Image

സര്‍ക്കാരില്‍ പ്രതീക്ഷയറ്റെന്ന് കന്യാസ്ത്രീകള്‍

Published on 16 September, 2018
സര്‍ക്കാരില്‍ പ്രതീക്ഷയറ്റെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമാണെന്നു പ്രതീക്ഷയില്ലെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ നിരാഹാരസമരം തുടരുമെന്നും അവര്‍. വി.എസ്. അച്യുതാനന്ദനെപോലുള്ളവര്‍ സമരത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍, ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന വിശ്വാസമില്ല. പരാതി ഉന്നയിച്ച കന്യാസ്ത്രീയെ മാനസികമായി തളര്‍ത്താനും പിന്തുണച്ച വൈദികസമൂഹത്തെ പിന്തിരിപ്പിക്കാനുമാണു മിഷണറീസ് ഓഫ് ചാരിറ്റീസ് ചിത്രം പുറത്തുവിട്ടത്. അവരുടെ പി.ആര്‍.ഒ. ആയ കന്യാസ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും സമരപ്പന്തലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

 കേരളത്തിലേക്കു വരുന്നതുകൊണ്ടാണ് ജലന്ധര്‍ ബിഷപ്പിന്റെ ചുമതലമാറ്റം. ബിഷപ് സ്ഥാനത്തുനിന്നു ഫ്രാങ്കോ മാറിയാലും സമരം അവസാനിക്കില്ല. അറസ്റ്റും ശിക്ഷയുമാണു പ്രധാനം. സഭയില്‍ വിശ്വാസമുണ്ട്. അതിന്റെ അധികാരത്തിലിരിക്കുന്ന ചിലരുടെ പ്രവൃത്തിയിലാണു വിശ്വാസമില്ലാത്തതെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോയുടെ സ്വത്തു വെളിപ്പെടുത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

 സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യത്തില്‍ വിവിധ സംഘടനകളുമായി ഇന്നു സമരപ്പന്തലില്‍ ചര്‍ച്ച നടത്തും. പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടവര്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുമെന്നു ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക