മലയാളത്തില്‍ നിന്നും ആദ്യ പാന്‍ ഇന്ത്യന്‍ ചലച്ചിത്രതാരമായി ദുല്‍ഖര്‍ സല്മാന് മാറുമെന്ന് ഏറെക്കുറെ ഉറപ്പായി. ദുല്‍ഖറിന്റെ ഹിന്ദിച്ചിത്രം കാര്വാന് മികച്ച പ്രതികരണം നേടിയതിന് പിന്നാലെ അടുത്ത ഹിന്ദിച്ചിത്രവും ഉറപ്പായി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. ചിത്രത്തില്‍ വിരാട് കോഹ്ലിയായി ദുല്‍ഖര്‍ വേഷമിടും. ബോളിവുഡില്‍ സമീപകാലത്ത് ബയോപിക് സിനിമകള്‍ ഏറെ വരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് വിരാട് കോഹ്ലിയുടെ ബയോപിക്. മുമ്പ് എം.എസ് ധോണിയുടെ ബയോപിക് ഒരുക്കിയപ്പോള്‍ ബോളിവുഡിലെ യുവതലമുറയിലെ നായകന് സുശാന്ത് സിംഗായിരുന്നു വേഷമിട്ടത്. ഈ ചിത്രത്തോടെ സുശാന്ത് ബോളിവുഡിലെ മുന്‍നിര നായകനായി മാറി. പരമാണു ദി സ്റ്റോറി ഓഫ് പൊഖ്റാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷേക് ശര്‍മ്മയാണ് കോഹ്ലിയുടെ ബയോപിക് ഒരുക്കുക.
നിലവില്‍ തമിഴ്, തെലുങ്ക് ഇന്ഡസ്ട്രികള് വ്യക്തമായ മേല്‍വിലാസം ദുല്‍ഖര്‍ നേടിക്കഴിഞ്ഞു. തെലുങ്കില്‍ മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാനും ആരാധകരെ നേടാനും ദുല്‍ഖറിനായി. തമിഴില്‍ മണിരത്നം ചിത്രത്തിലൂടെ ദുല്‍ഖര്‍ വ്യക്തമായ സ്പെയ്സ് സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡിലും മികച്ച തുടക്കം നേടാന്‍ സാധിച്ചു.
ഇതോടെ മലയാളത്തില്‍ നിന്നും ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി ദുല്‍ഖര്‍ വളരുമെന്ന് ഏതാണ്ട ഉറപ്പായിക്കഴിഞ്ഞു.