Image

പതിനായിരങ്ങള്‍ മരണമുഖത്ത്, ചെങ്ങന്നൂരിനായി കരഞ്ഞപേക്ഷിച്ച് സജിചെറിയാന്‍ എംഎല്‍എ

Published on 17 August, 2018
പതിനായിരങ്ങള്‍ മരണമുഖത്ത്, ചെങ്ങന്നൂരിനായി കരഞ്ഞപേക്ഷിച്ച് സജിചെറിയാന്‍ എംഎല്‍എ
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സംഭവിക്കുക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാകുമെന്ന് സജി ചെറിയാന്‍ എംഎല്‍എ. പ്രദേശത്ത് അമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളാകും കാണേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.

'ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകും. എന്റെ നാട്ടിലെ പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വേറെ വഴിയില്ല. രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മല്‍സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്. പ്ലീസ്..!'

മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂരില്‍ സ്ഥിതി അതിദയനീയമാണെന്ന് സജി ചെറിയാന്‍ പറയുന്നു. മേഖലയില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. വള്ളങ്ങളിലോ ബോട്ടുകളിലോ ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാകുന്ന സ്ഥിതിയല്ല ഇവിടങ്ങളിലേത്. ഇടനാട് മാത്രം അയ്യായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം പോലുമില്ല. ഇന്ന് മാത്രം 4 പേരുടെ മരണവാര്‍ത്തയാണ് പുറത്തുവന്നത്. തന്റെ വണ്ടിയടക്കം വണ്ടിയടക്കം നിലയില്ലാകയത്തില്‍ മുങ്ങിയിരിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. പതിനായിരങ്ങള്‍ മരണമുഖത്താണെന്നും ഹെലികോപ്ടറുമായി വന്ന് ആരെങ്കിലും രക്ഷിക്കണമെന്നും അല്ലെങ്കില്‍ നാട്ടുകാര്‍ മരിച്ചുപോകുമെന്നും പറഞ്ഞ് സജി ചെറിയാന്‍ കരയുകയാണ് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക