Image

ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

Published on 14 August, 2018
ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍  രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്
കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയപതാകയുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടിന്റെ തിളക്കം.

ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല്‍ക്കരണ പരിപാടിക്ക് എബി തുടക്കം കുറിച്ചത്. 1996ല്‍ അന്നത്തെ ആരോഗ്യമന്ത്രി എ.സി.ഷണ്‍മുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ് ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ കാറിലെ ദേശീയപതാക അഴിച്ചു മാറ്റുന്നത് എബി ശ്രദ്ധിച്ചു. മന്ത്രിയോട് ഇക്കാര്യം ആരാഞ്ഞപ്പോള്‍ അദ്ദേഹം ദേശീയപതാക ഉപയോഗ ചട്ടങ്ങളെക്കുറിച്ചു പറഞ്ഞു കൊടുത്തു. ഇതേത്തുടര്‍ന്നു ദേശീയപതാക ഉപയോഗക്രമത്തെക്കുറിച്ച് എബി വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. തുടര്‍ന്നു ദേശീയപതാക, ദേശീയഗാനം എന്നിവയുടെ മഹത്വത്തെക്കുറിച്ച് പ്രചാരണം ആരംഭിച്ചു. തെറ്റായ രീതിയില്‍ ദേശീയപതാക കൈകാര്യം ചെയ്യുന്നവരെ നിയമങ്ങള്‍ ഓര്‍മ്മിപ്പിച്ചു ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ക്കും തുടക്കം കുറിച്ചു.

ദേശീയപതാക ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൈകാര്യം ചെയ്യുന്നതിന്റെ നിരവധി തെളിവുകള്‍ ശേഖരിച്ചു 1999ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനു പരാതി അയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന എ.ആര്‍.ലക്ഷ്മണ്‍ പരാതി ക്കത്ത് റിട്ട് ഹര്‍ജിയായി പരിഗണച്ചു. തുടര്‍ന്നു ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ ബോധവല്‍ക്കരണത്തിനായി സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഒപ്പം എബിയുടെ ദേശീയബോധത്തെ പ്രശംസിക്കുകയും ചെയ്യുകയുണ്ടായി.

തെറ്റായ രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്ന ആയിരക്കണക്കിനാളുകളെയും സ്ഥാപനങ്ങളെയും തെറ്റു ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ എബിക്കായിട്ടുണ്ട്. തിരുത്താന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികള്‍ കൊടുത്ത് അവര്‍ക്കു തിരുത്തല്‍ നല്‍കാനും എബിക്കു കഴിഞ്ഞിട്ടുണ്ട്.. അതിന് ഡല്‍ഹിയെന്നോ പാലായെന്നോ മദ്രാസെനോ വ്യത്യാസമില്ല. ദേശീയപതാകയോ ദേശീയഗാനമോ ചട്ടവിരുദ്ധമായി ഉപയോഗിച്ചാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനായി കണ്ണും കാതും തുറന്നു വച്ചിരിക്കുകയാണ് ഈ ദേശസ്‌നേഹി. ദേശീയപതാകയുടെയും ദേശീയഗാനത്തിന്റെയും ബോധവല്‍ക്കരണത്തിനായി ലഘുലേഖകളും പുസ്തകങ്ങളും തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. 

കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയം. മത്സരത്തിനു മുന്നോടിയായി ദേശീയ ഗാനാലാപനം നടക്കുന്നു.  കളിക്കാരും കാഴ്ചക്കാരും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് നെഞ്ചത്ത് കൈ വയ്ക്കുകയും അലക്ഷ്യമായി നില്‍ക്കുകയും ചെയ്യുന്നു. ഇതു ടെലിവിഷനിലൂടെ ശ്രദ്ധയില്‍പ്പെട്ട എബി ഉടന്‍ തന്നെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് കീഴ് വഴക്ക ലംനത്തിനെതിരെ നടപടിയെടുത്തു. മറ്റൊരു സംഭവം. ദിലീപന്‍ മഹേന്ദ്രന്‍ എന്ന തമിഴ് യുവാവ് ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ചു. എബിയുടെ പരാതിയെത്തുടര്‍ന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയും നടപടി എടുക്കുകയും ചെയ്തിരുന്നു.

കറന്‍സി നോട്ടുകളില്‍ എഴുതുന്നതിനും നോട്ടുകള്‍ മാലയായി ഉപയോഗിക്കുന്നതിനുമെതിരെ സര്‍ക്കുലര്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ചത് എബി ജെ. ജോസിന്റെ പരാതിയായിരുന്നു. തെരഞ്ഞെടുപ്പു യന്ത്രങ്ങളില്‍ അപരന്മാരെ ഒഴിവാക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ചേര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കു പിന്നിലും എബിയുടെ നിവേദനമായിരുന്നു. 

ദേശീയപതാക മന: പൂര്‍വ്വമല്ലാതെ ദുരുപയോഗിക്കപ്പെട്ടാല്‍ അതിനുത്തരവാദികളായവരെ മൂന്നു വര്‍ഷം ശിക്ഷിക്കാനോ പിഴയൊടുക്കാനോ അല്ല എബിയുടെ പോരാട്ടം. ദേശീയപതാകയുടെ മഹത്വം മനസിലാക്കി ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന സന്ദേശം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് എബി ജെ. ജോസ് പറയുന്നു. നമ്മുടെ രാജ്യാഭിമാനത്തിന്റെ പ്രതീകമായ ദേശീയപതാകയെയും ദേശീയഗാനത്തെയും വരും തലമുറകള്‍ നെഞ്ചിലേറ്റാന്‍ തയ്യാറാകണം. ഇതിനായി സ്‌കൂള്‍ ഓഫ് റൈറ്റ്‌സ് ആന്‍ഡ് ഡ്യൂട്ടീസ് എന്ന സ്ഥാപനത്തിനും എബി തുടക്കം കുറിച്ചിട്ടുണ്ട്. അവകാശങ്ങളെയും കടമകളെയും കുറിച്ചു പൗരന്മാരെ പഠിപ്പിക്കാനുതകുന്ന രീതിയില്‍ ഇതിനാവശ്യമായ പാഠ്യപദ്ധതികളും തയ്യാറാക്കി വരികയാണ്.

പാലായുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ പ്രപൗത്രപുത്രനായ എബി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെയും കെ. ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെയും ചെയര്‍മാനായി എബി പ്രവര്‍ത്തിക്കുന്നു.

ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍  രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍  രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍  രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക