Image

പൊന്നാനി കടലിലെ മണല്‍ത്തിട്ട ഏതു സമയവും പൂര്‍വ്വസ്ഥിതിയിലാകാന്‍ സാധ്യത; സന്ദര്‍ശകര്‍ക്ക്‌ വിലക്ക്‌

Published on 19 September, 2018
പൊന്നാനി കടലിലെ   മണല്‍ത്തിട്ട  ഏതു സമയവും പൂര്‍വ്വസ്ഥിതിയിലാകാന്‍ സാധ്യത; സന്ദര്‍ശകര്‍ക്ക്‌ വിലക്ക്‌

പൊന്നാനി   കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട അസ്ഥിര പ്രതിഭാസമാണെന്ന്‌ വിദഗ്‌ധര്‍. ഏതു സമയവും സ്ഥലം പൂര്‍വ്വസ്ഥിതിലാകാം. ഈ സാഹചര്യത്തില്‍ മണല്‍ത്തിട്ടയിലേക്ക്‌ ആളുകള്‍ സന്ദര്‍ശനം നടത്തുന്നത്‌ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്‌. പ്രദേശത്ത്‌ ഇത്‌ സംബന്ധിച്ച ബോര്‍ഡ്‌ സ്ഥാപിക്കാനും ഉത്തരവായിട്ടുണ്ട്‌.

സന്ദര്‍ശന നിരോധനം ഉണ്ടെങ്കിലും നിരവധി പേരാണ്‌ അത്ഭുത പ്രതിഭാസം നേരില്‍ കാണാനെത്തുന്നത്‌. വേലിയിറിക്ക സമയത്ത്‌ ഒരു കിലോമീറ്ററോളം ദൂരം കടലിലൂടെ നടക്കാന്‍ കഴിയുമെന്നതാണ്‌ ആളുകളെ ആകര്‍ഷിക്കുന്നത്‌.

വേലിയിറക്ക സമയമായ രാവിലെയും വൈകുന്നേരവുമാണ്‌ ഇത്തരത്തില്‍ മണല്‍ത്തിട്ട കാണാന്‍ കഴിയുന്നത്‌.

മുന്‍വര്‍ഷങ്ങളില്‍ മണല്‍തിട്ടകള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്ര ദുരം ആദ്യമെന്ന്‌ മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. മഹാപ്രളയവും മലമ്പുഴ അണക്കെട്ട്‌ തുറന്നതും മൂലം ഭാരതപ്പുഴയിലെ ഒഴുക്ക്‌ പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റ തുടര്‍ച്ചയാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണല്‍തിട്ടയെന്നാണ്‌ സൂചന.

വേലിയേറ്റ സമയത്ത്‌ വെള്ളം ഉയരുകയും മണല്‍ത്തിട്ട താഴ്‌ന്നു പോകുകയും ചെയ്യുമ്പോള്‍ കരയില്‍ നിന്നും കടലിനുള്ളിലേക്ക്‌ കാഴ്‌ച കാണാന്‍ പോകുന്നവര്‍ക്ക്‌ തിരികെയെത്താന്‍ സാധിക്കാതെ വരും. ഇത്‌ വലിയ ദുരന്തമാകും സൃഷ്ടിക്കുക. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത്‌ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക