Image

വേര്‍പാടിന്റെ ദുഃഖം (തോമസ് കളത്തൂര്‍)

Published on 29 September, 2018
വേര്‍പാടിന്റെ ദുഃഖം (തോമസ് കളത്തൂര്‍)
കഴിഞ്ഞ 17 വര്ഷങ്ങളായി എന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചു, ഒരു ദുര്‍മുഖവും കാട്ടാതെ, എന്നോടൊപ്പം ഏതു കൂരിരുട്ടിലും മഴയത്തും മഞ്ഞത്തും സഞ്ചരിച്ച എന്റെ ലിസാ....എന്നോട് വിടവാങ്ങി ഇരിക്കുകയാണ്.

ഈ അവസരത്തില്‍ ഞങ്ങളുടെ കഴിഞ്ഞ കാലങ്ങളെക്കുറിച്ചു അല്പമൊന്നു ചിന്തിക്കുകയെങ്കിലും ചെയ്തു എന്റെ ദുഃഖത്തിന്റെ തീവ്രതയെ അല്പമെങ്കിലും ശമിപ്പിക്കട്ടെ.
മാതള പഴവര്‍ണ്ണമുള്ള നിന്റെ മേനിയില്‍ സ്പര്‍ശിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ശിവ പാര്‍വ്വതിമാരെപ്പോലെ നാം കഴിഞ്ഞ ദിനങ്ങള്‍, മായാതെ എന്നും മനസിലുണ്ടാവും .

നിന്റെ ചൂരും ചൂടും എന്റെ ജീവിതത്തെ സജീവമാക്കി, കര്‍മ്മോല്‍സുവമാക്കി. നിന്റെ തോളില്‍ കൈ ഊന്നിക്കൊണ്ടു, നിന്റെ ശരീരത്തില്‍ ചാരി കൊണ്ട്, സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുമ്പോള്‍, അഭിമാന പുളകിതനായി ഞാന്‍ മറ്റേതോ ലോകത്തെത്തി എന്ന് തോന്നി പോയിട്ടുണ്ട്.

നമ്മള്‍ക്കു പറ്റിയ ഒരപകടത്തില്‍, മുറിവുകളും ചതവുകളുമായി കിടക്കുന്ന നിന്റെ സമീപം, മുറിവേറ്റു അര്‍ദ്ധബോധ അവസ്ഥയില്‍ കിടക്കുന്ന എന്നെ, ദുഃഖത്തോടും വികാര വായ്‌പ്പോടും ദുര്‍ബലമായ കണ്ണുകളാല്‍ നോക്കികിടക്കുന്ന ഒരു ചിത്രം എങ്ങനെയോ മനസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്.

നമ്മുടെ ആത്മ ബന്ധം ആഴമുള്ളതായിരുന്നു. അതിനാലാണ്, സംഭവിക്കുമായിരുന്ന പല അപകടങ്ങളില്‍ നിന്നും, നിന്റെ രക്ഷ പോലും കണക്കാക്കാതെ നീ എന്നെ രക്ഷിക്കാന്‍ തുനിഞ്ഞത്.

നിന്നെ ശ്മശാനക്കാര്‍ക്കായി വിട്ടു കൊടുക്കാന്‍ മനസ്സ് അനുവദിച്ചില്ല എങ്കിലും മറ്റു പോംവഴികള്‍ ഒന്നുമില്ലായിരുന്നു. കദന ഭാരത്താല്‍ വിങ്ങുന്ന ഹൃദയവും ആയാണ് ഞാനവിടം വിട്ടത്.

നീ മറ്റൊരു ജന്മം എടുത്തു കൂടുതല്‍ മനോഹാരിയായി വീണ്ടും കാണാന്‍ ഇടയാക്കണെമെ എന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ശാസ്ത്ര പുരോഗതി അവിശ്വസനീയമാണ്. ഇതിനോടകം നീ ചിലപ്പോള്‍ ഒരു പുനര്‍ ജന്മം പ്രാപിച്ചിട്ടുമുണ്ടാവാം. സാങ്കേതികവിദ്യ നിനക്ക് ഒരു പുതിയ ഹൃദയവും ജീവനും നല്‍കി നിന്നെ ഉയര്‍പ്പിച്ചിട്ടുണ്ടാവാം. ഇന്ന് ചിലപ്പോള്‍, ഒരു പുതിയ സുഹൃത്തുമായി നീ ഉല്ലാസയാത്ര നടത്തികൊണ്ടിരിക്കുകയാവാം.

എങ്കിലും എന്നെ പറ്റിയുള്ള ചിന്തകള്‍ നിന്റെ ഓര്‍മകളില്‍ എവിടെങ്കിലും പൊടിപിടിച്ചു കിടപ്പുണ്ടാവും. നിന്റെ പേരും കുടുംബ പേരും എന്നും എന്റെ മനസിലുണ്ടാവും. ' ബ്യൂക്ക്' കുടുംബത്തിലെ, മാതള പഴത്തിന്റെ നിറമുള്ള, സുന്ദരി ആയ 'ലിസാബ്ര'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക