Image

ചാരിറ്റി മാത്രം പോരാ; കേരള പുനര്‍സൃഷ്ടിക്ക് ഫോമാ വലിയ പങ്ക് വഹിക്കണം: വിന്‍സണ്‍ പാലത്തിങ്കല്‍

Published on 01 October, 2018
ചാരിറ്റി മാത്രം പോരാ; കേരള പുനര്‍സൃഷ്ടിക്ക് ഫോമാ വലിയ പങ്ക് വഹിക്കണം: വിന്‍സണ്‍ പാലത്തിങ്കല്‍
ചാരിറ്റി മാത്രം പോരാ, കേരള പുനര്‍നിര്‍മ്മാണത്തിനു ഫോമാ വലിയ പങ്കു വഹിക്കണമെന്നു അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രഖ്യപിച്ചിട്ടുള്ള വിന്‍സന്‍ പാലത്തിങ്കല്‍

2020 ലെ ഫോമ കണ്‍വന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അനൗണ്‍സ് ചെയ്തിട്ടുള്ള, വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഈമലയാളിയോട് മനസ്സു തുറന്നു.

ഏതാണ്ട് രണ്ടു മാസത്തോളം യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍്ട്ടുമെന്റിന്റെ ഒരു പ്രൊജക്ടിന്റെ ഭാഗമായി നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡ്യന്‍ സ്റ്റേറ്റുകളില്‍ യാത്രയിലായിരുന്ന വിന്‍സണ്‍ ഈയാഴ്ചയാണ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയത്. കേരളത്തിലെപ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ നേതാക്കള്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ അത്യധികം ശ്ലാഘനീയമാണെന്ന് വിന്‍സണ്‍ പറഞ്ഞു. ഫോമാ പോലുള്ള സംഘടനകള്‍ക്ക്നവകേരള സൃഷ്ടിക്കായി ഇനിയും വളരെയധികം സംഭാവന ചെയ്യുവാന്‍ സാധിക്കുമെന്നും, അതിനു വേണ്ടി പൂര്‍വ്വാധികം ശക്തിയോടെ ഗ്രൂപ്പും പാനലുമില്ലാതെ തീവ്ര പ്രയത്നം നടത്തേണ്ട സമയമാണിതെന്നും വിന്‍സണ്‍ കരുതുന്നു.

അമേരിക്കന്‍ മുഖ്യധാരാ ബിസിനസ്സുകളെ കൂട്ടുപിടിച്ച്, അവരുടെ കൂടി ഓണര്‍ഷിപ്പില്‍, അവര്‍ക്കും ലാഭം ഉണ്ടാക്കാന്‍ പറ്റുന്ന സംരംഭങ്ങളായി പുതിയ പ്രൊജക്ടുകള്‍ വിഭാവന ചെയ്യപ്പെടണം. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് നല്ലകാര്യം തന്നെ. പക്ഷേ കേരള സാമ്പത്തിക രംഗത്തോ, സര്‍വ്വീസുകളുടെഗുണനിലവാരം ഉയര്‍ത്തുന്നതിലോ ആത്യന്തികമായി മാറ്റങ്ങള്‍ വരുത്തുവാന്‍അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമാകില്ല.

പ്രളയം കൊണ്ടു നടുവൊടിഞ്ഞ പൊതുമേഖലാ സംരംഭങ്ങളുണ്ടെങ്കില്‍ അതിലേക്ക് സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്ന് അവയെ കാര്യക്ഷമവും, ലാഭകരവുമാക്കുന്നതിലൂടെ മാത്രമേ നവകേരളസൃഷ്ടി സാദ്ധ്യമാകൂ. അത്തരം അവസരങ്ങള്‍ ഉണ്ടോയെന്നു കണ്ടുപിടിക്കാനും, ഉണ്ടെങ്കില്‍ അവിടെ സ്വകാര്യ സംരംഭകരെ സര്‍ക്കാര്‍ അനുവദിക്കുമോ എന്നറിയാനും ഫോമാ നേതൃത്വത്തിനു സാധിക്കും.

അതു പ്രായോഗികമാക്കാന്‍, വന്‍കിട കമ്പനികളില്‍ ഉയര്‍ന്ന തലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ വഴി കമ്പനികളെകൊണ്ട് ഇത്തരം അവസരങ്ങളില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കാനും ഫോമാ നേതൃത്വം ശ്രമിക്കണം. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലുമായി ഈ ആശയം പങ്കുവച്ചുവെന്നും, നല്ല അവസരങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ ഗവണ്‍മെന്റുമായി ആശയ വിനിമയം ചെയ്യാന്‍തയ്യാറാണെന്ന് പ്രസിഡന്റ് ചാമത്തില്‍ അറിയിച്ചുവെന്നും വിന്‍സണ്‍ പറഞ്ഞു.

2020 ലെ ഫോമാ ഇലക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും വിന്‍സണ്‍ സംസാരിച്ചു. രണ്ടു പാനലിലുള്ളവര്‍ തുല്യമായി ജയിച്ചു വന്ന ഈ വര്‍ഷം തീരുമാനങ്ങളെടുക്കുന്നതില്‍ ഇലക്ഷന്‍ സമയത്തുണ്ടായ സ്പര്‍ദ്ധ കാരണം താമസം നേരിടുന്നുവെന്ന് പൊതുവായ തോന്നലുണ്ട്. പാനലുകള്‍ ഫോമക്ക് നല്ലതല്ലെന്ന തന്റെ സമീപനത്തെ പൂര്‍ണ്ണമായും ശരി വക്കുന്നതാണ് ഇത്തരം പ്രവണതകള്‍. 2020 ല്‍ പ്രസിഡന്റായി മത്സരിക്കുന്ന എനിക്ക് ഒരു കാരണവശാലും പാനലുണ്ടാകില്ലെന്നും, മറ്റു സ്ഥാനങ്ങളിലേക്ക് മുന്നോട്ടു വന്നിട്ടുള്ളവര്‍ വളരെ കഴിവുള്ളവരായതുകൊണ്ട്, ആരോടുകൂടെയും പ്രവര്‍ത്തിക്കാനും താന്‍ തയ്യാറാണെന്നും വിന്‍സണ്‍ അറിയിച്ചു.

കേരള പുനര്‍ നിര്‍മ്മാണവും അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ലക്ഷ്യമിടുന്ന ഫോമാ പോലുള്ള മഹത്തായ ഒരു സംഘടന രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ക്കും പാനലുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കും അതീതമായി പ്രവര്‍ത്തിച്ചാലേ പൊതുജനം നമ്മെ അംഗീകരിക്കൂ, ബഹുമാനിക്കൂ. കേരളജനതയുടെയും സര്‍ക്കാരിന്റെയും മുമ്പിലും അമേരിക്കന്‍ മലയാളികളുടെ പ്രതിഛായ ഉയര്‍ത്തിയാലേ അവരും നമ്മളെ അംഗീകരിക്കുകയൂള്ളൂ.

സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി വടക്ക് കിഴക്കന്‍ ഇന്‍ഡ്യയില്‍ നടത്തിയ സെമിനാറുകള്‍ വന്‍വിജയമായിരുന്നുവെന്നും വിന്‍സണ്‍ അറിയിച്ചു. ആ ഭാഗങ്ങളില്‍ നിന്നും അമേരിക്കയില്‍ ഉപരിപഠനത്തിനു വരുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യ ഉയര്‍ത്തുകയെന്നതാണ് ആ സംരംഭത്തിന്റെ ഉദ്ദേശം.

വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ സെന്റര്‍ ആണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി ആ പ്രൊജക്ടു നടത്തുന്നത്. പൊതുവായ വിവരങ്ങള്‍ക്കുപരി വ്യക്തിഗതമായ ശ്രദ്ധയും, സഹായവും ഇന്‍ഡോ-അമേരിക്കന്‍ സെന്ററില്‍ നിന്ന് വിദ്യാര്‍ത്ഥികളും, രക്ഷാകര്‍ത്താക്കളും ആഗ്രഹിക്കുന്നുണ്ടെന്നും, അതിന്റെ സാദ്ധ്യതകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിന്‍സണ്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക