Image

തിരിച്ചറിവിന്റെ വേദന (ചെറിയാന്‍ തോമസ്)

Published on 10 August, 2018
തിരിച്ചറിവിന്റെ വേദന (ചെറിയാന്‍ തോമസ്)
കഴിഞ്ഞയാഴ്ചയായിരുന്നു സമാജത്തിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ്. ഇരുപത് ടീമായിരുന്നു ഈ വര്‍ഷം പങ്കെടുത്തത്. സംഘാടകരിലൊരാളായി പവലിയനിരുന്ന് കളി കാണാന്‍ ഈ വര്‍ഷവും യോഗം വിധിച്ചു. പങ്കെടുത്ത ടീമിലെ കളിക്കാരുടെ പേരുകള്‍ വായിച്ചപ്പോള്‍ മാനുഷികത്വം മരിക്കാത്ത ഒരിടം കൂടി ബാക്കിയുണ്ടെന്ന് മനസ്സിലായി. ഹാരിസും ദാസനും മൊഹമ്മദും കിംഗ്‌സിലിയും അതിലെ പതിനെട്ട് ടീമിന്റെയും പരിച്ഛേദങ്ങളായിരുന്നു. അതിനിടയില്‍ കുരിശിന്റെ കീഴില്‍ ഒന്നിച്ച് കൂടിയ ഒന്നുരണ്ട് അപശകുനങ്ങളുമുണ്ടായിരുന്നു. വിശ്വാസികളെ പള്ളിയുടെ അകത്തളത്തില്‍ തളച്ചിടാന്‍ ഓണവും വിഷുവും പള്ളിയില്‍ കയറ്റിയ അതേ വിഷചിന്ത ക്രിക്കറ്റ് ടിമിലേക്കും പടര്‍ന്നതില്‍ ലജ്ജിക്കാതെ വയ്യ.

“എടാ ജിബിനെ ... രാജേഷേ പിടിക്കടാ.... സാരല്ലടാ.... സ്‌റ്റോപ്പ്പ്പ് ചെയ്യാടാ... ഒന്നേയുള്ളടാ.... രണ്ട് കൊടുക്കരുത്...” എന്നൊക്കെ ഫീല്‍ഡില്‍ നിന്ന് മലയാളത്തില്‍ അലറി വിളിക്കുന്നത് കേട്ടപ്പോള്‍ ഓര്‍മ്മകള്‍ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്തേക്ക് പോയി. അവിടെയെത്താന്‍ ഇത്തിരി പുറകിലേക്ക് നടക്കണം. ഇനി അവിടേക്ക് നടന്നെത്താന്‍ ആയുസ് ബാക്കിയില്ലാത്തതു കൊണ്ട് ഒന്നോടിപ്പോയി നോക്കാം.

അന്നും ഓട്ടം തന്നെയായിരുന്നു, ക്‌ളാസ്സ് വിട്ടാലുടന്‍ പാലസ് ഗ്രൗഡ് ലക്ഷ്യം വെച്ചായിരുന്നു ആ ഓട്ടം. സെന്റ്‌മേരിസ് കോളേജിന്റെയും സേക്രട്ട് ഹാര്‍ട്ട് സ്കൂളിന്റെയും മുമ്പിലെത്തുമ്പോള്‍ സാവധാനം നടക്കും. സ്ത്രീജനങ്ങള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളോടുള്ള ബഹുമാനം കൊണ്ട് മാത്രമല്ലായിരുന്നുവത്. സേക്രറ്റ് ഹാര്‍ട്ട് സ്കൂളിന്റെ ഗേറ്റിലേക്ക് ചയ്ഞ്ഞ് നില്ക്കുന്ന ബോഗന്‍വില്ലയുടെ ചില്ലകള്‍ക്കിടയിലൂടെ രണ്ട് വലിയ കണ്ണുകള്‍ എത്തി നോക്കുന്നില്ലായെന്ന് ഉറപ്പായല്‍ പിന്നെ ഒരോട്ടമാണ് സാഹിത്യ അക്കാദമിയുടെ സൈഡിലൂടെ പാലസ് ഗ്രൗണ്ടിലെത്താന്‍ അഞ്ച് മിനിറ്റ് മതിയായിരുന്നു. ഒരു മിനിറ്റ് ലേറ്റായാല്‍ രണ്ട് ടീമിലേക്കും ആള് തികഞ്ഞിരിക്കും. സ്റ്റമ്പ്‌സും ബാറ്റും കൊണ്ട് വരുന്ന സുനിലിന് പലവട്ടം ജോയ് ഐസ്ക്രീം വാങ്ങിച്ച് കൊടുത്തിട്ടും യാതൊരു പ്രിഫറന്‍സും ഇല്ലായിരുന്നു. കളിക്കാനുള്ള അറിവൊ പേരൊ ജാതിയൊ നോക്കിയായിരുന്നല്ല ടിം സെലക്ഷന്‍; തികച്ചും ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ്വ്. കളി തുടങ്ങിയാല്‍ പിന്നെ ഫീല്‍ഡിങ്ങ് ടിമിന്റെ അലറലാണ്. “ നൗഷി അത് ഫോറില്ലടാ, സ്‌റ്റോപ്പ് ചെയ്യടാ ശ്രീക്കുട്ടാ....ഒന്നേള്ളടാ...... അതൊന്നേള്ളഡാ” ബോള് വീണ്ടും കീപ്പറുടെ കൈയില്‍ എത്തുന്നത് വരെ അലറലോടലറലാണ്

ഇപ്പോള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഇരിക്കുന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ക്രിക്കറ്റ് കളി. ചുവന്ന പൂഴി മണ്ണിനടിയില്‍ പാറ പോലെ ഉറച്ച സ്ഥലമായിരുന്നു. കളി കഴിയുമ്പോള്‍ കാലും കൈയ്യും പാന്‍സുമെല്ലാം ചുവന്നിരിക്കും. രാമനിലയത്തിന്റെ മുമ്പിലെ പൈപ്പില്‍ കാലും കൈയും കഴുകി ചെമ്പുക്കാവിലെ ബസ് സ്‌റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എന്നും ജയന്‍ കൂട്ടിനുണ്ടാകും. പ്രിഡിക്ക് പഠിക്കുമ്പോളുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരന്‍. ഡോക്ടറാവാന്‍ കൊഴലും തൂക്കി വന്നിരിക്കുന്നവരായിരുന്നു എന്റെ ക്‌ളാസിലുള്ളവരെല്ലാം. അടുത്ത് ബഞ്ചിരിക്കുന്നവനെ പോലും പരിചയപ്പെടാന്‍ സമയമില്ലാത്തവര്‍. അങ്ങനെ ഒറ്റപ്പെട്ട് നടക്കുമ്പോള്‍ കോളേജിന്റെ വരാന്തയില്‍ വെച്ച് എപ്പോഴോ എങ്ങനെയൊ കണ്ട് മുട്ടിയതാണ് ഫസ്റ്റ്ഗ്രൂപ്പില്‍ പഠിച്ചിരുന്ന ജയനെ.

ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയമായിരുന്നു ജയന്, പക്ഷെ എന്നും പുറത്തിരിക്കാനായിരുന്നു അവന് യോഗം. മിക്കവാറും പത്രണ്ടാമനായും പതിമൂന്നാമനായും കളിക്കാതെ പുറത്തിരിക്കുമ്പോഴെല്ലാം അവനായിരുന്നു കൂട്ട്. ഹാര്‍ട്ടിലെ ഏതോ വാല്‍വ് ശരിക്കടയാത്തതു കൊണ്ട് ജീവപര്യന്തം കളിക്കരുതെന്ന് ഡോക്ടവനെ ശിക്ഷിച്ച് പുറത്ത് ഇരുത്തിയിരിക്കുകയാണ്. ബൗണ്ടറിക്ക് പുറത്ത് പോകുന്ന ബോളെടുത്ത് എറിഞ്ഞ് തരുമ്പോള്‍ അവന്റെ കണ്ണുകള്‍ ജ്വലിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കളികഴിഞ്ഞ് തിരിച്ച് നടക്കുമ്പോള്‍ ബോളവന്റെ കൈയിലായിരിക്കും. ബൗളിംഗ് ആക്ഷനെക്കുറിച്ചും ഗ്രിപ്പിനെക്കുറിച്ചുമവന്‍ വാചാലനാകും. നിര്‍ത്താതെ ബോള് ടോസ് ചെയ്തു കൊണ്ട് നടക്കുന്നതിനിടയില്‍ അവന്റെ ശബ്ദമിടറുന്നത് ഞാനറിഞ്ഞില്ല. ബോളില്‍ നിന്ന് ഷര്‍ട്ടിലും കൈയിലും പറ്റിയ ചുവന്ന പൂഴിമണ്ണ് കഴുകി കളയാതിരുന്നതെന്തിനാണെന്ന് എനിക്കന്ന് മനസ്സിലായില്ല. ചെമ്പുക്കാവിലെ ബസ് സ്‌റ്റോപ്പില്‍ എന്റെ ബസ്സ് വരുന്നത് വരെ ഞങ്ങളിരുന്നു സംസാരിക്കും. പ്രണയവും സിനിമയും പി ജി വുഡ് ഹൗസും വി കെ എന്നും രാഷ്ട്രിയവുമെല്ലാം വിഷയങ്ങളായിരുന്നു. ഒരിക്കല്‍ എന്നെ ബസ് കയറ്റി വിട്ടതിനു ശേഷം ചെമ്പുക്കാവിലെ വീട്ടിലേക്ക് നടന്നു പോയ ജയന്‍ ഒരിക്കലും തിരിച്ചു വന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് നടക്കുമ്പോള്‍; തിരിച്ചറിവിന്റെ വേദന കഴുകി കളയാന്‍ രാമനിലയത്തിന്റെ മുമ്പിലെ പൈപ്പുണ്ടാവുമോ, അതിന്റെ മുമ്പിലവനും കാണുമോ ആവോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക