Image

വെള്ളം (കവിത: പ്രസാദ് നായര്‍)

Published on 15 August, 2018
വെള്ളം (കവിത: പ്രസാദ് നായര്‍)
ഉള്ളു വരളുന്ന നേരം 
തുള്ളി നുകരാമതെങ്കില്‍
ഉള്ളില്‍ കുളിര്‍മയേകുന്നു
വെള്ളമതുതാന്‍ അമൃതം

തുള്ളികള്‍ വീണു നിറഞ്ഞാല്‍
തുള്ളി തുളുമ്പും കുടങ്ങള്‍
ഉള്ളും പുറവും നനയാന്‍
വെള്ളമതുതാന്‍ ശരണം

പൊള്ളി വരണ്ട തൊടിയില്‍
മുള്ളും മലരും മുളയ്ക്കാന്‍
ഉള്ളതു ചൊല്ലീടുകെങ്കില്‍
വെള്ളമതിനനിവാര്യം

തുള്ളിയായ് പെയ്യും മണികള്‍
ഉള്ളിലിരുന്നങ്ങു പാര്‍ക്കില്‍
ഉള്ളില്‍ പുളകങ്ങളൊന്നും 
ചൊല്ലീടുവാനെളുതല്ല

തുള്ളികള്‍ ഒന്നുചേര്‍ന്നെന്നാല്‍
വെള്ളം നിലവിട്ടുയര്‍ന്നാല്‍
പള്ളുപറഞ്ഞും പഴിച്ചും
വെള്ളത്തിനേകുന്നു ശാപം

തെങ്ങിന്‍ ഇളനീര് വെള്ളം
പൂവിലെ തേനാണ് വെള്ളം
തെങ്ങും പനയും ചുരത്തും
നീരും, 'വെള്ള' മെന്നല്ലോ കഥ്പ്പൂ

വെള്ളംകുടിക്കുവോന്‍ മാന്യന്‍
'വെള്ള'മടിച്ചാല്‍ അസഭ്യന്‍
വെള്ളം ചവച്ചീടില്‍ ശുദ്ധന്‍
വെള്ളമേകുന്നു സ്ഥാനമാനങ്ങള്‍

'വെള്ള'മടിച്ചാല്‍ നടനം
'വെള്ള'മേറെയടിച്ചാല്‍ പതനം
തുള്ളികഴിച്ചാല്‍ കവിതകള്‍ പൂത്തിടും
എന്നും പറയുന്നു കൂട്ടര്‍

നീലക്കടലില്‍ കിളിര്‍ത്ത്
നീലാംബരത്തില്‍ തളിര്‍ത്ത്
നീരായൊഴുകി തിമിര്‍ത്ത്
നീലതിരകളില്‍ അന്ത്യം.

വെള്ളമില്ലാഞ്ഞാല്‍ മരണം
വെള്ളമേറീടില്‍ മരണം
വെള്ളത്തില്‍ നിന്നു ജനനം
തുള്ളി നാവിലേറ്റന്ത്യമേ ധന്യം.
Join WhatsApp News
വിദ്യാധരൻ 2018-08-15 23:51:11
ചെറു തുള്ളികൾ ചേർന്നു തന്നെയീ 
കരകാണാതെഴുമാഴിയായതും 
തരിമണ്ണുകൾ തന്നെ ചേർന്നു നാം 
മരുവും നല്പെഴുമൂഴിയായതും 

--------------------------------------------

ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരുചേതം വരികില്ലെങ്കിലും 
പരനില്ലുപകാരമെങ്കിലീ 
നരജന്മത്തിനു മാട്ടുമറ്റുപോകും (ചെറിയവ -ആശാൻ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക