Image

സിനിമ പ്രമോഷനിലെ പുതുചുവട്, ട്രെയിന്‍ സിനിമയ്ക്കായ് ബ്രാന്‍ഡ് ചെയ്യുന്നു!

Published on 08 August, 2018
സിനിമ പ്രമോഷനിലെ പുതുചുവട്, ട്രെയിന്‍ സിനിമയ്ക്കായ് ബ്രാന്‍ഡ് ചെയ്യുന്നു!

സിനിമ പ്രമോനിലെ പുതുചുവടുവയ്പ്പിന് മലയാള ചലച്ചിത്ര ലോകം ഓഗസ്റ്റ് ഒന്‍പത് വ്യാഴാഴ്ച സാക്ഷ്യം വഹിക്കുന്നു. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ബജറ്റിന്റെ വലിപ്പം കൊണ്ട് മാത്രമല്ല പ്രമോഷനിലെ പുതു പരീക്ഷണത്തിലൂടെയും ചിത്രം ശ്രദ്ധ നേടുകയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കായംകുളം കൊച്ചുണ്ണിക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നിവിന്‍ പോളി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. ട്രെയിനില്‍ സിനിമയുടെ പോസ്റ്ററുകള്‍ പതിപ്പിക്കുന്ന പതിവുണ്ടെങ്കിലും ഒരു ചിത്രത്തിനായി ട്രെയിന്‍ ബ്രാന്‍ഡ് ചെയ്യുന്നത് മലയാള സിനിമ ചരിത്രത്തിലാദ്യമാണ്. കായംകുളം കൊച്ചുണ്ണിയ്ക്കായ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയതും ശ്രദ്ധേയമായിരുന്നു.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലാനാണ് നിവിന്‍ പോളി, പ്രിയ ആനന്ദ് എന്നിവരെ നായികനായകന്മാരാക്കി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത്തിക്കരപക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തുന്നു. വന്‍താരനിരയാല്‍ സമ്ബന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തില്‍ കേരളമാണ്. 161 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേത്. ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും അപകടം സംഭവിച്ചിരുന്നു. ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോകാന്‍ ഈ അപകടങ്ങളും പ്രതികൂലമായി കാലാവസ്ഥയും കാരണമായി.

ബോബി-സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണ ബിനോദ് പ്രദാന്‍ നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിന്‍ കണങ്ങാട്ട് എന്നിവരുടെ വരുകള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ഓഗസ്റ്റ് 15ന് ഇറോസ് ഇന്റര്‍നാഷണല്‍ റിലീസ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററിലെത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക