Image

നവകേരളത്തെ നമുക്കു പടുതുയര്‍ത്തണം (പകല്‍ക്കിനാവ്- 120: ജോര്‍ജ് തുമ്പയില്‍)

Published on 27 September, 2018
നവകേരളത്തെ നമുക്കു പടുതുയര്‍ത്തണം (പകല്‍ക്കിനാവ്- 120: ജോര്‍ജ് തുമ്പയില്‍)
കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തെ അതിജീവിക്കാന്‍ എല്ലാ തരത്തിലും നമ്മുടെ കൊച്ചു സംസ്ഥാനം ആഗ്രഹിക്കുന്നുണ്ട്. ആയുസ്സിന്റെ സമ്പാദ്യം മുഴുവന്‍ പ്രകൃതി ദുരന്തവും പ്രളയവും അപഹരിച്ചപ്പോള്‍ നിരാലംബരായിത്തീര്‍ന്നവര്‍ അനേകായിരങ്ങളാണ്. ഭൂമി അപ്പാടെ ഒലിച്ചു പോയതും, വീടുകളുടെ തകര്‍ച്ചയും, കൃഷിനാശവും, കന്നുകാലികള്‍ നഷ്ടപ്പെട്ടതും, കെട്ടിടം, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെയെല്ലാം തകര്‍ച്ചയും നാം ടിവിയിലൂടെ കണ്ടതുമാണ്. ഇവിടെ ജീവിതം തകര്‍ന്നു പോവുകയില്ലെന്ന് ഉറപ്പാക്കാന്‍ സുമനസ്സുകളുടെ സഹായവും സഹകരണവും അത്യന്താപേക്ഷിതമായിരിക്കുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനത്തിനായി നവ കേരള സൃഷ്ടിക്കായി എല്ലാവരും സഹായങ്ങള്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ ഹൃദയപൂര്‍വം ഏറ്റെടുക്കണം. ഈ ആശയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികള്‍ക്കു മുന്‍പാകെ മുന്‍പോട്ടു വച്ചതും. സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളെ ഒന്നിച്ചു കൂട്ടാന്‍ പറ്റിയെന്നതു തന്നെയാണ് മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനത്തിന്റെ വിജയം. ഇവിടെയാണ് ശരിക്കും അമേരിക്കന്‍ മലയാളികളുടെ പരിച്ഛേദം കാണാനായത്. സമ്മേളനത്തിനു ചുക്കാന്‍ പിടിച്ച ഡോ. എം. അനിരുദ്ധന്‍, പോള്‍ കറുകപ്പള്ളില്‍, അനിയന്‍ ജോര്‍ജ്, മധു കൊട്ടാരക്കര എന്നിവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

മഹാപ്രളയത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും അലയൊലികള്‍ക്കു നടുവിലും മാനവികതയുടെ വമ്പന്‍ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ നാം കണ്ടു. മരണത്തില്‍ നിന്നും അനേകായിരങ്ങളെ ജീവിതത്തിലേക്കെത്തിക്കാന്‍ രാപ്പകല്‍ ഭേദമന്യേ കൈ മെയ് മറന്നിറങ്ങിയ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ മുതല്‍ കുടുക്കയിലെ ചെറിയ സമ്പാദ്യം ഹൃദയപൂര്‍വം വെച്ചു നീട്ടിയ കുരുന്നുകള്‍ വരെ ഇതിന്റെ ഉദാഹരണങ്ങളായി. ഒരു മലയാളി എന്ന നിലയില്‍ നമുക്ക് അതില്‍ നിന്നും മാറിനില്‍ക്കുവാനും കഴിയില്ല. നവകേരളം എന്നത് വലിയൊരു ആശയമായി മുന്‍പ് സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ പ്രതിസന്ധികളെ തുടര്‍ന്ന് ഇത് പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള ഉപാധിയായി അറിയപ്പെട്ടു തുടങ്ങുകയാണ്.

അമേരിക്കന്‍ മലയാളികളോട് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണ്. നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മാണം നടത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ഇതിനായി ക്രൗണ്ട് ഫണ്ടിംഗ് പോലുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നു മുഖ്യമന്ത്രി പറയുന്നത് ശ്രദ്ധിക്കണം. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ഇതിനാല്‍തന്നെ അമേരിക്കന്‍ മലയാളി സമൂഹം കേരളത്തെ അകമഴിഞ്ഞ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തയാറുള്ളവര്‍ പങ്കെടുക്കണം. അമേരിക്കന്‍ മലയാളികളില്‍ നിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് അമേരിക്കയില്‍ എത്തി ഒക്ടോബര്‍ 18 മുതല്‍ ധനസമാഹരണം നടത്തും മുഖ്യമന്ത്രി പറഞ്ഞു. പിറന്ന നാടിനോടുള്ള ഉത്തരവാദിത്വം എന്ന നിലയില്‍ നാം അതു സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായിട്ടുള്ള ദീര്‍ഘകാല പദ്ധതികളും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാനുള്ള സത്വര ക്ഷേമനടപടികളും ഉള്‍ച്ചേരുന്ന ദ്വിമുഖ നയപരിപാടിയാണ് ഗവണ്‍മെന്റ് ആവിഷ്കരിച്ചിരിക്കുന്നത്. വികസന പ്രക്രിയയില്‍ അവഗണിക്കപ്പെട്ടിരുന്ന അല്ലെങ്കില്‍ അതിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കുവാന്‍ കഴിയാതെയിരുന്ന ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനായി ജനകീയ ബദല്‍ സഫലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ദൗത്യങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. നവകേരളം എന്ന സര്‍ഗാത്മകവും അതേസമയം മൂര്‍ത്തവുമായ സങ്കല്പത്തെക്കുറിച്ച് ഭരണകാര്യ ചട്ടക്കൂടുകളില്‍ മനംമടുത്തിരിക്കുന്നവരില്‍ വിശ്വാസമാര്‍ജിക്കുവാന്‍ ഇത് സഹായകരമാകും. നമ്മുടെ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനപദ്ധതികളുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുവാനും സ്വയം ശാക്തീകരിക്കുവാനുമുള്ള പുത്തനവസരങ്ങള്‍ ഈ ദൗത്യങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

നവ കേരളാ നിര്‍മാണത്തിനായി വിദേശമലയാളികളില്‍ നിന്നും പണം സ്വീകരിക്കുന്നതിനായി രൂപ രേഖ തയ്യാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറയുന്നു. ആഗോളതരത്തിലുള്ള ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. 30000 കോടിയിലധികം രൂപയുണ്ടെങ്കില്‍ മാത്രമേ നവ കേരള സൃഷ്ടി സാധ്യമാകൂ എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ദുരിതങ്ങളെ അതിജീവിക്കുക എന്നത് മുഖ്യകടമയായി ഓരോ മലയാളിയും ഏറ്റെടുക്കണം. നമുക്ക് അതിജീവിച്ചേ മതിയാവുകയുള്ളൂ. നാം ഒന്നിച്ചു നിന്നാല്‍ നമുക്ക് അതിജീവിക്കാനാവും.. 150 കോടിയെന്നാണ് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് പറഞ്ഞത്. ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി, പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകള്‍, മത വിഭാഗങ്ങള്‍, മാധ്യമ പ്രസ്ഥാനങ്ങള്‍ തുടങ്ങി അമേരിക്കന്‍ മലയാളികളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ഒക്കെ വളരെ ഉത്സാഹത്തോടെയാണ് ക്രൗണ്‍ പ്ലാസായില്‍ കണ്ടത്. ഫോട്ടോകളെടുത്തും ഘോരഘോരം പ്രസംഗിച്ചുമൊക്കെ എല്ലാവരും പ്രതികരിക്കുകയും ചെയ്തു. ഇനി ആരിത് കോര്‍ഡിനേറ്റ് ചെയ്യുമെന്നാണ് കണ്ടും കേട്ടും അറിയേണ്ടത്. അതിനായി ഒരു ആളോ, ആളുകളോ, പ്രസ്ഥാനമോ ഉണ്ടായാല്‍ അതായിരിക്കും അമേരിക്കന്‍ മലയാളികളുടെ ഭാഗ്യമെന്നു നിസംശയം പറയുവാന്‍ സാധിക്കും.
Join WhatsApp News
Malayali 2018-09-27 13:03:22
Great point.  Who will lead this mission? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക