Image

രാമായണമാസം, ചില രാവണചിന്തകള്‍ (പുന:പ്രകാശിതം: സുധീര്‍ പണിക്കവീട്ടില്‍)

Published on 17 August, 2018
രാമായണമാസം, ചില രാവണചിന്തകള്‍ (പുന:പ്രകാശിതം: സുധീര്‍ പണിക്കവീട്ടില്‍)
(രാമായണ മാസം ഇന്നു അവസാനിക്കുന്നു)

രാമായണത്തിനു മുന്നോറോളം ഭാഷ്യങ്ങള്‍ ഉണ്ടെന്ന് ശ്രീ എ.കെ രാമാനുജന്റെ (പ്രശസ്ത കവി, ഭാരതീയ സാഹിത്യ പണ്ഡിതന്‍ 1929-1993 ) ഒരു പ്രബന്ധത്തില്‍ അദ്ദേഹം എഴുതിയപ്പോള്‍ അത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. മൂലക്രുതിയായ വാല്‍മികിയുടെ രാമായണത്തില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് പല ഭാരതീയഭാഷകളിലും വിദേശഭാഷകളിലും രാമായണം എഴുതപ്പെട്ടിട്ടുണ്ട്.. എന്നാല്‍ എഴുതിയവരൊക്കെ അവരുടെ ആശയങ്ങള്‍ അതില്‍ ചേര്‍ത്തപ്പോള്‍ പല രാമായണങ്ങള്‍ ഉണ്ടായി. ഒരു പക്ഷെ മുന്നൂറില്‍ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ടായിരിക്കാം. മൂല ക്രുതിയെഴുതിയ ഭാഷയില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് പരിഭാഷ ചെയ്യുമ്പോള്‍ അര്‍ത്ഥങ്ങള്‍ക്ക് വ്യത്യാസം വരുന്നു. ഒരു പക്ഷെ മൂലഭാഷക്ക് തുല്യമായ പദം പരിഭാഷചെയ്യപ്പെടുന്ന ഭാഷയില്‍ ഉണ്ടാകില്ല. ലോകമെമ്പാടും ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ബൈബിള്‍പോലും പല തരത്തില്‍ വ്യഖാനിക്കുന്നതായി കാണുന്നു.

എപ്പോഴും എവിടേയും ഏത് സമയത്തും പ്രത്യക്ഷപ്പെടാനുള്ള അനുഗ്രഹമുണ്ടായിരുന്ന നാരദന്‍ ഒരു ദിവസം വാല്‍മികിയുടെ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ വാല്‍മികി ചോദിച്ചു, സര്‍വ്വ ഗുണങ്ങളും തികഞ്ഞ ഒരു മനുഷ്യന്‍ ഈ ലോകത്തില്‍ ഉണ്ടോ? ശ്രദ്ധിക്കുക - മനുഷ്യന്‍ എന്നാണു ചോദിച്ചത്? ദിവ്യാവതാരമെന്നല്ല. എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു മനുഷ്യനെ കണ്ടെത്തുക പ്രയാസമാണു. എന്നാല്‍ അയോദ്ധ്യയിലെ രാജാവായ രാമനെ എല്ലാ ഗുണങ്ങളും തികഞ്ഞ മനുഷ്യനായി കരുതാം.വാല്‍മികിയുടെ മനസ്സില്‍ ആ സംശയം അങ്ങനെ കിടന്നു. അപ്പോഴാണു തമസ്സാ നദിക്കരയില്‍ സ്‌നാനത്തിനായി അദ്ദേഹം ചെന്നപ്പോള്‍ ക്രൗഞ്ച മിഥുനങ്ങളില്‍ ഒന്നിനെ വേടന്‍ അമ്പെയ്ത് വീഴ്ത്തുന്നത്. വാല്‍മികി ക്രോധാവേശത്താല്‍ വേടനെ ശപിച്ചു. ആ ശാപം മുനിയുടെ വായില്‍ നിന്നും വീണത്അനുഷ്ടുപ്പ് വ്രുത്തത്തിലായിരുന്നു. മുനിയറിയാതെയാണെങ്കിലും വ്രുത്തനിബദ്ധമായി പ്രവഹിച്ച ആ വരികള്‍ മനുഷ്യരാശിയുടെ ആദികാവ്യമായി ഭാരതീയര്‍ കരുതുന്നു. കാവ്യരൂപത്തില്‍ ആ സമയത്ത് വേദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ ദേവന്മാര്‍ ഋഷികള്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിച്ചതാണെന്നു വിശ്വസിച്ചു വരുന്നു.

ശാപവും സ്‌നാനവുമൊക്കെ കഴിഞ്ഞ് ആശ്രമത്തിലെത്തിയ വാല്‍മികിയെ ബ്രഹ്മാവ് കാത്തിരിപ്പുണ്ടായിരുന്നു. കവിതാ രൂപത്തില്‍ ശപിക്കാനുള്ള കഴിവ് ബ്രഹ്മാവ് കൊടുത്തതാണെന്നും ആ വ്രുത്തത്തില്‍ നാരദനില്‍ നിന്നും കേട്ട രാമന്റെ കഥയെഴുതണമെന്നും ബ്രഹ്മാവ് വാല്‍മികിയോഠ് അഭ്യര്‍ത്ഥിച്ചു. നീ എഴുതാനിരിക്കുമ്പോള്‍ രാമന്റെ കഥ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും, നടക്കാനിരിക്കുന്നതും എല്ലാം നിന്റെ മനോമുകുരത്തില്‍ കാണാനുള്ള കഴിവ് നിനക്കുണ്ടാകും. അതുകൊണ്ട് എഴുതുക, ഹ്രുദയത്തിനു ആഹ്ലാദം നല്‍കുന്ന, സുക്രുതം ലഭ്യമാകുന്ന രാമന്റെ കഥ. ഭൂമിയില്‍ പര്‍വ്വതങ്ങളും, പുഴകളും ഉള്ള കാലം രാമന്റെ കഥ തഴ്ച്ച്‌കൊണ്ടിരിക്കും.പിതാവും പുത്രനും (ബ്രഹ്മാവും, നാരദനും) നല്‍കിയ പ്രോത്സാഹനത്തിന്റെ പ്രസരിപ്പോടെ വാല്‍മികി രാമയണ കഥയെഴുതി.

യുഗാന്തരങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരുടെ ഭാഷയും, സംസ്കാരവും, ജീവിത രീതികളും മാറികൊണ്ടിരിക്കും അപ്പോള്‍ മര്യാദ പുരുഷോത്തമനായി താന്‍ ചിത്രീകരിക്കുന്ന രാമനില്‍ അവര്‍ കുറ്റങ്ങള്‍ കണ്ടെത്തുമെന്നൊന്നും വാല്‍മികി ചിന്തിക്കാന്‍ വഴിയില്ല. രാമന്റെ പ്രവ്രുത്തികള്‍ പലതും ഇന്നത്തെ മനുഷ്യര്‍ക്ക് ശരിയെന്ന് തോന്നാതിരിക്കുമ്പോള്‍ അദ്ദേഹം ഉത്തമ പുരുഷന്‍ ആകുന്നില്ല. രാമനെ കണ്ട് കാമമോഹിതയായ ശൂര്‍പ്പണഖ നീ പുരുഷന്മാരില്‍ ഉത്തമന്‍ എന്നു പ്രശംസിക്കുന്നുണ്ട്.അതു പക്ഷെ ബാഹ്യാകാരഭംഗിയില്‍ അവള്‍ ഭ്രമിച്ച്‌പോയത്‌കൊണ്ടാണ്. രാമനെ ഉത്തമപുരുഷനായി വാല്‍മികി എഴുതിയുണ്ടാക്കിയ രാമായണത്തില്‍ കവി ധര്‍മ്മം പാലിച്ച് കൊണ്ട് അദ്ദേഹം സത്യങ്ങള്‍ എല്ലാം തുറന്നെഴുതിയപ്പോള്‍ അതു പുലിവാലാകുമെന്ന് മനസ്സിലാക്കി് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ അവിശ്വനീയങ്ങളായ വ്യഖ്യാനങ്ങളുമായി എത്തി.യെങ്കിലും ഇന്നും രാമന്‍ വിമര്‍ശിക്കപ്പെടുന്നു. താനെഴുതുന്ന രാമന്‍ മനുഷ്യനാണു അവനില്‍ അഥവാ കുറ്റങ്ങള്‍ കണ്ടെത്തുന്നവരെ തിരുത്താന്‍ വേറൊരു ജനവിഭാഗം ഉണ്ടാകുമെന്നും തപസ്വിയായ അദ്ദേഹത്തിനറിയാമായിരിക്കാം. എന്തായാലും രാമനെപ്പറ്റി സത്യ്‌സന്ധമായി എഴുതുക അതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ വന്നാല്‍ കപട ഭകതിയുടേയും അന്ധമായ ഭക്തിയുടെയും അടിമകള്‍ ആകാന്‍ പോകുന്ന ജനത അതൊക്കെ എന്തെങ്കിലും വിധത്തില്‍ വ്യഖ്യാനിച്ച സമധാനം കണ്ടെത്തുമെന്നും അദ്ദേഹം അറിഞ്ഞ് കാണും.ഒരാളെ ഉത്തമ പുരുഷനാക്കുന്ന ഗുണങ്ങള്‍ ഓരോ യുഗത്തിലും വ്യത്യ്‌സ്ത്തമായ്രിക്കും.അങ്ങനെയെങ്കില്‍ ത്രേതയുഗത്തില്‍ എഴുതിയ രാമായണത്തിലെ രാമന്‍ ഉത്തമ പുരുഷന്‍ തന്നെ.അന്നു തിരുവായ്ക്ക് എതിര്‍വായയില്ലായിരുന്നു. എന്നാല്‍ കലിയുഗത്തില്‍ എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. വൈദ്യുതിയില്ലായിരുന്ന കാലത്തെ കേരളത്തിലെ കര്‍ക്കടകമാസം ഭയപ്പെടുത്തുന്നതായിരുന്നു.പകല്‍ പോലും അന്ധകാരം പരത്തുന്ന കനത്ത മഴ. കൂടാതെ ഭക്ഷ്ണ സാധനങ്ങളുടെ കുറവ്. ജനം എന്തു ചെയ്യും .അപ്പോള്‍ രക്ഷക്കെത്തുന്നത് ഭക്തിയും ദിവ്യമായ ചിന്തകളുമാണു്. അങ്ങനെ കര്‍ക്കടക മാസം പുണ്യമാസമാകുന്നു, അല്ലെങ്കില്‍ അങ്ങനെ പരിഗണിക്കപ്പെടുന്നു. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെ ഒരു മാസം രാമായണ വായനക്കായി തിരഞ്ഞെടുത്തതായി കാണുന്നില്ല. ഇതില്‍ നിന്നും എന്തു മനസ്സിലാക്കുന്നു, ഭൂരിപക്ഷം ജനം തീരുമാനിച്ചാല്‍ ദൈവം മനുഷ്യനും മനുഷ്യന്‍ ദൈവവുമാകുന്നു.

പരിപൂര്‍ണ്ണനായ ഒരു മനുഷ്യന്‍ ഉണ്ടൊ എന്നായിരുന്നു വാല്‍മികിയുടെ സംശയം. അതിനു മറുപടി പറഞ്ഞത് നാരദനും, ബ്രഹ്മാവുമാണു. ഉണ്ട്, അയോദ്ധയിലെ രാജവായ രാമന്‍. എന്നാല്‍ വാല്‍മികി എഴുതി വന്നപ്പോള്‍ അദ്ദേഹത്തിനു അത് ബോദ്ധ്യമായില്ലെന്നു ചില സംഭവങ്ങള്‍ അദ്ദേഹം വിവരിക്കു ന്നതിലൂടെ നമുക്ക് മനസ്സിലാക്കാം.

ആരണ്യകാണ്ഡത്തില്‍ സീതയോടും ലക്ഷമണനോടും കൂടിയിരിക്കുന്ന രാമന്റെ സൗന്ദര്യം കണ്ടു കാമമോഹിതയായി (എഴുത്തുഛന്‍ എഴുതിയിരിക്കുന്നത് മീനകേതനബാണ പീഢിതയായി) അവരെ സമീപിക്കുന്നു. രാമന്‍ സുന്ദരന്‍ തന്നെ, സ്വയംവരത്തിനു മാലയുമായി എത്തിയ സീതാദേവിഃ വന്നുടന്‍ നേത്രോല്‍പ്പ മാലയുമിട്ടാള്‍ മുന്നേ, പിന്നാലേ വരണര്‍ത്ഥമാലയുമിട്ടീടിനാള്‍''എന്നു എഴുത്തഛന്‍. വാല്‍മികി രാമന്റെ സൗന്ദര്യം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങനെ. ദീപ്താസ്യം- (ഭാസുരതേജ്വസിയായ) ,മഹാബാഹുവായ, കമലദളങ്ങള്‍ പോലെ ആയതനേത്രങ്ങള്‍ ഉള്ള, ഗജവിക്രാന്ത ഗമനനായ, ജടമണ്ഡലങ്ങള്‍ ധരിച്ച, സുകുമാര മഹാസത്വം, ഇന്ദീവര നിറമുള്ള, കാമദേവനു സദ്രുശ്യനായ, ഇന്ദ്രനെപോലെയുള്ള, രാജകീയ പ്രൗഢിയുള്ള, രാമനെ കണ്ട് ശൂര്‍പ്പണക കാമന്‍ കടുന്തുടി കൊട്ടുന്ന മനസ്സുമായി മോഹിച്ച് അടുക്കുന്നു.

രാക്ഷസിമാര്‍ കാമരൂപിണികളാണു, അവര്‍ക്ക് എന്തു രൂപം വേണമെങ്കിലും എടുക്കാം എഴുത്തഛന്‍ അ ധികമൊന്നും വര്‍ണ്ണിക്കാതെ ശൂര്‍പ്പണഖയുടെ ഭംഗി രണ്ടു വരികളില്‍ ഒപ്പിച്ചു. സുന്ദരവേഷത്തോടും മന്ദഹാസവും പൊഴിഞ്ഞിന്ദിരാവരനോട് മന്ദമായുരചെയ്താള്‍''. എന്നോട് കൂടെപ്പോന്നു രമിച്ച്‌കൊള്ളേണം നീ, നിന്നേയും പിരിഞ്ഞ് പോവാന്‍ മമ ശക്തി പോരാ.. എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ (എഴുത്തഛന്‍) നിന്നെ കണ്ട മാത്രയില്‍ പുരുഷന്മാരില്‍ ഏറ്റവും ഉത്തമനാണു നീ നീയാണു എന്റെ ഭര്‍ത്താവേണ്ടവന്‍ എന്ന ചിന്ത എനിക്കുണ്ടായിയെന്നു വാല്‍മികി ശൂര്‍പ്പണഖയെകൊണ്ട് പറയിക്കുന്നുണ്ട്. അവള്‍ പറയുന്ന ഉത്തമന്‍ ബാഹ്യസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണു്.. ശൂര്‍പ്പണഖ വീണ്ടും രാമനൊട് പറയുന്നു, നിന്നെ സ്വതന്ത്രനാക്കാന്‍ ഞാന്‍ സീതയേയും, നിന്റെ സഹോദരനേയും കൊന്നു തിന്നാം. ഇതു കേട്ടു രാമന്‍ ചിരിയടക്കിപിടിച്ച് (പ്രഹസ്യ എന്ന വാക്കുപയോഗിച്ചിരിക്കുന്നു വാല്‍മികി) ഒരു കള്ളം പറയുന്നു. എന്റെ ഭാര്യ എന്റെ കൂടെയുണ്ട് എന്നാല്‍ എന്റെ അനിയന്‍ "അക്രുതദാരനാണു''. ഭാര്യയില്ലാത്തവന്‍. അവനോട് നിന്റെ ആഗ്രഹം ഉണര്‍ത്തിക്കുക. ഈ ഭാഗം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചിലര്‍ രാമനെ പ്രമാണീകരിച്ചും ചിലര്‍ അല്ലാതേയും. രാമന്‍ മര്യാദ പുരുഷോത്തമന്‍ ആണെന്നു വാദിക്കുന്നവര്‍ക്ക് രാമായണത്തിലെ ഇത്തരം സംഭവങ്ങള്‍ സുഖകരമല്ല.രാമന്‍ ശൂര്‍പ്പണഖയെ കളിയാക്കിയതാണെന്നും ഭാര്യയില്ലാത്തവന്‍ എന്ന വാക്കിനര്‍ത്ഥം അക്രുതദാര = അവിവാഹിതന്‍ അല്ലെങ്കില്‍ ഭാര്യ കൂടെയില്ലാത്തവന്‍ എന്ന അര്‍ത്ഥമാണെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ട്. സാധാരണ മനുഷ്യന്റെ ചോദ്യം: കളിയായാലും കാര്യമായാലും ഒരു മര്യാദപുരുഷോത്തമന്‍ ഒരു പരസ്ര്തീയെ സ്വന്തം അനിയന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത് ഉചിതമോ?.

സുചരിതനായ അനിയന്റെ സ്വഭാവത്തില്‍ വിശ്വാസമുണ്ടെന്ന കാരണത്താല്‍ അങ്ങനെ പറഞ്ഞുവിട്ടുവെന്നു വാദിക്കുമ്പോഴും എല്ലാ നന്മകളും തികഞ്ഞുവെന്നു അവകാശപ്പെടുന്ന ഒരാള്‍ക്ക് അത് യോജിച്ചതോ? വാത്മീകി രാമായണത്തില്‍ രാമന്‍ ഇങ്ങനെ പറയുന്നതായി എഴുതീട്ടുണ്ട്.സുന്ദരനായ അവന്‍ (ലക്ഷ്മണന്‍) നിനക്ക് ഭര്‍ത്താവാകാന്‍ യോഗ്യനാണു. അവന്റെ ഭാര്യ കൂടെയില്ല, അവനു ഒരു ഭാര്യയുടെ ആവശ്യമുണ്ട്. വാല്‍മികി ഉപയോഗിച്ചിരിക്കുന്ന സംസ്ക്രുത പദങ്ങളുടെ അര്‍ത്ഥം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സംസ്ക്രുത പദങ്ങള്‍ സ്വതന്ത്രമായി തന്നെ വിശകലനം ചെയ്യുമ്പോള്‍ അര്‍ത്ഥങ്ങള്‍ക്ക് വ്യത്യാസം വരുന്നു.ലക്ഷമണന്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയായ ഊര്‍മ്മിളയുടെ അഭാവം അറിയുന്നു അവനു ഊര്‍മ്മിളയെ ഭാര്യയായി വേണമെന്നും ആണു രാമന്‍ ഉദ്ദേശിച്ചത് എന്നു പണ്ഡിതന്മാര്‍ വ്യഖ്യാനിച്ചിട്ടുണ്ട്.
രാമകഥയില്‍ വായനകാര്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങള്‍ രാമന്‍ നേരമ്പോക്ക് കാണിച്ചതാണു, അല്ലെങ്കില്‍ പ്രവ്രുത്തിച്ചതാണു എന്നൊക്കെ വ്യഖ്യാനിച്ച് മര്യാദപുരുഷോത്തമന്‍ എന്ന പദവി കാത്ത് സൂക്ഷിക്ക്‌പ്പെടുമ്പോള്‍ സാധാരണ മനുഷ്യനും ഓരൊ തെറ്റുകള്‍ ചെയ്യുമ്പോള്‍ അത് ''തമാശക്ക്"എന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. രാമന്‍ മര്യാദപുരുഷോത്തമനോ അല്ലാതെയോ ഇരിക്കുന്നത് കൊണ്ട് മനുഷ്യരാശിയുടെ രാശിഫലങ്ങളില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. എന്നാലും അങ്ങനെയുള്ള കഥാപാത്രങ്ങളെക്കുറിച്ചുള്ള കൗതുകമാര്‍ന്ന സംഭവങ്ങളിലേക്ക് ഒന്നു എത്തി നോക്കുന്നു എന്നു മാത്രം.ഈ എത്തിനോക്കലും അപൂര്‍ണ്ണമാണു, കാരണം ഇത് ഈ ലേഖകന്റെ പരിമിതമായ അറിവിന്റെ പരിധിയില്‍ നിന്നും ഉയരുന്ന സംശയങ്ങളാണു. ഇനിയും സംശയങ്ങളുമായി വീണ്ടും കാണാം.
ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക