Image

സഹോദരിയുടെ മകന്റെ ആദ്യകുര്‍ബാനയ്ക്ക് എത്തിയപ്പോള്‍ ഫ്രാങ്കോ കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ചു; ഫ്രാങ്കോയ്‌ക്കൊപ്പം കാറില്‍ കയറാന്‍ സമയം കന്യാസ്ത്രീ കരയുകയായിരുന്നു; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ

Published on 16 September, 2018
സഹോദരിയുടെ മകന്റെ ആദ്യകുര്‍ബാനയ്ക്ക് എത്തിയപ്പോള്‍ ഫ്രാങ്കോ കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ചു; ഫ്രാങ്കോയ്‌ക്കൊപ്പം കാറില്‍ കയറാന്‍ സമയം കന്യാസ്ത്രീ കരയുകയായിരുന്നു; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യകുര്‍ബാനയ്ക്ക് എത്തിയപ്പോഴെന്ന് വെളിപ്പെടുത്തല്‍. കന്യാസ്ത്രീക്ക് ഒപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നല്‍കുന്നതുമായ സിസ്റ്റര്‍ അനുപമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ച് 2014 മേയ് അഞ്ചിനാണ് കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യമായി പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാല്‍ നാളത്തെ പരിപാടിക്ക് ഒരുമിച്ച് പോകാമെന്ന് നിര്‍ബന്ധിച്ച് അവിടെ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡനത്തിനിരയാക്കിയതെന്നും സിസ്റ്റര്‍ അനുപമ പറയുന്നു. 

പിറ്റേന്ന് കാലടിയില്‍ ഒരു പള്ളിയില്‍ നടക്കുന്ന കുര്‍ബാനയ്ക്കായാണ് ഇവര്‍ പോയത്. ഫ്രാങ്കോയ്‌ക്കൊപ്പം കാറില്‍ കയറാന്‍ സമയം കന്യാസ്ത്രീ കരയുകയായിരുന്നു. പള്ളിയില്‍ വെച്ച് ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോള്‍ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുന്നു. സ്ഥിരമായി സിസ്റ്റര്‍ക്ക് ജലദോഷം ഉള്ളതിനാല്‍ ഏവരും ഇത് വിശ്വസിച്ചു. പിന്നീട് പലപ്രാവശ്യമായി ഫ്രാങ്കോ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.

ആ സമയം കേരളത്തിന്റെ ഇന്‍ചാര്‍ജും കുറവിലങ്ങാട് കമ്മ്യൂണിറ്റിയുടെ മദര്‍ സുപ്പീരിയര്‍ സ്ഥാനവും വഹിച്ചിരുന്നത് പരാതിക്കാരിയായിരുന്നു. പിന്നീട് ഫ്രാങ്കോയുടെ കേരളത്തിലെ പരിപാടികള്‍ മദര്‍ ജനറല്‍ റെജീന വിളിച്ചറിയിക്കും. ഇതനുസരിച്ചാണ് പരിപാടികളില്‍ പങ്കെടുത്തിരുന്നത്. തുടര്‍ന്നുള്ള യാത്രകളില്‍ ഒരാളെ കൂടി പരാതിക്കാരി ഉള്‍പ്പെടുത്തിയിരുന്നു. 

പീഡനത്തെ തുടര്‍ന്ന് സഭയ്ക്ക് പരാതി നല്‍കിയതിനെതിരെ ഫ്രാങ്കോ രംഗത്തെത്തി. സിസ്റ്ററും താനും മാപ്പ് പറയണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതിരുന്നതോടെ ഞങ്ങളിരുവരും ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഫ്രാങ്കോ സമ്മര്‍ദ്ദം ചെലുത്താത്തതിനാല്‍ പൊലീസ് എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തില്ലെന്നും സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക