍. പിന്നെ അടുത്തിടപഴകുന്നവരുടെ വിശ്വാസങ്ങള്‍ നമ്മളിലും പകരുകയായി. കാര്യകാരണ,യുക്തിയുക്തം ഒന്നുമായല്ല ഇവ വേരുറപ്പിക്കുന്നത്. പിന്നെ നമ്മള്‍ പ്രത്യേക 'ഗോത്രം'അനുസരിച്ചും വിശ്വാസങ്ങള്‍ രൂപപ്പെടുകയായി. ഇത് ജാതിയേയോ മതത്തേയോ ആശ്രയിച്ചിരിക്കുകയും ചെയ്യും. തെളിവുകളുടേയോ ശരിയുടേയോ പക്ഷത്തായിരിക്കില്ല നമ്മള്‍, 'ശരി'യായിട്ടുള്ള ഗോത്രത്തോടൊപ്പമായിരിക്കും. പ്രതിരോധ കുത്തിവയ്പ്പിനോടുള്ള എതിര്‍പ്പ്, വാസ്തു സംബന്ധമായ ഭോഷ്‌ക്കുകള്‍, ജാതകം നോക്കല്‍ ഒക്കെ നമ്മള്‍ ഉറ്റവരില്‍ നിന്നും ഉള്‍ക്കൊള്ളുന്ന വിശ്വാസങ്ങളാണ്.

ചുരുക്കത്തില്‍ നമ്മുടെ സംസ്‌കാരം, ബയോളജി, സൈക്കോളജി എന്നിവയാലാണ് വിശ്വാസപദ്ധതികള്‍ രൂപപ്പെട്ടു വരുന്നത്. പ്രായപൂര്‍ത്തി ആകുന്നതോടേ ഇവയുടെ സ്വാധീനത്താല്‍ ന്യായാനുസാരമെന്ന് നമുക്ക് നിശ്ചയമുള്ളതും (ഇത് സത്യവും വസ്തുനിഷ്ഠവും ആയിക്കൊള്ളണമെന്നില്ല) ആഘാതമേറ്റാലും ഉടന്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതും ആയ ഒരു പറ്റം വിശ്വാസങ്ങള്‍ ആഴത്തില്‍ വേരുറപ്പിച്ച് കഴിഞ്ഞു കാണും. തമ്മില്‍ അതിവിദഗ്ധമായി ബന്ധിപ്പിച്ചുള്ളതും ഉള്‍പ്പൊരുത്തം നിലനിര്‍ത്തുന്നതുമായിരിക്കും ഇതിന്റെ ഘടകങ്ങള്‍.യുക്തിസഹവും വിവേകജന്യവും ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നുതുമല്ല ഈ വിശ്വാസസംഹിതകള്‍. സ്വന്തമായുണ്ടാക്കിയ ഗൈഡ്ബുക്കുമായി നടക്കുകയാണു നമ്മള്‍. പുതിയ ആശയം അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ ഉള്ളുറപ്പിനോട് അനുയോജ്യപ്പെടുത്താന്‍ ശ്രമിക്കും. പറ്റിയില്ലെങ്കില്‍ ഉടന്‍ തള്ളിക്കളയാന്‍ ശ്രമിക്കും. അല്ലെങ്കില്‍ സ്വന്തം വിശ്വാസമാണ് ശരി എന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കാരണങ്ങള്‍ തേടിപ്പോകും. പുരാണങ്ങള്‍, മിത്തുകള്‍,മതസംഹിതകള്‍ ഒക്കെ ചികയുകയായി. വിമര്‍ശനാത്മകമായ ചിന്തകള്‍ പിന്തിരിപ്പന്‍ ആശയങ്ങളെ പിന്‍ തള്ളും എന്ന് കരുതിയാല്‍ നടപ്പുള്ള കാര്യമല്ല. സംസ്‌കാരവും പൊതു സൈക്കും വിശ്വാസങ്ങളെ ബാധിയ്ക്കുന്നതിന്റെ പരിണതി പല സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളില്‍ പ്രകടമാണ്. കോടതി വിധി അനുകൂലമാകാന്‍ വഴിപാട് കഴിക്കുന്നവരെ ഇന്‍ഡ്യയിലാണു കാണുന്നത്. അതിസാങ്കേതികകലാവിദ്യയായ സിനിമയ്ക്ക് തുടക്കമിടുമ്പോള്‍ പൂജ ചെയ്യുന്നതും സിനിമ തുടങ്ങുന്നതിനു മുന്‍പ് 'താങ്ക് ഗോഡ് 'എന്ന് ടൈറ്റിലില്‍ എഴുതിക്കാണിക്കുന്നതും മലയാളികള്‍ തന്നെ. ചുറ്റിയ പാമ്പ് കടിച്ചേപോകൂ എന്ന രീതിയില്‍ ആദ്യകാലവിശ്വാസങ്ങള്‍ ആഴത്തില്‍ വേരിറക്കിയിട്ടുള്ളതുകൊണ്ടാണ്. പ്രശസ്ത ന്യൂറോശാസ്ത്രജ്ഞന്‍ ഹാലിഗന്‍ പറയുന്നു:'' സത്യം പറയട്ടെ, എന്റെ വിശ്വാസങ്ങള്‍ ഞാന്‍ തെരഞ്ഞെടുത്തതല്ല, അവ എന്റെ കൂടെയുണ്ടെന്ന് ഞാന്‍ അറിയുകയാണ്. പണിപ്പാടോടെ ഒരു തിരിഞ്ഞു നോട്ടത്തില്‍ ഞാന്‍ ചോദിക്കുന്നു, ഈ വിശ്വാസം എന്നില്‍ എങ്ങനെ ജനിച്ചു?
Join WhatsApp News
സര്‍വ്വശക്തന്‍ 2018-10-04 08:59:57
എന്തിനാ ന്യുറോൺ ദൈവമേ നീ 
'എതിരൻ കതിരവൻ' എന്ന പേരിൽ 
എന്നെ തുലായ്ക്കാനായ് അവതരിച്ചു 
എന്റെ ഉടുതുണി പറിച്ചുമാറ്റി 
എന്നെ പച്ചയായ് എടുത്തുകാട്ടി 
എന്നെ അട്ടിമറിക്കാൻ നോക്കിടേണ്ട 
നൂറ്റാണ്ടുകളായി മനുഷ്യ മസ്തിഷ്‌കത്തിൽ 
കുടിയേറി പാർക്കുന്നോനാണ് ഞാൻ 
എനിക്കായി ജീവൻ കൊടുത്തിടുവാൻ 
ഇവിടെ നിരന്നിടും പതിനായിരങ്ങൾ 
അടിപിടി തെറിവിളി ശണ്ഠകൂടി 
അവരെന്നെ പരിപാലിച്ചിടും 
അവരുടെ ന്യുറോൺ കേന്ദ്രങ്ങളിൽ 
ഇനിമേലിൽ  സ്ഫുലിംഗങ്ങൾ ചിന്നുകില്ല
അവരുടെ ഫ്യൂസുകൾ ഊരി മാറ്റി 
കടലിൽ എറിഞ്ഞിട്ടെത്ര നാളായി 
ഇനിവർ തുള്ളിടും എൻ പാട്ടുകേട്ട് 
അവരെന്റെ പാവ കുട്ടിയോളല്ലേ 
എത്ര ഞരമ്പ് വിദഗ്ദരെ  ഞാൻ 
കണ്ടിട്ടുണ്ടിവിടെ  നിന്നെപ്പോലെ 
അവരുടെ ന്യുറോൺ കേന്ദ്രമെല്ലാം 
പ്രവർത്തന രഹിതമാണിന്നോർത്തുകൊള്ളൂ 
ബൈബിളും വേദവും ഖുറാനുമെല്ലാം 
ഹൃദ്യസ്ഥരാക്കിയെന്റെ പിള്ളേർ 
എന്നും എനിക്കായി യുദ്ധം ചെയ്യും  
ഇല്ല അവരുടെ തലയിൽ നിന്റെ ന്യുറോൺ 
വിശ്വാസപ്രമാണങ്ങൾ  കേറുകില്ല
ഇവിടെ നിനക്ക് ജീവിക്കണോ 
എന്നെ താണു വണ ങ്ങിടു  നീ 
പണ്ടൊരുത്തൻ എന്നെ കീഴടക്കാൻ 
വന്നതാണവൻ ഇന്നും ഓട്ടമാണ് 
ചെകുത്താനെന്നാണ് അവന്റെ പേര് 
അവന്റെ പിന്നാലെ എന്റെ ഭക്തർ 
ഓടാൻ തുടങ്ങീട്ട് നൂറ്റാണ്ടായി 
എതിരൻ കതിരോൻ അൽപ്പായുസ്സേ നീ 
കേൾക്കുന്നില്ലേ നീ നിൻ മരണമണി 
നിന്റെ നാഡീ കേന്ദ്രമെല്ലാം 
തച്ചുടയ്ക്കാൻ എന്റെ അടിമകൾ എത്തിടുന്നു 
അവരുടെ ന്യുറോൺ കേന്ദ്രമെല്ലാം 
എന്നെ ഞാൻ അടിച്ചുമാറ്റി 
അവരിനി എനിക്കായ് യുദ്ധചെയ്ത് 
ഇവിടെ ഈ ഭൂവിൽ മരിച്ചു വീഴും 
Shafeeque 2018-11-25 21:31:52
നിരീശ്വരവാദം നിലനില്‍ക്കുമോ?

അബ്ദുല്ല ബുഖാരി:  നിരീശ്വരവാദികളുമായി സംവദിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസിലാകുന്ന പ്രശ്നം അവരുടെ വിജ്ഞാനസ്രോതസ് വളരെ പരിമിതമാണ് എന്നതാണ്. അല്ലെങ്കില്‍ ആത്യന്തികമായി സയന്‍സിനെ അമിതമായി ആശ്രയിക്കുന്നു. സയന്‍സിനെ ആധാരമാക്കുന്നു എന്നത് ഒരു പ്രശ്‌നമല്ല. ലോകത്ത് പലവിധ വ്യവഹാരങ്ങളിലും സയന്‍സിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ തന്നെയും സയന്‍സിന്റെ സാധ്യതകള്‍ ഒബ്സര്‍വബ്ള്‍ ആയിട്ടുള്ള മേഖലകളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നത് ദൈവാസ്തിക്യ വിഷയങ്ങളിലുള്ള അതിന്റെ ഇടപെടലുകളെ ന്യൂനീകരിക്കുന്നുണ്ട്. നമ്മുടെ അന്വേഷണ സങ്കേതങ്ങള്‍ ഭൗതികമാനമുള്ള ഒരു വസ്തുവില്‍ കേന്ദ്രീകരിക്കപ്പെടുകയും അതുകൊണ്ട് തന്നെ ദൈവാസ്തിത്വത്തെ സ്ഥാപിച്ചെടുക്കണമെന്ന് പറയുകയും സയന്‍സ് പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള മൂര്‍ത്തമായ തെളിവുകള്‍ ദൈവസംബന്ധിയായി ലഭിച്ചാല്‍ മാത്രമേ അതിനെ അംഗീകരിക്കുകയുള്ളൂ എന്ന് ശഠിക്കുകയും ചെയ്യുകയാണ് നാസ്തിക വാദികള്‍. ഈ ശാഠ്യത്തിന്മേലാണ് അവര്‍ ദൈവ നിഷേധം ഉറപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തില്‍ പദാര്‍ത്ഥേതര(Non-Meterial)മായ പല വസ്തുതകളുമുണ്ട്. അതില്‍തന്നെയും സയന്‍സിന് പ്രസക്തിയില്ലാത്ത, ഇടമില്ലാത്ത അനേകം കാര്യങ്ങളുണ്ട്. അതുപോലൊരു മെറ്റീരിയലല്ലാത്ത വസ്തുതയാണ് ദൈവാസ്തിക്യം. ദൈവസാന്നിധ്യത്തെ കുറിച്ച് തീരുമാനം പറയാന്‍ സയന്‍സിനൊരിക്കലും കഴിയില്ല. ദൈവ സൃഷ്ടികളെ നിരീക്ഷണം ചെയ്യാന്‍ മാത്രമേ അതിനര്‍ഹതയുള്ളൂ. അതിനുമതീതമായ വിഷയങ്ങളില്‍ കൈകാര്യകര്‍ത്താവാകാന്‍ സയന്‍സിന് സാധിക്കില്ല.

അപ്പോള്‍ ദൈവാസ്തിത്വം തെളിയിക്കാന്‍ മറ്റൊരു മാര്‍ഗം അത്യന്താപേക്ഷിതമാകുന്നു. അതാണ് തത്വശാസ്ത്രം(Philosophy). ഫിലോസഫിയെ തഴഞ്ഞ് സയന്‍സിനൊരിക്കലും സ്ഥിരമായൊരു അസ്തിത്വമില്ല. സയന്‍സ് തന്നെയും ഫിലോസഫിയിലധിഷ്ഠിതമാണ്. യുക്തിയുടെ തീരുമാനം(Judgement of Intelligence) എന്ന് ഫിലോസഫിയെ നിര്‍വചിക്കാം. ഫിലോസഫി നിശ്ചയിച്ച അനേകം ശാഖകളിലൊന്നു മാത്രമാണ് സയന്‍സ്. തല്‍പ്രകാരം, ഫിലോസഫി സയന്‍സേതര മാര്‍ഗങ്ങളിലൂടെ അന്വേഷിച്ച് കണ്ടെത്തേണ്ട ഒരു വസ്തുതയെ സയന്‍സ് മുഖേനത്തന്നെ കണ്ടെത്തണമെന്ന് പറയുന്നത് ബുദ്ധിയോ ശാസ്ത്രമോ യുക്തിയോ അല്ല. അതാണ് നിരീശ്വരവാദി ചെയ്തുകൊണ്ടിരിക്കുന്നത്. സയന്‍സിന് എത്താന്‍ കഴിയാത്തിടം നമ്മുടെ ബുദ്ധികൊണ്ട് എത്തിപ്പിടിക്കാം. അതുകൊണ്ടാണ് വിശ്വാസികള്‍ ഒരു ദൈവമുണ്ടെന്ന് ദൃഢമായി വിശ്വസിക്കുന്നത്. ഫിലോസഫിയെ അവഗണിക്കുന്ന നിരീശ്വരവാദികള്‍ക്ക് പലപ്പോഴും അതേകുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ പോലും അജ്ഞാതമാണ്.

എന്‍ എം ഹുസൈന്‍: സയന്‍സ് മാത്രമേ അറിയൂ എന്നതാണ് നിരീശ്വരവാദിയുടെ വലിയ പ്രശ്നം. ‘മലയാളം മാത്രമറിയുന്നവന് മലയാളത്തെ പറ്റി എന്തറിയാം’ എന്ന ചൊല്ല് ഇവിടെ നല്ലപോലെ യോജിക്കുന്നുണ്ട്. സയന്‍സിലെ തന്ത്രപ്രധാന കാര്യങ്ങളൊന്നും തീരുമാനിക്കുന്നത് സയന്‍സല്ല. ഫിലോസഫിയാണ്. നാല് ഘട്ടങ്ങളാണ് സയന്‍സിനുള്ളത്. നിരീക്ഷണം(Observation), അനുമാനം(Hypothesis), പ്രവചനം(Prediction), പരീക്ഷണം(Experimental Test) എന്നിവ. ഈ നാല് കാര്യങ്ങള്‍ സാധിക്കപ്പെടുന്ന കാര്യങ്ങളെയാണ് നാം സയന്റിഫിക്കായി സാധാരണ ഗണിക്കാറ്. അപ്പോള്‍ ജീവന പ്രക്രിയകള്‍ക്ക് മുഴുവന്‍ സയന്‍സുമായി അഗാധ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന നിരീശ്വരവാദി ഈ നാല് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജീവിത വ്യവഹാരങ്ങള്‍ ക്രമപ്പെടുത്തുന്നതെന്ന് ചുരുക്കം. അതായത്, താന്‍ പിതാവായി കണക്കാക്കിയിരുന്ന വ്യക്തിയെ പരീക്ഷണത്തിന് വിധേയമാക്കിയിട്ടേ അത് തന്നെയാണ് തന്റെ പിതാവെന്ന് ഉറപ്പിക്കൂ എന്ന് വരുന്നു. അങ്ങനെ ചെയ്യാനാരെങ്കിലും തുനിയുമോ? ഇല്ല. അസംബന്ധമാണത്. അപ്പോള്‍ നിത്യജീവിതത്തില്‍ നാം വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഒരു ശതമാനം പോലും സയന്റിഫിക് മെത്തേഡുപയോഗിച്ച് തെളിയിക്കപ്പെട്ടവയല്ല.
മറ്റൊരു കാര്യമുള്ളത്, സയന്‍സിന്റെ അടിസ്ഥാനം വെരിഫിക്കേഷനാണ്. ഒരു കാര്യം ഉണ്ടെന്ന് പറയുകയാണെങ്കില്‍ അത് വെരിഫൈ ചെയ്യാന്‍ കൂടി സാധിക്കണം. പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനായ കാള്‍ കൂപ്പര്‍ പറയുന്നത് ഒരു കാര്യം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നതോടൊപ്പം ഭാവിയില്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുന്നതായിരിക്കണമെന്നാണ്. ഉദാഹരണമായി, എല്ലാ കാക്കകളും കറുത്തതാണെന്ന് പറയുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യതയുള്ളതുകൂടിയാണ്. ഇതിനാണ് ‘എമഹശെളശരമശേീി(അസത്യവത്കരണക്ഷമത)’ എന്ന് പറയുന്നത്. ഇത് പ്രകടമായ സിദ്ധാന്തമായി അവതരിപ്പിക്കുന്നത് സയന്‍സാണ്. ആധുനിക ശാസ്ത്രത്തിന്റെ മൂലക തത്വമെന്ന് പറയുന്ന ഈ സിദ്ധാന്തം പക്ഷേ ആവിഷ്‌കരിച്ചത് ഫിലോസഫി ആണ്. അതായത്, സയന്‍സ് അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി പ്രമാദപൂര്‍വം കൊണ്ടുനടക്കുന്ന പലതും പലപ്പോഴും ഫിലോസഫിയുടെ സൃഷ്ടികളാണ്. ശാസ്ത്രം അത്രമാത്രം ഉദാരപ്പെട്ടതാണെന്ന് സാരം. അപ്പോള്‍ സയന്‍സിനെ പ്രതി നിരീശ്വരവാദികള്‍ വെച്ചുപുലര്‍ത്തുന്ന 
നിരീശ്വരൻ 2018-11-25 23:54:13
ദൈവമെന്ന മിഥ്യയെ യെ തേടുന്ന വിഡ്ഢി 
നിറുത്തുക നിന്റെ അന്വേഷണം 
തിരിയുക നിന്നിലേക്ക് 
നിന്നിലുള്ള ചൈതന്യത്തിലേക്ക്.
നിന്റെ ശുദ്ധ ബോധത്തിലേക്ക് 
നീയാണ് ദൈവം നീയല്ലാതെ 
മറ്റൊരു ദൈവമില്ല 
സൃഷ്ടി സംഹാര സ്ഥിതിയുടെ 
ഇരിപ്പാടമാണ് നീ 
നിന്റെ അദ്ധ്വാനത്തിന്റെ 
നിന്റെ വിയർപ്പിന്റെ ഫലം 
നീ എന്തിന് അലസനാം 
ദൈവത്തിന് നൽകുന്നു 
ശാസ്ത്രജ്ഞൻ ഒരു സത്യന്വേഷി മാത്രം 
അവൻ നിന്റെ ദൈവത്തിന്റെ 
തുണി ഉരിയാൻ പിറന്നവൻ 
നിന്റെ നശിച്ചുപോയ 
മസ്തിഷ്ക്ക കോശത്തെ 
പുനർ സൃഷ്ട്ടിക്കാൻ പിറന്നവൻ 
നിന്റെ ബുദ്ധി ഇനി വളരില്ല 
നീ മതത്തിന്റെ അടിമയാണ് 
നിന്നെ ഭയം ചുഷന്നിരിക്കുന്നു
ഞങ്ങൾ നിരീശ്വർ പറവകളാണ് 
സ്വാതന്ത്യത്തിന്റ വിഹായസ്സിൽ 
പറന്നു കളിക്കുന്നവർ 
നീയോ അജ്ഞതയുടെ തടവറയിൽ 
തപ്പി തടയുന്നു വഴി അറിയാതെ 
നിന്റെ സ്വാതന്ത്ര്യം കയ്യ് എത്താ ദൂരത്തിലാണ് 
നിന്റെ മനസ്സിന്റെ ബന്ധനത്തെ 
പൊട്ടിച്ചു പുറത്തു വരിക 
നമ്മൾക്കീ അനന്തമാം ദ്യോവിൽ 
പറന്നുയരാം വരിക നീ തടവുകാരാ 

    
think 2018-11-26 00:19:10
എന്നാൽ   ബുഖാരി  ജീവിതത്തിന്റെ അർഥം എന്താണെന്ന് പറ. എന്തിനാണ്  മനുഷ്യൻ ജനിക്കുന്നത്? ജീവിക്കുന്നത്? എല്ലാം വെറും ലീലാ വിലാസമോ?
Ninan Mathulla 2018-11-26 06:23:16
'Nereeswaran' is telling me that I am the almighty God. I wish I was. I don't know if anybody believes he/she is God. In Malayalam there is a saying, njan ariyathe ente vaayil pazham poyi'. It is impossible that a banana goes into my stomach without my knowledge. If I am God, I must know that. How is possible that you say that I am God that created everything including me, and that I am not aware of it? Can this statement by 'Nereeswaran' be proved. So this statement is not based on science? All these arguments by 'Nereeswaran' based on 'tatvamasi' are a bunch of stupid 'thonnalukal' to mislead readers.
Satan Santhathi 2018-11-26 06:54:24
Why would a supreme wise God create an enemy like my daddy ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക