Image

ആറു മാസം ശമ്പളമില്ല; ദുരിതത്തിലായ മലയാളി വനിത നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 03 August, 2018
ആറു മാസം ശമ്പളമില്ല; ദുരിതത്തിലായ മലയാളി വനിത നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‍സര്‍ ശമ്പളം നല്‍കാതെയും, രോഗം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ട് പോകാതെയും ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം സ്വദേശിനിയായ ശ്രീജയ്ക്കാണ് പ്രവാസജീവിതം ദുരിതങ്ങള്‍ സമ്മാനിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് ശ്രീജ ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. വളരെ ദുരിതം നിറഞ്ഞ ജോലിസാഹചര്യങ്ങളാണ് ശ്രീജയ്ക്ക് നേരിടേണ്ടി വന്നത്.ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. ഒഴിവുകഴിവുകള്‍ പറഞ്ഞു പറഞ്ഞു, ആറു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍, ശ്രീജ ശരിയ്ക്കും വിഷമത്തിലായി.കഠിനമായ ജോലിയും, വിശ്രമമില്ലായ്മയും അവരെ തളര്‍ത്തി. കാലില്‍ അലര്‍ജി വന്ന് നടക്കാന്‍ പോലും പ്രയാസം നേരിട്ടപ്പോള്‍, ഹോസ്പിറ്റലില്‍ കൊണ്ട് പോകണമെന്ന് സ്‌പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ സമ്മതിച്ചില്ല. ജീവിതം വഴിമുട്ടിയ സാഹചര്യം ആയപ്പോള്‍, ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. എംബസ്സി അധികൃതര്‍ ഈ വിവരം അറിയിച്ചതനുസരിച്ച്, അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ശ്രീജയെ സൗദി പോലീസിന്റെ സഹായത്തോടെ ദമ്മാം വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.

ശ്രീജയുടെ സ്‌പോണ്‍സറുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പലപ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അയാള്‍ വഴങ്ങിയില്ല. ഒരു ദിവസം അഭയകേന്ദ്രത്തില്‍ എത്തിയ അയാള്‍, ശ്രീജയുടെ പാസ്സ്‌പോര്‍ട്ട് അവിടെ ഏല്‍പ്പിച്ചിട്ട് ആരുമറിയാതെ മുങ്ങി. 

സ്‌പോണ്‌സര്‍ക്കെതിരെ നിയമനടപടികള്‍ക്ക് പോകാനായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഉപദേശിച്ചപ്പോള്‍, തനിയ്ക്ക് എങ്ങനെയും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതി എന്ന നിലപാടെടുത്ത ശ്രീജ, അതിന് തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ശ്രീജയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ചു, പെരുമ്പാവൂര്‍ പ്രവാസി അസ്സോസ്സിയേഷന്‍ ഭാരവാഹിയായ വര്‍ഗ്ഗീസ്, ശ്രീജയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞു ശ്രീജ നാട്ടിലേയ്ക്ക് മടങ്ങി.


ആറു മാസം ശമ്പളമില്ല; ദുരിതത്തിലായ മലയാളി വനിത നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക