Image

മാന്ത്രിക സ്പര്‍ശ്ശം: ജോയി ഇല്ലത്ത്പറമ്പില്‍ ജി (ഭാഗം-1)

ജോയി ഇല്ലത്ത്പറമ്പില്‍ ജി Published on 01 October, 2018
മാന്ത്രിക  സ്പര്‍ശ്ശം: ജോയി ഇല്ലത്ത്പറമ്പില്‍ ജി (ഭാഗം-1)
അമിട്ടാണ് പൊട്ടിയത്; ആകാശത്ത് വര്‍ണ്ണപ്പകിട്ടിനുപകരം അവള്‍കണ്ടത് വെറും വെളിച്ചം... വെളിച്ചമോ? അല്ല വെറും കരകാണാ നീലിമ മാത്രം!

ഓര്‍ക്കാതെ പററുന്നില്ല. ഓര്‍ക്കുന്തോറും തളരുന്നു! തകരുന്നു. കണ്ണുനീര്‍ ഒഴുകിക്കൊണ്ടെയിരിക്കുന്നു! ഇത്ര മാത്രം കണ്ണുനീര്‍ എവിടെനിന്നു വരുന്നു!! കണ്ണുനീര്‍ മാത്രമല്ല മൂക്കും ഒലിച്ച് തുടങ്ങുന്നു. ആകെ കൂടി ഒരസ്വസ്തത!! മുഖം മുഴുവന്‍ ചുമന്ന് കണ്‍പോള വീര്‍ത്ത്, തടുക്കാന്‍ പററാത്ത ഏങ്ങല്‍... ഏങ്ങല്‍ മാത്രം... ഇനിയെന്ത്? കഴിഞ്ഞ നിമിഷം വരെ തന്റെ എല്ലാമായിരുന്നവന്‍ തന്നെ ഉപേക്ഷിച്ചിരിക്കുന്നു... ഇല്ല... എനിക്കിത് താങ്ങുവാന്‍ പറ്റില്ല... ഈ ജീവിതത്തില്‍ തന്നെ എല്ലാമെല്ലാമായിക്കണ്ടവന്‍ മറ്റൊരുത്തിയുടെ പിന്നാലെ പോയിരിക്കുന്നു. ഇനി ജീവിതത്തില്‍ അര്‍ത്ഥമില്ല; എനിക്കീ ജീവിതം വേണ്ട... മനസ്സില്‍ വിചാരിച്ച് നോക്കിയതും സീലിംഗ് ഫാനില്‍ കണ്ണുടക്കി നിന്നു. കണ്ണ് മ്ത്രമല്ല, മനസ്സും! മനസ്സ് മന്ദ്രിച്ചു കൂടുതല്‍ അലയേണ്ട, ഇവിടെത്തന്നെ സൗകര്യം ഉണ്ടല്ലോ... ശരിയാണ് സീലിംഗ് ഫാനില്‍ ഒടുക്കിത്തീര്‍ത്ത പല ശരീരങ്ങളേയും കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഫാന്‍ പറിഞ്ഞ് വീണ് വേണ്ടാത്ത അപകടങ്ങളില്‍ ചാടി കഷ്ടപ്പെടാന്‍ ഞാനില്ല.

സായാഹ്ന സൂര്യന്റെ പ്രകാശം മുറിയില്‍ ചൂടു പിടിപ്പിച്ചപ്പോള്‍, ജനാല കര്‍ട്ടന്‍ വലിച്ചിടാന്‍ ശ്രമിച്ചു. ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ , റാഡില്‍ ചെറിയ തീപ്പെട്ടി പോലെ പോയ്‌ക്കൊണ്ടിരിക്കുന്ന കാറുകള്‍, കാല്‍നടക്കാര്‍ ഉറുമ്പുകളെപ്പോലെയും തോന്നിച്ചു. ഈ ഉയരത്തില്‍ നിന്നും ചാടിയാല്‍ തന്റെ കാര്യം സഫലം, പക്ഷേ, താഴെ വല്ലവരുടേയും ദേഹത്താണ് വീഴുന്നതെങ്കിലോ? ഒന്നുമറിയാത്ത ആ പാവം മനുഷ്യനും മരിക്കും, അതുവേണ്ട...

ജീവിതത്തില്‍ ആകെക്കൂടി തന്റെ താങ്ങും തണലുമായിരുന്ന അത്ഭുതമാതാവും ഈശോയും തന്നെ കൈവിട്ടിരിക്കുന്നു... മാതാവെ ഈ മകളുടെ പ്രവദത്തി തെറ്റായാലും ക്ഷമിക്കണെ... ഞാന്‍ മാതാവിന്റെ പക്കലേക്ക് തന്നെ വരുന്നു. എന്നെ ഈ കരകാണാ സങ്കടക്കടലില്‍ നിന്നും രക്ഷിക്കണെ! സങ്കടക്കടലിനെക്കുറിച്ച് ഓര്‍ത്തപ്പോഴാണ് തന്റെ സങ്കടങ്ങള്‍ അവസാനിപ്പിക്കാനും കടല്‍ തന്നെയാണ് അഭയമെന്നറിഞ്ഞത്, അതെ ബീച്ചിലോട്ട് പോകാം അവിടെ വന്നിരിക്കുന്ന ആള്‍കൂട്ടത്തില്‍ ഒരാളായി ഇറങ്ങിപോകുക. കടലമ്മ തന്നെ സ്വീകരിച്ചുകൊള്ളും. ബീച്ചില്‍ ലൈഫ് ഗ്വാര്‍ഡുണ്ടെങ്കിലും ഇത്രയും ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ കടലിലേക്ക് പോയാലും ആരും അറിയണമെന്നില്ല...

മനസ്സ് ഏങ്ങലടിക്കുന്നു... മുഖം തുടുത്ത് വിങ്ങിയിരിക്കുന്നു. മാതാവെ! ഞാന്‍ ഈ ജീവിതം ഇവിടെ നിറുത്തുന്നു നിന്റെ പക്കലേക്ക് വരുന്നു. ഈശോ പോലും എന്നെ മറന്നെന്നാണ് തോന്നുന്നത്... അത്ഭുത മാതാവിന്റെ രൂപം എന്റെ കൂടെയുണ്ടെന്നതാണെന്റെ ആശ്വാസം. മാതാവെ എന്നോട് ക്ഷമിക്കണെ... മുറിയില്‍ ചെന്ന് ബീച്ചിലോട്ട് പോകുവാന്‍ തയ്യാറായി സാധാരണപോലെ ടവ്വലും ഡ്രസ്സും അടങ്ങിയ ബാഗുമായി പടിയിറങ്ങി, ലിഫ്റ്റില്‍ താഴെക്ക് ... മൊബൈല്‍ ഫോണ്‍ അതിന്റെ മാക്‌സിമം സൗണ്ടില്‍ സെറ്റ് ചെയ്തു. റോബര്‍ട്ടിന്റെ മനസ്സിനെന്തെങ്കിലും ഒരു മാറ്റം വന്നാലോ?... ഹൃദയം വീണ്ടും തേങ്ങി... റോബര്‍ട്ട് നീ എന്നെ ഇപ്രകാരം ഉപേക്ഷിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

മനോ മുകുരത്തില്‍ റോബര്‍ട്ടിന്റെ രൂപം തെളിഞ്ഞുവന്നു. എത്ര സന്തോഷകരമായിരുന്നു ആ ദിനങ്ങള്‍!! നിമിഷങ്ങള്‍ പോലും അകന്നിരിക്കോണ്ടിവരുമന്ന് കരുതിയിരുന്നേയില്ല... അത്രമാത്രം ഹൃദയങ്ങള്‍ ഒന്നായിരുന്നു. എന്നാലിപ്പോള്‍!! പിന്നെ... അവന്റെ സ്വഭാവം ഓര്‍മ്മ വരുന്നു... വലിയ വലിയ വിലകൂടിയ കാറുകള്‍, വലിയ വലിയ ഹോട്ടലുകള്‍... വിലയേറിയ എന്തും അവന്‍ ആഗ്രഹിക്കുന്നുമുണ്ടായിരുന്നു. ഓഡിക്കാറുകളും ലിമോസിനുകളും കണ്ടാല്‍ ഒന്നു നിന്ന് ആസ്വദിച്ചേ അവന്‍ പോകുമായിരുന്നുള്ളൂ, ഒരു പക്ഷെ ആ സ്വഭാവം തന്നെയായിരിക്കും തന്നെ പാടെ വിട്ടുകൊണ്ട് മറ്റൊരു സ്ത്രീയുമായി അവന്‍ ചേര്‍ന്നതും.

അത്ഭുത മാതാവിന്റെ  ശ്രൈമില്‍ പോകാമെന്ന് റോബര്‍ട്ടിനോട് പറഞ്ഞത് താന്‍ തന്നെയായിരുന്നു. അവനും അവിടേക്ക് പോകണമെന്നുണ്ടായിരുന്നെന്ന് പറഞ്ഞപ്പോഴാണ് തീരുമാനമെടുത്തത്... അപ്പോള്‍ത്തന്നെ അത്ഭുതമാതാവിന്റെ ശ്രൈമിലേക്ക് തിരിച്ചു. എങ്ങും നിതാന്ത നിശ്ശബ്ദത!! ആളുകള്‍ വരുന്നു, പോകുന്നു... മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നു... നേര്‍ച്ച ലൈറ്റുകള്‍ കത്തിക്കുന്നു... മാതാവിന്റെ അനുഗ്രഹത്തിനായി തൊട്ടുമുത്തുന്നു... അപേക്ഷകള്‍ എഴുതിയിടുന്നു... വളരെയധികം ആളുകള്‍ വന്നുകൊണ്ടെയിരിക്കുന്നു, പക്ഷെ എങ്ങും നിശ്ശബ്ദത,
നിശ്ശബ്ദത മാത്രം ഒരു ബോര്‍ഡ് കണ്ടു... silence മാതാവ് നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്നു.... സത്യം... അത്ഭുതമാതാവിന്റെ തിരുമുമ്പില്‍ ഓരോരുത്തരായിട്ടുതന്നെ മാതാവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു... ആശ്വസിക്കുന്നു.

തൊട്ടടുത്ത് മുട്ടുകുത്തിനിന്നിരുന്ന റോബര്‍ട്ട് അപേക്ഷ എഴുതാന്‍ വച്ച പേപ്പറില്‍ കുറിക്കുന്നത് കണ്ടു. നോക്കിയപ്പോള്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ധാരാളം മക്കളെ തരണമെന്നും എഴുതിയിരിക്കുന്നു. ദ്വേഷ്യം അഭിനയിച്ചു പറഞ്ഞു വേണ്ട, വേണ്ട; രണ്ടു കുട്ടികള്‍ മതിയെന്ന്. അത് നീ എഴുതിയിടാന്‍ പറഞ്ഞു. ഏതായാലും റോബര്‍ട്ട് കൂടുതല്‍ മക്കളെ ആവശ്യപ്പെട്ടതല്ലെ, താന്‍ പറഞ്ഞ രണ്ടെന്നത് മൂന്നുമക്കളെന്നെഴുതി ഒത്തു തീര്‍ത്തു. റോബര്‍ട്ട് വേറെ എന്തൊക്കെയോ എഴുതിയിടുന്നത് കണ്ടു. താനും എഴുതിയിട്ടു; തങ്ങളുടെ വിവാഹം ഉടനെ നടത്തി അത്ഭുതമാതാവ് സഹായിക്കണമെന്നും റോബര്‍ട്ടിനോടൊത്തു മാത്രമെ തന്റെ ജീവിതമെന്നും അത്ഭുതമാതാവിന്റെ രൂപം മനസ്സില്‍ തെളിഞ്ഞു വന്നുകൊണ്ടെയിരിക്കുന്നു. മാതാവ് തങ്ങളെ ഉപേക്ഷിക്കുകയില്ലന്നും ഈശോയോട് പറഞ്ഞു വേണ്ടുന്നതെല്ലാം സാധിച്ചുതരുമെന്നും വിശ്വസിക്കുകയും ആശ്വസിക്കുയും ചെയ്തു. നിശ്ശബ്ദതയുടെ വിലയേറിയ മഹത്വം മാതാവാണ് അത് തന്നെ പഠിപ്പിച്ചത് ആ അത്ഭുതമാതാവ്.

ബീച്ചിലെത്തിയിരിക്കുന്നു. അത്ഭുതമാതാവെ ഞാനിതാ അവിടത്തെ ആശ്രയിച്ച് പക്കലേക്കു വരുന്നു... ഈ ഭൂമിയിലെ ജീവിതം എനിക്കിനി വേണ്ട... എന്നോട് ക്ഷമിക്കണെ... ബാഗ് വയ്ക്കാനും വസ്ത്രം മാറാനും ഇത്തിരി സ്ഥലം... അതുവച്ച് ഞാനിതാ ഇറങ്ങുന്നു.

കിട്ടിയ സ്ഥലത്ത് ബാഗുവച്ചു... അപ്പുറവും ഇപ്പുറവും ധാരാളം ആളുകള്‍ ധാരാളം കുട്ടികളും ആര്‍ക്കും ഒരു സംശയവും ഇല്ലാ, പറ്റിയ വസ്ത്രം ധരിച്ച് കടലിലേക്ക്...

പറ്റിയ ആഴം വരെ നടന്നു നീങ്ങുക... പിന്നെ തിരിച്ചുവന്ന് രണ്ടു മൂന്നുപ്രാവശ്യം.... പിന്നെ ആഴങ്ങളിലേക്ക്.... അനന്തതയിലേക്ക്... അത്ഭുതമാതാവിന്റെ സവിധത്തിലേക്ക്...

കടലിലെത്തേണ്ട, സമീപത്തെത്തുമ്പോഴെ കടല്‍ ഇങ്ങെത്തിക്കോളും പാദങ്ങളെ തഴുകാന്‍ കരയിലേക്ക്... നടക്കുക-മുമ്പോട്ട്... തിരകളുടെ മത്സരം... ഒന്നിനു പിറകെ ഒന്നായി. പാദങ്ങള്‍ക്കടിയിലെ മണള്‍ കൂടി കോരിയെടുത്ത് അടുത്ത തിര... മുന്നോട്ട് - തണുപ്പ്, പാദങ്ങളില്‍ നിന്ന് മുകളിലോട്ടു കയറുന്നു... തിരയില്‍ തെറിക്കുന്ന ജലകണങ്ങള്‍ ശരീരത്തില്‍ കുളിര്‍മ പുളകം കൊയ്യുന്നു. മുന്നോട്ട്... മുന്നോട്ട് തന്നെ....

തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക