Image

ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ്‌ വാറണ്ട്‌

Published on 14 September, 2018
ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി  ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ്‌ വാറണ്ട്‌


മുംബൈ: ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയും തെലുങ്ക്‌ ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ്‌ വാറണ്ട്‌. മഹാരാഷ്ട്രയിലെ ധര്‍മബാദ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ചന്ദ്രബാബു നായിഡുവിനും മറ്റ്‌ 15 പേര്‍ക്കുമെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

2010ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയ കേസിലാണ്‌ ഉത്തരവ്‌.

നിലവില്‍ ആന്ധ്രാ ജലവിഭവ വകുപ്പ്‌ മന്ത്രിയായ ദേവിനേനി ഉമേശ്വര റാവു, സാമൂഹിക ക്ഷേമവകുപ്പ്‌ മന്ത്രി എന്‍ ആനന്ദ്‌ ബാബു, മുന്‍ എംഎല്‍എയും ഇപ്പോള്‍ തെലുങ്കാന രാഷ്ട്ര സമിതി നേതാവുമായ ജി. കമല്‍കര്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്‌.

അതിക്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ തടസ്സം നില്‍ക്കുക, മാരാകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ 21ന്‌ മുന്‍പായി പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കണമെന്നാണ്‌ കോടതിയുടെ നിര്‍ദ്ദേശം. ആന്ധ്രാ വിഭജനത്തിന്‌ മുന്‍പ്‌ ബബ്ലി പദ്ധതി പ്രദേശത്ത്‌ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ അനധികൃത നിര്‍മാണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട്‌ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ചന്ദ്രബാബു നായിഡുവും മറ്റുള്ളവരും കോടതിയില്‍ ഹാജരാകുമെന്ന്‌ ആന്ധ്രാപ്രദേശ്‌ ഐടി വകുപ്പ്‌ മന്ത്രിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ എന്‍ ലോകേഷ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക