Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ്‌ ചെയ്യാതെ അന്വേഷണ സംഘം മടങ്ങുന്നു

Published on 14 August, 2018
ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ്‌ ചെയ്യാതെ അന്വേഷണ സംഘം മടങ്ങുന്നു
ന്യൂദല്‍ഹി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യാതെ അന്വേഷണ സംഘം മടങ്ങുന്നു. ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന്‌ അന്വേഷണ സംഘം പറഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും.

കന്യാസ്‌ത്രീ പീഡനം നടന്നുവെന്ന്‌ പറയുന്ന തീയതികളില്‍ താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ പോയിട്ടില്ല എന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌ ബിഷപ്പ്‌. എന്നാല്‍ ഈ വാദം കളവാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. അന്ന്‌ ബിഷപ്പ്‌ മഠത്തില്‍ പോയതിന്റെ തെളിവും മൊഴിയും പോലീസിന്‌ കിട്ടിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ബിഷപ്പ്‌ ഹൌസിലെത്തിയ പോലീസ്‌ സംഘം നാലു മണിക്കൂറോളം ബിഷപ്പിനെ കാത്തിരുന്നെങ്കിലും ചോദ്യം ചെയ്യാനായില്ലെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്‌. ബിഷപ്പിന്റെ സഹായികളായ രണ്ട്‌ വികാരിമാരുടെ മൊഴി എടുത്ത്‌ അന്വേഷണ സംഘം മടങ്ങുകയായിരുന്നുവെന്നാണ്‌ വിവരം. ആന്റണി മാടശേരി, പീറ്റര്‍ കാവുംപുറം എന്നിവരുടെ മൊഴികളാണ്‌ പോലീസ്‌ രേഖപ്പെടുത്തിയത്‌.

നാല്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ബിഷപ്പ്‌ മടങ്ങിയെത്തുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ അക്രമം അഴിച്ചുവിടുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക