Image

സംസ്ഥാനത്ത്‌ കനത്ത മഴ തുടരും

Published on 14 August, 2018
സംസ്ഥാനത്ത്‌ കനത്ത മഴ തുടരും
തിരു: സംസ്ഥാനത്ത്‌ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 24 മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്‌. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനാണ്‌ സാധ്യത. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
സംസ്ഥാനത്ത്‌ നീരൊഴുക്ക്‌ ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്നനിലയില്‍ തുടരുന്നു. സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ല.

കോഴിക്കോട്‌, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ ഇന്നലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന്‌ ഡാമിന്റെ ഷട്ടറുകള്‍ 39 സെന്റിമീറ്ററായി ഇന്നലെ ഉയര്‍ത്തിയിരുന്നു. മലപ്പുറം നിലമ്പൂരില്‍ ആഢ്യന്‍പാറക്ക്‌ സമീപം രണ്ട്‌ തവണ ഉരുള്‍ പൊട്ടലുണ്ടായി. കാഞ്ഞിരപ്പുഴ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. കോഴിക്കോട്‌ ആനക്കാംപൊയില്‍ മേഖലയിലാണ്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌. പത്തനംതിട്ട ജില്ലയില്‍ പമ്പ, കക്കി ആനത്തോട്‌ അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. പമ്പാ നദിയില്‍ ജലം ഉയരുന്നതിനാല്‍ അയ്യപ്പന്‍മാരോട്‌ ശബരിമല ദര്‍ശനത്തിന്‌ എത്തരുത്‌ എന്ന്‌ ദേവസ്വം ബോര്‍ഡ്‌ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

പമ്പയിലെ രണ്ട്‌ പാലങ്ങള്‍ വെള്ളത്തിനടിയിലാണ്‌. കൊച്ചുപമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്‌. ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍പൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2396.96 അടിയിലേക്ക്‌ താഴ്‌ന്നതോടെ രണ്ട്‌ ഷട്ടറുകള്‍ ഇന്നലെ വൈകിട്ട്‌ അടച്ചിരുന്നു. ബാക്കി മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം താഴ്‌ത്തിയിരിക്കുകയാണ്‌. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ 135.30 അടിയായി ഉയര്‍ന്നെങ്കിലും മേഖലയില്‍ മഴ കുറഞ്ഞിട്ടുണ്ട്‌. ബാണാസുര സാഗര്‍ അണക്കെട്ട്‌ തുറന്നതോടെ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.

കോഴിക്കോട്ട്‌ തിരുവമ്പാടി മറിപ്പുഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന്‌ താല്‍ക്കാലിക നടപ്പാലം ഒഴുകിപ്പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പന്തീരായിരമേക്കര്‍ മലവാരത്തില്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറക്ക്‌ മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടി. കണ്ണൂരില്‍ മലയോരത്ത്‌ ശക്തമായ മഴ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക