Image

ബിഷപ്പിന്റെ അറസ്റ്റിനായി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി; സമരം സംസ്ഥാന വ്യാപകമാകുന്നു

Published on 17 September, 2018
ബിഷപ്പിന്റെ അറസ്റ്റിനായി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി; സമരം സംസ്ഥാന വ്യാപകമാകുന്നു
കൊച്ചി: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകുന്നതില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. പത്താം ദിവസത്തില്‍ കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. സഭയിലും സര്‍ക്കാരിലും നിന്നും നീതി കിട്ടിയില്ലെന്നും ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും രാവിലെ 11 മണിക്ക് സമരം തുടങ്ങുമ്പോള്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരത്തിന് പിന്തുണയുമായി നിരവധി വ്യക്തികളും സംഘടനകളുമാണ് ഇന്ന് സമരപ്പന്തലില്‍ എത്തിയത്. കന്യാസ്ത്രീകര്‍ നടത്തുന്ന സമരം ലോകചരിത്രമാണ് തിരുത്തിക്കുറിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു. അവര്‍ നടത്തുന്ന സമരം മീടു അല്ല, വീ ടൂ ആണെന്നും സിസ്റ്റര്‍ ജെസ്മി വ്യക്തമാക്കി. 

യാക്കോബായ സഭയിലെ വൈദികരും മറ്റ് സന്യാസിനി സഭകളിലെ കന്യാസ്‌രതീകളും ഇന്ന് സമരത്തിന് എത്തിയിട്ടുണ്ട്. എറണാകുളം ലോ കോളജിലെ വിദ്യാര്‍ത്ഥികളും പിന്തുണയുമായെത്തി. 
അതിനിടെ, സമരം സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മറ്റു ജില്ലകളില്‍ സമരം നടക്കുന്നത്. കോഴിക്കോട് മതേതര സമാജത്തിന്റെ നേതൃത്വത്തിലും തിരുവനന്തപുരത്ത് സാമൂഹിക സമത്വ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ റിലേ സത്യാഗ്രഹവുമാണ് നടക്കുന്നത്. മറ്റു ജില്ലാ തലങ്ങളിലും സമരം നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക