Image

ബിഷപ്പിനും എം.എല്‍.എയ്ക്കും ഇരട്ടനീതി: ക്രൈസ്തവ സമുദായനേതൃത്വത്തെ പിണക്കാന്‍ ഇടതുപക്ഷമില്ല: ദേശീയനേതാവുമായി അടുപ്പം; ബിഷപ്പിന്റെ അറസ്റ്റ് വഴിമാറിയത് എങ്ങനെ

Published on 15 August, 2018
ബിഷപ്പിനും എം.എല്‍.എയ്ക്കും ഇരട്ടനീതി: ക്രൈസ്തവ സമുദായനേതൃത്വത്തെ പിണക്കാന്‍ ഇടതുപക്ഷമില്ല: ദേശീയനേതാവുമായി അടുപ്പം; ബിഷപ്പിന്റെ അറസ്റ്റ് വഴിമാറിയത് എങ്ങനെ

കോട്ടയം :  പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാന്‍ പോയ അന്വേഷണസംഘം വെറുംകൈയോടെ മടങ്ങാന്‍ കാരണം ഉന്നതോദ്യോഗസ്ഥരുടെ ഇടപെടല്‍.  ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്ന് അറിയിച്ചപ്പോള്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ അറസ്റ്റ് ചെയ്യാനായിരുന്നു മറുപടി. ഇതോടെയാണു ബിഷപ്പിന്റെ മൊബൈല്‍ ഫോണും വാങ്ങി അന്വേഷണസംഘം നാട്ടിലേക്കു മടങ്ങിയത്.

വൈക്കം ഡിവൈ.എസ്.പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജലന്ധറില്‍ തങ്ങവേയാണു ബിഷപ്പിനെതിരേ തെളിവുകള്‍ ലഭിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണസംഘം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കന്യാസ്തീ പീഡനപരാതി നല്‍കിയതു മുതല്‍ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേത്. ഭരണകക്ഷിയുടെ ദേശീയനേതാവുമായുള്ള ബിഷപ്പിന്റെ അടുപ്പവും  ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള  ബന്ധവുമാണ് അന്വേഷണത്തിനു തടസമായത്.

സംസ്ഥാനത്തു മുമ്പുണ്ടായ സമാനമായ കേസുകളിലെല്ലാം ആരോപണവിധേയര്‍ അറസ്റ്റിലായിരുന്നു. സമീപകാലത്തു കോവളം എം.എല്‍.എ: എം.  വിന്‍സെന്റ് അറസ്റ്റിലായതു ലൈംഗികാരോപണത്തിന്റെ പേരിലായിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനകം എം.എല്‍.എയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ബിഷപ്പിന്റെ കാര്യത്തില്‍ നടപടിയെടുക്കാതെ അന്വേഷണസംഘം മടങ്ങിയതിനെതിരേ വന്‍വിമര്‍ശനമുയര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, െ്രെകസ്തവ സമുദായനേതൃത്വത്തെ പിണക്കാതിരിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കമെന്നും ആരോപണമുയര്‍ന്നു. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ വിമര്‍ശനമുയരുമ്പോഴും രാഷ്ട്രീയനേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല. ദേശീയ വനിതാ കമ്മിഷന്‍ ബിഷപ്പിനെതിരേ കടുത്തനിലപാട് സ്വീകരിച്ചെങ്കിലും ബി.ജെ.പി. സംസ്ഥാനനേതൃത്വവും പ്രതികരിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക