Image

മലബാറിലും തെക്കന്‍ കേരളത്തിലും പലയിടത്തും തുടരെ ഉരുള്‍പൊട്ടല്‍

Published on 15 August, 2018
മലബാറിലും തെക്കന്‍ കേരളത്തിലും പലയിടത്തും തുടരെ ഉരുള്‍പൊട്ടല്‍

കോഴിക്കോട്‌/തൊടുപുഴ: മലബാറിലും തെക്കന്‍ കേരളത്തിലും പലയിടത്തും ഉരുള്‍പൊട്ടല്‍. മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, വയനാട്‌, ഇടുക്കി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടി. വയനാടും മൂന്നാര്‍ നഗരവും ഒറ്റപ്പെട്ട സ്ഥിതിയിലാണ്‌.

വയനാട്‌ മക്കി മലയിലും കുറിച്ച്യര്‍ മലയിലും ഉരുള്‍പൊട്ടി. ഇതേതുടര്‍ന്ന്‌ തലപ്പുഴ ചുങ്ങത്ത്‌ വെള്ളം കയറി. കമ്പിപ്പാലത്ത്‌ ഒഴുക്കില്‍പെട്ടയാള്‍ക്ക്‌ വേണ്ടി തിരച്ചില്‍ തുടരുകയാണ്‌. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയതോടെ സ്ഥിതി കൂടുതല്‍ ദയനീയമായി.

താമരശ്ശേരി ചുരത്തില്‍ രണ്ടിടത്ത്‌ ഉരുള്‍പൊട്ടിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഈങ്ങാപ്പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്‌.

കോഴിക്കോട്‌ ജില്ലയുടെ മലയോര മേഖലകളില്‍ തുടരെ ഉരുള്‍പൊട്ടുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇരുവഴിഞ്ഞിപ്പുഴയും കുറ്റിയാടിപ്പുരയും കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മരം കടപുഴകിവീണ്‌ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ വഴിപാട്‌ കൗണ്ടര്‍ തകര്‍ന്നു. ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും കരകവിഞ്ഞ്‌ ഒഴുകുന്നു.

മലപ്പുറം ജില്ലയിലെ ആഢ്യന്‍പാറയിലും തേന്‍പാറയിലും കരുവാരക്കുണ്ട്‌ കല്‍ക്കുണ്ട്‌ മേഖലയിലുമാണ്‌ ഇന്ന്‌ ഉരുള്‍പൊട്ടിയത്‌. കാഞ്ഞീരപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

മാട്ടുപ്പെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ കൂടി തുറക്കാന്‍ തീരുമാനിച്ചത്‌ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ട നിലയിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക