Image

ഭയപ്പെടുത്താന്‍ നീലി വീണ്ടുമെത്തുമ്പോള്‍

Published on 12 August, 2018
ഭയപ്പെടുത്താന്‍ നീലി വീണ്ടുമെത്തുമ്പോള്‍
പുതുമുഖ സംവിധായകനായ അല്‍ത്താഫ് റഹ്മാന്‍ ഒരുക്കിയ നീലി എന്ന ഹൊറര്‍ ചിത്രം മലയാള സിനിമയ്ക്ക് പ്രതിഭയുള്ള ഒരു സംവിധായകനെ കൂടി പരിചയപ്പെടുത്തുന്നു. ഹൊറര്‍ ചിത്രങ്ങള്‍ മലയാളത്തിന് അത്ര പഥ്യമല്ല. മലയാല സിനിമാ ചരിത്രത്തില്‍ തന്നെ ഹൊറര്‍ സിനിമകള്‍ അല്ലെങ്കില്‍ പ്രേത സിനിമകള്‍, യക്ഷിക്കഥകള്‍ എന്നൊക്കെ പറയുമ്പോള്‍ ഒരു കള്ളിയങ്കാട്ട് നീലിയും ലിസയും മാത്രമേ ഇന്നും പ്രേക്ഷക മനസിലേക്ക് ആദ്യം കടന്നു വരികയുള്ളൂ. പുതിയ കാല നീലിയും അതിന്റെ പിന്നില്‍ തന്നെ നില്‍ക്കുന്നു.

സ്ത്രീ കേന്ദ്രീകൃതമായ ഒരു ഹൊറര്‍ സിനിമ എന്നതാണ് നീലിയുടെ പ്രധാനപ്പെട്ട സവിശേഷത. കള്ളിയങ്കാട് എന്ന പേടിപ്പിക്കുന്ന ആ ഗ്രാമത്തിലേക്ക് ലക്ഷ്മി (മംമ്ത) എന്ന സുന്ദരിയായ യുവതി തന്റെ മകളുമൊത്ത് താമസിക്കാനെത്തുകയാണ്. ഗ്രാമ്യഭംഗി ആസ്വദിച്ച് ദിവസങ്ങള്‍ പോകവേ ഒരു ദിവസം വളരെ ദുരൂഹമായ സാഹചര്യത്തില്‍ ലക്ഷ്മിയുടെ മകളെ കാണാതാകുന്നു. തുടര്‍ന്ന് തന്റെ മകളെ വീണ്ടെടുക്കാന്‍ ലക്ഷ്മി എന്ന അമ്മ നടത്തുന്ന പോരാട്ടവും അതിനൊപ്പം ഈ ദൗത്യത്തില്‍ ലക്ഷ്മിക്കൊപ്പം പങ്കാളിയാകാന്‍ വരുന്ന മറ്റു ചിലരും കൂടി നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കഥയുടെ പശ്ചാത്തലം ഒരുക്കുന്നതിലെ മികവാണ് ആദ്യമായി എടുത്തു പറയേണ്ടത്. ഓരോ രംഗങ്ങളിലേക്കും കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനും കൂടി കടന്നു ചെല്ലുന്ന അനുഭവമാണ് ചിത്രം കണ്ടിരിക്കുമ്പോള്‍ തോന്നുക. വേറിട്ട രീതിയില്‍ പ്രേക്ഷക മനസില്‍ ഭീതി നിറയ്ക്കാന്‍ പോന്ന വിധത്തിലുള്ള ഫ്രെയിമുകളും പശ്ചാത്തല സംഗീതവുമൊക്കെ സംവിധായകന്‍ പരീക്ഷിക്കുന്നുണ്ട്. പലപ്പോഴും അത് വിജയമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചില രംഗങ്ങളിലെങ്കിലും അത് ബല ബോളിവുഡ് ചിത്രങ്ങളിലും തമിഴ് ചിത്രങ്ങലിലും കണ്ടു പരിചയിച്ച രംഗങ്ങള്‍ക്ക് സമാനമായി പോകുന്നുണ്ട്. ഹൊറര്‍ ചിത്രങ്ങളില്‍ ഏറ്റവും അവശ്യം വേണ്ട ഘടകവുമതാണ്. ഓരോ രംഗവും ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുകയും ഒപ്പം ഭയംത്രസിപ്പിക്കുന്നതുമായ ദൃശ്യാവിഷ്കാരം. അതിനായി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ചില അവസരങ്ങളിലെങ്കിലും കണ്ടു പരിചയിച്ച പല ചിത്രങ്ങളിലുമെന്ന പോലെ അനാവശ്യമായ ശബ്ദകോലാഹലങ്ങള്‍ കൊണ്ട് പ്രേക്ഷകനെ പേടിപ്പിക്കാനാണ് സംവിധായകന്റെ ശ്രമം. അതാകട്ടെ ഒരല്‍പം വിരസത നല്‍കുന്നു എന്നു പറയാതെ വയ്യ. ഇടവേളയ്ക്കു ശേഷമുള്ള പല രംഗങ്ങളും പ്രേക്ഷകനെ ഭയപ്പെടുത്തുന്നുണ്ട്. എന്നാല്‍ ക്‌ളൈമാക്‌സിലെത്തുമ്പോള്‍ പ്രതീക്ഷിക്കുന്നത്ര നിലവാരത്തിലേക്ക് എത്താന്‍ ചിത്രത്തിനു കഴിയുന്നുണ്ടോ എന്നു സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല. കാരണം ഊഹിച്ചെടുക്കാന്‍കാഴിയുന്ന ക്‌ളൈമാക്‌സ്. യാതൊരു വിധ ട്വിസ്റ്റുകളും ഇല്ലാതെ കഥയവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ അല്‍പം നിരാശപ്പെട്ടേക്കാം. മാത്രവുമല്ല, കുറച്ചൊക്കെ അവ്യക്തത നിലനിര്‍ത്തിക്കൊണ്ടാണ് കഥയവസാനിക്കുന്നതും.
കള്ളിയങ്കാട്ട് നീലി എന്ന പ്രസിദ്ധമായ കഥാപാത്രത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തു#ന്നതില്‍ സംവിധായകന്‍ ഒരല്‍പം പിന്നിലായി പോയിട്ടുണ്ട്. എന്നാലും ചില രംഗങ്ങളില്‍ വരെ മികച്ച നിലവാരത്തിലേക്ക് ചിത്രം മാരുന്നതും പ്രേക്ഷകന് അനുഭവപ്പെടും. ആത്മാവിന്റെ കാര്യത്തിലെ അവ്യക്തതയാണ് ചെറിയൊരു കല്ലുകടിയായി അവശേഷിക്കുന്നത്.
മംമ്തയുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്‌ളസ് പോയിന്റ്. പക്വതയുള്ള അഭിനയമാണ് മംമ്ത പുറത്തെടുത്തത്. അനൂപ് മേനോന്‍, ബാബുരാജ് എന്നിവരുടെ കഥാപാത്രങ്ങള്‍ കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തിന് ഏറ്റവും കരുത്തു പകരുന്നവര്‍ തന്നെ. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന റെനി എന്ന കഥാപാത്രം ഈ വര്‍ഷം അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിരിക്കും. ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍, എന്നിവരും മികച്ചു നിന്നു. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ശരത്തിന്റെ സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ഒരുപാട് പ്രതീക്ഷകളില്ലാതെ പോയാല്‍ അത്യാവശ്യം കണ്ടുരസിക്കാന്‍ കഴിയുന്ന ചിത്രമാണ് നീലി.
ഭയപ്പെടുത്താന്‍ നീലി വീണ്ടുമെത്തുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക