വൃക്ക രോഗം മൂലം ദുരിതത്തിലായ ആലപ്പുഴ സ്വദേശിനി ആതിര സന്തോഷിന്റെ ചികിത്സയ്ക്കായി നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി സമാഹരിച്ച ചികിത്സ ധനസഹായം കൈമാറി.
ആതിര ചികിത്സയില്‍ ഇരിയ്ക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് സി.പി.ഐ ആലപ്പുഴ ജില്ല സെക്രെട്ടറി ടി.ജെ.ആഞ്ചലോസ് സഹായധനം കൈമാറി. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ജോയിന്റ് സെക്രെട്ടറിമാരായ ഹുസ്സൈന്‍ കുന്നിക്കോട്, ദാസന്‍ രാഘവന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രെട്ടറി ടി.ടി.ജിസ്‌മോന്‍, മഹിളാസംഘം ജില്ല സെക്രെട്ടറി ദീപ്തി അജയകുമാര്‍, നവയുഗം മുന്‍നേതാക്കന്മാരായ ടിറ്റോ ജോയ്, അരുണ്‍ നൂറനാട് എന്നിവര്‍ പങ്കെടുത്തു.
തിരുവിതാംകൂര്‍ കയര്‍ തൊഴിലാളി സമരത്തിലെ ആദ്യരക്തസാക്ഷി ഗരുഡന്‍ ബാവയുടെ കൊച്ചുമകളാണ് ആതിര. രണ്ടു വൃക്കകളും തകരാറില്‍ ആയതിനെതുടര്‍ന്ന് ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെടുകയായിരുന്നു. ഏറെ പാവപ്പെട്ട കുടുംബത്തിലെ അംഗമായ ആതിര, ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.