Image

സുന്ദരിയായ കാന്‍സര്‍ രോഗി-ഒരു ഫേസ്ബുക്ക് സൗഹൃദത്തിന്റെ കഥ (പൊന്നോലി)

പൊന്നോലി Published on 03 August, 2018
സുന്ദരിയായ കാന്‍സര്‍ രോഗി-ഒരു ഫേസ്ബുക്ക് സൗഹൃദത്തിന്റെ കഥ (പൊന്നോലി)
അവള്‍ അതീവ സുന്ദരിയായിരുന്നു. ഒരു മാസ്മരിക സൗന്ദര്യത്തിന്റെ ഉടമ. ആ മുഖത്ത് എന്തോ ഒരു ആകര്‍ഷണീയത. പക്വതയുടെയും ശോഭയുടേയും മുഖ ഭാവങ്ങള്‍.  ഒതുങ്ങിയ രീതിയിലുള്ള വസ്ത്ര ധാരണം. പ്രായം ഏകദേശം 35 വയസ്സ് തോന്നിക്കും. എങ്കിലും 17 ന്റെ ലാവണ്യം. ഇവയെല്ലാം ഒരു കാന്തത്തിന്റെ വശ്യതയോടെ അയാളെ അവളിലേക്ക് ആകര്‍ഷിച്ചു. അയാള്‍ അവളുടെ സുഹൃത്താകാന്‍ തീരുമാനിച്ചു. അവളുടെ ഫേസ്ബുക്ക് സൗഹൃദ  അഭ്യര്‍ത്ഥന അയാള്‍ അംഗീകരിച്ചു മെസ്സേജ് അയച്ചു. 


അമേരിക്കയിലെ ജോലി സ്ഥലത്തു പല രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരുമുണ്ട്.  അവരില്‍ അയാള്‍ക്ക് പല സുഹൃത്തുക്കളും ഉണ്ടായിരുന്നു. കൂടുതലായിട്ടും ഇന്ത്യയിലെ പല സംസ്ഥാനത്തില്‍ നിന്നുമുള്ള ആള്‍ക്കാര്‍ ആയിരുന്നു അയാളുടെ സുഹൃത്തുക്കള്‍ . അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടും. അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കുന്ന യൂറോപ്പിലെ പല രാജ്യങ്ങളില്‍ നിന്നുമുള്ള വംശജരും, സൗത്ത് ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക, മെക്‌സിക്കോ, അറബ് രാജ്യങ്ങള്‍, പാക്കിസ്ഥാന്‍, റഷ്യ  ഇവിടെ നിന്നെല്ലാം അയാള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.  അവരുടെയെല്ലാം സംസ്‌കാരങ്ങളുടെ വൈവിധ്യം അറിയാന്‍ അയാള്‍ക്ക് താല്പര്യം ഉണ്ടായിരുന്നു. ആ സൗഹൃദങ്ങള്‍ മനുഷ്യരിലെ നല്ലതും ചീത്തയുമായ വശങ്ങള്‍ മനസ്സിലാക്കാന്‍ അയാളെ സഹായിച്ചു. 


ചൈനാക്കാരും ജപ്പാന്കാരും പൊതുവെ അവരുടെ ആള്‍ക്കാരുടെ ഇടയില്‍ ഒതുങ്ങി കഴിയുന്നവരും ചങ്ങാത്തം ഇഷ്ടപ്പെടാത്തവരുമായായിട്ടാണ് അയാള്‍ക്ക് തോന്നിയിരുന്നത്.  ചൈനാക്കാരിയായ സുന്ദരി സൗഹൃദം കാട്ടിയപ്പോള്‍ കൂടുതല്‍ കൗതുകം തോന്നി. അടുക്കാന്‍ തീരുമാനിച്ചു.


അവളാണ്  സൗഹൃദത്തിന്റെ ആദ്യത്തെ കാല്‍വെപ്പ് നടത്തിയത്. അയാള്‍ അവളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അവളോടു  തന്നെ തിരക്കി. 

'എന്ത് ചെയ്യുന്നു?'

'ഞാന്‍ തുര്‍ക്കിയില്‍ ഒരു ബിസിനസ് കാരിയാണ്', അവള്‍ പറഞ്ഞു.


'തുര്‍ക്കിയിലോ ? ഞാന്‍ വിചാരിച്ചു ചൈനയില്‍ ആണെന്ന്.'


'അതേ. ഇപ്പോള്‍ ചൈനയില്‍ ആണ്.  ഈസ്റ്റാന്‍ബുള്ളിലെ  ബിസിനസ്  ഒരു മാനേജരെ ഏല്പിച്ചിരിക്കുകയാണ്.'  


ഈസ്റ്റാന്‍ബുള്ളിനേപ്പറ്റി പറഞ്ഞപ്പോള്‍ പഴയ ഈസ്‌റ്റേണ്‍ റോമന്‍ ബൈസന്റയിന്‍ സാമ്രാജ്യത്തെക്കുറിച്ചും,  കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെക്കുറിച്ചും ക്രിസ്തുമതം റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായതും മറ്റും അയാള്‍ ഓര്‍ത്തു. ഹാഗിയാ സോഫിയയുടെ ചിത്രം അയാളുടെ മനസ്സില്‍ വിരിഞ്ഞു. 


'എന്ത് ബിസിനസ്?'

'ഫാഷന്‍ ടെക്സ്റ്റയില്‍ ബിസിനസ് ആണ് '.

'എങ്ങനെ ചൈനയില്‍ നിന്നും തുര്‍ക്കിയെത്തി ബിസിനെസ്സ്‌കാരിയായി ?'

'അതോ? അതൊരു കഥയാണ്.'



II  


അവള്‍ അവളുടെ കഥ പറഞ്ഞു.  

ചൈനയില്‍ ജനിച്ചതായിട്ടറിയാം. മാതാപിതാക്കള്‍ ആരെന്ന് അറിയില്ല. അനാഥ. ബന്ധുക്കള്‍ ആരുമില്ല. 

അവള്‍ വിതുമ്പുന്നതായി തോന്നി. 

കൂടുതല്‍ ചോദിച്ചില്ല.  ചൈനയില്‍ എവിടെ എന്നും ചോദിച്ചില്ല. എന്തിന് അവളെ കൂടുതല്‍ വേദനിപ്പിക്കുന്നു. 


ചൈനയില്‍ പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ശാപമായി കരുതുന്നതായി കേട്ടിട്ടുണ്ട്. ജനിച്ചയുടന്‍ പെണ്‍കുട്ടിയാണെങ്കില്‍ മുഖം താഴോട്ടാക്കി  ചവറ്റുവീപ്പയില്‍ കൊണ്ടുപോയി ഇടുന്നതായി അയാളോട് തന്റെ അമേരിക്കന്‍ സുഹൃത്ത് പറഞ്ഞത് അയാള്‍ ഓര്‍മ്മിച്ചു. തന്റെ അമേരിക്കന്‍ സുഹൃത്ത് ചൈനയില്‍ പോയി രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നത് അയാള്‍ക്കറിയാം. 


അയാള്‍ അവളുടെ വേദനയിലും ദുഖത്തിലും പങ്കാളിയായ അനുഭൂതി. കൂടുതല്‍ ചോദിച്ചു അവളെ വേദനിപ്പിക്കേണ്ടെന്ന് അയാള്‍ തീരുമാനിച്ചു. അവളുടെ ബാക്കി ജീവിതം അയാള്‍ ഭാവനയില്‍ കണ്ടു.  അനാഥ പെണ്‍കുട്ടിയെ ആരോ വളര്‍ത്തി. അവള്‍ മിടുക്കിയായിരുന്നു.  എങ്ങനെയോ തുര്‍ക്കിയില്‍ എത്തി.  ഭാഗ്യം കടാക്ഷിച്ചു. അവള്‍ ഒരു ബിസിനസ് കാരിയായി. പണം ഉണ്ടാക്കി. മിടു മിടുക്കി. 


പല ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവള്‍ സമ്പര്‍ക്കം പുലര്‍ത്തിയപ്പോള്‍ ചോദിച്ചു;

'ഇപ്പോള്‍ ചൈനയില്‍ എന്ത് ചെയ്യുന്നു?'

'അതും ഒരു കഥയാണ്.'    അവള്‍ തുടര്‍ന്നു.


അവളുടെ ഇപ്പോഴത്തെ അവസ്ഥ അവള്‍ വര്‍ണ്ണിച്ചപ്പോള്‍ അയാള്‍ ഞെട്ടി. അവള്‍ കാന്‍സര്‍ രോഗം ബാധിച്ചു മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.  ജീവിതം ആശുപത്രിയില്‍ തള്ളി നീക്കുന്നു. 


അവള്‍ക്കുവേണ്ടി അവളുടെ ജീവന്‍ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നു  തോന്നി.   അമേരിക്കയിലെ ഹ്യുസ്റ്റണ്‍ നഗരത്തിലുള്ള  എം. ഡി. ആന്‍ഡേഴ്‌സണ്‍ കാന്‌സര് സെന്ററിനെക്കുറിച്ചു അവള്‍ക്ക് വിവരിച്ചു കൊടുത്തു. ലോകത്തിലെ ഏറ്റവും മുതിര്‍ന്ന കാന്‍സര്‍ റിസര്‍ച്ച് സെന്റര്. ഹോസ്പിറ്റല്‍.  അയാള്‍ അവിടെ ജോലി ചെയ്ത പരിചയം വച്ച് അവള്‍ക്കു   എം. ഡി. ആന്‍ഡേഴ്‌സനില്‍ ചികിത്സ നേടുന്നതിന്റെ വിവരങ്ങളും ലിങ്കുകളും അയച്ചു കൊടുത്തു.  എത്രയും പെട്ടെന്ന്  അവിടെ ചികിത്സ നേടാന്‍ അവളെ ഉപദേശിച്ചു. 


III



കുറേ ദിവസങ്ങളായി അവളുടെ വിവരങ്ങള്‍ ഇല്ലായിരുന്നു.  പെട്ടെന്നായിരുന്നു അവളുടെ ഒരു മെസ്സേജ്. 

അവള്‍ക്കു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്.  രോഗം മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കുന്നു.  തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് താന്‍. തന്റെ കോടികളുടെ സമ്പാദ്യങ്ങള്‍ മരിക്കുന്നതിന് മുന്‍പ് ഇന്ത്യയിലെ പാവങ്ങള്‍ക്ക് കൊടുക്കണം. അതിനു താന്‍ സഹായിക്കണം.


'ചൈനയില്‍ പാവങ്ങള്‍ ഇല്ലേ?'

'അവര്‍ക്കു ഞാന്‍ ആവശ്യത്തിന് സഹായം കൊടുക്കുന്നുണ്ട്.  എന്റെ ഏറ്റവും അടുത്ത സുഹൃത്തായ താങ്കള്‍ വഴി എനിക്ക് ഇന്ത്യയിലുള്ളവരെ സഹായിക്കണം.'


അവള്‍ക്ക്  തന്നിലുള്ള വിശ്വാസത്തില്‍ അയാള്‍ക്ക്  മതിപ്പു തോന്നി.  തന്റെ ഭാര്യക്കുപോലും ഇല്ലാത്ത വിശ്വാസം. 


'ഇന്ത്യയിലെ  ചില നല്ല എന്‍. ജി. ഓ. കളുടെ ലിസ്റ്റും അഡ്രസ്സും അവള്‍ക്കു അയച്ചു കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല. 

'എനിക്ക് നിങ്ങളെ ആണ് വിശ്വാസം. ഞാന്‍  ഇസ്താന്‍ബുള്ളില്‍ ഉള്ള എന്റെ മാനേജരോട് പണം നിങ്ങളുടെ  ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  അക്കൗണ്ട് ഡീറ്റെയില്‍സ്  മെയിലില്‍ ഉടന്‍ അയാള്‍ക്ക് അയച്ചു കൊടുക്കുക.'  അതു ശരിയല്ല എന്നു വീണ്ടും വീണ്ടും അവളോടു പറഞ്ഞു എങ്കിലും അവള്‍ സമ്മതിക്കുന്നതായി അയാള്‍ക്ക് തോന്നിയില്ല. 


വീണ്ടും കുറെ ദിവസത്തേക്ക്  അവര്‍  തമ്മില്‍ സമ്പര്‍ക്കമില്ലായിരുന്നു. പെട്ടെന്ന് ഒരു ഇമെയില്‍.  ഇസ്താന്‍ബുള്ളിലെ ഫിനാന്‍സ് അല്‍  ബാങ്കില്‍ നിന്നും ഒരു അക്കൗണ്ട് ഓപ്പണിങ് ഫോം അയാളുടെ ഈ മെയിലില്‍ വന്നു. 


' ഞങ്ങളുടെ ഉപഭോക്താവ് മേരി ഴേങ് ഡെമിറിലില്‍ നിന്നും ലഭിച്ച  നിര്‍ദേശ പ്രകാരം  375000 യൂറോ  നിങ്ങളുടെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യേണ്ടിയിരിക്കുന്നു. നിര്‍ദേശങ്ങള്‍ തുടര്‍ന്ന് വായിക്കുക….' 





IV 


അയാളിലെ കുറ്റാന്വേഷകന്‍ ഉണര്‍ന്നു. ബാങ്കിന്റെ പശ്ചാത്തലം അറിയാന്‍ ഗൂഗിള്‍ ചെയ്തു. ബാങ്ക് ഇസ്താന്‍ബുള്ളിലല്ല മോസ്‌കോയിലാണ്.  കിട്ടിയ ഫോറം അനുസരിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പാസ്സ്‌പോര്‍ട്ടിന്റെ കോപ്പി, വേതന സര്‍ട്ടിഫിക്കറ്റ് അങ്ങനെ പല സ്വകാര്യ വിവരങ്ങളും കൊടുക്കണം.  കൂടാതെ 200 ഡോളര്‍ ഫീസും. തുര്‍ക്കിയില്‍ താമസമല്ലെങ്കില്‍ റസിഡന്റ് പെര്മിറ്റിനു വേണ്ടി വേറെ 500 ഡോളര്‍ അപേക്ഷാ ഫീസ്. 


മെയിലിന്റെ ഉത്പത്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍  ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്നുമാണ് ഇമെയില്‍ ഉത്ഭവിച്ചിരിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായി.  താന്‍ കുറ്റാന്വേഷണം നടത്തി പരിചയമുള്ള ഒരു സൈബര്‍ കുറ്റകൃത്യത്തിന്റെ ഇരയാകുന്നതായി അയാള്‍ക്ക് മനസ്സിലായി. 


അവളെ  എതിരിടാന്‍  തന്നെ അയാള്‍  തീരുമാനിച്ചു.  ചൈനീസ്  ഭാഷയില്‍ ഗൂഗിള്‍  ഉപയോഗിച്ച് ഒരു മെസ്സേജ് അയച്ചു.  മറുപടിയില്ല.  ടര്‍ക്കിഷ്  ഭാഷയില്‍ മെസ്സേജ് അയച്ചു. മറുപടി ഇല്ല.  ഇംഗ്ലീഷില്‍ വീണ്ടും മെസ്സേജ്  അയച്ചു. മറുപടി അല്പം രോഷാകുലമായിരുന്നു.  ബാങ്ക് അക്കൗണ്ട് തുടങ്ങാത്തതിലുള്ള ദേഷ്യം. 

'നിന്റെ യഥാര്‍ത്ഥ പേരെന്ത്?'  ' നീ ആണോ പെണ്ണോ ? '

നിന്റെ പേരില്‍ ഞാന്‍ പോലീസ് കേസ് കൊടുക്കാന്‍ തീരുമാനിച്ചു. എന്തെങ്കിലും പറയാനുണ്ടോ?

മറുപടി വന്നില്ല.  മെസ്സേജുകള്‍ പെട്ടെന്നു നിലച്ചു. 


തന്റെ കമ്പ്യൂട്ടറിന്റെ പുറകില്‍ തനിക്കു കാപ്പിയുമായി നില്‍ക്കുന്ന സ്‌നേഹമയിയായ ഭാര്യയെ അപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത്. 

'എന്താണ് ഈ കമ്പ്യൂട്ടറില്‍ എപ്പോഴും കുത്തിക്കുറിക്കുന്നത്?'

'അതോ?  ഒരു സുന്ദരിയുമായി  സമയം ചിലവഴിക്കുകയായിരുന്നു.'

'ഞാന്‍ കാണട്ടെ ആ സുന്ദരിയെ'. 

അവളുടെ ഫോട്ടോ കണ്ടപ്പോള്‍  ഭാര്യയുടെ മുഖം കാര്‍മേഘം പോലെ കറുത്തു.  കണ്ണുകളില്‍ പരിഭവത്തിന്റെയും ദേഷ്യത്തിന്റെയും അശ്രുധാര. വെളിയില്‍  പെരുമഴക്കാലമായിരുന്നു.

തനിക്കു പറ്റിയ അമളിയെക്കുറിച്ചോര്‍ത്തു  അയാള്‍ സ്വയം ശപിച്ചു. ഒപ്പം മാര്‍ക്ക് സക്കര്‌ബെര്ഗിനെയും ഫേസ്ബുക്കിനെയും.

സുന്ദരിയായ കാന്‍സര്‍ രോഗി-ഒരു ഫേസ്ബുക്ക് സൗഹൃദത്തിന്റെ കഥ (പൊന്നോലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക