Image

ചാക്കിട്ടു പിടുത്തം, തമ്മിലടി, കൊലവിളി, ഇതെന്താ നിയമസഭാ തെരഞ്ഞെടുപ്പോ? (കേഴ്‌വിക്കാരന്‍ - ഭാഗം 2)

Published on 01 August, 2018
ചാക്കിട്ടു പിടുത്തം, തമ്മിലടി, കൊലവിളി, ഇതെന്താ നിയമസഭാ തെരഞ്ഞെടുപ്പോ? (കേഴ്‌വിക്കാരന്‍ - ഭാഗം 2)
ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് ഇത്ര വലിയ സംഭവമാണെന്ന ധാരണയൊന്നും ഈ കേഴ്‌വിക്കാരനുണ്ടായിരുന്നില്ല. കണ്‍വെന്‍ഷന്റെ ആദ്യ ദിവസം ലോബിയിലെ മിക്കവാറുമുള്ള കസേരകള്‍ നേതാക്കന്മാര്‍ കൈയ്യടിക്കിയിരുന്നു. രജിസ്‌ട്രേഷന്‍ ഹാളിന്റെ ഇടനാഴികളിലും ഹോട്ടല്‍ റിസപ്ഷന്റെ മുമ്പിലും നിന്നു വോട്ടു ഇരക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മട്ടും ഭാവവും കണ്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വോട്ടുപിടിക്കുന്നതായി തോന്നിപ്പിച്ചു.

ഉദ്ഘാടന സമ്മേളനം കഴിഞ്ഞു; കലാപരിപാടികള്‍ പ്രധാന സ്‌റ്റേജില്‍ നടക്കുമ്പോള്‍ കാണാനുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും സ്ത്രീകളും പ്രായമായവരുമായുള്ളവര്‍. ബാക്കിയുള്ള ജനമെവിടെ എന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ ചില മുറികളില്‍ നിന്ന് ചിരിയും അട്ടഹാസവും. കാലേക്കൂട്ടിതന്നെ 'സല്‍ക്കാരം' ആരംഭിച്ചിരിക്കുന്നു. ആരു ജയിക്കും ആരു തോല്‍ക്കുമെന്നൊക്കെ കണക്കുകള്‍ നിരത്തി തൊണ്ടപൊട്ടുന്ന ഉച്ചത്തില്‍ ചിലര്‍ അലറുന്നുണ്ട്. ചില മുറികളില്‍ തിരക്കിട്ട ചര്‍ച്ചകളും തന്ത്രങ്ങളും മെനയുന്ന തിരക്കിലാണ് പാനല്‍ അംഗങ്ങള്‍. തന്ത്രങ്ങള്‍ മെനയാന്‍ തലമുതിര്‍ന്ന 'രാഷ്ട്രീയ ഭീഷ്മാചാര്യന്മാരും' ഒപ്പമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തലേന്ന് വീടുകള്‍ കയറി വോട്ടുതേടുന്ന രാഷ്ട്രീയക്കാരെപ്പോലെ സ്ഥാനാര്‍ത്ഥികള്‍ മുറികള്‍ തോറും കയറി ഇറങ്ങി നടക്കുകയാണ്.

അങ്ങനെയിരിക്കെ, ഒരു പാനലിലെ രണ്ടു പ്രമുഖര്‍ മുറികള്‍ കയറി വോട്ടു കാന്‍വാസ് ചെയ്ത് അടുത്ത നിലയിലേക്ക് പോകാന്‍ ലിഫിറ്റില്‍ കാത്തിരിക്കുന്നു. ലിഫ്റ്റിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴിച കണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരു നിമിഷം പകച്ചുപോയി. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആളുകളില്‍ ഒരാളുടെ കാലുകള്‍ നിലത്തുനിന്ന് ഒരടി ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്നു.സൂക്ഷിച്ചു നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരാള്‍ മറ്റേയാളുടെ കോളറിനും കൊക്കിനും പിടിച്ച്ഉയര്‍ത്തിയിരിക്കുകയാണ്. പെട്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ ഇടപെട്ട് അയാളെ സ്വതന്ത്രനാക്കി. പിന്നീട് ഇടനാഴിയില്‍ അരങ്ങേറിയത് കൊലവിളികളും പോര്‍വിളികളുമായിരുന്നു. ഓരോരുത്തരെ പിടിച്ച് മുറികള്‍ക്കുള്ളിലാക്കി തിരികെ വരുമ്പോഴേക്കും ഒരു ഭാഗത്തുനിന്നും മുറിതുറന്നു പുറത്തുചാടി വീണ്ടും പോര്‍വിളി മുഴക്കും. ഇതിനു ശമനമായത് അയല്‍മുറികളിലെ താമസക്കാര്‍ ഹോട്ടല്‍ റിസപ്ഷനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു.

സാമാന്യം മദ്യപിച്ചിരുന്ന ഇവര്‍ എന്തിനാണു വഴക്കുണ്ടാക്കിയതെന്ന് ഇരു കൂട്ടര്‍ക്കും വ്യക്തമായ കാരണങ്ങളില്ല. പറഞ്ഞു വന്നപ്പോള്‍ വഴക്കുണ്ടാക്കിയത് ഒരേ പാനലില്‍പ്പെട്ടവരാണെന്നതാണ് മറ്റൊരു തമാശ. വഴക്കുണ്ടാക്കിയവരുടെകൂട്ടത്തില്‍ചില സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും. അവരില്‍ ചിലര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുമാണ്. വഴക്കാളികളില്‍ ഒരു വിഭാഗം പുറത്തു നിന്നുള്ളവരാണെങ്കില്‍ മറുവിഭാഗം തലസ്ഥാനത്തു നിന്നുള്ളവരാണ്. വഴക്കു മൂത്തു ഒടുവില്‍ തലസ്ഥാനത്തുനിന്നുള്ള ഒരു പ്രമുഖ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നായി അന്യരാജ്യക്കാര്‍. ഒടിവിലത് സാമാന്യം മോശമില്ലാത്ത രീതിയില്‍ തന്നെ അവര്‍ നടപ്പിലാക്കി. സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തിനു തോറ്റു!

വടികൊടുത്തു അടി വാങ്ങിയ ഈ സംഭവത്തിന്റെ പിന്നാമ്പുറ സംസാരമാണ് കേഴ് വിക്കാരന് ഏറ്റവും രസകരമായി തോന്നിയത്.
ആദ്യദിനത്തില്‍ ഡിന്നറിനു ശേഷമായിരുന്നു ഉദ്ഘാടന പരിപാടികള്‍. എന്നാല്‍ പരിപാടികള്‍ക്ക് ശേഷം ഊട്ടുശാലയിലെത്തിയ കാനഡയില്‍ നിന്നുള്ള ചിലര്‍ഭക്ഷണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് കലിപ്പിലായിരുന്നു. അപ്പോഴതാനേതാവ്‌സ്വതസിദ്ധമായ ശൈലിയില്‍ ഇവരോട് കുശലാന്വേഷണം നടത്തി. 'എല്ലാം ഒകെയാണല്ലോ അല്ലേ?' നേതാവിന്റെ ചോദ്യത്തിനുള്ള മറുപടിയായി അവര്‍ അല്‍പ്പം പൊട്ടിത്തെറിച്ചുകൊണ്ട്പറഞ്ഞു. 'ഇതെന്ത് കണ്‍വെന്‍ഷനാ നേതാവേ, ഒടുക്കത്തെ കാശും വാങ്ങിയിട്ട് ഭക്ഷണം പോലും കൊടുക്കുന്നില്ലല്ലോ?' നേതാവ് പറഞ്ഞു 'ഡിന്നര്‍ ടൈം കഴിഞ്ഞു പോയി. കാസിനോയിലെ റസ്‌റ്റോറന്റില്‍ ഫുഡ് കിട്ടും.'

'കാസിനോയിലെ റസ്‌റ്റോറന്റില്‍ നിന്നു കഴിച്ചാല്‍ ബില്ലു കൊടുക്കുമോ?' കൂട്ടാളികളില്‍ ഒരാള്‍ മറുചോദ്യമുന്നയിച്ചു.

ഇതുകേട്ട് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു നേതാവ് ചീറിയടുത്തു. 'ഭക്ഷണം ചോദിക്കാന്‍ ഇയാളെന്നാ ഈ ഹോട്ടലിലെ കുക്കാണോ?'

'അതു ചോദിക്കാന്‍ താനാരാ' കൂട്ടാളികള്‍ കൂട്ടത്തോടെതിരിഞ്ഞപ്പോള്‍ തലസ്ഥാന നഗരത്തെ നേതാക്കള്‍ ഒരു കാര്യവുമില്ലാതെ കാര്യത്തില്‍ ഇടപെട്ടു. ന്യൂയോര്‍ക്ക് നേതാവിന്റെ പക്ഷം ചേര്‍ന്ന ഇവര്‍ വഴിയേ പോയ വയ്യാവേലി കയറിപിടിച്ചു. അതിന്റെ തുടര്‍ഭാഗമായിരുന്നു ലിഫ്റ്റു തുറന്നപ്പോള്‍ കണ്ട കാഴ്ച്ച.

വഴക്കുണ്ടാക്കിയവര്‍ ഒരേ പാനലിന്റെ ഭാഗമെന്നു അവര്‍ മനസിലാക്കുന്നത് പിറ്റേന്ന് മാത്രം. എന്തായാലും കാര്യങ്ങള്‍ പരസ്യവസാനിച്ചത് ഒരു സ്ഥാനാര്‍ത്ഥിയുടെ ദയനീയ പരാജയത്തിലും!

തെരഞ്ഞെടുപ്പിനു മുമ്പ് സാധാരണ നടക്കാറുള്ള ജനറല്‍ ബോഡി മീറ്റിംഗില്‍ ആണ് മറ്റൊരു രസകരമായ സംഭവം അരങ്ങേറിയത്. ഇവിടെ ശക്തമായ സെക്യൂരിറ്റി സംവിധാനത്തില്‍ ഡെലിഗേറ്റുമാരായി എത്തിയിട്ടുള്ളവരെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയ ശേഷമാണ് അകത്തു പ്രവേശിപ്പിച്ചത്. എന്നാല്‍ഒരു നേതാവിന് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചത് ഒട്ടും ബോധിച്ചില്ലെന്നു മാത്രമല്ല ചോദിച്ച ആളെ വിരട്ടി ഭീഷണിപ്പെടുത്തി എന്തോ കാണിച്ചു കൊടുക്കുമെന്ന് പറഞ്ഞ് ആക്രോശിച്ചു.കൂലിക്കു വിളിച്ച സെക്യൂരിറ്റി ജീവനക്കാരുണ്ടോ ഇയാളെ അറിയുന്നു! സെക്യൂരിറ്റിക്കാരന്‍ ഐ.ഡി.കാട്ടിയേ മതിയാകൂ എന്ന് ശഠിച്ചപ്പോള്‍ രേഖകള്‍ പരിശോധിക്കുന്ന വോളണ്ടിയര്‍മാര്‍ക്കു മറ്റെന്ത് ചെയ്യാന്‍ കഴിയും?അപമാനിക്കാന്‍ വേണ്ടിയാണു ഐ.ഡി. ചോദിക്കുന്നതെന്നായി നേതാവ്. ഒടുവില്‍ അകത്തുകയറാന്‍ വേറെ മാര്‍ഗമൊന്നുമില്ലെന്നു കണ്ട നേതാവ് തോല്‍വി സമ്മതിച്ച് ഐഡി കാട്ടി അകത്തുകയറി.ആ സീന്‍ ഒഴിവാക്കാമായിരുന്നല്ലോ?

ചില നേതാക്കന്മാരുണ്ട്. എല്ലാത്തിനും അവര്‍ നീതി ന്യായങ്ങളുടെ ലിസ്റ്റ് നിരത്തിയശേഷം മൈക്ക് കൈയ്യിലെടുക്കും. എടുത്താലോ വെറുപ്പിച്ച് വെറുപ്പിച്ച് ഒടുവില്‍ മൈക്ക് പിടിച്ചു വാങ്ങേണ്ട അവസ്ഥയിലെത്തും. ഏതായാലും ഇത്തവണ ഇവരുടെ പ്രകടനം നീണ്ടു പോകും മുമ്പ് യോഗം നിയന്ത്രിച്ച നേതാക്കന്മാര്‍ ്അവസരോചിതമായി ഇടപെട്ടതിനാല്‍ കാര്യങ്ങള്‍ അത്ര കണ്ടു വഷളായില്ല.

തെരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് നല്ല നിലയില്‍ തോറ്റ ഒരു നേതാവുണ്ട്. എല്ലാ തോറ്റ സ്ഥാനാര്‍ത്ഥികളും തോല്‍വിയറിഞ്ഞ് ഏറെ വ്യസനപ്പെടുന്നതു കണ്ടപ്പോള്‍ ഈ നേതാവിന്റെ 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്'സമ്മതിച്ചു കൊടുക്കുക തന്നെ വേണം. പതിവുപോലെ തോല്‍വി പ്രതീക്ഷിച്ചിരുന്ന അദ്ദേഹം സുസ്‌മേരവദനനായി വോട്ടെണ്ണല്‍ മുറിയുടെ വാതില്‍ക്കല്‍ തന്നെ ഒരു കസേര ഇട്ട് തുടങ്ങിയ ഇരിപ്പ് അവസാനത്തെയാളുടെ വോട്ടെണ്ണല്‍ തീരുന്നതുവരെ തുടര്‍ന്നു.ഈ നേതാവ് 'നിരീക്ഷണ'ത്തിലായിരുന്നുവത്രേ. എവിടെയാണ് എന്തൊക്കെയാണ് വീഴ്ചകളെന്നു കണ്ടുപിടിക്കാന്‍. എന്നിട്ടുവേണം അടുത്തവ്യവഹാരത്തിനിറങ്ങാന്‍.

ഇത്ര വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടപ്പോള്‍ മറുപക്ഷത്തെ മാത്രം കുറ്റം പറയുന്ന ഈ നേതാവ് സ്വന്തം പാനലില്‍ മറ്റുള്ളവര്‍ക്കു കിട്ടിയ വോട്ട് തന്റെ കാര്യത്തില്‍ മാത്രം ചോര്‍ന്നു പോയതെന്തുകൊണ്ടാണെന്ന് ചിന്തിക്കണം. അതിനര്‍ത്ഥം സ്ഥാനാര്‍ത്ഥിസ്ഥാനാര്‍ത്ഥി ബാന്ധവം പലപാലനംഗങ്ങള്‍പോലുമറിയാതെ ഇരുവിഭാഗത്തിലും കടന്നുവെന്നാണ് .

ഒരു നേതാവ്‌തെരെഞ്ഞെടുപ്പിനു മുന്‍പ് പോലും കണ്ണില്‍ കണ്ടവരെയെല്ലാം ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രോശിച്ചുംപ്രകടനം കാട്ടിയപ്പോള്‍ നാട്ടില്‍ നിന്ന് അതിഥിയായി എത്തിയ മന്ത്രി ശൈലജ ടീച്ചര്‍ മൂക്കത്ത് വിരല്‍ വച്ചു!ഇതെന്തൊരു സംസ്ക്കാരം! നിയമസഭയിലെ പ്രകടനത്തെ തോല്‍പ്പിക്കുന്നതായിരുന്നു മേല്‍പ്പറഞ്ഞ പ്രകടനം.

ഫൊക്കാനയിലും ഫോമായിലും കാലുവാരികള്‍ ആരൊക്കെയാണ് അടുത്ത തെരഞ്ഞെടുപ്പിലേക്ക് 'സ്വയം സ്ഥാനാര്‍ത്ഥി' പ്രഖ്യാപനം നടത്തുന്നവരാരൊക്കയാണെന്ന് ശ്രദ്ധിച്ചാല്‍ മതിയെന്ന്രാജു മൈലപ്ര എഴുതിയതായി കണ്ടു. അതുവരെ കാത്തു നില്‍ക്കേണ്ട. പൊട്ടിത്തെറികള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. കൂടെ നിന്നവരും കാലുവാരിയവരും ആരെന്ന് ഇരുപക്ഷത്തെയും നേതാക്കന്മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും ഒരാള്‍ സ്വന്തം പാനലിലെ ഒരാളെ തോല്‍പ്പിക്കുമെന്ന്പ്രഖ്യാപനം നടത്തി. അതു ഫലിച്ചു. എന്താലേ ഓരോരുത്തരുടെ പ്രവചന ശക്തി???

'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍' പാനലിനു വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുത്ത്, സ്വന്തം കാര്യം പോലു നോക്കാതെ അവസാന നിമിഷം വരെ ആത്മാര്‍ത്ഥമായി പണിയെടുത്ത ഒരു നേതാവിന് പാനലിലെ ഒരു നേതാവ് തോറ്റതിനുള്ള മുഴുവന്‍ പഴിയും ലഭിച്ചതാണ്മറ്റൊരു വിരോധാഭാസം.

പശുവും ചത്തു, മോരിലെ പുളിയും പോയി. ഇനിതെരഞ്ഞെടുപ്പ് കഥകള്‍ പറഞ്ഞിട്ടെന്താ കാര്യം?പുതിയകമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. ഇപ്പോള്‍ ഇരു പാനലിലെയും ജയിച്ചവര്‍ തമ്മില്‍ഭായി ഭായിമാരായി. തോറ്റവരായ ഇരുപക്ഷക്കാരും മിത്രങ്ങള്‍! ജയിച്ചവര്‍ വ്യത്യാസമില്ലാതെ തോറ്റവരുടെ ശത്രുക്കള്‍! ഇനിയാണ് കളി തുടങ്ങുന്നത്. തെരഞ്ഞെടുപ്പിനു ശേഷം കേഴ്വിക്കാരന്‍ കേട്ട ചില കാര്യങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തില്‍.
Join WhatsApp News
BENNY KURIAN 2018-08-04 05:10:37
എല്ലാം അച്ചായന്റെ ഒരു നേരംപോക്ക്...!
ഹേയ്...  ഇതൊന്നും ഇല്ലാതെ എന്നാ ഫൊക്കാന സമ്മേളനം.. ഇതല്ലേ അതിന്റെ ഒരു ഇത്!! 
Varughese George 2018-08-04 12:55:09
Hello Achayans- Wax Museum is a better idea. No need to elevator knee kicks. Build a wax museum somewhere in New York-New Jersey area. Make your wax statue with your ponnada and place it there. Go there once in a while to enjoy it. Next generation will also appreciate it. Fist fighting in FoAna, FoAma all make you so ridiculous. Wax statue will stay there for ever. Who want this two year FoAna-FoAma president, secretary, president positions. Get your place in the ever living wax museum. Achayans KeeJai.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക