Image

മിത്രാനികേതന് അക്ഷരപുണ്യമായി കലാവേദി

അനില്‍ പെണ്ണുക്കര Published on 11 August, 2018
മിത്രാനികേതന് അക്ഷരപുണ്യമായി കലാവേദി
"കല ജീവന് വേണ്ടി "എന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മ ഇന്ന് ഒരു വലിയ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവിലാണ് .ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ടു പോകുന്ന കുറച്ചു കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ പുണ്യം പകര്‍ന്നു നല്‍കാന്‍ ഒരു ഇരിപ്പിടം തയാറാക്കിയതിന്റെ ധന്യത . നാളെയുടെ ലോകത്തേക്ക് ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ അക്ഷരങ്ങള്‍ക്ക് മാത്രമേ കഴിയു എന്ന തിരിച്ചറിവിലാണ് കലാവേദി പ്രവര്‍ത്തകര്‍ സിബി ഡേവിഡിന്റെ നേതൃത്വത്തില്‍ ഒരു വലിയ പുണ്യപ്രവര്‍ത്തിക്കു തുടക്കമിട്ടത്.ആഗസ്‌ററ് പതിനെട്ടിന് ആ പുണ്യ കേന്ദ്രം ഒരു ഗ്രാമത്തിനു മുന്‍പില്‍ തുറന്നിടും.ആ വാതില്‍ പിന്നീട ആരുടെ മുന്‍പിലും കൊട്ടിയടയ്ക്കില്ല.എല്ലാവര്‍ക്കും വരം ആവോളം അറിവുമായി തിരികെ പോകാം .

പദ്മശ്രീ കെ വിശ്വനാഥന്‍ 1956 ല്‍ തിരുവനന്തപുരത്തെ അരുവിക്കരയില്‍ സ്ഥാപിച്ച മിത്രാനികേതന്‍ സ്കൂളിന് ഒരു വായനശാല നിര്‍മ്മിച്ച് നല്‍കി നാടിനു സമര്‍പ്പിക്കുകയാണ് .കലാവേദി പ്രവര്‍ത്തകര്‍ ചെറിയ ചെറിയ കൂട്ടായ്!മകള്‍ സംഘടിപ്പിച്ചു സൊരു കൂട്ടിയ പണം കൊണ്ട് 215 ഓളം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അരുവിക്കരയിലെ മിത്രാനികേതന്‍ കാമ്പസിലാണ് വായനശാല നിര്‍മ്മിച്ചത് . നിലവിലുള്ള ഒരു പഴയ ഹോസ്റ്റല്‍ കെട്ടിടമാണ് ആധുനിക കമ്പ്യൂട്ടര്‍ സംവിധാനങ്ങളുള്ള വായനശാലയായി പരിണമിക്കുന്നത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരേ സമയം കുറഞ്ഞത് 50 കുട്ടികള്‍ക്ക് വായനശാലയുടെ പ്രയോജനം ലഭിക്കും ഏതാണ്ട് പന്ത്രണ്ട് ലക്ഷം രുപ ചെലവിലാണ് ഈ അക്ഷര കേന്ദ്രം തയാറായത് . ഏറ്റവും ആധുനികസൗകര്യങ്ങളോടെ ക്രമീകരിക്കുന്ന അഞ്ച് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ വഴി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സബ്‌സ്ക്രിപ്ഷന്‍ / ഡൗണ്‍ലോഡിങ്ങ് സൗകര്യങ്ങള്‍കൂടി ലഭ്യമാക്കിയിട്ടുണ്ടെന്നു കലാവേദിയുടെ അമരക്കാരന്‍ സിബി ഡേവിഡ് ഇമലയാളിയോട് പറഞ്ഞു.

2004 മുതല്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാവേദി ഇന്റര്‍നാഷണല്‍ മുന്‍പും മിത്രാനികേതന് കലാവേദി ധനസഹായം നല്‍കിയിരുന്നു. യോര്‍ക്കില്‍ അരങ്ങേറുന്ന പല സമയങ്ങളിലായി നടത്തിയിട്ടുള്ള കലാപരിപാടികള്‍ ,കലാവേദി കുടുംബങ്ങളുടെ ഒത്തുചേരല്‍ എന്നിവയില്‍ നിന്നും സമാഹരിക്കുന്ന പണം പൂര്‍ണമായും ഈ പദ്ധതിക്കാണ് കലാവേദി ഉപയോഗിച്ചത് . 2006 ല്‍ കലാവേദി ആരംഭിച്ച ‘ആര്‍ട് ഫോര്‍ ലൈഫ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്കായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാവേദി നടത്തിവരുന്നത്. 2006 മുതല്‍ 2011 വരെ ഇടുക്കിയിലെ പട്ടം കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ 150 ലധികം കുട്ടികള്‍ക്കായുള്ള ധനസഹായം, പുസ്തകവിതരണം, ബോധവല്‍ക്കരണസെമിനാറുകള്‍ എന്നിവ നടത്തിവന്നിരുന്നു. തിരുവല്ലയിലെ വൈ എം സി എയുടെ കീഴിലുള്ള പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള വികാസ്ഭവന്‍ സ്കൂളിന് ധനസഹായം നല്‍കാനും ആര്ട്ട് ഫോര്‍ ലൈഫ് പ്രോജെക്ടിലൂടെ കലാവേദിക്ക് സാധിച്ചു. കേരളത്തിലും, അമേരിക്കയിലും ജീവകാരുണ്യരംഗത്ത്, പ്രേത്യക പരിഗണനയര്‍ഹിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കും, അശരണര്‍ക്കും വേണ്ടി കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ 2015 മുതല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ ഒരു 'ജീവകാരുണ്യ' സ്ഥാപനമായിട്ടാണ് കലാവേദി പ്രവര്‍ത്തിക്കുന്നത്.

ആഗസ്റ്റ് പതിനെട്ടിന് മിത്രാനികേതന്‍ അങ്കണത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ സാഹിത്യകാരനും,കവിയും,മുന്‍ വൈസ് ചാന്‌സിലരും,ചീഫ് സെക്രട്ടറിയിയുമായ കെ.ജയകുമാര്‍ ഐ എ എസ്,ശബരിനാഥന്‍ എം എല്‍ എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കലാവേദിയുടെ വായനശാല മിത്രാനികേതനിലെ കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത് .

മലബാര്‍ പ്രദേശത്തുള്ള ഗോത്രവിഭാഗത്തില്‍പെട്ട കുട്ടികളെ കൊണ്ടുവന്ന് താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കിയാണ് മിത്രാനികേതന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ആദ്യകാലത്ത് വളരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും വിശ്വനാഥന്റെ ഇച്ഛാശക്തിക്ക് മുന്‍പില്‍ എതിര്‍പ്പുകള്‍ മുട്ട് മടക്കി.
മഹാത്മാഗാന്ധിയുടെയും, ടാഗോറിന്റെയും ദര്‍ശനങ്ങള്‍ വിശ്വനാഥന് ഊര്‍ജ്ജവും കരുത്തും നല്‍കി. ശാന്തിനികേതന്‍ മാതൃകയിലാണ് മിത്രനികേതന്‍ കാമ്പസിന്റെ ഘടന. ഇവിടെ പഠിക്കുന്ന കുട്ടികളില്‍ തൊണ്ണൂറു ശതമാനവും ഇവിടെത്തന്നെ താമസിച്ചു പഠിക്കാന്‍ മതിയായ ഹോസ്റ്റല്‍ സകാര്യമുണ്ട്. എങ്ങും പ്രശാന്തത നിറയുന്ന കാമ്പസില്‍ കുട്ടികളുടെ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്നു. ലാറിബേക്കര്‍ രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മിതി. തുറന്ന ക്ലാസ് മുറികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

സ്വകാര്യസ്ഥാപനമായതിനാല്‍ സര്‍ക്കാര്‍ വക സൗജന്യങ്ങളോ സാമ്പത്തിക സഹായങ്ങളോ ഇല്ല. എന്നാല്‍, ചില സ്ഥാപനങ്ങളും വ്യക്തികളും നല്കുന്ന സഹായങ്ങള്‍ കൊണ്ടാണ് മിത്രാനികേതന്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച് പദ്ധതികളും ഉള്ളതിനാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങളിലെ സ്കൂള്‍ / കോളേജ് കുട്ടികള്‍ അവധിക്കാലത്ത് ഇവിടെ വന്നു താമസിച്ച് കുട്ടികള്‍ക്ക് തൊഴില്‍ പരിശീനലനം നല്‍കി വരുന്നു. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായുള്ള ഇത്തരം പദ്ധതികള്‍ ഇരു കൂട്ടരുടെയും മാനസികവും വ്യക്തിത്വപരവുമായ വികാസത്തിന് വഴിയൊരുക്കുന്നു. മറ്റു സ്കൂള്‍ സിലബസുകളില്‍ നിന്നും വേറിട്ട പഠനസംവിധാനങ്ങള്‍ ആണ് മിത്രാനികേതന്റെ പ്രത്യേകത.
"അക്രമം അവസാനിപ്പിച്ചിരുന്നെങ്കില്‍ ഞാനൊരു കമ്മ്യൂണിസ്റ്റുകാരനായേനെ.. പക്ഷേ അവര്‍ക്കെന്നെ ഇഷ്ടമല്ല." എന്ന് പറയുമായിരുന്ന വിശ്വനാഥന്‍ വെള്ളനാടെന്ന കൊച്ചു ഗ്രാമത്തെ ലോകമറിയുന്ന നാടാക്കി മാറ്റിയ വെള്ളനാട്ടുകാരുടെ വല്യണ്ണന്‍ ആണ് .

ദലൈലാമ രണ്ടുപ്രാവശ്യം ആരോരുമറിയാതെ മിത്രനികേതനില്‍ വന്നുപോയി. അമര്‍ത്യാസെന്‍ തുടങ്ങി മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍വരെ വിശ്വനാഥനെന്ന മണ്ണിനെയും മരത്തിനെയും സ്‌നേഹിക്കുന്ന ഗ്രാമീണന്റെ സൗഹൃദവലയത്തില്‍ കുടുങ്ങിയവരായിരുന്നു.

അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്തു. ഗ്രാമീണ പുനരുദ്ധാരണം എന്തെന്ന് പഠിച്ചു. അത് തന്റെ ഗ്രാമത്തില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചു. അമ്പതുവര്‍ഷം നീണ്ട പ്രയത്‌നത്തിലൂടെ 75,000ത്തില്‍ പ്പരം പുതുതലമുറയ്ക്ക് പുതുജീവിതം പടുത്തുയര്‍ത്തുവാന്‍ മിത്രാനികേതനിലൂടെ വിശ്വനാഥന് സാധിച്ചു. സാധാരണ കുടുംബത്തില്‍ ജനിച്ച് ലോകത്തു മുഴുവന്‍ മിത്രങ്ങളെ സൃഷ്ടിച്ച വിശ്വനാഥന്‍ നാടിന്റെ വല്യണ്ണനാണ്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന വെള്ളനാട്ടുകാരുടെ വല്യണ്ണന്‍.

പുരോഗമനചിന്തകനും, ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ ഈ വിദ്യാലയത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശേഷിച്ച് വയനാട്ടില്‍ നിന്നും പ്രത്യെക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക് താമസവും പരിചരണവും ഒപ്പം വിദ്യാഭ്യാസവും നല്‍കി തൊഴിലിന് പ്രാപ്തരാക്കുന്നു.

ഒരു വലിയ സ്വപ്നവുമായി ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മുന്നിലേക്ക് അറിവിന്റെ അക്ഷരവുമായി കടന്നു വന്ന ഒരു മനുഷ്യന്റെ സ്വപ്നമായിരുന്നു തന്റെ കുഞ്ഞുങ്ങള്‍ക്ക് വിശാലമായ ഒരു വായനശാല .അത് അവര്‍ക്കായി നിര്‍മ്മിച്ച് നല്‍കാന്‍ സന്മനസുകാട്ടിയ കലാവേദി പ്രവര്‍ത്തകര്‍ക്ക് സാഷ്ടാംഗ പ്രണാമം .
മിത്രാനികേതന് അക്ഷരപുണ്യമായി കലാവേദിമിത്രാനികേതന് അക്ഷരപുണ്യമായി കലാവേദിമിത്രാനികേതന് അക്ഷരപുണ്യമായി കലാവേദി
Join WhatsApp News
കോരസൺ. 2018-08-12 22:39:22
കലാവേദി പുണ്യമായ ഒരു കാര്യമാണ് ചെയ്യുന്നത്. അക്ഷരങ്ങൾ അറിവ് വർദ്ധിപ്പിക്കുക  മാത്രമല്ല, ഒരു വലിയ ലോകത്തെ ചെറിയ മനുഷ്യർക്കു മുൻപിൽ കാട്ടിക്കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. നേരിട്ട് ഈ കൃത്യം ചെയ്യുന്നതുവഴി ഈ പദ്ധതിയിൽ പങ്കാളികളാകുന്നവരുടെ വിശ്വാസവും നേടുന്നു, അഭിന്ദനങ്ങൾ !! കോരസൺ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക