Image

വെള്ളി നക്ഷത്രം പറയാനിരുന്നത് (കഥ: ജോസഫ് ഏബ്രഹാം)

Published on 05 August, 2018
വെള്ളി നക്ഷത്രം പറയാനിരുന്നത് (കഥ: ജോസഫ് ഏബ്രഹാം)
കാത്തിരുന്നു മുഷിഞ്ഞ ഇന്ദുലേഖ വിളിച്ചു ചോദിച്ചു
'അനിയേട്ട ഇതുവരെ റെഡിയായില്ലേ ? ഞാന്‍ എത്ര നേരാന്നു വച്ചാ ഇങ്ങനെ കാത്തുനില്ക'
ന്റെ ഇന്ദു നീ ഇങ്ങു അകത്തു കേറി എന്റടുത്തു വന്നിരിക്കൂന്ന്. നിനക്കറിഞ്ഞു കൂടെ ഇനീപ്പോ നമ്മള്‍ തെരക്ക് കൂട്ടീട്ട് കാര്യമില്ലാന്നു, എല്ലാവരും എത്തണ്ടേ ?
ദൂരെ ദിക്കീന്നു ഒക്കെ ആള്‍ക്കാര്‍ വരാനുണ്ട്. എടപ്പാളീന്ന് അമ്മാവന്‍ പുറപ്പെട്ടു പാതിവഴിയായീന്ന് ഇപ്പൊ ഫോണ്‍ വന്നുപോലും. എന്തായാലും മൂവന്തിക്കപ്പുറം പോവില്ല നീ ഒന്ന് സമാധാനപ്പെട് .
'നോക്കു അനിയേട്ട, എല്ലാരും ചേര്‍ന്ന് എന്താ കാണിച്ച് കൂട്ടുന്നേന്ന്.
ദാണ്ടേ തെക്കെ തൊടിയില് വഴിയരികിലുള്ള വലിയ നാട്ടുമാവ് വെട്ടുന്നു. എന്തോരും മാങ്ങാ ഉണ്ടാകുന്ന മാവാണത്. സ്കൂള്‍ ചെക്കന്മാരൊക്കെ കണ്ണിമാങ്ങായും മാമ്പഴവും തേടി വരുന്ന തൊടിയാണത്. അവറ്റൊള് അതൊക്കെ കൊതിയോടെ തിന്നോണ്ട് പോണത് കാണാന്‍ തന്നെ ഒരു രസാണ്. എത്ര അണണാരക്കണ്ണന്മാരണ് അതീ കുടി വെച്ചേക്കണതെന്നറിയോ ? നിറയെ കിളിക്കൂടുമുണ്ടതില്‍, അവറ്റോളെല്ലാം ഇനി ഏടെപ്പോകും ന്‍റെ ഈശ്വര. വഴിയെ പോണോര്‍ക്കെല്ലാം നല്ല ഒരു തണലായിരുന്നു. വെയില്‍കൊണ്ടു വഴിനടന്ന് തളര്‍ന്ന പണിച്ചികളെല്ലാം അതിന്‍റെ ചോട്ടില്‍ കുന്തിച്ചിരുന്നു വെറ്റില മുറുക്കി തുപ്പി വര്‍ത്താനം പറഞ്ഞിരിക്കുന്നത് കാണാര്‍ന്നു.'
അതിപ്പോ നന്നായീന്ന എനക്ക് തോന്നുന്നത്. നാശം പിടിച്ച സ്കൂള്‍ ചെക്കന്മാര്‍ മാങ്ങയ്ക്ക് എറിഞ്ഞു മ്മടെ പൊരേന്റെ ഓടു എത്രയാ തകര്‍ത്തേക്കണത്. ഇനിപ്പോ അമ്മ ഒറ്റക്കായില്ലേ അമ്മക്ക് ചെക്കമ്മാരോട് കച്ചിറ കൂടാനും പൊട്ടിയ ഓടുകള്‍ മാറ്റാനും പറ്റുമോ ?
'ന്നാലും അനിയേട്ട, ജീവനില്ലാത്ത ഒന്നിന് വേണ്ടി ജീവനുള്ള ഒന്നിനെ നശിപ്പിക്കുക എന്നത് ഇച്ചിരെ കഷ്ടമാണേ. ശരിക്കും ആ മാഞ്ചുവട്ടിലെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന് അതിന്‍റെ ജീവന്റെ അംശമായി, ഒരു മാങ്കനിയായി മണ്ണില്‍ പതിക്കുന്നതല്ലേ കൂടുതല്‍ ശ്രേയസ്ക്കരം?'
ഓ.. ഇപ്പോഴുമുണ്ടോ നിന്റെ കവിതാ ഭ്രാന്തുകള്‍. അല്ല നീ യൊരു കാര്യം അറിഞ്ഞിരുന്നോ ഇന്ദു, നീ ഇപ്പോള്‍ വലിയ ഒരു കവിയായിട്ടാണ് ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത്. നിന്റെ കവിതകള്‍ വായിച്ചിട്ട് ആളോള് പറേണത് മരണത്തെ അതിഹൃദ്യമായ അനുഭവമാക്കിമാറ്റിയ മാലാഖയാണ് നീ എന്നൊക്കെയാണ്.
എല്ലാരും പറേണത് നീ വലിയ സാഹിത്യകാരി എന്നോക്കെയാണല്ലോ. ചിലരൊക്കെ എന്നെയും കണക്കിന് ചീത്തപറയുന്നുണ്ട്. ഞാന്‍ നിന്നെ കെട്ടിയതുകൊണ്ടാണ് നിന്റെ സാഹിത്യവും ദാമ്പത്യവും ഇല്ലാതായതെന്നു അല്ലാച്ചാല്‍ എത്ര ഉയരത്തില്‍ എത്തേണ്ട കുട്ടിയായിരുന്നു ഇന്ദു, നീയെന്നൊക്കെയാണ്.
ന്റെ കുട്ടി ന്നാലും എനക്ക് നിന്നെ തിരിച്ചറിയാന്‍ പറ്റീല്ലാലോ എന്നൊക്കെ വിചാരിക്കുമ്പോള്‍ നല്ല വിഷമം തോന്നും. അല്ലേലും ഒരിക്കലും നിന്നെ മനസ്സിലാക്കാന്‍ എനക്ക് പറ്റീല. നീ ഓര്‍ക്കുന്നോ ആദ്യമായി ഞാന്‍ നിന്നെ കണ്ട ദിവസം. അന്ന് നീ വല്യമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു. അന്ന് ഞാന്‍ എന്തൊക്കയോ നിന്നോട് ചോദിച്ചു പക്ഷെ നീ അന്ന് എന്റെ മുഖത്ത് നോക്കുകയോ എന്റെ ചോദ്യങ്ങള്‍ കേട്ടതായോ ഭാവിച്ചില്ല.
തിരിച്ച് ന്റെ വീട്ടിലേക്കു പോരാന്നേരം നിന്റെ വല്യമ്മ എന്നോട് പറഞ്ഞു
"അനി ഓള് മിണ്ടാത്തത്തില്‍ യീ ഒന്നും വിചാരിക്കരുത് കേട്ടോ. ഓള് ചിലപ്പോള്‍ അങ്ങിനെയാണ് ആരോടും ഒന്നും മിണ്ടില്ല. വെറുതെയിരുന്ന് ബുക്കെടുത്ത് നിറയെ എഴുതിപ്പിടിപ്പിക്കുന്നത് കാണാം. എന്താന്ന് ചോദിച്ചാല്‍ കേട്ടതായി നടിക്കില്ല. ചിലപ്പോള്‍ ആര്‍ക്കും ചെവിതല തരില്ല ഓരോന്നും പറഞ്ഞു തൊള്ളതൊറന്നു ചെലച്ചോണ്ട് നടക്കണത് കാണാം. ചിലപ്പോ കുട്ടിയോളെ ഒക്കെ കൂട്ടി തൊടിയില്‍ കളിക്കാനും മരംകേറാനും ഒക്കെ നടക്കും. ദേ ഇപ്പൊ കുട്ടികള്‍ വന്നാല്‍ പോലും ഒരോടും ഒന്ന് മിണ്ടില്ല. വല്ല്യ പഠിപ്പോള്ള കുട്ടിയല്ലെ, പോരാത്തതിന് വല്യ കോളേജ് ടീച്ചറും, ചിലപ്പോള്‍ ഓരോന്ന് ആലോചിച്ചു നടക്കുന്നതിന്റെയും എഴുതുന്നതിന്റെ രീതിയാകും ".
പിറ്റേ ആഴ്ച നീ അവിടെ വന്നപ്പോഴും പതിവ് പോലെ ഞാന്‍ അതിലെ വന്നിരുന്നു അന്ന് നീ എന്റെ അടുക്കല്‍ വന്നു എന്തൊക്കയോ സംസാരിച്ചു. സത്യത്തില്‍ എനിക്കന്നു അത്ഭുതമായിരുന്നു കഴിഞ്ഞ ആഴ്ച ഒന്നും മിണ്ടാത്തവള്‍ അപ്പോള്‍ യാതൊരു കാര്യവുമില്ലാതെ വല്യ ചങ്ങായിമാരെപ്പോലെ സംസാരിക്കുന്നു !. എന്തൊക്കയോ പറയുന്നു ഒരു മാതിരി വട്ടുപിടിച്ച പെണ്ണിനെപ്പോലെ. പിന്നീട് നീ കൂടക്കൂടെ മിക്കവാറും എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും വല്യമ്മയുടെ വീട്ടില്‍ വിരുന്നു വരും തിങ്കളാഴ്ച രാവിലെതന്നെ തിരികെ പോകും. ആ ദിവസങ്ങളിലൊക്കെ നമ്മള്‍ തോന നേരം ഓരോന്നും പറഞ്ഞു കുത്തീരിക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ സംസാരത്തിനിടയില്‍ എടുത്തടിച്ചപോലെ നീ പറഞ്ഞു നിനക്ക് എന്നെ ഇഷ്ടാണെന്ന്. ഞാന്‍ അപ്പോ കരുതിയത് അത് എന്നെ കളിയാക്കാനുള്ള നിന്റെ മറ്റൊരു വട്ടാണെന്നാണ്.
നിന്റെ വല്യമ്മ ആയിടെ എന്നോട് പറഞ്ഞു.
"ഇന്ദൂന് തോനെ കല്യാണ ആലോചനകള്‍ വരുന്നുണ്ട് നല്ല പഠിപ്പും ഉദ്യോഗവുമുള്ള ചെക്കന്മാര്‍ വന്നിട്ടും ഓള്‍ക്ക് ആരെയും പിടിക്കുന്നില്ല. നീ ഓളുടെ നല്ല ചങ്ങാതി ആണല്ലോ ഒളോടോന്ന് ചോദിച്ചു നോക്കിന്‍ ഇനീപ്പോ ഓളുടെ മനസ്സില്‍ വല്ലോരൂണ്ടോന്ന് അറിയില്ലാലോ".
ആ ആഴ്ച നീ വന്നപ്പോള്‍ ഞാന്‍ വല്യമ്മ ഏല്‍പ്പിച്ച വിഷയം എടുത്തിട്ടു. അപ്പോള്‍ നീ പറഞ്ഞത് നിനക്ക് വലിയ പഠിപ്പും ഉദ്യോഗവും ഉള്ളവരെ ഒന്നും വേണ്ടയെന്നു അവരിലൊന്നും യദാര്‍ത്ഥ ജിവിതം ഇല്ലായെന്നുമാണ്. വെയില്‍കൊണ്ടു കരുവാളിച്ച എന്റെ മുഖത്തും, ചളിയും തഴമ്പും നിറഞ്ഞ എന്റെ കൈകളും നോക്കി നീ പറഞ്ഞു, നിനക്ക് വേണ്ടത് എന്നെയാണെന്ന്. എന്റെ ബീഡിപ്പുകയും ചാരായവും കലര്‍ന്ന വിയര്‍പ്പു മണത്തെ നിനക്ക് വലിയ ഇഷ്ടമാണെന്നും.
എനിക്കതൊന്നും അപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല വലിയ പഠിപ്പും ഉദ്യോഗവുമുള്ള അതി സുന്ദരിയായ ഒരു വെള്ളിനക്ഷത്രത്തിനു പത്ത് ക്ലാസ് മാത്രം പഠിപ്പുള്ള, വെയിലേറ്റു കരുവാളിച്ച ഈ പുല്‌കൊടിയോടു പ്രണയമാണെന്ന്. !! പിന്നെ നടന്നതൊക്കെ നീ നന്നായി ഓര്‍ക്കുന്നുണ്ടല്ലോ ഒരു ദിവസം നമ്മള്‍ ഒളിച്ചോടിയതും അഭയത്തിനായി എടപ്പാളിലുള്ള അമ്മാവന്റെ വീട്ടില്‍ എത്തിയതും. അവിടെ അടുത്തുള്ള അമ്പലത്തില്‍ വച്ച് താലികെട്ടി അമ്മാവന്റെ വീട്ടില്‍ ചെന്നു കയറിയ നമ്മളെകണ്ട് സാരിത്തലപ്പുകൊണ്ട് വാ പൊത്തി വിതുമ്പിയ അമ്മാവന്റെ മകള്‍ സാവിത്രിയെയും.
നീ ഒരിക്കല്‍ പറഞ്ഞില്ലേ സാവിത്രിയെ ഒന്ന് കാണണമെന്ന്? ഓളുടെ കല്യാണം കഴിഞ്ഞു ഇപ്പോള്‍ ബോംബയില്‍ ആണ് താമസം. അവള്‍ ഇപ്പോള്‍ എടപ്പാളിലെ വീട്ടില്‍ ഉണ്ട് അവളും അമ്മാവന്റെ ഒപ്പം ഇങ്ങോട്ട് പുറപ്പെട്ടിടുണ്ട്, എന്തായാലും ഇന്ന് നിനക്ക് അവളെ കാണാം .
അല്ല ഇന്ദു നിന്നോട് പലപ്പോഴും ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു, എന്തിനായിരുന്നു നീ ചിലപ്പോഴൊക്കെ എന്നോട് ഒന്നും മിണ്ടാതെ ദിവസങ്ങളോളം തനിയെ കഴിഞ്ഞിരുന്നത് ? അപ്പോഴൊക്കെ എന്തെങ്കിലും ചോദിച്ചാല്‍ നീ ഒച്ചയിട്ട് എന്നോട് ദേഷ്യപ്പെടുമായിരുന്നു അതോണ്ട് ഞാനൊന്നും ചോദിച്ചില്ല.
ഒരു ദിവസം നിന്റെ തോര്‍ത്തും സോപ്പും എടുത്ത് ഞാന്‍ കുളിച്ചതിനു നീ എന്നെ എത്രമാത്രം വഴക്ക് പറഞ്ഞുവെന്ന് വല്ല നിശ്ചയമുണ്ടോ ? ചില രാത്രികളില്‍ വഴക്കടിച്ച് എന്റെ കൂടെ കിടക്കാതെ അടുത്തമുറിയില്‍ പോയികിടക്കാറുണ്ട്. ആ രാത്രികള്‍ മുഴുവന്‍ നീ കിടക്കുന്ന മുറിയില്‍ വെളിച്ചം കാണാം ഉറങ്ങാതെ മേശയില്‍ കുനിഞ്ഞിരുന്നു നിര്‍ത്താതെ എഴുതികൊണ്ടിരിക്കുന്നതും കാണാറുണ്ടയിരുന്നു.
ഞാന്‍ ആദ്യം കരുതിയത് രാത്രി അല്പം മദ്യപിച്ചും, നേരം വൈകിയും വരുന്നതിന്റെ ഒക്കെ ദേഷ്യം കൊണ്ടും പിന്നെ ബീഡിയുടെയും ചാരായത്തിന്റെയും മണം പിടിക്കാത്തതുകൊണ്ടുമായിരിക്കുമെന്നാണ്. പക്ഷെ ഒരു ദിവസം ഞാന്‍ കണ്ടത് അലക്കാന്‍ വേണ്ടി മാറ്റിയിട്ടിരുന്ന എന്റെ ഷര്‍ട്ട് എടുത്ത് മുഖത്തോടു ചേര്‍ത്ത് പിടിച്ച് അനിയെട്ടന്റെ ബീഡിയിലും ചാരയത്തിലും കുതിര്‍ന്ന മണം വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞു നില്‍കുന്ന ഇന്ദുവിനെയാണ്.
എന്താണ് നീ എഴുതി കൂട്ടുന്നത് എന്നറിയാന്‍ ഒരിക്കല്‍ ഞാന്‍ നിന്റെ നോട്ടുബുക്കുകള്‍ മറിച്ച് നോക്കിയപ്പോള്‍ അതിലെല്ലാം നിറയെ കവിതകള്‍ ആണെന്ന് കണ്ടു. അതൊക്കെ വായിക്കാന്‍ നോക്കിയിട്ട് എനിക്കൊന്നും മനസ്സിലായില്ല . മാലാഖയുടെ മുഖമുള്ള മരണത്തെ നീ പ്രണയിക്കുന്നു എന്നൊക്കെ വായിച്ചതായി ഓര്‍മ്മിക്കുന്നു.
എല്ലാ താളുകളിലും നീ പറയുന്നത് മരണത്തോടുള്ള നിന്റെ അഗാധമായ പ്രണയമായിരുന്നു. സുന്ദരമാരായ ചെക്കന്മാര്‍ പെണ്ണ് അന്വോഷിച്ചു വന്നപ്പോള്‍ നിനക്ക് വേണ്ടത് കരുവാളിച്ച മുഖമുള്ള തൊഴിലാളിയെ ആയിരുന്നു. എന്നിട്ട് നീ മാലാഖയുടെ മുഖമുള്ള സുന്ദരനായ മരണത്തെ പ്രേമിക്കുന്നു ! എന്തൊക്കെ വട്ടുകള്‍ ആയിരുന്നു നിനക്ക്. ഓര്‍ക്കുന്നുണ്ടോ അതെല്ലാം ഇപ്പോള്‍ ?
ഒരിക്കല്‍ നീ എന്നെ അത്ഭുതപ്പെടുത്തിയത് ഓര്‍ക്കുന്നുണ്ടോ, അന്ന് മഹാരാഷ്ട്രയിലെ വാഷി എന്ന പട്ടണത്തില്‍ പ്ലുംബിംഗ് കോണ്ട്രാക്ടര്‍ ആയ കൂട്ടുകാരനെ സഹായിക്കാനായി രണ്ടുമൂന്നു മാസത്തേക്ക് ഞാന്‍ പോയിരുന്നല്ലോ. ഒരു ദിവസം രാവിലെ വാതിലില്‍ തട്ടുന്ന നിന്നെകണ്ട് ഞാനമ്പരന്നു പോയത് പെണ്ണേ നീ ഓര്‍ക്കുന്നുണ്ടോ ? ഒരു മുന്നറിയിപ്പുമില്ലാതെ മുന്പരിചയമില്ലാത്ത ഒരു നഗരത്തില്‍ നീ എന്നെ തേടി എത്തിയത് !. ഏതായാലും അതോടുകൂടി നിന്റെ ഒറ്റയ്ക്കുള്ള യാത്രകളെക്കുറിച്ചുള്ള എന്റെ ഭയം അവസാനിച്ചു.
തിരികെ പോയപ്പോള്‍ വലിയൊരു ബാര്‍ബി പാവ വാങ്ങിതരാന്‍ എന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ? ബാര്‍ബി പാവകള്‍ എന്നും നിന്റെ ഒരു ദൌര്‍ബല്യമായിരുന്നു. എത്രയെണ്ണമായിരുന്നു നീ വാങ്ങി കൂട്ടിയിരുന്നത്! അതുപോലെ തന്നെ പെണ് കുഞ്ഞുങ്ങളെയും നിനക്ക് വലിയ ഇഷ്ടമായിരുന്നു. എങ്കിലും നമുക്കൊരു കുഞ്ഞുവേണ്ടേ എന്ന ചോദ്യത്തിനു നീ ഒരിക്കലും അനുകൂലമായി ഉത്തരം പറഞ്ഞിരുന്നില്ല.
ആ കുളിരുള്ള മകരമാസത്തില്‍ നിന്റെ വീടിന്റെ അകത്തെ ഗോവണി കൈപ്പിടിയില്‍ വലിയ നീലകണണുള്ള ഒരു ബാര്‍ബി പാവ പോലെ നീ തൂങ്ങിയാടികിടക്കുന്നത് കണ്ടപ്പോള്‍ ബാര്ബിയെക്കള്‍ സുന്ദരി നീ ആണെന്നാണ് എനിക്ക് തോന്നിയത്. എല്ലാവരും നിന്ന് വാവിട്ട് കരഞ്ഞപ്പോള്‍ ഞാന്‍ സാകൂതം ആ വലിയ ബാര്‍ബി ഡോളിനെ കണ്ണെടുക്കാതെ നോക്കി നില്കുകയായിരുന്നു.
അന്ന് മുതലാണ് ഞാനും ബാര്‍ബികളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ഇതാ നോക്കിക്കേ എത്രയധികം ബാര്ബികളാണ് ഈ മുറിക്കുള്ളിലെന്ന്. നീ ഇത് കണ്ടോ ഈ കുഞ്ഞു ബാര്‍ബിയെ ഇതാണ് നമ്മുടെ മകള്‍. എന്റെ കൂടെ കിടന്നാണ് അവള്‍ എന്നും ഉറങ്ങാറ്. എന്തായാലും നമുക്കൊരു കുഞ്ഞുബാര്‍ബി പിറക്കാതെ പോയത് നന്നായീന്ന് ഇപ്പോള്‍ തോന്നുന്നു അല്ലെങ്കില്‍ അവള്‍ നിന്നെ കാണാതെ വല്ലാതെ വിഷമിച്ച് പോയേനെ.
ദേ ഇന്ദു, ഇതുകണ്ടോ നിന്റെ പടം അച്ചടിച്ച് വന്ന പത്രം, നിന്റെ അച്ചനും അമ്മയും ദേ നിക്കുന്നു. നീ എഴുതി ആരും കാണാതെ വച്ചിരുന്ന കവിതകള്‍ നിന്റെ അച്ഛന്‍ പുസ്തകമാക്കി ഇറക്കിയതിന്റെ പ്രകാശന ചടങ്ങിന്റെ വാര്‍ത്തയാണത് . ഇത് കണ്ടോ നിന്റെ കവിതകളുടെ പുസ്തകം. ഇത്തരം രണ്ടെണ്ണമുണ്ട് രണ്ടും തോനെ ഞാന്‍ വാങ്ങിച്ച് സൂക്ഷിച്ച് വച്ചിട്ടുണ്ട് . നീ ഇതു കണ്ടോ, ആദ്യത്തെ പുസ്തകത്തിന്റെ പേരെന്താന്ന്. ' പുല്‍കൊടിയെ പ്രണയിച്ച വെള്ളിനക്ഷത്രം' .
നീ നിന്റെ കാമുകനായ മരണത്തിനു ഒരു തൊഴിലാളിയുടെ കരുവാളിച്ച മുഖത്തിന്റെ സൌന്ദര്യവും ചെളിപറ്റി തഴമ്പിച്ച കൈകളുടെ സുഗന്ധവുമാണെന്ന് എഴുതിയത് നമ്മളുടെ പ്രണയത്തിന്റെ ആദ്യ നാളുകളില്‍ അല്ലേ?
പിന്നെ നിനക്കൊന്നു കേള്‍ക്കണോ ആളുകള്‍ പറയുവായിരുന്നു നിനക്ക് ഞാന്‍ അല്ലാതെ വേറൊരു കാമുകന്‍ ഉണ്ടായിരുന്നുവെന്ന്. അത് കേള്‍ക്കുമ്പോള്‍ ഞാനും പറയുമായിരുന്നു ശരിയാണ് അവള്‍ക്കൊരു കാമുകന്‍ ഉണ്ടായിരുന്നു അവന്‍ വന്നു വിളിച്ചപ്പോഴാണ് അവള്‍ കൂടെ പോയതെന്ന്.
'അനിയേട്ട ഇതൊക്കെ ആവശ്യമില്ലായിരുന്നു. ഞാനെഴുതിയത് ഒന്നും കവിതകള്‍ ആയിരുന്നില്ല. ഇതൊന്നും ആരും കാണാന്‍ പാടില്ലെന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. പലപ്രാവശ്യം ആ നോട്ടുബുക്കുകള്‍ നശിപ്പിച്ചു കളയണമെന്ന് ഞാന്‍ വിചാരിച്ചതാണ് പക്ഷെ ഓരോ പ്രാവശ്യവും അത് നശിപ്പിക്കാന്‍ കയ്യിലെടുക്കുമ്പോള്‍ ഞാന്‍ അതിനെ പ്രണയിക്കാന്‍ തുടങ്ങും, അതില്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്ന മരണത്തെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങുമായിരുന്നു അങ്ങിനെ അവ നശിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല'.
ഇതൊന്നും ആരും വായിക്കാന്‍ പാടില്ല, ഇതില്‍ ജീവിതമില്ല വെറും മരണം മാത്രം. ഈ മരണത്തെ ആരും സ്‌നേഹിക്കാന്‍ പാടില്ല ജീവിതത്തെയാണ് സ്‌നേഹിക്കേണ്ടത്. മരണം ജീവിതത്തിന്റെ അവസാനമായി സ്വാഭാവികമായി കടന്ന് വരേണ്ട കഥാപാത്രമാണ്. ഓരോ കഥകളും അവസാനിക്കുന്നിടത്താണ് മരണം എത്തേണ്ടത്.
എന്റെ ജീവിതം ഒരു തെറ്റായ സന്ദേശമായി ആര്‍ക്കും മുന്നില്‍ എത്താന്‍ പാടില്ല. ജീവിക്കാനുള്ള കൊതിയാണ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടത്. അസമയത്ത് കടന്നുവരുന്ന മരണത്തെ ചെറുത്തു പരാജയപ്പെടുത്താനല്ലേ ശാസ്ത്രവും വൈദ്യന്മാരുമൊക്കെ പണിപ്പെടുന്നത്? വന്‍ തുക മുടക്കി രോഗപ്രതിരോധത്തിനുള്ള മരുന്നുകള്‍ കണ്ടെത്തുന്നത് മരണത്തോട് പോരടിക്കാനല്ലേ? കീഴടങ്ങനാണോ? കൈകാലുകള്‍ നഷ്ടപ്പെട്ടാലും ആളുകള്‍ സ്‌നേഹിക്കുന്നത് ജീവിതത്തെയാണ് മരണത്തെയല്ല, അതങ്ങിനെയേ പാടുള്ളൂ. ജീവിക്കാനുള്ള കൊതിയില്ലെങ്കില്‍ ഈ ലോകം വെറുമൊരു വരണ്ട ശവപ്പറമ്പായി മാറുകില്ലേ ?'
ജനലഴികളില്‍ പിടിച്ചുകൊണ്ട് കുറച്ചുനേരം മുറ്റത്തേക്ക് തന്നെ ഇന്ദുലേഖ നോക്കി നിന്നു. മുറ്റത്ത് ആളുകള്‍ അടക്കിപ്പിടിച്ച് സംസാരിക്കുന്നു. ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഇന്ദുലേഖ തുടര്‍ന്നു..
'എങ്കില്‍ ഞാന്‍ എന്തിന് മരണത്തെ സ്‌നേഹിച്ചു അനിയേട്ടനെ ഇട്ടേച്ചു പോയി എന്നാണോ ഇപ്പൊ വിചാരിക്കുന്നത്. സത്യത്തില്‍ ഞാന്‍ ജീവിതത്തെ അളവറ്റു സ്‌നേഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. ദീര്‍ഘ കാലം അനിയേട്ടന്റെ കൂടെ അനിയേട്ടന്റെ കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ സ്‌നേഹം മുഴുവന്‍ ജീവിതത്തോടായിരുന്നു. ഞാന്‍ എഴുതുവാന്‍ ആഗ്രഹിച്ചത് ജീവിതത്തെക്കുറിച്ചായിരുന്നു. പക്ഷെ എന്നെ ഇന്ന് എല്ലാവരും കാണുന്നത് മരണത്തെ സ്‌നേഹിച്ചിരുന്ന, മരണത്തെ പാടിനടന്ന ഒരു നിലാപക്ഷി ആയിട്ടാണ്. എന്റെ വഴിയെ പോകണം അല്ലെങ്കില്‍ ഞാന്‍ ആകണം എന്നൊക്കെ ചിലര്‍ പറയുന്നത് വേദനയോടെ കേട്ടുനില്ക്കാന്‍ മാത്രമാണ് എനിക്കിന്ന് കഴിയൂ'.
ഇന്ദുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞുവോ എന്ന് അനിക്ക് തോന്നി. എങ്കിലും അവന്‍ ഒന്നും ചോദിച്ചില്ല. അനിക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് തന്നെ നോക്കി ഇന്ദു പറഞ്ഞു.
'അനിയേട്ട, ഇനിയും അനിയേട്ടന്‍ അറിയാത്ത ഒരു കാര്യമുണ്ട്. ചിലപ്പോഴൊക്കെ ഞാന്‍ അനിയേട്ടനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നതും, അനിയേട്ടന്റെ ബീഡിപ്പുകയും ചാരായവും മണക്കുന്ന വിയര്‍പ്പിനെ സ്‌നേഹിച്ചതും, മറ്റുചിലപ്പോള്‍ വഴക്കടിച്ച് മിണ്ടാതിരുന്നതും അനിയേട്ടന്‍ പറഞ്ഞല്ലോ. ഇതൊന്നും ശരിക്കുള്ള ഞാന്‍ ആയിരുന്നില്ല എന്റെ ഉന്മാദത്തിന്റെയും കടുത്ത വിഷാദത്തിന്റെയും ദിനങ്ങളില്‍ ആയിരുന്നു ഞാന്‍ അങ്ങിനെ ചെയ്തിരുന്നതും, ഈ ഭ്രാന്തന്‍ ചിന്തകളുടെ തോന്ന്യാക്ഷരങ്ങളാണ് എന്റെ നോട്ടുബുക്കുകളില്‍ കുറിച്ചിടാറുണ്ടായിരുന്നതും.
ഈ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും ഇടവേളകളില്‍ തീര്‍ത്തും സാധാരണ ഒരു സ്ത്രീ ആയിരുന്നു ഞാന്‍. അപ്പോഴൊക്കെ എനിക്ക് അനിയേട്ടനോട് ഒരു അകല്‍ച്ച തോന്നിയിരുന്നു. എന്റെ സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്ന ഭര്‍ത്താവയിരുന്നില്ല അനിയേട്ടന്‍. നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള സുന്ദരനായ ഒരാളായിരുന്നു എന്റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവ്.
എങ്കിലും അനിയെട്ടന്റെ നിഷ്കളങ്കമായ സ്‌നേഹവും എന്നോട് കാണിക്കുന്ന ആരാധനയും മൂലം അനിയേട്ടനെ ഇട്ടേച്ചു പോകാന്‍ എനിക്ക് മനസ്സ് വന്നില്ല. ഒരിക്കല്‍ ഒരു ഉന്മാദ നാളുകളില്‍ കാണിച്ച ആവേശവും, സാഹസികതയുമാണ് നമ്മുടെ പ്രണയവും വിവാഹവും. എങ്കിലും പിന്നീട് പതിയെ പതിയെ ഞാന്‍ അനിയേട്ടനെ പ്രണയിക്കുവാന്‍ തുടങ്ങിയിരുന്നു.
ആദ്യമൊന്നും എനിക്കറിയില്ലായിരുന്നു എന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന് . എന്നാല്‍ സാധാരണ നിലയില്‍ ആയിരുന്ന അവസ്ഥകളില്‍ ഞാന്‍ പതിയെ പതിയെ തിരിച്ചറിഞ്ഞിരുന്നു, ഞാന്‍ ഒരു സാധാരണ വ്യക്തി അല്ലായെന്ന സത്യം. ഉന്മാദവും വിഷാദവും ഇടകലര്‍ന്ന് ഇടവേളായി എന്നില്‍ ആവേശിക്കാറുണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഇതൊക്കെ അനിയേട്ടനോടും വീട്ടുകാരോടും പറഞ്ഞാലോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചതാണ്.
അനിയേട്ടന്‍ അടക്കം എല്ലാവരും എന്റെ വാക്കുകള്‍ക്ക് വളരെയേറെ വില കല്‍പ്പിച്ചിരുന്നു, എന്നെ ബഹുമാനിച്ചിരുന്നു. ഏതു കാര്യത്തിലും ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് എല്ലാവരും എന്നോട് ചോദിച്ചിരുന്നു.
അങ്ങിനെയുള്ള എനിക്ക് ഇടയ്ക്കിടയ്ക്ക് ഉന്മാദവും വിഷാദവും ഉണ്ടാകുന്നുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ അത് എങ്ങിനെ ഉള്‍ക്കൊള്ളുമായിരുന്നു ? ഞാന്‍ ഒരു മനോരോഗി ആണെന്ന് കരുതില്ലേ ? പിന്നെ ആരെങ്കിലും എന്നോട് സ്‌നേഹം കാണിക്കുമോ ? പിന്നെ അനിയേട്ടനടക്കം എല്ലാവര്‍ക്കും എന്നെ ഭയമായിരിക്കും. എന്റെ ഓരോ വാക്കുകളും നോട്ടങ്ങളും ഒരു മനോരോഗിണിയുടെ ചേഷ്ട്ടകളായി വ്യാഖ്യാനിക്കപ്പെടുമായിരുന്നില്ലേ ? ഒരു ഭ്രാന്തിപ്പെണണായി മുദ്ര കുത്തപ്പെട്ടാല്‍ പിന്നെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരല്‍ സാധ്യമാകുമോ ? അനിയേട്ടനും എന്നെ ഉപേക്ഷിക്കുമായിരുന്നില്ലേ ?
എന്റെ ഉന്മാദത്തെക്കാള്‍ ഞാന്‍ ഭയപ്പെട്ടത് ഞാന്‍ ഒരു രോഗിയാണെന്ന് മറ്റുള്ളവര്‍ അറിയുന്ന അവസ്ഥയെയാണ്. ഇതൊക്കെ ആരോടും പറയാതിരുന്നാല്‍ ഞാനൊരു കിറുക്കിപ്പെണണെന്നു കരുതി എന്നെ സ്‌നേഹിക്കും, പറഞ്ഞാലോ ഒരു ഭ്രാന്തിയെന്നു പറഞ്ഞു മാറ്റിനിര്‍ത്തും, സ്‌നേഹിക്കുന്നവര്‍ എന്നെ ഭയപ്പെടും. അങ്ങിനെയൊരവസ്ഥ ഒരു പക്ഷെ എന്നെ സ്വബോധത്തിന്റെ ഇടവേളകള്‍ ഇല്ലാത്ത മുഴുഭ്രാന്തിയാക്കി മാറ്റിയേക്കാം എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു'.
എന്താ അനിയേട്ടാ പുറത്തൊരു ബഹളം ? ആരോ വന്നിരിക്കുന്നു എന്ന് തോന്നുന്നു. പുറത്തേക്ക് നോക്കി കൊണ്ട് ഇന്ദു ചോദിച്ചു.
' അത് ഇടപ്പാളിലുള്ള അമ്മാവനാണ്. അപ്പോ ഇനി നമുക്ക് ഉടനെപോകാം, എല്ലാവരും വന്നിരിക്കുന്നു. നീ കണ്ടോ സാരിത്തലപ്പുകൊണ്ട് വായ പൊത്തി നില്‍കുന്ന ആളെ? അതാണ് നീ കാണണമെന്ന് പറഞ്ഞ സാവിത്രികുട്ടി. ആള് ഇപ്പൊ നല്ല തടിവെച്ചിരിക്കുന്നു നമ്മുടെ കല്യാണത്തിന്റെ അന്ന് മെലിഞ്ഞു കൊലുന്ന ഒരു പെണ്ണായിരുന്നു.
അനിയേട്ടാ ആളുകള്‍ തിരക്കിട്ട് ഓടി നടക്കുന്നുണ്ട്. ദേ അനിയേട്ടന്റെ അമ്മ പറയുന്നത് കേട്ടോ
'ന്‍റെ കുട്ടിയെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ചാല്‍ മതീന്ന്, എന്താ അമ്മേടെ ഒരു വിചാരം അനിയേട്ടന്‍ ഇപ്പോഴും കൊച്ചുകുട്ടി ആണെന്നാ ?' ഇന്ദുവിന് ചിരി വന്നു.
ഇന്ദു നീ കാത്തിരുന്നു മുഷിഞ്ഞൂന്ന് തോന്നുന്നല്ലോ? ഇനീപ്പോ വല്യ താമസമോന്നുമില്ല, എല്ലാരും വന്നൂല്ലോ
സാരമില്ല അനിയേട്ടാ ഇത്രയും കാലം ഞാന്‍ കാത്തിരുന്നതല്ലേ. ഇനി ഇച്ചിരെ നേരം കൂടി ഇരുന്നാല്‍ പോരെ
' നോക്കു അനിയേട്ട എല്ലാരും തെക്കേ തൊടിയിലേക്ക് പുറപ്പെടുവായി എന്നാല്‍ നമുക്കും പോയേക്കാം' .
അല്ലാ ഇപ്പൊ നിനക്ക് ആ പഴയ വട്ടൊന്നും ഇല്ലാലോ അല്ലെ ? പോണവഴിക്ക് കുഴപ്പമൊന്നും കാണിക്കില്ലാലോ ?
'ഒന്ന് ചുമ്മാതിരി അനിയേട്ട, വെറുതേ കളിയാക്കാതെ. അതൊക്കെ അന്നത്തെ ആ വലിയ ബാര്‍ബി പാവക്കൊപ്പം പാരിജാതത്തിന്റെ ചോട്ടില്‍ കുഴിച്ചിട്ടത് അനിയേട്ടനും കണ്ടതല്ലേ പിന്നെന്തിനാ ഇങ്ങനെ ചോദിക്കണത് ?'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക