Image

അറസ്റ്റ് വൈകുന്നതോടെ സാക്ഷികള്‍ കൂറുമാറുന്നു? നിലപാട് മാറ്റി നിര്‍ണായക സാക്ഷിയായ പള്ളി വികാരി

Published on 18 September, 2018
അറസ്റ്റ് വൈകുന്നതോടെ സാക്ഷികള്‍ കൂറുമാറുന്നു? നിലപാട് മാറ്റി നിര്‍ണായക സാക്ഷിയായ പള്ളി വികാരി

കോട്ടയം: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതോടെ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നുമുള്ള കന്യാസ്ത്രീകളുടെയും അവരുടെ കുടുംബത്തിന്റേയും ആശങ്ക സത്യമാകുന്നുവെന്ന് സൂചന. കേസില്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും തനിക്കത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കേസിന്റെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളില്‍ വ്യക്തമാക്കിയ കോടനാട് പള്ളി വികാരി നിക്കോളാസ് മണിപ്പറമ്പലിന്റെ നിലപാട് മാറ്റമാണ് ഇപ്പോള്‍ സംശായാപ്ദമായിരിക്കുന്നത്.

അറസ്റ്റ് വൈകുന്തോറും ബിഷപ്പ് സാക്ഷികളെ സ്വാധീനിക്കുമെന്ന് കേസ് അട്ടിമറിക്കുമെന്നും പരാതിക്കാരി തുടക്കം മുതല്‍ ഉന്നയിക്കുന്നതാണ്. ഇടവക വികാരിയെപോലെ ശക്തനായ ഒരാളെ തുടക്കത്തില്‍ തന്നെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താണെന്നാണ് പരാതിക്കാരിയുടെ കുടുംബത്തിന്റെ ആശങ്ക.

ആദ്യഘട്ടത്തില്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കുകയും അവരുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ അവരുടെ ഇടവക പള്ളി വികാരിയാണ് ഇപ്പോള്‍ പരാതിക്കാരിയേയും അവരുടെ കുടുംബത്തേയും തള്ളിപ്പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രീയുടെ പക്കലുള്ള തെളിവുകള്‍ താന്‍ കണ്ടിട്ടില്ലെന്നും അവരുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് പോലീസിന് നല്‍കണമെന്നും അത് ശക്തമാണെങ്കില്‍ പോലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുമെന്നുമാണ് ഇപ്പോള്‍ വൈദികന്റെ നിലപാട്. 

തെളിവുകള്‍ അവര്‍ പോലീസിന് കൈമാറിയതായി തനിക്കറിയില്ല. തെരുവില്‍ സമരത്തിന് ഇറങ്ങും മുന്‍പ് കയ്യിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ട ആ തെളിവ് ഇന്നെങ്കിലും കേരള പോലീസിന് കൈമാറിയാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നാളെ കേരളത്തില്‍ എത്തുന്ന നിമിഷം അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിയും. പറഞ്ഞതുപോലെ തെളിവുണ്ടെങ്കില്‍ അവര്‍ തെരുവില്‍ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വൈദികന്‍ സ്വന്തം ഇടവകയിലെ കുടുംബത്തെ തള്ളിപ്പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക