Image

വായനയ്ക്ക് ശേഷവും വേട്ടയാടുന്ന "ലൈബ്രേറിയന്‍' (അശ്വതി ശങ്കര്‍)

Published on 30 September, 2018
വായനയ്ക്ക് ശേഷവും വേട്ടയാടുന്ന "ലൈബ്രേറിയന്‍' (അശ്വതി ശങ്കര്‍)
വേലുക്കുഞ്ഞ് ഒരു പണ്ഡിതനോ, ഗ്രന്ഥകാരനോ, ഒരു വായനക്കാരനൊ പോലുമല്ലാത്ത സ്ഥിതിക്ക് അയാളുടെ ഓര്‍മ്മയ്ക്കായി മകന്‍ ബാഹുലേയന്‍
തന്റെ ആകെ സ്വത്തായ ഇരുപത്തഞ്ച് സെന്റ്
സ്ഥലത്ത് ഒരു ഗ്രന്ഥാലയം പണിയാന്‍ തീരുമാനിച്ചത് ദേശപ്രമുഖരെ ചൊടിപ്പിച്ചു. അവരവിടെ വിവാഹ മണ്ഡപ മോ പാര്‍ട്ടി സമ്മേളനങ്ങളൊ നാടകങ്ങളൊക്കെ സ്വപ്നം കണ്ടു. ആളുകള്‍ക്ക് വായിക്കാന്‍ അവസരമൊരുക്കുക എന്ന ബാഹുലേയന്റെ ദൃഢനിശ്ചയത്തിനു മുമ്പില്‍ വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയം പടുത്തുയര്‍ത്തപ്പെട്ടു.

ഗ്രന്ഥാലയത്തിനോട് ചേര്‍ന്ന ചായ്പ്പിലായിരുന്നു ബാഹുലേയന്റെ ജീവിതം.രാത്രി, ഏറെ വൈകി വിളക്കിന്റെ വെളിച്ചത്തില്‍ വായിച്ചു മയങ്ങിപ്പോവുന്ന ബാഹുലേയന്റെ സ്വപ്നങ്ങളിലേക്ക് ഗ്രന്ഥാലയ പുസ്തകങ്ങളില്‍ നിന്ന് തകഴിയും ബഷീറും ,പൊന്‍കുന്നം വര്‍ക്കിയും മാധവിക്കുട്ടിയും, ലളിതാംബിക അന്തര്‍ജ്ജനവും, ദസ്തയേവ്‌സ്കിയും ഇറങ്ങി വന്നു.അവരോട് മാത്രമായിരുന്നു ബാഹുലേയന്‍ ദു:ഖങ്ങള്‍
പങ്കുവെച്ചത്.ഗ്രന്ഥാലയത്തില്‍ അംഗത്വം നേടിയ ഏക വനിത തങ്കമ്മാളുവായിരുന്നു. ഗ്രന്ഥാലയത്തിലെ ജനലഴികളില്‍ പിടിച്ച് പരിഭ്രമത്തോടെ അകത്തേക്ക് നോക്കിയ തങ്കമാളുവിനെ ആദ്യമായി കണ്ട നിമിഷം മുതല്‍ ബാഹുലേയന്‍റയും ഗ്രന്ഥാലയത്തിന്റെയും വിധി മറ്റൊന്നാവുകയായിരുന്നു. ഗ്രന്ഥാലയത്തില്‍ പുസ്തകങ്ങളെത്തിക്കാന്‍ സഹായിച്ച എഴുത്തും വായനയുമറിയാത്ത ബൈത്താന്‍, കാലു രണ്ടും തളര്‍ന്നു മുച്ചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന,പൊറ്റെക്കാടിന്റെ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ മുഴുവന്‍ വായിച്ച് മനസുകൊണ്ട് നിരന്തരം യാത്ര പോവുന്ന ഉല്ലാസന്‍, വിപ്ലവകാരിയായ പ്രണയ നായകന്‍ സോമവ്രതന്‍, വില്ലന്‍ കഥാപാത്രമായ ജന്മി സിന്ധപ്പമല്ലര്‍ എന്നിവരിലൂടെയാണ് കഥയുടെ ചുരുളുകള്‍ നിവരുന്നത്.

തങ്കമ്മാളുവിനോട് വിപ്ലവകാരിക്ക് കടുത്തപ്രണയമായിരുന്നു. നെരുദയുടെ ആരാധകനായസോമുവ്രതന്‍ ഗിരി നിരകളില്‍ നിന്ന് സൗഖ്യം തുളുസുന്ന പൂക്കള്‍ കൊണ്ടുവരുമെന്ന് അവള്‍ക്ക് പ്രണയത്തില്‍ ചാലിച്ച് കത്തുകള്‍ എഴുതി.തങ്കമ്മാളുവിന്റെ സ്വപ്നങ്ങളിലും, കൈവഴികളിലും ചിത്രശലഭങ്ങള്‍ പാറി പറന്നു നടക്കുമ്പോഴേക്കും അയാള്‍ കൊല്ലപ്പെടുന്നു...

വല്ലാതെ വായനക്കാരില്‍ നൊമ്പരമുണര്‍ത്തുന്ന പ്രണയമായിരുന്നു അത്.സിദ്ധപ്പമല്ലരുടെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തങ്കമ്മാളു ഓടിക്കയറിയത് ബാഹുലേയന്റെ ജീവിതത്തിലേക്കായിരുന്നു .. അയാള്‍ക്കതിന് നല്‍കേണ്ടിവന്ന വില ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു.വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയം കത്തിനശിച്ചു .ഗ്രന്ഥാലയത്തെ തിരിച്ചു പിടിക്കാന്‍.. ജീവിതം കരുപിടിപ്പിക്കാന്‍ ബാഹുലേയന്‍ എന്ന ലൈബ്രേറിയന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് സി .വി ബാലകൃഷ്ണന്റെ "ലൈബ്രേറി യന്‍ " .

എല്ലാറ്റിനുമുപരിയായി ഈ പുസ്തകം ഏതൊരു വായനക്കാരന്റെയും റഫറന്‍സ് പുസ്തകമാണ്.അത്യാവശ്യമായി നാം വായിച്ചിരിക്കേണ്ട ദേശവിദേശ പുസ്തകങ്ങളുടെ ഒരു കാറ്റലോഗ് ഇതില്‍ നിറഞ്ഞു കിടക്കുന്നു .വായനയ്ക്ക് ശേഷവും ലൈബ്രേറിയനിലെ ഓരോ കഥാപാത്രവും നമ്മെ നിരന്തരം വേട്ടയാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക