Image

അവിശ്വാസ വോട്ടെടുപ്പും രാജ്യസഭ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പും മഹാസഖ്യത്തിന് നല്‍കുന്ന മുന്നറിയ്പ്പ്. (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 17 August, 2018
അവിശ്വാസ വോട്ടെടുപ്പും രാജ്യസഭ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പും മഹാസഖ്യത്തിന് നല്‍കുന്ന മുന്നറിയ്പ്പ്. (ദല്‍ഹികത്ത് : പി.വി.തോമസ് )
2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി.ക്കും എന്‍.ഡി.എ.യ്ക്കും എതിരായി. ഒരു സമഗ്ര-സമ്പൂര്‍ണ്ണ-സമൂല മഹാസഖ്യം രൂപീകരിക്കുവാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിനാണ്. ഗവണ്‍മെന്റിന് എതിരായുള്ള അവിശ്വാസ വോട്ടെടുപ്പിന്റെയും രാജ്യസഭ ഉപാദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ തിരിച്ചടി ആയത്. അവിശ്വാസ വോട്ടില്‍ ഭരണസഖ്യം വിജയിക്കുന്ന കാര്യത്തില്‍ സംശയം ഇല്ലായിരുന്നു. കാരണം ലോകസഭയില്‍ ഭരണസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ട്. ഭരണസഖ്യം 70 ശതമാനത്തിലേറെ ഭൂരിപക്ഷത്തോടെ വിജയിക്കുക മാത്രം അല്ല പ്രതിപക്ഷത്തിലെ വിള്ളല്‍ വെളിച്ചത്ത് കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കം ഉള്ള രാജ്യസഭയില്‍ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് പരാജയം പ്രതിപക്ഷത്തിനും മഹാസഖ്യം എന്ന ആശയത്തിനും വലിയ തിരിച്ചടി ആയി. അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ പ്രതിപക്ഷം ചിതറി പ്പോയി. ബിജുജനതാദള്‍ ഇറങ്ങിപ്പോയി തന്ത്രപൂര്‍വ്വം. തെലുങ്കാന രാഷ്ട്രസമിതി വോട്ടെടുപ്പില്‍ നിന്നും ഒഴിഞ്ഞുനിന്നു. അങ്ങനെ പ്രതിപക്ഷം ദയനീയമായി പരാജയപ്പെട്ടു. അതിലും ദയനീയ പരാജയം ആയിരുന്നു പ്രതിപക്ഷം രാജ്യസഭ ഉപാദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്്. ഒറ്റനോട്ടത്തില്‍ അത് മഹാസഖ്യത്തിന്റെ കൂമ്പ് അടക്കുന്നത് ആണ് എന്നു തോന്നാമെങ്കിലും അത് അങ്ങനെ അല്ല. എങ്കിലും മഹാസഖ്യം എന്ന പ്രതിപക്ഷ വിചാരധാരക്കും രാഷ്ട്രീയ തന്ത്രത്തിനും ഏറ്റ കനത്തപ്രഹരം തന്നെ ആയിരുന്നു അത്. എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥി ആയ ജെ.ഡി.(യു)യുടെ ഹരി വന്‍ശ നരയന്‍ സിംങ്ങ് വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആയി ഹരപ്രസാദിനെ തോല്‍പിച്ചു. കാരണം പ്രതിപക്ഷം വിഘടിതം ആയിരുന്നു. എവിടെപോയി മഹാസഖ്യത്തിന്റെ മതേതര കൂട്ടായ്മ?

എ.ഡി.എം.കെ(13) എന്‍.ഡി.എ.ക്ക് വോട്ടു ചെയ്തു. കാരണം അത് കൂട്ടാളിയാണ്. ഇപ്പോഴത്തെ തമിഴ്‌നാട് ഗവണ്‍മെന്റ് ബി.ജെ.പി.യുടെ പാവയും ആണ്. ബി.ജെ.പി.(ഒഡീഷ) എന്‍.ഡി.എ.ക്ക് വോട്ട് ചെയ്തു. ഒമ്പത് അംഗങ്ങള്‍ ഉണ്ട്. ഇതാണ് തെരഞ്ഞെടുപ്പിന്റെ ഗതിവിഘതികള്‍ മാറ്റി മറിച്ചത്. അവിശ്വാസ വോട്ടെടുപ്പില്‍ വാക്ക് ഔട്ട് നടത്തിയ ബി.ജെ.പി. പരിപൂര്‍ണ്ണമായും എന്‍.ഡി.എ.ആയി. അത് ബിജു പട്‌നായിക്കിന്റെ രാഷ്ട്രീയതന്ത്രം ആണ്. ആറാമതു പ്രാവശ്യം ഒഡീഷയില്‍ അധികാരത്തില്‍ വരുവാനുള്ള തന്ത്രം ബി.ജെ.പി. ഒഡീഷയില്‍ വളരുന്ന ആ ശക്തിയാണ്. ഒപ്പം ഒരു ന്യായീകരണവും. വോട്ട് ചെയ്തത് ബി.ജെ.പി.ക്ക് അല്ല ജെ.ഡി.യു.വിന്് ആണ്. കാരണം സ്ഥാനാര്‍ത്ഥി ജെ.ഡി.യുവിന്റെ ആണല്ലോ? അതും ബി.ജെ.പി.യുടെ സമര്‍ത്ഥമായ ഒരു തന്ത്രം. എന്‍.സി.പി. നേതാവ് ശരദ് പവാര്‍ പട്‌നായിക്കിന്റെ സഹായം അഭ്യര്‍ത്ഥിക്കുവാന്‍ വൈകി എന്നത് ഒരു മുടന്തന്‍ ന്യായീകരണം മാത്രം. പക്ഷേ, പട്‌നായിക്കിന്റെ പിന്തുണ ഉറപ്പ് വരുത്തുവാന്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്ന സത്യം നിലനില്‍ക്കുന്നു.

അടുത്തത് തെലുങ്കാന രാഷ്ട്രസമതി(6). ഇത് കയ്യാലപ്പുറത്തെ തേങ്ങ ആണ്. പക്ഷേ, തെലുങ്കുദേശം പാര്‍ട്ടിയുമായിട്ടുള്ള വൈരം മൂലം എന്‍.ഡി.എ.യിലേക്ക് ആണ് ചായ് വ്്. ഇന്‍ഡ്യന്‍ നാഷ്ണല്‍ ലോക്ദളും(1) നോമിനേറ്റ് ചെയ്യപ്പെട്ടവനും(4) സ്വതന്ത്രരും(3) എ.ന്‍.ഡി.എ.ക്ക് വോട്ട് ചെയ്തു. നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ കഥ വിടുക. കാരണം അത് ഭരണസഖ്യത്തിന്റെ അംഗങ്ങള്‍ ആണ്. ആം ആദ്മി പാര്‍ട്ടിയെ പോലും സ്വന്തം വശത്താക്കുവാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷത്തിന് സാധിച്ചില്ല. അരവിന്ദ് കേജരിവാള്‍ പറഞ്ഞത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി അദ്ദേഹത്തെ വിളിച്ച് സംസാരിച്ചില്ല എന്നാണ്. ഇവര്‍ എന്ത് മഹാസഖ്യം ആണ് രൂപീകരിക്കുവാന്‍ പോകുന്നത്? മറുവശത്ത് മോഡിയും അമിത്ഷായും യുദ്ധത്തില്‍ അവസാനത്തെ അറ്റം വരെ പോകുവാന്‍ തയ്യാര്‍ ആണ്. ധര്‍മ്മനീതികള്‍ അല്ല അവര്‍ക്ക് ഇവിടെ പ്രശ്‌നം. വിജയം മാത്രം ആണ്. രാജ്യസഭയിലെ വിജയത്തിലൂടെ മോഡി-ഷാ കമ്പനി പിണങ്ങിനിന്ന ജെ.ഡി.യുവിനെയും നിതീഷ് കുമാറിനെയും പക്ഷത്താക്കി. ഒപ്പം ജെ.ഡി.യു.വി.നെയും റ്റി.ആര്‍.എ.സി.നെയും. മഹാസഖ്യം എന്തുനേടി? മോഡി-ഷാ കമ്പനിയുടെ തന്ത്രവും കൗശലതയും ശ്ലാഘനീയം ആണ്.

ജെ.ഡി.യുവിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ വഴി ബി.ജെ.പി. ഒട്ടേറെ കാര്യങ്ങള്‍ നേടി. സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍ അധികാര ശൃംഖലയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന പരാതി പരിഹരിച്ചു. ബി.ജെ.പി.യെയും റ്റി.ആര്‍.എസി.നെയും പിണങ്ങി നിന്ന ശിരോമണി അകാലിദളിനെയും കൂടെ കൂട്ടി. കോണ്‍ഗ്രസിനാകട്ടെ ആം ആദ്മി പാര്‍ട്ടിയെയും ജമ്മു-കാശ്മീരിലെ പി.ഡി.പി.യെയും വൈസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടിയെ പോലും (ആന്ധ്രപ്രദേശ്) ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചില്ല. അത് മഹാസഖ്യത്തിന്റെ ഒരു മഹാപരാജയം ആയിരുന്നു.

പക്ഷേ, മഹാസഖ്യം ഇവിടെ തീരുന്നില്ല. ഈ വക പാളിച്ചകളില്‍ നിന്നും അവര്‍ പാഠം പഠിക്കേണ്ടതായിട്ടുണ്ട്.

അവിശ്വാസ വോട്ടെടുപ്പിലെ ഭരണസഖ്യത്തിന്റെ വിജയം പ്രതീക്ഷിച്ചത് ആയിരുന്നു. പക്ഷേ പ്രതിപക്ഷ ഐക്യം ഉറപ്പു വരുത്തുവാന്‍ സാധിച്ചിരുന്നെങ്കില്‍ മഹാസഖ്യത്തിന് അത് ഒരു വിജയം ആകുമായിരുന്നു. രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിന് വിജയിക്കാമായിരുന്നു. പക്ഷേ, ഏകോപനം അടിതെറ്റിപ്പോയി. 
പ്രതിപക്ഷത്തിന് അറിയാവുന്നതാണ് 2014 ല്‍ 69 ശതമാനം വോട്ട് അത് നേടിയെങ്കിലും വിഘടിച്ചു നിന്ന് മത്സരിച്ചതിന്റെ പേരില്‍ മാത്രം ആണ് 31 ശതമാനം വോട്ട് നേടിയ എന്‍.ഡി.എ. ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന്. അവര്‍ക്ക് ഒന്നിച്ച് വരുവാനും ഒരു രസതന്ത്രം ഉള്‍ക്കൊള്ളുവാനും സാധിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു. കടലാസിലെ ഗണതന്ത്രം അവര്‍ക്ക് അനുകൂലം ആണ്. പക്ഷേ, ഒരു തെരഞ്ഞെടുപ്പ് ഗണതന്ത്രം മാത്രം അല്ല. അത് രസതന്ത്രം കൂടെ ആണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി.യും എസ്.പി.യും മഹാസഖ്യത്തിന്റെ ഭാഗം ആയിരിക്കും. കേരളത്തിലും ത്രിപുരയിലും ബംഗാളിലും ഇടതുകക്ഷികള്‍ തെരഞ്ഞെടുപ്പിനു മുമ്പോ ശേഷമോഅതിന്റെ ഭാഗം ആയേക്കാം. തമിഴ്‌നാട്ടില്‍ ഡി.എം.കെ. മഹാസഖ്യത്തിന്റെ ഭാഗം ആകാം. മുസ്ലീംലീഗും കേരളകോണ്‍ഗ്രസും, ജനതദള്‍ സെക്കുലറും(കര്‍ണ്ണാടക), എന്‍.സി.പി.യു.(മഹാരാഷ്ട്ര) അതിന്റെ ഭാഗം ആയിരിക്കും. ബീഹാറില്‍ രാഷ്ട്രീയ ജനത ദളും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആന്ധ്രപ്രദേശി തെലുങ്കുദേശം പാര്‍ട്ടിയും മഹാസഖ്യത്തിന്റെ ഭാഗം ആയേക്കാം. ആം ആദ്മി പാര്‍ട്ടിയും ഐ.എസ്.ആര്‍.കോണ്‍ഗ്രസും(ആന്ധ്ര) പി.ഡി.പി.യും(ജമ്മു-കാശ്മീര്‍) അവസരത്തിനൊത്ത് പക്ഷം ചേരും. ഇതിന് പ്രവര്‍ത്തനാത്മകമായ ഒരു രൂപരേഖ നല്‍കിയാല്‍ മഹാസഖ്യത്തിന്റെ പ്രവാചകന്മാരായ രാഹുല്‍ ഗാന്ധിക്കും, മമതബാനര്‍ജിക്കും, അഖിലേഷ് യാദവിനും, ലാലു പ്രസാദ് യാദവിനും, മായാവതിക്കും, സ്റ്റാലിനും കാര്യങ്ങള്‍ അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്ക് കൊണ്ടെത്തിക്കാം. ഈ സഖ്യം തെരഞ്ഞെടുപ്പിന് മുമ്പുള്ളതോ ശേഷമുള്ളതോ ആകാം.

ബി.ജെ.പി.ക്ക് ആകട്ടെ ശക്തമായ ഒരു സഖ്യം ഉണ്ട്, തെരഞ്ഞെടുപ്പിന് മുമ്പുള്ളത്. ശിവസേനയും ശിരോമണി അകാലിദളും രാജ്യസഭ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്‌തെങ്കിലും പ്രവചനാതീതം ആണ്. എന്നിരുന്നാലും തമിഴ്‌നാട്ടില്‍ എ.ഡി.എം.കെ. ഉണ്ട്. പക്ഷേ, അത് പതനോന്മുഖം ആണ് ജയലളിതയുടെ മരണത്തിന് ശേഷം. ബി.ജെ.ഡി ഉണ്ട് ഒഡീഷയില്‍. ഉറപ്പില്ല സഖ്യത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍. ആസാമിലും(ബി.പി.എഫ്.), ബീഹാറിലും (ജെ.ഡി.യു.) പഞ്ചാബിലും(എസ്.എ.ഡി.) മഹാരാഷ്ട്രയിലും(ശിവസേന) തെലുങ്കാനയിലും(തെലുങ്കാന രാഷ്ട്ര സമിതി) ബി.ജെ.പി.ക്ക് സഖ്യകക്ഷികള്‍ ഉണ്ട്. പക്ഷേ, ബീഹാറും, മഹാരാഷ്ട്രയും തെലുങ്കാന പോലും ഉറപ്പില്ല.

ഏതായാലും രണ്ടു സഖ്യങ്ങളും 2019 ലക്ഷ്യം വച്ച് മുമ്പോട്ട് ആണ്. മഹാസഖ്യം ഇന്നും ഉരുത്തിരിഞ്ഞിട്ടില്ല. അതിന് തരണം ചെയ്യുവാന്‍ ഒട്ടേറെ വൈതരികള്‍ ഉണ്ട്. കാത്തിരുന്ന് കാണാം.

അവിശ്വാസ വോട്ടെടുപ്പും രാജ്യസഭ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പും മഹാസഖ്യത്തിന് നല്‍കുന്ന മുന്നറിയ്പ്പ്. (ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക