Image

ഫ്രാങ്കോയുടെ സന്തതസഹചാരിയായ വൈദികന്റെ കുടുംബത്തിന് ചുരുങ്ങിയ നാളില്‍ കോടികളുടെ ആസ്തി; കാലടിയില്‍ പണിയുന്നത് കോടികളുടെ വീട്; റിയല്‍ എസ്‌റ്റേറ്റ് ബിസിനസും

Published on 16 September, 2018
ഫ്രാങ്കോയുടെ സന്തതസഹചാരിയായ വൈദികന്റെ കുടുംബത്തിന് ചുരുങ്ങിയ നാളില്‍ കോടികളുടെ ആസ്തി; കാലടിയില്‍ പണിയുന്നത് കോടികളുടെ വീട്; റിയല്‍ എസ്‌റ്റേറ്റ് ബിസിനസും
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയുടെ അടുപ്പക്കാരായ വൈദികര്‍ക്ക് കണ്ണടച്ചു തുറക്കുംമുന്‍പ് കോടികളുടെ ആസ്തി. കേരളത്തില്‍ ഇവരുടെ കുടുംബത്തിലാണ് സ്വത്ത് കുമിഞ്ഞ് കൂടിയിരിക്കുന്നത്. ഫ്രാങ്കോയുടെ സന്തത സഹചാരിയും ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസ സഭയില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നയാളുമായ കാലടി സ്വദേശിയുടെ കോടികളുടെ സ്വത്ത് വിവരമാണ് പുറത്തുവരുന്നത്. ഫ്രാങ്കോയും സംഘവും നടത്തുന്ന സഹോദയ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ അമരക്കാരന്‍ കൂടിയായ ഇദ്ദേഹം ഉള്‍പ്പെടുന്ന സംഘമാണ് രൂപതയിലെ വരുമാനം മുഴുവന്‍ കൈകാര്യം ചെയ്യുന്നത്.

ഇയാള്‍ കാലടിക്ക് സമീപം 12,000 ചതുരശ്ര അടിയുള്ള വീട് വയ്ക്കുന്നതായാണ് വിവരം. മൂന്നു നിലകളില്‍ പണിയുന്ന വീടിന്റെ മുകള്‍ നിലയില്‍ ചാപ്പല്‍ അടക്കമുള്ള സൗകര്യങ്ങള്‍ക്കുള്ള പ്രൊജക്ടാണ് പഞ്ചായത്തില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. വീടിനുള്ളില്‍ ലിഫ്ട് സൗകര്യമുണ്ടെന്നും പ്ലാനില്‍ പറയുന്നു. പത്തുകോടി രൂപയാണ് എസ്റ്റിമേറ്റ് ഇട്ടിരിക്കുന്നത്. 

മുന്‍പ് ഒരു ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തില്‍ നിന്നുള്ള ഒരംഗം വൈദികനായി ജലന്ധറില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെയാണ് കുടുംബം പച്ചപിടിച്ചതെന്ന് ഇവരെ അറിയാവുന്ന നാട്ടുകാര്‍ പറയുന്നു. മണലിന്റെ ചെറിയ ഇടപാടുമായി നടന്നിരുന്ന ഈ വൈദികന്റെ സഹോദരന്മാര്‍ ഇന്ന് പ്രദേശത്തെ വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനാണ്. കൊച്ചിന്‍ എയര്‍പോര്‍ട്ടിനടുത്ത് രണ്ടേക്കര്‍ സ്ഥലവും അങ്കമാലി കെ.എസ്.ആര്‍.ടിയില്‍ രണ്ട് ഷോറുമുകളും ഇവര്‍ക്കുണ്ട്.

മുന്തിയ ഇനം കാറുകളാണ് ഇവരുടെ മുറ്റത്ത് കിടക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ വൈദികന്‍ നാട്ടുകാരുമായി വലിയ ബന്ധം പുലര്‍ത്താറില്ല. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമായതോടെ ജലന്ധറില്‍ നിന്നും ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. ഒന്നരമാസമായി കാലടിയിലെ തറവാട് വീട്ടിലുള്ള ഇദ്ദേഹം കേസ് അട്ടിമറിക്കുന്നതിനുള്ള ഊര്‍ജിതമായ നീക്കം നടത്തുന്നുവെന്നും സൂചനയുണ്ട്. ്രൈഡവറെ ഒഴിവാക്കി രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്തുപോകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ കുടുംബ ഫൗണ്ടേഷന്റെ മറവിലും പല ഇടപാടുകളും നടക്കുന്നുവെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ഫ്രാങ്കോയുടെ ബിനാമിയാണ് ഈ വൈദികന്‍ എന്നാണ് സംശയം ബലപ്പെടുന്നത്. 

ബിഷപ്പ് ഫ്രാങ്കോയ്ക്ക് തീവ്രസ്വഭാവമുള്ള വിദേശ സംഘടനകളില്‍ നിന്നും സ്വകാര്യ അക്കൗണ്ടിലേക്ക് പണമെത്തുന്നതായി ജലന്ധറില്‍ നിന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 'ഒപുസ് ദേയ്', 'ഒപെറ ഡെല്ലാ കിയേസ' എന്നീ സംഘടനകള്‍ വഴി രഹസ്യ അക്കൗണ്ടിലേക്ക് പണമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ജലന്ധര്‍ രൂപതയിലെ മുഴുവന്‍ സ്ഥാപനങ്ങളും നിലവില്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ ചുറ്റുമുള്ള മൂന്നംഗ സംഘമാണ്. രൂപതയില്‍ നിന്നും വിദേശത്തുനിന്നുമുള്ള കണക്കില്‍പെടാത്ത പണമാണ് കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം. ഫ്രാങ്കോയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. 

വിദേശത്തുനിന്നു വരുന്ന പണംകൊണ്ട് ഫ്രാങ്കോ പല സംസ്ഥാനത്തും സ്വകാര്യ സ്വത്തുകള്‍ വാങ്ങിക്കൂട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ സ്വദേശമായ തൃശൂരിലും വലിയ തോതില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും സൂചനയുണ്ട്. ഫ്രാങ്കോയുടെ പണത്തിന്റെ സ്രോതസ്സിലും അവയുടെ ഇടപാടുകളിലും  ദേശീയ അന്വേഷണ ഏജന്‍സിയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടടേറ്റിന്റെയും ഇന്‍കം ടാക്‌സിന്റെയും അന്വേഷണം വരണമെന്നാണ് വൈദികരുടേയും ആവശ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക