Image

കേരളത്തിനു കൈത്താങ്ങായി കൊളോണ്‍ അതിരൂപത

Published on 29 August, 2018
കേരളത്തിനു കൈത്താങ്ങായി കൊളോണ്‍ അതിരൂപത

കൊളോണ്‍: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ അതിജീവനത്തിന് കൊളോണ്‍ അതിരൂപതയുടെയും ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിയുടെയും കൈത്താങ്ങ്. 

ജൂലൈ 13 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ചു പ്രകൃതി രമണീയത മനസിലാക്കി മടങ്ങിയ ആളാണ് കര്‍ദിനാള്‍ വോള്‍ക്കി. എന്നാല്‍ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയില്‍ മനം നൊന്ത കര്‍ദ്ദിനാള്‍ വോള്‍ക്കി 1,50,000 യൂറോയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സാന്പത്തിക സഹായം നല്‍കുന്നത്. അതിരൂപത മാത്രമല്ല ജര്‍മനിയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും കേരളത്തെ സഹായിക്കാനുള്ള സാന്പത്തിക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 

ജര്‍മനിയിലെ കാരിത്താസിന്റെ നേതൃത്വത്തിലും ചാരിറ്റി ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. ഈ തുകകള്‍ കേരളത്തിനുള്ള ആശ്വാസ ഫണ്ടായി ഉടന്‍തന്നെ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാനാണ് പരിപാടി. ഇതിന്റെ ആദ്യഗഡുവായി 15,000 യൂറോ കേരളത്തിനു നല്‍കിയതായി കാരിത്താസിന്റെ പത്രകുറിപ്പില്‍ പറയുന്നു. 

കേരളത്തില്‍ നിന്നുള്ള ഒട്ടനവധി വൈദികര്‍ കൊളോണ്‍ അതിരൂപതയില്‍ സേവനം ചെയ്യുന്നതില്‍ കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ അതീവ സന്തുഷ്ടനാണ്. 14 ദിവസത്തോളം കേരളത്തില്‍ തങ്ങിയ കര്‍ദ്ദിനാള്‍ തിരുവനന്തപുരം കോട്ടയം, മാന്നാനം, കൊച്ചി, ആലുവ, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച ശേഷമാണ് ജര്‍മനിയിലേയ്ക്കു മടങ്ങിയത്. ജൂലൈ 21 ന് രാവിലെ മാന്നാനത്ത് വിശുദ്ധ ചാവറ പിതാവിന്റെ കബറിട ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ച കര്‍ദ്ദിനാളിനെ ലേഖകന്‍ നേരില്‍ക്കണ്ടു സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു.

കാരിത്താസ് ഇന്ത്യയും ഓര്‍ഡര്‍ ഓഫ് കര്‍മലീറ്റയും വഴി കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. ഇതിനായി കര്‍മലീത്ത ഓഫീസ് തന്നെ തുറന്നു കഴിഞ്ഞു. കാരിത്താസ് ഇന്റര്‍നാഷണലിന്റെ വെബ്‌സൈറ്റ് വഴി ദുരിതാശ്വാസത്തിനുള്ള ധനസഹായവും സ്വീകരിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക